ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം. ശബരിമല നട തുറന്നു. ശബരിമലയിൽ പുതിയ മേൽശാന്തിമാർ ചുമതലയേറ്റു. പതിനെട്ടാം പടിക്കുതാഴെ ഹോമകുണ്ഡത്തിൽ ദീപപ്രഭ തെളിഞ്ഞു. ഇന്നലെ പതിനായിരങ്ങൾ ദർശനം നടത്തി.
ഇന്നലെ വൈകിട്ട് 4ന് കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചതോടെ സന്നിധാനം ശരണാരവത്തിലലിഞ്ഞു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു.
ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന പുതിയ ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗിലൂടെ ഇന്നലെ ഇതര സംസ്ഥാന ഭക്തരടക്കം ദർശനത്തിനെത്തിയത് 35,000ത്തോളം പേരാണ്. വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 10,000 പേർക്കുമാണ് ഒരുദിവസം ദർശനം അനുവദിക്കുക.