മോദിപ്രഭാവം മങ്ങി. തകർക്കാനാകില്ലെന്നു വീന്പിളക്കിയിരുന്ന ബിജെപിയുടെ നട്ടും ബോൾട്ടും ഇളകി. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ പ്രഖ്യാപനം തകർന്നുവെന്നു മാത്രമല്ല കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനാണു ജനം കളമൊരുക്കിയത്. രാമക്ഷേത്രവും മുസ്ലിം വിരുദ്ധ പ്രസ്താവനകളും പോലും മോദിയെ തുണച്ചില്ല.
ഉത്തർപ്രദേശിലടക്കം ബിജെപിക്ക് കനത്ത തിരിച്ചടികളുണ്ടായി. സീറ്റുകളിലും വോട്ടുവിഹിതത്തിലും ദേശീയതലത്തിൽ ബിജെപിക്കു വലിയ ഇടിവാണുണ്ടായത്. ഭരണം തിരികെ പിടിച്ചാലും മോദിക്കും ബിജെപിക്കും സന്തോഷിക്കാനാകില്ല.
ഇന്ത്യ സഖ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും മുന്നേറ്റം മോദിയെ ഞെട്ടിക്കും. 2019നെ അപേക്ഷിച്ച് 155 സീറ്റുകളാണ് ഇന്ത്യ സഖ്യം കൂടുതലായി നേടിയത്. വെറും 52 എംപിമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് 47 സീറ്റുകൾ കൂടി കിട്ടിയതോടെ 99ലെത്തി. നാനൂറിലേറെ സീറ്റുകൾ പ്രഖ്യാപിച്ചു മത്സരിച്ച ബിജെപിക്ക് 240 തികയ്ക്കാനായില്ല.
കഴിഞ്ഞ തവണ 303 സീറ്റുകളുമായി അത്ഭുതം കാട്ടിയ മോദിക്കും ബിജെപിക്കും ഇത്തവണ 64 സീറ്റുകൾ നഷ്ടമായതോടെ ഒറ്റയ്ക്കു കേവലഭൂരിപക്ഷമെന്ന സ്വപ്നം പാഴായി. അഖിലേഷ് യാദവിന്റെ തേരോട്ടത്തിൽ യുപിയിലും മോദിക്കും ബിജെപിക്കും കാലിടറി. ലോക്സഭയിലെ പുതിയ കക്ഷിനില രാജ്യത്തെ ജനങ്ങളുടെ മനസിലെ മാറ്റം പ്രകടമാക്കുന്നതാണ്.
നേട്ടത്തിലും രാഹുലിന് പാഠം
കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും കേന്ദ്രഭരണം പിടിക്കാനായില്ല. നേതാവിനെയും പ്രധാനമന്ത്രി സ്ഥാനാർഥിയെയും പ്രഖ്യാപിക്കാതിരുന്ന ഇന്ത്യ മുന്നണിയേക്കാൾ മോദിയുടെ ഉറച്ച നേതൃത്വമാണു ജനം അനുകൂലിച്ചതെന്നത് കോണ്‍ഗ്രസിനുള്ള പാഠമാകും.
നിലവിലെ കക്ഷിനില നോക്കിയാൽ എൻഡിഎ മുന്നണിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ഭാവിസർക്കാരിന്റെ സ്ഥിരത ചോദ്യചിഹ്നമായി. ജെഡിയു നേതാവ് നിതീഷ് കുമാറിന്റെയും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെയും കരുണയിൽ മാത്രമേ മോദിക്ക് ഇനി ഭരണം തുടരാനാകൂ. നിതീഷും നായിഡുവുമാണ് കിംഗ് മേക്കർമാർ.
അംഗബലത്തിൽ എൻഡിഎ മുന്നിലാണെങ്കിലും ബദൽ മന്ത്രിസഭയ്ക്കായി പ്രതിപക്ഷം കരുക്കൾ നീക്കാനൊരുങ്ങിയതു ശ്രദ്ധേയമായി. ടിഡിപിയും ജെഡിയുവും കാലുവാരിയാൽ മോദിക്ക് അധികാരം നഷ്ടമാകും. ബിജെപി സഖ്യകക്ഷിയായ ചിരാഗ് പസ്വാന്റെ എൽജെപിയും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും വിലപേശലിൽ പിന്നിലാകില്ല. ഏതായാലും സഖ്യകക്ഷികളെ നഷ്ടപ്പെടുമോയെന്ന ആശങ്ക സമീപകാലത്ത് ആദ്യമായി ബിജെപി നേരിടുന്നുണ്ട്.
യുപിയിലെ ജനവിധി മുഖ്യസൂചിക
തീർത്തും അപ്രതീക്ഷിതമല്ലെങ്കിലും യുപിയിലെ ജനവിധിയാണ് 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രധാന സൂചിക. സമാജ്വാദി പാർട്ടിയും കോണ്‍ഗ്രസും സഖ്യത്തിൽ മത്സരിച്ച യുപിയിൽ മോദിയുടെയും സംഘപരിവാറിന്റെയും പഴയ തന്ത്രങ്ങൾ പാളി. പഞ്ചാബിൽ കോണ്‍ഗ്രസിനെ തഴയാൻ ശ്രമിച്ച ആം ആദ്മി പാർട്ടിക്കും അരവിന്ദ് കേജരിവാളിനും ഡൽഹിയിലെ സഖ്യം പ്രയോജനം ചെയ്തില്ല.
ഒഡീഷയിൽ നവീൻ പട്നായിക്കിന്റെയും ആന്ധ്രയിൽ ജഗമോഹൻ റെഡ്ഢിയുടെയും തെലുങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെയും പതനം മറ്റുള്ളവർക്കെല്ലാം പാഠമാണ്. ബിഹാറിൽ ലാലു പ്രസാദ് യാദവിന്റെ ശക്തി ക്ഷയിച്ചതാണ് തുടരെ ചാഞ്ചാട്ടം നടത്തിയ നിതീഷ് കുമാറിന്റെ നേട്ടത്തിനു വഴിതെളിച്ചത്.
അംബാനിയും അദാനിയും മുതൽ കോർപറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ വിശ്വാസ്യത പൂർണമായി നഷ്ടമായത് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു ബാക്കിപത്രമാണ്. ഗോഡി മീഡിയ എന്ന കുപ്രസിദ്ധി നേടിയ ദേശീയമാധ്യമങ്ങൾക്കുപുറമെ മലയാളത്തിലെ ചില മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങളും പാളി.
രാഷ്ട്രീയതാത്പര്യത്തിന് അനുസരിച്ചു മാറിയ തെരഞ്ഞെടുപ്പു സർവേകളും എക്സിറ്റ് പോൾ ഫലങ്ങളും വോട്ടർമാരെ സ്വാധീനിച്ചില്ല. ഇന്ദിരാ ഗാന്ധി മുതൽ അടൽ ബിഹാരി വാജ്പേയി വരെയുള്ളവരെ താഴെയിറക്കി എല്ലാക്കാലത്തും അത്ഭുതങ്ങൾ കാട്ടിയ ഇന്ത്യൻ വോട്ടർമാരുടെ വിവേകമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തെന്ന് വീണ്ടും തെളിയിച്ച തെരഞ്ഞെടുപ്പുകൂടിയാണു പൂർത്തിയായത്.
രാഹുലിനു മുന്നിൽ മോദി മങ്ങി
റായ്ബറേലിയിൽ നാലു ലക്ഷത്തിലേറെയും വയനാട്ടിൽ 3.64 ലക്ഷത്തിലേറെയും ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി നേടിയ മിന്നുന്ന ജയത്തിന് അടുത്തെത്താൻ പോലും സ്വന്തം കോട്ടയായ വാരാണസിയിൽ മോദിക്കു കഴിഞ്ഞില്ല. വാരാണസിയിൽ മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് മോദിക്കു കുറഞ്ഞത്. 2019ൽ 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മോദിക്ക് ഇത്തവണ 1.52 ലക്ഷമായാണ് ഇടിഞ്ഞത്.
രാഹുലിന്റെ ഡബിൾ എൻജിൻ ജയത്തിനു പുറമെ, സ്വന്തം മന്ത്രി അമിത് ഷായുടെ വൻവിജയവും മോദിക്കു ക്ഷീണമായി. അമേഠിയിൽ സ്മൃതി ഇറാനിയുടെ കനത്ത പരാജയം കൂടിയായപ്പോൾ മുറിവിൽ മുളകു വീണതുപോലെയായി.
രാഹുലിനെ വ്യക്തിപരമായിപ്പോലും ആക്ഷേപിച്ച ഇറാനിയുടെ കനത്ത തോൽവി കോണ്‍ഗ്രസിനും രാഹുലിനും മധുരപ്രതികാരമായി. 2014ലും 2019ലും മോദിയും ബിജെപിയും തകർത്താടിയ യുപിയിൽ 2024ലെത്തിയപ്പോൾ ഉണ്ടായ തിരിച്ചടിക്കു വേദന കൂടും. ബിജെപിയെ കടത്തിവെട്ടി അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി ഏറ്റവും വലിയ കക്ഷിയും ഇന്ത്യ സഖ്യം വലിയ മുന്നണിയുമായതു നിസാരമല്ല.
പ്രധാനമന്ത്രി മോദിയുടെ ഏകാധിപത്യ ശൈലിയും അപ്രമാദിത്വവും ജനം അംഗീകരിച്ചില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ ജനങ്ങളിലേക്കിറങ്ങിയ രാഹുൽ ഗാന്ധിക്കു ലഭിച്ച വർധിച്ച സ്വീകാര്യത ജനാധിപത്യവിശ്വാസികൾക്കു പ്രതീക്ഷ നൽകുന്നതാണ്. മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാൻ ജനവിധി കാരണമാകും.
രാജ്യത്തെ കർഷകരും സാധാരണക്കാരും ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും സംരക്ഷിക്കപ്പെടേണ്ടവരാണെന്ന സന്ദേശവും വ്യക്തമാണ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്നലെ നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഭരണഘടന സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് രാഹുൽ പലതവണ ആവർത്തിച്ചത്.
ഭാവിക്കു കരുത്തായ വിധിയെഴുത്ത്
തുടർച്ചയായ മൂന്നാം തവണയും എൻഡിഎ അധികാരത്തിലേറിയാലും പ്രധാനമന്ത്രിയായി മോദിതന്നെ കാലാവധി പൂർത്തിയാക്കുമോയെന്നത് ആർക്കും തീർച്ചപ്പെടുത്താനാകില്ല. ദേശീയ രാഷ്ട്രീയം കൂടുതൽ കലുഷിതവും പ്രവചനാതീതവുമാകുമെന്നതിൽ സംശയം വേണ്ട. മടിച്ചു നിൽക്കാതെ ഇനിയെങ്കിലും രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് നയിക്കുകയാണു പ്രധാനം.
സ്ഥിരതയുള്ള പ്രകടനത്തോടെ പ്രതിപക്ഷത്ത് രാഹുൽ തിളങ്ങിയാൽ ബിജെപിയെ അധികാരത്തിൽനിന്നു തുരത്തി ഇന്ത്യ സഖ്യവും കോണ്‍ഗ്രസും ഭരണം തിരികെപ്പിടിക്കുന്ന കാലം വിദൂരത്തല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും ഊർജസ്വലതയും പ്രവചനാതീത സ്വഭാവവും വീണ്ടും തെളിയിച്ചുവെന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ സവിശേഷത.
രാഷ്ട്രീയത്തിൽ ആരും അതീതരല്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. അധികാരത്തിന്റെ അഹന്തയിൽ മതിമറക്കുന്നവരെയും സ്വയം ഉയർത്തുന്നവരെയും അഴിമതിക്കാരെയും താഴെയിറക്കാൻ കരുത്തുള്ള സാധാരണ വോട്ടർമാരാണ് ഇന്ത്യയുടെ മെച്ചം.