ലോകത്ത് മറ്റൊരു പുതിയ " ദുബായ് " ഉദയം കൊള്ളുന്നു. ഗയാന. ശൂന്യതയിൽ നിന്നും വിസ്മയമായി മാറി സമ്പന്നതയിലേക്ക് കുതിക്കുന്ന പുതിയൊരു ദുബായ് ആയി മാറിക്ക ഴിഞ്ഞിരിക്കുന്നു ഇന്ന് തെക്കേ അമേരിക്കൻ തീരത്തുള്ള ഈ രാജ്യം അഥവാ കോപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന. ഓർക്കണം ഏതാണ്ട് 2020 വരെ ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്നു ഗയാന.
ലോകരാജ്യങ്ങൾ ഈ കൊച്ചു രാജ്യത്തെ ഇപ്പോൾ ഏറെ ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. നിരവധി മൾട്ടി നാഷണൽ കമ്പനികളും ഹോട്ടലുകളും നിർമ്മാണ യൂണിറ്റുകളുമെല്ലാം ഗയാനയിൽ ഓഫീസ് കോമ്പൗണ്ടുകൾ തുറക്കുകയാണ്. രാജ്യമെമ്പാടും വ്യാപകമായ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു.
പാഴ്മരുഭൂവിൽ അതിശയിപ്പിക്കുന്ന തരത്തിൽ അത്ഭുത സാമ്രാജ്യം കെട്ടിപ്പടുത്ത സിംഗപ്പൂരിനും ദുബായ് ക്കും ശേഷം അതേ പാതയിലാണ് ഇപ്പോൾ ഗയാനയും നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നുതന്നെ പറയാം.
തൊഴിലവസരങ്ങളുടെ വലിയൊരക്ഷയഖനിയാണ് ഗയാനയിൽ യുവാക്കൾക്കുമുന്നിൽ തുറക്കാൻ പോകുന്നത്. ഇത്ര പെട്ടെന്ന് എന്തത്ഭുതമാണ് ഗയാനയിൽ സംഭവിച്ചത്..? നമ്മൾ പറയാറില്ലേ "എല്ലാവർക്കും ഒരവസരം ജീവിതത്തിൽ ലഭ്യമാകുമെന്ന് " ...അതുതന്നെയാണ് ഇവി ടെയും നടന്നത്.
2019 മുതലാണ് ഗയാനയുടെ തലവര മാറുന്നത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വികസനമുന്നേറ്റം നടക്കു ന്ന ഒരു സാമ്പത്തികശക്തിയാണ് ഈ രാജ്യം.
2017 ൽ ആക്സോൺ മൊബൈൽ, അമേരിക്കൻ ഹേസ് ,ചൈന യുടെ സിഎന്‍ഡിഒസി കൺസോർഷ്യം എന്നീ കമ്പനികൾ ഗുയാനയുടെ ആഴക്കടലിൽ 200 കിലോമീററകലെ നടത്തിയ ഖനനത്തിൽ വലിയതോതിലുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ( Crude Oil and Natural Gas) നിക്ഷേപം കണ്ടെത്തിയതാണ് രാജ്യത്തിന്റെ തലവര തന്നെ മാറ്റിയെഴുതാൻ കാരണമായത്.
14 ബില്യൺ ബാരൽ വരെയുള്ള എണ്ണനിക്ഷേപമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.ഇത് ബ്രസീലിന്റെ ഉദ്പ്പാദനം അകെ എണ്ണനിക്ഷേപത്തേക്കാൾ കൂടുതലാണ്.
എണ്ണയുടെയും ഗ്യാസിന്റെയും വരുമാനത്തോടെ 2019 മുതൽ 2023 ആയപ്പോഴേക്കും ഗയാനയുടെ ജിഡിപി 5.17 ബില്യൺ ഡോളറിൽ നിന്നും 14.7 ബില്യൺ ഡോളറാകുകയാണ്. അതായത് 184 % വർദ്ധന. 2022 ൽ മാത്രം ജിഡിപി വർധന ഉണ്ടായത് 62 % ആണ്.
ഗയാനയിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം 2019 ൽ 6,477 ഡോളറിൽ നിന്നും 2022 ൽ 18,199 ഡോളറായി ഉയർന്നിരിക്കുന്നു. ഇത് ബ്രസീലിലെ പ്രതിശീർഷ വരുമാനത്തിന്റെ ഇരട്ടിയിലധികമാണ്.
ഗയാനോവിലുള്ള ലോകബാങ്ക് പ്രതിനിധി 'ഡോളിതാ ഡോറേറ്റി' യുടെ അഭിപ്രായത്തിൽ ഗയാനോ രാജ്യ ത്തിന് ബമ്പർ ലോട്ടറി അടിച്ചുവെന്നാണ്.ഇത് ജീവിതത്തിൽ ഒരിക്കൽ ലഭിക്കുന്ന സൗഭാഗ്യമാണ്. ഗയാനോയിൽ വലിയ പ്രതീക്ഷയാണുള്ളതെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലസ്ഥാനമായ ജോർജ് ടൗൺ ഉൾപ്പെടെ വലിയതോതിലുള്ള നിർമ്മാണ പ്രവർത്തങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഗയാനോയിൽ നിന്നും തൊഴിൽതേടി വിദേശരാജ്യങ്ങളിൽപ്പോയ യുവാക്കളെല്ലാം രാജ്യത്തേക്ക് മടങ്ങുകയാണ്. അഥവാ ഭൂരിഭാഗവും മടങ്ങിയെത്തിക്കഴിഞ്ഞു.
റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകളിൽ അവർക്ക് വലിയ അവസരങ്ങളാണ് ലഭിക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ് അവിടെ തഴച്ചുവളരുകയാണ്.
ഗുയാനയിൽ ഇപ്പോൾ ആശുപത്രികൾ, ഹൈവേകൾ, പാലങ്ങൾ, ഓവർ ബ്രിഡ്ജുകൾ, തുറമുഖങ്ങൾ കൂടാതെ അമേരിക്കൻ ഹോട്ടൽ ശ്രുംഖലയായ മാരിയറ്റ്,ബെസ്റ്റ് വെസ്റ്റേൺ മുതലായവയുടെ നിർമ്മാണങ്ങളും തകൃ തിയായി നടക്കുകയാണ്.
രാജ്യത്ത് ട്രാക്ടർ, ഖനനഉപകരണങ്ങൾ , വലിയ നിർമ്മാണ സാമഗ്രികൾ വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്ന യൂണിറ്റുകളും സ്ഥാപിതമാകുകയാണ്.
എണ്ണ നിക്ഷേപം രാജ്യത്തെ ദരിദ്രരെയും മിഡിൽ ക്ലാസ്സ് വിഭാഗ ത്തെയും സാമ്പത്തികമായി മുന്നിലെ ത്തിക്കു ന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചിരിക്കുന്നത്.മിക്കവരും പഴയ ചാലുകളും കുടിലുകളും വിട്ട് ചുറ്റുമതിലും ഗേറ്റുമുള്ള സുരക്ഷിതമായ കോൺക്രീറ്റ് ഭവനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വീടുനിർമ്മാണത്തിന് വലിയ സാമ്പത്തിക സഹായമാണ് സർക്കാർ നൽകുന്നത്.
എല്ലാ കണ്ണുകളും ഇപ്പോൾ ഗയാനയിലേക്ക് നീളുകയാണ്. നിർമ്മാണമേഖലയിൽ സർക്കാർ വൻതോതിൽ പണമിറക്കുകയാണ്. 2019 ൽ 187 മില്യൺ ഡോളർ ചെലവിട്ട സ്ഥാനത്ത് 2023 ൽ ഈ തുക 247 % വർദ്ധിച്ച് 650 മില്യൺ ഡോളറായിരിക്കുന്നു. ഗയാനയിൽ നിക്ഷേപത്തിന് പല രാജ്യത്തുനിന്നും വമ്പൻ കമ്പനികളുടെ ഒഴു ക്കാണ്.
നിർമ്മാണമേഖലയിൽ ചൈനയാണ് മുൻതൂക്കത്തിൽ നിൽക്കുന്നത്. തൊട്ടുപിന്നിൽ ഇന്ത്യൻ കമ്പനി കളുമുണ്ട്. ബാങ്ക് ഓഫ് ചൈന ഫൈനാൻസ് ചെയ്യുന്ന പല വമ്പൻ പ്രൊജക്റ്റുകളും ചൈന കയ്യടക്കിയിരിക്കു ന്നു. 106 മില്യൺ ഡോളറിന്റെ ഹൈവേ ഉൾപ്പെടെയുള്ള നിർമ്മാണ പ്രോജക്റ്റുകൾ ഇന്ത്യൻ കമ്പനികൾക്കും ലഭിച്ചിട്ടുണ്ട്.
ഗുയാന ദക്ഷിണ അമേരിക്കയുടെ വടക്ക് സുരിനാം ,വെനെസ്വല രാജ്യങ്ങൾക്കിടയിലുള്ള ഒരു ചെറുരാ ജ്യമാണ്. ആദ്യം ഡച്ചുകാരുടെയും 1965 വരെ ബ്രിട്ടന്റെയും അധീനതയിലായിരുന്ന രാജ്യത്ത് കരിമ്പുകൃഷി, നെൽകൃഷി,മൽസ്യബന്ധനം എന്നിവയായിരുന്നു പ്രധാനതൊഴിലും വരുമാന മാർഗ്ഗങ്ങളും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളെയാണ് ഡച്ച് - ബ്രിട്ടീഷ് അധിനിവേശക്കാലത്ത് കൃഷിക്കായി അവർ ഇവിടെ കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ജനസംഖ്യയും പല രാജ്യങ്ങളിൽ നിന്നുള്ളവരുടെ മിശ്രണമാണ്.
ഗയാനയിലെ ജനസംഖ്യ കേവലം 8 ലക്ഷത്തോളം മാത്രമേയുള്ളു. ഇവരിൽ 40 % ഇന്ത്യക്കാരാണ്. 30 % ആഫ്രി ക്കൻ വംശജരും,ബാക്കി യൂറോപ്പ്, ചൈന ഉൾപ്പെടെ പല രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഇംഗ്ലീഷ് ആണ് ആധികാരിക ഭാഷയെങ്കിലും ഹിന്ദിയുൾപ്പെടെ 5 ഭാഷകൾ ഗുയാനയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ 54 % കൃസ്തുമത വിശ്വാസികളാണ്. 31 % ഹിന്ദുമതസ്ഥരും 7.5 % ഇസ്‌ലാം മതവിഭാഗക്കാരും 5 % മതമില്ലാത്തവരും ബാക്കി മറ്റു മതവിശ്വാസികളുമാണ്.
അപ്പോൾ ഇനി തൊഴിൽ സാദ്ധ്യതകളുടെ പുതിയ വാതായനവും ഗയാനയുടെ രൂപത്തിൽ യുവാക്കൾക്ക് മുന്നിൽ തുറക്കപ്പെടുകയാണ്.