രാജാവിന്റെ വസൂരി കലയുള്ള മുഖത്തുനോക്കി "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം " എന്ന് പാടി പുകഴ്ത്തി രാജാവിൽ നിന്നും പട്ടും വളയും മറ്റു വിലകൂടിയ സമ്മാനങ്ങളും സ്വീകരിക്കുന്ന വിദൂഷകന്റെ കഥ നമ്മളൊക്കെ എവിടെയോ വായിച്ചിട്ടുണ്ട്.
കേരളത്തിൽ ഈയിടെയായി വിദൂഷകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുമുണ്ട്. മലയാള സാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി അധ്യാപകൻ, പത്രാധിപർ, തിരക്കഥാകൃത്ത് സംവിധായകൻ തുടങ്ങി പല മേഖലകളിലും പ്രശസ്തനായ ഒരു സാംസ്കാരിക നായകനാണ്.
സാഹിത്യരംഗത്ത് തലമുതിർന്ന കാരണവരായ അദ്ദേഹത്തിന്റെ വാക്കുകൾ കേരള പൊതുസമൂഹം മുഖവിലക്കെടുക്കും എന്നത് സ്വാഭാവികം.
കോഴിക്കോട് ബീച്ചിൽ വെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങിൽ എം.ടി പ്രസംഗിച്ചത് എന്താണ് ? പ്രബുദ്ധ കേരളം കണ്ട ഏറ്റവും ധീഷണാശാലിയും കേരള കമ്മ്യൂണിസത്തിന്റെ താത്വികാചാര്യനും ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇ.എം.എസിനെ അദ്ദേഹം ഓർത്തെടുത്തത് എന്തിന് ?
മുഖ്യമന്ത്രി വേദിയിൽ ഇരിക്കുമ്പോഴാണ് എം.ടിയുടെ അധികാര വിമർശനം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം എന്ന് എം.ടി ഓർമ്മപ്പെടുത്തിയത് ആരെയാകാം ?
അഹംബോധത്തിനെ (ഞാനെന്ന ഭാവം) കീഴടക്കി പരബോധത്തിന്റെ പ്രാധാന്യം അംഗീകരിക്കണം. ഇഎംഎസിനെ നേതൃപൂജകളിൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
ഇഎംഎസ് എന്തുകൊണ്ടാണ് സമാരാധ്യകുന്നത്, മഹാനായ നേതാവാകുന്നത് ? അധികാരം എന്നത് ഇന്ന് ആധിപത്യമോ സർവാധിപത്യമോ ആയിരിക്കുന്നു. ഭരണകൂടം കയ്യടക്കുക എന്നത് മാത്രമാണ് വിപ്ലവം എന്ന് മാർക്സ് ഒരിടത്തും പറഞ്ഞിട്ടില്ല.
അധികാരം എന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ആ സിദ്ധാന്തത്തെ പണ്ടെങ്ങോ നമ്മൾ കുഴിച്ചുമൂടി എന്നും എം.ടി പരിതപിക്കുന്നു.
എം.ടി ഉദ്ദേശിച്ചത് വിമർശിച്ചത് കേന്ദ്ര ഗവൺമെൻറ് നയങ്ങളെയാണ് എന്നാണ് ഇടതുപക്ഷ ബുദ്ധിജീവികൾ സമർത്ഥിക്കുന്നത് അല്ലെങ്കിൽ വാദിക്കുന്നത്. എം.ടി ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.
എംടിയുടെ നാലുകെട്ട് റവന്യൂ ഭൂമി കയ്യേറി പണിതതാണ്, അല്ലെങ്കിൽ ചരിത്രം വളച്ചൊടിച്ച് ചന്തുവിന് വീര പരിവേഷണം നൽകിയ കുറ്റത്തിനോ ഒരു കേസ് ചാർജ് ചെയ്ത് നേരം പുലരുന്നതിനു മുൻപ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.