കോട്ടയം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി മുന്‍കുട്ടി ബുക്ക് ചെയ്യുന്നവരില്‍ നല്ലൊരു ശതമാനം ദര്‍ശനത്തിനെത്തുന്നില്ല, ദര്‍ശനത്തിനുള്ള സ്ലോട്ട് ക്യാന്‍സല്‍ ചെയ്യുന്നുമില്ല.. പുതുതായി ദര്‍ശനം ബുക്കിങ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് നിരാശ.. ആശ്രയം സ്‌പോട്ട് ബുക്കിങ് മാത്രം.
70,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂവഴി ഒരു ദിവസം സാധ്യമാകുന്നത്. എന്നാല്‍, ഇതില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ലന്നു ദേവസ്വം ബോർഡ് പറയുന്നു. വരാന്‍ കഴിയാത്തവര്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്നു ദേവസ്വം ബോര്‍ഡ് വിവിധ ഭാഷകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലരും ഇതിന് തയാറാകുന്നില്ലെന്നുള്ളതാണ് വസ്തുത. ഇതോടെ സ്‌പോട്ട് ബുക്കിങ് വഴി കൂടുതല്‍ പേരാണ് ദര്‍ശനത്തിന് എത്തുന്നത്.
പല ദിവസങ്ങളിലും ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമാണ് എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഗണ്യമായ കുറവാണുണ്ടായത്. നേരത്തെ തന്നെ ബുക്കിങ് പൂര്‍ത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കും ഉദ്ദേശിച്ച സമയത്ത് ദര്‍ശനം കിട്ടുന്നില്ല.
പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് എഴുപതിനായിരത്തില്‍ നിന്ന് എണ്‍പതിനായിരം ആക്കി ഉയര്‍ത്തണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണിനയിലിരിക്കെയാണ് ബുക്ക് ചെയ്തവര്‍ ദര്‍ശനത്തിനെത്താത്ത സാഹചര്യം.
മൂന്നിടങ്ങളില്‍ തത്സമയ ബുക്കിങ്ങ് സൗകര്യമുണ്ടെങ്കിലും എത്തിയാല്‍ ദര്‍ശനം കിട്ടാതെ മടങ്ങിപോകേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. അങ്ങനെയുള്ളവര്‍ക്കാണ് വെര്‍ച്വല്‍ ബുക്കിങ് സ്ലോട്ട് കിട്ടാത്തത് പ്രതിസന്ധിയുണ്ടാക്കുന്നത്.
തത്സമയ ബുക്കിങിലൂടെ പതിനായിരത്തിലധികം തീര്‍ഥാടകരാണ് ദിവസവും ദര്‍ശനത്തിനെത്തുന്നത്. ദര്‍ശനത്തിന് എത്തുന്ന ആര്‍ക്കും സ്ലോട്ട് കിട്ടാത്തതിന്റെ പേരില്‍ മടങ്ങി പോകേണ്ടി വരില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.
ഇക്കുറി ദര്‍ശന സമയം കൂട്ടിയതും പതിനെട്ടാം പടി കയറുന്നരുടെ എണ്ണം ഒരു മിനിറ്റില്‍ 80 മുകളിലേക്ക് എത്തിക്കാന്‍ സാധിച്ചതും തിരക്ക് ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്.