തിരുവല്ല: പ്രായപൂര്‍ത്തിയാകാത്ത 13 വയസുകാരിയായ പെണ്‍കുട്ടിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുന്നന്താനം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തില്‍കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടില്‍വീട്ടില്‍ ഇട്ടിയെന്ന് വിളിക്കുന്ന ജിബിന്‍ ജോണിനെ(26)യാണ് തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ പിടികൂടിയത്.
ആറുമാസം മുമ്പായിരുന്നു സംഭവം. ആറുമാസം മുമ്പ് മെനഞ്ചൈറ്റിസ് ബാധയെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി നിരന്തര പീഡനത്തിന് ഇരയായ വിവരം പോലീസിന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് കീഴ്‌വായ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുമളി തോട്ടയ്ക്കാട് വില്ലേജില്‍ കൈലാസമന്ദിരത്തില്‍ വിഷ്ണു സുരേഷി (26)നെ മാര്‍ച്ച് മാസത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂണ്‍ 20-ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് സാക്ഷി മൊഴികളും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ജിബിന്‍ ജോണിന്റെ അറസ്റ്റില്‍ കലാശിച്ചത്. പിടിയിലായ ജിബിന്‍ ജോണിന്റെ മൊബൈല്‍ ഫോണില്‍നിന്നും നിരവധി പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.