Advertisment

വനിതാ ശിശുവികസന വകുപ്പ് അത്ര വനിതാ സൗഹൃദം അല്ല !

author-image
സത്യം ഡെസ്ക്
New Update
G

33120 അങ്കണവാടികളും അത്രയുംതന്നെ അങ്കണവാടി വർക്കർമാരും അതിനുതുല്യം അങ്കണവാടി ഹെൽപ്പർ മാരും 1327 ഐസിഡിഎസ് സൂപ്പർവൈസർമാരും 258 സിഡിപിഒ മാരും 14 ജില്ല പ്രോഗ്രാം ഓഫീസർമാരും 14 ജില്ല വനിതാ ശിശു വികസന ഓഫീസർമാരും ഉള്ള വനിതാ ശിശുവികസന വകുപ്പ് വനിതാ സൗഹൃദം ആണോ?

Advertisment

2017ൽ സാമൂഹ്യ നീതി വകുപ്പിൽ നിന്ന് വനിതാ ശിശുവികസന വകുപ്പ് പ്രത്യേകമായി മാറി. പക്ഷേ ഫലത്തിൽ ഇപ്പോഴും ഇരു വകുപ്പുകളുടെയും ജോലി നിർവഹണം വനിതാ ശിശു വികസന വകുപ്പിലെ ഐസിഡിഎസ് സൂപ്പർവൈസർമാർ തന്നെയാണ് ചെയ്തു പോരുന്നത്. 

2002-03 കാലയളവിനുശേഷം വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാർക്ക് പ്രൊമോഷൻ നൽകാതായത്തോടെ പുരുഷ വിഭാഗം ജീവനക്കാർക്ക് സി ഡി പി ഒ തസ്തികയിലേക്കോ മുകളിലേക്കോ പ്രൊമോഷൻ ലഭിക്കാതെയായി. ഉണ്ടായിരുന്ന അസിസ്റ്റന്റ് സി ഡി പി ഒ മാർ അങ്ങനതന്നെ ഇരുന്ന് അടിത്തൂൺപറ്റി.

2011 ലെ കോടതി വിധിയെ തുടർന്ന് മിനിസ്റ്റീരിയൽ സ്റ്റാഫിൽ നിന്ന് കുറച്ചുസ്ത്രീ ജീവനക്കാരെ സി ഡി പി ഒ മാരായി പ്രൊമോട്ടു ചെയ്തു. എന്നാൽ പിന്നീട് മിനിസ്റ്റീരിയൽ സ്റ്റാഫിനു യാതൊരുപരിഗണനയും വകുപ്പിൽ ലഭിച്ചിട്ടില്ല.

ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റ് ഓഫീസർമാരായി സ്ത്രീകളെ മാത്രം നിയമിക്കുകയും മിനിസ്റ്റീരിയൽ ജീവനക്കാരിൽ നിന്ന് പ്രമോഷൻ നൽകി കൊണ്ടിരുന്ന കമ്പൈൻഡ് സീനിയോറിറ്റി ലിസ്റ്റ് ഇല്ലാതാക്കുകയും ചെയ്തതോടെ പുരുഷവിഭാഗത്തിൽ നിന്നുള്ള മേലുദ്യോഗസ്ഥൻമാർ ഇല്ലാതായി. എന്നാൽ ചില സന്ദർഭങ്ങളിൽ ജന്റ്സ് സ്റ്റാഫ് സൂപ്പർവൈസറി കേഡറിൽ ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ചിലരെങ്കിലും ചൂണ്ടി കാട്ടുന്നു.

അങ്കണവാടി പ്രവർത്തനങ്ങൾ ഏകോപിക്കുക അങ്കണവാടി ഫീൽഡ് തല പരിശോധന നടത്തുക എന്നൊക്കെയാണ് ഐസിഡിഎസ് സൂപ്പർവൈസർ മാരുടെ ചുമതലയായി നിർവ്വചിച്ചിരിക്കുന്നതെങ്കിലും വനിതാ ശിശു വികസന വകുപ്പും സാമൂഹ്യനീതി വകുപ്പും ഗ്രാമപഞ്ചായത്തുകളും ഒക്കെകൂടി ഐസിഡിഎസ് സൂപ്പർവൈസർമാരുടെ തലയിൽ എടുത്താൽ പൊങ്ങാത്ത ഭാരം കെട്ടിവച്ചിരിക്കുന്നു.

 പലരും അമിത മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ട് നിത്യരോഗികളായി മാറുകയോ ജോലി വെച്ചൊഴിഞ്ഞു പോകുകയോ സ്വയം വിരമിക്കൽ അപേക്ഷ നൽകുകയോ മാനസിക സമ്മർദ്ദം കൂടി മരണത്തിന് വഴിപ്പെടുകയോ ചെയ്യുന്നു. ഈ ലോകത്തെ ഭീഷണികളും അധിക്ഷേപങ്ങളും ഇല്ലാതെ കോമ സ്റ്റേജിൽ കഴിയുന്നവരും ഉണ്ട്

കേന്ദ്രസർക്കാർ സംയോജിത ശിശു വികസന പദ്ധതിയുടെ ഭാഗമായി 1975 ഒക്ടോബർ രണ്ടിന് മഹാത്മാഗാന്ധിയുടെ നൂറ്റിയാറാം ജന്മദിനത്തിൽ പൂർണ്ണമായും കേന്ദ്രാവിഷ്കൃത ഫണ്ട് ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവില്ലാതാക്കാനും മാതൃശിശു സംരക്ഷണം നടപ്പിലാക്കാനും തുടങ്ങിയ പദ്ധതിയാണ് അങ്കണവാടി.

മാനവശേഷി വികസനത്തിനുതകുന്ന മാതൃശിശു സംരക്ഷണ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവന്നു സാധാരണക്കാരിൽ സാധാരണ ക്കാരായ ജനങ്ങളിലേക്ക് എത്തിക്കുന്ന സാമൂഹിക വിഭവകേന്ദ്രങ്ങൾ ആയിട്ടാണ് അങ്കണവാടികൾ ആരംഭിച്ചത്. കെയർ ഗിവേഴ്സ് എന്നനിലയിൽ അമ്മമാർക്ക് ആരോഗ്യ പോഷണ വിദ്യാഭ്യാസം നൽകുക എന്നതും അങ്കണവാടികളുടെ മറ്റൊരു പ്രധാന ലക്ഷ്യം ആണ്.

നവജാത ശിശുക്കളും ആറു വയസ്സിനു താഴെയുള്ള കുട്ടികളും പാലൂട്ടുന്ന അമ്മമാരും കൗമാരപ്രായക്കാരായ പെൺകുട്ടികളും ആണ് അങ്കണവാടികളുടെ ഉപയോക്താക്കൾ.

സംസ്ഥാനത്ത് ഒട്ടാകെ 33210 അങ്കണവാടികൾ ഉണ്ട്. കേരളത്തിൽ ആദ്യത്തെ അങ്കണവാടി മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ആണ് തുടങ്ങിയത്. ആദ്യ കാലയളവിൽ ഷെഡുകളിലും വീടുകളുടെ ചായ്പ്പുകളിലും എന്തിന് കാലിതൊഴുത്തുകൾ ക്രമീകരിച്ചുപോലും അങ്കണവാടികൾ നടത്തിയിരുന്നു. ഹെൽപ്പർക്കും വർക്കർക്കും ഇരുപത്തഞ്ചും അൻപതും രൂപ യഥാക്രമം ശമ്പളം ആയും നൽകിപോന്നിരുന്നു.

പൊതുവായ ആരോഗ്യപരിപാലന സേവന സംവിധാനത്തിന്റെ ഭാഗമായി ഗ്രാമങ്ങളിൽ വേണ്ട അടിസ്ഥാന ആരോഗ്യരക്ഷയാണ് അങ്കണവാടികൾ ലക്ഷ്യമിടുന്നത്.  

പൂന്തോട്ടവും ചിത്രശലഭങ്ങളും ഊഞ്ഞാലുകളും സ്ലൈഡുകളും ലാഡറുകളും നിറഞ്ഞ മുറ്റമുള്ള പ്ലേ സ്കൂളുകൾ ആണ് ലക്ഷ്യമെങ്കിലും ആകാശവും ഭൂമിയും കിളികളും പൂമ്പാറ്റകളും ഒന്നും ഇല്ലാത്ത ചെറിയ മുറികളിലാണ് പത്തിലധികം കുട്ടികൾ ജീവിതാരംഭത്തിൽ ചെലവിടുന്നത്.

രണ്ടു വയസ്സ് മുതൽ എട്ടു വയസ്സുവരെ കുട്ടികളുടെ സ്വഭാവരൂപീകരണ സമയമാണ്. ആ പ്രായത്തിൽ കുട്ടികൾ കണ്ടും കേട്ടും വളരേണ്ട അന്തരീക്ഷമാണോ അങ്കണവാടികൾക്ക് ഉള്ളതെന്ന് ചിന്തിക്കേണ്ടുന്ന വിഷയമാണ്.

മുതിർന്നവരുടെ ഭാഷയും സംസ്കാരവും വസ്ത്രധാരണവും ഒക്കെ കുട്ടികളെ സ്വാധീനിച്ചെന്നും പിൽകാല ജീവിതത്തിൽ പകർത്തി എന്നും വരാം. അങ്കണവാടി ജീവനക്കാരുടെ ഇണക്കങ്ങളും പിണക്കങ്ങളും കലർന്ന സംഭാഷണശകലങ്ങൾ ഇളം കുഞ്ഞുങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചെന്ന് വരാം.

കുഞ്ഞുങ്ങളുടെ മനസ്സ് സ്പോഞ്ച് പോലെയാണ്. വളരുന്ന ചുറ്റുപാടുകളിൽ കേൾക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ ഒപ്പിയെടുത്തെന്നു വരാം.

 ഓരോ പഞ്ചായത്തിലും പലപ്പോഴും ആയിരത്തിലധികം മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങൾ ഒരേ കാലയളവിൽ ഉണ്ടാകാമെങ്കിലും അങ്കണവാടികളിലേക്ക് എത്തപ്പെടുന്ന കുട്ടികളുടെ എണ്ണം 30% ത്തിൽ ഏറെ ഉണ്ടാവുകയില്ല.

രണ്ട് പ്രവേശനോത്സവമുള്ള അങ്കണവാടികളിൽ ചിലതിൽ ചില ടേമുകളിൽ ഒരു കുട്ടി പോലും ഉണ്ടായെന്നു വരികയില്ല.അങ്ങനെയുള്ള അവസരങ്ങളിലും അങ്കണവാടികൾ നിലനിൽക്കണമെന്നുണ്ടെങ്കിൽ രാഷ്ട്രീയക്കാരുടെ പിന്തുണ ആവശ്യം തന്നെയാണ്.

അതുകൊണ്ടുതന്നെ ബ്ലോക്ക് തലത്തിലോ ഗ്രാമപഞ്ചായത്ത് തലത്തിലോ എന്ത് പരിപാടി നടന്നാലും അങ്കണവാടി വർക്കർമാരും ഹെൽപ്പർ മാരും വരിയിൽ അണിനിരക്കണം എന്നുള്ള അലംഘനീയമായ ഉത്തരവുകൾ അനുസരിക്കേണ്ട ബാധ്യതഅവർക്കുണ്ട്. ലക്ഷ്യ സാധൂകരണം അല്ല ഇന്നത്തെ അങ്കണവാടി ജീവനക്കാരുടെ ലക്ഷ്യം.

കിണറുകളിൽ ബ്ലീച്ചിങ് പൗഡർ വിതറാനും ഘോഷയാത്രകളിൽ പങ്കെടുക്കാനും പഞ്ചായത്തിലെ സ്ഥിതിവിവരകണക്കുകൾ ശേഖരിക്കാനും വർക്കർമാരെ നിയോഗിക്കുമ്പോൾ അങ്കണവാടികുട്ടികളുടെ പ്രീ സ്കൂൾ വിദ്യാഭ്യാസം ശരിയായ രീതിയിൽ പൂർണ്ണത കൈവരിക്കുന്നില്ല.

അതുകൊണ്ടുതന്നെയാണ് അച്ഛനമ്മമാർ കുട്ടികളെ അങ്കണവാടികളിലേക്ക് അയയ്ക്കുവാൻ മടിക്കുന്നതും. കുടുംബശ്രീക്കാർ നിർമ്മിച്ചുകൊടുത്ത അമൃതംപൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം കിടന്ന വാർത്ത മുൻപുവന്നതും ഈ അവസരത്തിൽ ഓർമ്മിക്കുന്നു.

ശാസ്ത്രീയമായ പ്രീ സ്കൂൾ എഡ്യൂക്കേഷൻ കരിക്കുലം ഉണ്ടെങ്കിലും അത്തരത്തിലൊന്നും ശ്രദ്ധ കേന്ദ്രീകരിച്ചു കുട്ടികൾക്ക് വേണ്ടത് ചെയ്യുവാൻ കഴിയാതെ അങ്കണവാടി വർക്കർമാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിടുപണി ചെയ്യാൻ നിർബന്ധിതരാകുന്നു.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ള അങ്കണവാടി വർക്കർമാർ നടത്തേണ്ടുന്ന community event based പ്രോഗ്രാമുകൾ കേട്ടാൽ ആരും തന്നെ ഞെട്ടിപ്പോകും.

ദേശീയ യുവജന ദിനത്തിലും ദേശീയ ബാലികാ ദിനത്തിലും ദേശീയ ക്ഷീര ദിനത്തിലും ലോക ഭക്ഷ്യ ദിനത്തിലും ലോക ജനസംഖ്യാ ദിനത്തിലും ഒക്കെ ബോധവൽക്കരണ മീറ്റിങ്ങുകൾ നടത്തണം.

ഗർഭധാരണവും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യവും നവജാതശിശുപരിചരണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അറിവ് പകർന്നു കൊടുക്കണം. ഇതൊക്കെ അങ്കണവാടി വർക്കർമാർ ആണല്ലോ ചെയ്യേണ്ടതെന്ന് ചിന്തിക്കുമ്പോൾ ആരും തലയിൽ കൈവെച്ചു പോകും.

എന്നാൽ വനിതാ ശിശു വികസന വകുപ്പിന് അങ്കണവാടി തുടങ്ങി അൻപതാണ്ടിൽ എത്തി നിൽക്കുമ്പോഴും ഇതൊന്നും തിരിച്ചറിയുവാൻ കഴിഞ്ഞിട്ടില്ല.

പല വിഷയങ്ങളിൽ ഡോക്ടറേറ്റ് ഉള്ളവർ പോലും പകച്ചു നിൽക്കുന്നിടത്ത് അങ്കണവാടി വർക്കർമാർ കൈകാര്യം ചെയ്യണം എന്നു പറയുന്ന ഈ പ്രോഗ്രാമുകളിൽ പൊളിച്ചെഴുത്ത് അനിവാര്യമാണ്. കുട്ടികളുടെ മനശാസ്ത്രമോ വിദഗ്ധ വിഷയങ്ങളിൽ പരിശീലനമോ ലോക വിഷയങ്ങളിൽ അവഗാഢതയോ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശിക്കാതെ പത്താം ക്ലാസ് പരീക്ഷ പാസാകുന്ന വനിതകൾക്ക് അങ്കണവാടി വർക്കർമാരായി അപേക്ഷ നൽകാം എന്ന് നിബന്ധന മാറ്റുക തന്നെ വേണം.

മാത്രവും അല്ല അങ്കണവാടി ഹെൽപ്പർമാർ പത്തുവർഷം പൂർത്തീകരിക്കുകയും തുല്യതാ പരീക്ഷ പാസാകുകയും ചെയ്താൽ അങ്കണവാടി വർക്കർമാർ ആവുകയും ചെയ്യാം. അവർ തന്നെ വീണ്ടും നിശ്ചിത കാലയളവ് പൂർത്തീകരിച്ചാൽ ഒരുപക്ഷേ സൈക്കോളജിയും ഹോം സയന്‍സും സോഷ്യൽ വർക്കും ഒക്കെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഐസിഡിഎസ് സൂപ്പർവൈസർമാർ ആയി എന്നും വരാം.

അങ്കണവാടി വർക്കർമാരുടെ മറ്റൊരു പ്രധാനപ്പെട്ട ജോലിയാണ് ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ ഡേറ്റ അപ്ഡേറ്റ് ചെയ്യുക എന്നുള്ളത്.

അങ്കണവാടികളുടെയും ജീവനക്കാരുടെയും സേവന വിതരണങ്ങളും ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ കുട്ടികൾ കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരുടെ പൂർണമായ പോഷൻ ട്രാക്കർ അപ്ഡേഷൻ നടത്തേണ്ടത് അങ്കണവാടി വർക്കർമാർ ആണ്. അങ്കണവാടി വർക്കർമാർക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെങ്കിൽ കൂടി പോഷൻ ട്രാക്കർ ചെയ്യുന്നതിനുവേണ്ടി ഗുണമേന്മയുള്ള ആൻഡ്രോയ്ഡ് ഫോണുകൾ വാങ്ങേണ്ടി വരുന്നു. 

കൂടാതെ ഓരോ മാസവും ഡേറ്റ ഉപയോഗത്തിനായി നെറ്റ് ചാർജ് ചെയ്യേണ്ടതായും വരുന്നു. ഒരിക്കൽ അങ്കണവാടി വർക്കറുമായി കുട്ടികളുടെ വിഷയം സംസാരിച്ചുകൊണ്ടു നിൽക്കുന്നതിനടയിൽ അവർ പുറത്തേക്കു ഓടുകയുണ്ടായി.

ഹെൽപ്പറോട് കാര്യം തിരക്കിയപ്പോളാണ് പോഷൻ ട്രാക്കർ അപ്ഡേറ്റ് ചെയ്യാൻ നെറ്റ് കിട്ടുന്ന സ്ഥലംതിരക്കി പോയതാണെന്ന് അറിഞ്ഞത് . ഇങ്ങനെ വർക്കർക്ക് നിരന്തരമായ പണികൾ ചെയ്യേണ്ടിവരുമ്പോൾ അവിടുത്തെ കുട്ടികൾക്ക് എന്തുശ്രദ്ധയാണ് കിട്ടുന്നത്.

2008 ൽ പുറത്തിറങ്ങിയ മേലേരി എന്ന ഡോക്യുമെന്ററി കണ്ടപ്പോഴാണ് തീചാമുണ്ഡി കോലം കെട്ടുന്നവരുടെ ജീവിതം എന്താണെന്ന് മനസ്സിലായത്. തെയ്യം കഴിഞ്ഞാൽ ശരീരം വേദനയുടെ തീക്കനലാണ്. കനലിൽ വെന്തു നീറുന്നതിന് കിട്ടുന്നത് തുച്ഛമായ പ്രതിഫലവും.

തീ ചാമുണ്ഡി കോലങ്ങളുടെ അവസ്ഥയാണ് ഐസിഡിഎസ് സൂപ്പർവൈസർ മാരുടെത്. 300 ഡിഗ്രിയിൽ കത്തി നിൽക്കുന്ന പി പി ദിവ്യ മാരുടെ ഇടയിൽ കിടന്ന് ശരീരവും മനസ്സും വെന്തുരുകുന്നവർ. 

വനിതാ ശിശു വകുപ്പിനെയും ഗ്രാമപഞ്ചായത്തുകളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതിനായി പല ഐസിഡിഎസ് സൂപ്പർവൈസർമാർക്കും പകരം നൽകേണ്ടി വരുന്നത് അവരുടെ കുടുംബ ജീവിതമാണ്.

നിയമപരമായ തടസ്സങ്ങളെ മനസ്സിലാക്കാതെ ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കാതെ സാങ്കേതികമായ പ്രശ്നങ്ങളെ തിരിച്ചറിയാൻ പറ്റാതെ അധികാരബാധ ഏറിയ രാഷ്ട്രീയക്കാർ പൊട്ടിത്തെറിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും അടിമകളെപോലെ കണ്ടു മാപ്പുപറയിക്കുകയും ഒക്കെ ചെയ്യുമ്പോൾ സ്ത്രീയെന്ന പരിഗണന പോലും നൽകുന്നില്ലെന്നു മാത്രമല്ല സംബോധനയിൽ പോലും മാന്യത പുലർത്തുന്നുമില്ല.

ഒരുപക്ഷേ അറിവ് കൂടിയവരെ കാണുമ്പോൾ ഉണ്ടാകുന്ന ഈഗോയാണ് ആൾക്കൂട്ടത്തിൽ വെച്ച് വിചാരണ ചെയ്യുവാനും അപഹസിക്കുവാനും ഉള്ള ഇത്തരക്കാരുടെ മാനസിക ദുരവസ്ഥ.

 മറ്റൊരാളുടെ മനോനില തകർക്കുന്ന വിധത്തിൽ പറയുകയും ചെയ്യുകയും ചെയ്യുമ്പോൾ അത് അനുഭവിക്കുന്നവന്റെ വേദന തിരിച്ചറിയത്തക്ക മനോവികാസം ഇക്കൂട്ടർക്ക് ഉണ്ടോ എന്നുള്ളത് സംശയത്തിന് ഇടയില്ല.

അത്തരത്തിലുള്ള വാക്കുകളാണല്ലോ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും. അത്തരത്തിലുള്ള ഒരു മരണം അടുത്ത സമയത്ത് വനിതാ ശിശു വികസന വകുപ്പിലും ഉണ്ടായി. പക്ഷേ മരണം ആത്മഹത്യമൂലം അല്ലെന്നു മാത്രം. 

അളവറ്റ സ്വത്തിന് ഉടമയായ ഇന്ദു വിശ്വകുമാർ എന്ന ഐസിഡിഎസ് സൂപ്പർവൈസർ ഓഫീസിലേക്കുള്ള യാത്രയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ കുഴഞ്ഞുവീണ് മരിക്കുകയുണ്ടായി.

ഇന്ദു വിശ്വകുമാർ കൊടുങ്ങല്ലൂർ ഐസിഡിഎസ്സി ൽ ഇടപെടങ്ങ് പഞ്ചായത്തിലെ സൂപ്പർവൈസർ ആയിരുന്നു.

ബാംഗ്ലൂരിൽ ജോലി സംബന്ധമായ ട്രെയിനിങ്ങിൽ ഇന്ദു പോയിരുന്ന സമയത്ത് ഇടവിലങ്ങ് പഞ്ചായത്തിലെ സ്റ്റേഡിയം ഉദ്ഘാടനം മന്ത്രി അബ്ദുറഹ്മാൻ നിർവഹിക്കുകയുണ്ടായി.

എല്ലാ അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും കാഴ്ചക്കാരായി ഉണ്ടായിരിക്കണമെന്ന് പഞ്ചായത്തു പ്രസിഡന്റിന്റെ തിട്ടൂരം ഉണ്ടായിരുന്നുവെങ്കിലും ഞായറാഴ്ച ആയതിനാൽ അങ്കണവാടിയുടെ ഭാഗമായി ഒരാൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.

അധികാരഗർവ്വിഷ്ടനായ പഞ്ചായത്ത് പ്രസിഡന്റ് എല്ലാവരെയും കാട്ടിത്തരാം എന്ന ആക്രോശത്തോടെ അങ്കണവാടി പ്രവർത്തകരേയും സൂപ്പർവൈസറെയും പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചു വരുത്തി മറ്റു പഞ്ചായത്ത് അംഗങ്ങളുടെ മുന്നിൽവെച്ച് അധിക്ഷേപിച്ചു മാനസികമായി മുറിപ്പെടുത്തുകയും പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തു.

 ആ സംഭവത്തോടെ ഇന്ദു വിശ്വകുമാർ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടതായും അറിയുന്നു. ആവശ്യത്തിലധികം സമ്പാദ്യം ഉണ്ടായിരുന്നിട്ടും വിദ്യാഭ്യാസം ഏറെ ഉണ്ടായിട്ടും അധികാര രാഷ്ട്രീയത്തിന് മുമ്പിൽ അടിയറ വെക്കേണ്ടിവന്ന മാനം ഒരുപക്ഷേ ഇന്ദുവിന് ഹൃദയവേദന ഉണ്ടാക്കി കാണും.

 തൊട്ടടുത്ത ദിവസം അങ്കണവാടി ജീവനക്കാരുടെ ഇന്റർവ്യൂ നടക്കുന്ന പഞ്ചായത്ത് ഓഫീസിലേക്ക് പോകുംവഴിയാണ് ഇന്ദു വിശ്വനാഥൻ ബസ്സിൽ കുഴഞ്ഞു വീണു മരിച്ചത്.

 എന്നാൽ സഹപ്രവർത്തകയുടെ മരണത്തിൽ ഞെട്ടൽ ഉണ്ടാവുകയോ ദുഃഖം പ്രകടിപ്പിക്കുകയൊ ചെയ്യാൻ പോലും മറ്റ് ഐസിഡിഎസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല എന്നത് ആ വകുപ്പിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള പൊരുത്തക്കേടും തൊഴുത്തിൽ കുത്തും ഒത്തൊരുമ ഇല്ലായ്മയും ആണ് കാണിച്ചുതന്നത്.

ഇന്ദു മരിച്ചെന്നറിഞ്ഞിട്ടും പഞ്ചായത്ത് ഓഫീസിൽ അങ്കണവാടി വർക്കർമാരുടെ ഇന്റർവ്യൂ നിർവിഘ്നം നടത്തുകയും അത് പൂർത്തിയാക്കുകയും ചെയ്തു. മോശം മാനസികാവസ്ഥയുള്ള സഹജീവനക്കാരുടെ ഈ പ്രവർത്തി പൊതുജനങ്ങളുടെ ഇടയിൽ അവരെപ്പറ്റി അവമതിപ്പുണ്ടാക്കുകയും ചെയ്തു.

തടസ്സങ്ങളെ മനസ്സിലാക്കാതെ ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കാതെ സാങ്കേതികമായ പ്രശ്നങ്ങളെ തിരിച്ചറിയാൻ പറ്റാതെ രാഷ്ട്രീയ തിമിരാന്ധകാരം ബാധിച്ചവർ സർക്കാർ ജീവനക്കാരെ അടിമകളായി കാണുകയും പരസ്യമായി അധിക്ഷേപിക്കുകയും പൊട്ടിത്തെറിക്കുകയും മാപ്പുപറയിക്കുകയും ഒക്കെ ചെയ്യുമ്പോൾ സ്ത്രീയെന്ന പരിഗണന പോലും നൽകുന്നില്ലെന്നു മാത്രമല്ല സംബോധനയിൽ പോലും മാന്യത പുലർത്തുന്നില്ല.

 ഈ അഹങ്കാര രാഷ്ട്രീയത്തെ അതിജീവിക്കാനാവാതെ അല്ലെങ്കിൽ പൊരുത്തപ്പെടാൻ ആവാതെ ആഗ്രഹിച്ചു കിട്ടിയ സർക്കാർ ജോലി ഉപേക്ഷിച്ച് മനസ്സ്വസ്ഥത തേടിയവരും ഉണ്ട്. ഒരു ഐസിഡിഎസ് സൂപ്പർവൈസർ ഒമ്പതുമാസം സർവീസ് പൂർത്തീകരിച്ചപ്പോഴേക്കും മാനസികാരോഗ്യം ക്ഷയിച്ചു ജോലി രാജി വയ്ക്കുകയുണ്ടായി.

 മറ്റൊരു പ്രോജക്ട് ഓഫീസിൽ വേണ്ടത്ര മിനിസ്റ്റീരിയൽ സ്റ്റാഫ് ഇല്ലാഞ്ഞതിനാൽ അവരുടെ ജോലി ഉൾപ്പെടെ സമസ്ത ജോലികളും ചെയ്യേണ്ടിവന്ന ഓഫീസ് മേധാവിയായ സിഡിപിഒ അത്തരത്തിലുള്ള സാഹചര്യവുമായി പൊരുത്തപ്പെടാനാവാതെ ജോലി രാജി വയ്ക്കുകയുണ്ടായി.

 മിനിസ്റ്റീരിയൽ ജീവനക്കാരുടെ കുറവ് ചില്ലറയൊന്നുമല്ല ഐസിഡിഎസ് ഓഫീസുകളേയും വനിതാ ശിശു വികസന വകുപ്പിനെയും ബുദ്ധിമുട്ടിക്കുന്നത്.

 ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ ഒരു പ്രോജക്ട് ഓഫീസിന് കീഴിൽ ഏഴു പഞ്ചായത്തുകളും അതിൽപ്പെട്ട 192 അങ്കണവാടികളും ഉണ്ട്. 400 ഓളം അങ്കണവാടി ജീവനക്കാരുടെ ഹോണറേറിയം തയ്യാറാക്കുന്നതിനും കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും മറ്റുമായി പലവിധ ബില്ലുകളും തയ്യാറാക്കുന്നതിനും ഓഫീസ് ജീവനക്കാരുടെ കാര്യങ്ങളും ഓഫീസിലെ ദൈനംദിന കാര്യങ്ങളുടെ നിർവഹണത്തിനും ആകെ കൂടി ഒരു ക്ലാർക്ക് മാത്രമാണ് ഉള്ളത്.

2017 ലെ വിഭജനത്തിനു മുമ്പ് നാല് ക്ലറിക്കൽ തസ്തികൾ ഉണ്ടായിരുന്നിടത്ത് ഒന്നായിചുരുങ്ങി. ജോലിഭാരം പതിന്മടങ്ങായി വർധിക്കുകയും ചെയ്തു.

 സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത പദ്ധതികൾ ഇമ്പ്ലിമെന്റ് ചെയ്യാൻ ഐസിഡിഎസ് സൂപ്പർവൈസർമാരെ നിർബന്ധിക്കുന്നത് തികച്ചും തെറ്റാണ്. വനിതാ ശിശു വികസന വകുപ്പിന്റെ മാർഗ്ഗരേഖകളിൽ ഇല്ലാത്ത കാര്യങ്ങൾ ഉത്തരവിട്ടു നടപ്പിലാക്കാൻ നിർബന്ധിക്കുക വഴി പഞ്ചായത്ത് സെക്രട്ടറിമാർ അധികാരത്തിന്റെ സമസ്ത സീമകളും ലംഘിക്കുന്നു.

വില്ലേജ്എക്സ്റ്റൻഷൻ ഓഫീസർമാരും ശമ്പളത്തിനായി പഞ്ചായത്ത് സെക്രട്ടറിമാരുടെ കനിവ് തേടണം എന്ന നില ഇപ്പോൾ സംസ്ഥാനത്ത് പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.

 ഭിന്നശേഷി ബഡ് സ്കൂളിൽ ഉപകരണങ്ങൾ വാങ്ങുന്നത് പോലെയുള്ള പദ്ധതികളിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ഐസിഡിഎസ് സൂപ്പർവൈസർമാർ എങ്ങനെ പർച്ചേസ് ചെയ്യും?

 തുല്യതാ പരീക്ഷ പാസായി വരുന്ന പത്തുവർഷം പൂർത്തിയാക്കിയ അങ്കണവാടി ഹെൽപ്പർമാർ പിന്നീട് അങ്കണവാടി വർക്കർമാരായി തുടർന്ന് ഐ സി ഡി എസ് സൂപ്പർവൈസർമാർ ആയാൽ ഇത്തരത്തിലുള്ള പദ്ധതികളുടെ സാങ്കേതിക മികവ് എങ്ങനെ വിലയിരുത്താൻ ആകും? 

സാങ്കേതിക പരിജ്ഞാനം വേണ്ട ഉപകരണങ്ങളും മറ്റും ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ വാങ്ങുകയാണെങ്കിൽ കണക്കുപരിശോധന സമയത്ത് ഉണ്ടാകാവുന്ന ഓഡിറ്റ് ഒബ്ജെക്ഷൻ ഒഴിവാക്കാനും സാധിക്കും.

വയോജനങ്ങൾക്കുള്ള കട്ടിൽ തുടങ്ങിയവ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പോലെയുള്ള ഏജൻസികളിൽ നിന്ന് വാങ്ങുന്നതിനും പലപ്പോഴും ഭരണസമിതിവിമുഖത പ്രകടിപ്പിക്കും. ഐസിഡിഎസ് സൂപ്പർവൈസർമാരുടെ തടിക്കു പിടിക്കുകയില്ല എന്ന ചിന്തയാൽ പലപ്പോഴും ഗവൺമെന്റ് ഏജൻസികളിൽ നിന്നും പർച്ചേസ് ചെയ്യാൻ അവർ താൽപര്യം കാണിക്കും.

ചെയ്യുന്ന ജോലിയിൽ സത്യസന്ധത പുലർത്തുന്നതിനും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഐസിഡിഎസ് സൂപ്പർവൈസർമാർ ശരിയായ രീതിയിൽ നേർരേഖയിൽ ഇത്തരത്തിലുള്ള പർച്ചേസുകൾ നടത്തുമ്പോൾ ഉണ്ടാകുന്ന കാലതാമസം ഭരണസമിതി അംഗങ്ങളെ ചൊടിപ്പിക്കാറുണ്ട്. 

കേന്ദ്രാവിഷ്കൃത ഫണ്ട് ധാരാളം ലഭിക്കുന്നെണ്ടിങ്കിലും യൂട്ടിലൈസ് ചെയ്യാൻ സമയം കിട്ടാറില്ല. സാമ്പത്തിക വർഷത്തിന്റെ അവസാനം മാത്രം അനുവാദപത്രം ലഭിക്കുമ്പോൾ ശരിയായ രീതിയിൽ ടെൻഡർ ക്ഷണിച്ചു ക്വാളിറ്റി ഉറപ്പുവരുത്തി പർചെയ്സ് ചെയ്യാൻ സമയലഭ്യതകിട്ടാത്തതിനാൽ ട്രൂത്ഫുൾ ആയി ഫണ്ട് ചിലവാക്കാൻ കഴിയുന്നില്ല എന്നതും സൂപ്പർവൈസർമാരെ അലട്ടുന്ന പ്രശ്നമാണ്. മാത്രവുമല്ല അങ്ങനെചെയ്യുമ്പോൾ ഗുണകരമായ ഫലവും കിട്ടുകയില്ല 

 ഓരോ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്നും ബഹുമാനം നൽകിയാൽ മാത്രമേ തിരിച്ചു കിട്ടുകയുള്ളൂ എന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണവർഗ്ഗം ഇനി എന്നാണ് പഠിക്കുക. എല്ലാ ബുധനാഴ്ചകളിലും പഞ്ചായത്ത് ഓഫീസിൽ ഹാജർ ഉണ്ടാകണമെന്ന നിബന്ധന കാറ്റിൽ പറത്തി തോന്നുന്നതിനൊക്കെ പഞ്ചായത്തിലേക്ക് വിളിച്ചു വരുത്തുന്ന ഐ സി ഡി എസ് സൂപ്പർ വൈസർക്കു ഒരു ഇരിപ്പിടം നൽകാനോ രേഖകൾ സൂക്ഷിക്കാൻ അലമാര നൽകാനോ തയ്യാറാകാത്ത പഞ്ചായത്തുകൾ അനവധി ഉണ്ട്. പലപ്പോഴും പഞ്ചായത്ത് ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഔദാര്യം കൊണ്ടാണ് സൂപ്പർവൈസർമാർക്ക് ഇരിപ്പിടം കിട്ടുന്നത്.

 പല അങ്കണവാടികളും ഇപ്പോഴും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം പോലും കിട്ടാത്ത അങ്കണവാടികളും ഉണ്ട്. വാടക കൊടുക്കേണ്ടത് സർക്കാർ ആണെങ്കിലും അത് കിട്ടാത്തതിന്റെ പേരിൽ ഐ സി ഡി എസ് സൂപ്പർവൈസറെ കേൾക്കാൻ കൊള്ളാത്ത അസഭ്യം പറയുകയും അങ്കണവാടിയുടെ പൂട്ട് തല്ലിപ്പൊളിച്ചതിനുശേഷം പോലീസിൽ പരാതി നൽകുക പോലും ചെയ്തിട്ടുണ്ട്.

മലയോര മേഖലകളിലും വെള്ളക്കെട്ട് സ്ഥലങ്ങളിലും വിജനമായ പ്രദേശങ്ങളിലും ഒക്കെ അങ്കണവാടികൾ ഉണ്ട്. അങ്കണവാടികളുടെ പരിശോധനയ്ക്കുവേണ്ടി പോകേണ്ടിവരുമ്പോൾ സൂപ്പർവൈസർമാരുടെ ശ്വാസമിടുപ്പിന്റെ വേഗത വർദ്ധിക്കാറുണ്ട്. വെള്ളം നീന്തി പോയപ്പോൾ ഇഴജന്തു കാലിൽചുറ്റിയതും പട്ടിയുടെ കടി ഏൽക്കേണ്ടി വന്നതും വിജനമായ പ്രദേശത്തുകൂടി പോകുമ്പോൾ ധൈര്യം മുഴുവൻ ചോർന്നു ശരീരം തളരുന്നതും ഐസിഡിഎസ് സൂപ്പർവൈസർമാർ പറയാറുണ്ട് .

 വനിതാ ശിശു വികസന വകുപ്പ് ഇനിയെന്നാണ് വനിതാ സൗഹൃദം ആകുന്നത്. സ്ത്രീ ജീവനക്കാർക്ക് സംരക്ഷണം ഒരുക്കുവാനും അനാവശ്യമായി അവർക്ക് മാനസിക സമ്മർദ്ദം കൊടുക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവണതകളിൽ നിന്ന് നിയമപരിരക്ഷ നൽകുവാനും വകുപ്പ് തയ്യാറാകണം. പ്രോജക്ട് ഓഫീസുകളിൽ ആവശ്യത്തിന് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെ നിയമിക്കേണ്ടത് അനിവാര്യമാണ്. വിഭജനസമയത്തു തീരുമാനിച്ചിരുന്ന ബ്ലോക്ക്തല സോഷ്യൽ വെൽഫയർ ഓഫീസർ മാരെ നിയമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം.

അങ്കണവാടികളുടെ ലക്ഷ്യബോധത്തിൽ നിന്നും വ്യതിചലിച്ചുള്ള പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുകയും ഉത്തരവിലൂടെ തടയുകയും വേണം. വർക്കർമാർ നിഷ്കർഷിക്കപ്പെട്ട രീതിയിൽ കുട്ടികളുടെ ചുമതല മാത്രം നിർവഹിച്ചാൽ മതിയെന്ന് വനിതാശിശു വികസനവകുപ്പ് തീരുമാനിക്കണം.

സൂപ്പർവൈസർമാർക്ക് പഞ്ചായത്ത് ഓഫീസിൽ ചെയ്യേണ്ടിവരുന്ന ജോലികൾക്ക് ഭൗതിക സാഹചര്യങ്ങൾ ഒരുക്കികൊടുക്കുന്നതിനു ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം.

ആവശ്യമായ നിയമപരിരക്ഷയും വകുപ്പുതല സംരക്ഷണവും ലഭിക്കാതെ പോയാൽ അങ്കണവാടികളുടെ ഏകോപന ചുമതല നിർവഹിക്കാൻ ഭാവിയിൽ ആളിനെ ലഭിക്കാത്ത അവസ്ഥ ഉണ്ടായെന്നും വരാം.

 

തയ്യാറാക്കിയത്: ചന്ദ്രദാസ് കേശവപിള്ള (സാമൂഹ്യ പ്രവർത്തകൻ)

Advertisment