Advertisment

പറഞ്ഞിട്ടെന്ത് കാര്യം ? പാഴായത് വിലപ്പെട്ട വര്‍ഷങ്ങള്‍; കൊച്ചിക്ക് വേണം വികസനം. ഇനിയും അമാന്തമരുതേ ! മാതൃകയാക്കാം ചണ്ഡിഗഢും നവി മുംബൈയും സൂററ്റും - പരമ്പര ആറാം ഭാഗം

പാലാരിവട്ടത്ത് നിന്ന് മെട്രോ കാക്കനാട്ടേയ്ക്ക് കടക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും, മറ്റ് വാഹനങ്ങൾക്ക് സുരക്ഷിതമായും ഗതാഗതക്കുരുക്ക് ഇല്ലാതെയും കടന്ന് പോകാനുള്ള മുന്നൊരുക്കങ്ങളോ, പഠനങ്ങളോ നടന്നിട്ടില്ല.

New Update
thripunithura railway station
Listen to this article
0.75x 1x 1.5x
00:00 / 00:00

എംപിസിയും എംഡിഎയും രൂപീകരിച്ചാൽ കൊച്ചി മെച്ചമാകുമോ എന്ന് ചോദിയ്ക്കുന്നവർ ധാരാളം ഉണ്ട്. ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ  ആരംഭശൂരത്വം പിന്നീട് പോകെപ്പോകെ മാഞ്ഞ് പോയി, പ്രസ്ഥാനം തന്നെ ഇല്ലാതായ അനവധി മുൻകാല അനുഭവങ്ങൾ ജനങ്ങൾ ഓർക്കുന്നത് കൊണ്ടാകാം അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിയ്ക്കുന്നത്.

Advertisment

developments in thripunithura railway station

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ

തൃപ്പൂണിത്തുറയിലെ "ട്രൂറ" എന്ന സംഘടന മുഖം നോക്കാതെ കാര്യം വ്യക്തമായി പറഞ്ഞു. "രാഷ്ട്രീയക്കാരെ എംപിസിയുടെ തലപ്പത്ത് അവരോധിച്ച് എംപിസിയെയും എംഡിഎയും തകർക്കരുത്" ! ജിസിഡിഎയിൽ നിന്നും നഗരവികസനത്തിന്റെ ചുമതല മാറ്റാതിരുന്നെങ്കിൽ, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധരെ തലപ്പത്ത് നിയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷെ, കൊച്ചി പതിറ്റാണ്ടുകൾ മുമ്പേതന്നെ വികസനത്തിന്റെ പരമകോടിയിലെത്തിയേനെ !

thripunithura railway station view

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്ന് നോക്കുമ്പോഴുള്ള തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന്റെ കാഴ്ച

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വികസിപ്പിച്ചാൽ, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെയും നോർത്ത് റെയിൽവെ സ്റ്റേഷനിലെയും തിരക്ക് ഒഴിവാക്കാമല്ലോ.


കോട്ടയം വഴിയുള്ള എല്ലാ ദീർഘദൂര ട്രെയിനുകൾക്കും തൃപ്പൂണിത്തുറയിൽ സ്റ്റോപ്പ് അനുവദിച്ചാൽ കൂത്താട്ടുകുളം, പിറവം, മുളന്തുരുത്തി, കോലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അത് ഗുണകരമാകും. എറണാകുളം സൗത്ത്, നോർത്ത് റെയിൽവെ സ്റ്റേഷനിലേക്ക് ഉള്ള യാത്രകൾ ഒഴിവാക്കാനും വാഹനങ്ങളുടെ ബാഹുല്യം നഗരത്തിൽ നിന്നും ഒഴിവാക്കാനും കഴിയും. 


തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലേക്ക് ഉള്ള റോഡ് വീതി കൂട്ടണമെന്ന ആവശ്യം മെട്രോ തൃപ്പൂണിത്തുറയിൽ വരുന്നതിന് മുൻപേ ട്രൂറ ഉന്നയിച്ചതാണ്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനും മുഖത്തോട് മുഖം നോക്കി നിൽക്കുകയാണ്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകളിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് പോകാൻ മേൽപ്പാലം വേണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ അധികൃതർ അറിഞ്ഞമട്ടില്ല.

thripunithura metro station

തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷൻ

അതുപോലെതന്നെ, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ്റ്റാൻഡ്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന്റെ അടുത്ത് കൊണ്ടുവരാൻ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയ്ക്കും താത്പര്യമില്ല. എല്ലാ വർഷവും ഒരാചാരം പോലെ തൃപ്പൂണിത്തുറയിലെ പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് വേണ്ടിയുള്ള ഫണ്ട് ബജറ്റിൽ പാസ്സാക്കാറുണ്ട്. പക്ഷെ, കടലാസ്സിലെ ബസ്സ്റ്റാൻഡിൽ ആണ് ബസ്സുകളും യാത്രക്കാരും കയറിയിറങ്ങുന്നതെന്ന് മാത്രം.

thripunithura chottanikara road overbridge

തൃപ്പൂണിത്തുറ - ചോറ്റാനിക്കര റോഡിലെ റെയിൽ മേൽപ്പാലത്തിന് സമീപത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും മെട്രോ സ്റ്റേഷനിലേക്കും മാർക്കറ്റ് റോഡിലേയ്ക്കും മറ്റും പോകുന്ന വീതി കുറഞ്ഞ റോഡ്.

ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഇവരൊക്കെ എന്താ ഇങ്ങനെ എന്ന് ഉള്ളിൽ ചോദിച്ചാൽ മതി. ഇതുപോലുള്ള വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടും വീണ്ടും വീണ്ടും ഇവരെ തിരഞ്ഞെടുക്കുന്ന ജനങ്ങളെത്ര പ്രബുദ്ധരാണ് ! 

chandigarh city-2

ചണ്ഡിഗഢ് സിറ്റി

ഏറ്റവും മികച്ച രീതിയിൽ  ആസൂത്രണം ചെയ്ത വലിയ പട്ടണങ്ങൾ നമ്മുടെ ഇന്ത്യയിൽ തന്നെ ഉണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്ലാൻഡ് സിറ്റിയായ ചണ്ഡീഗഢിലേയ്ക്ക് നോക്കൂ ! മികവുറ്റ ഗതാഗത സൗകര്യങ്ങളും, വൈദ്യുതി വിതരണവും കുടിവെള്ള വിതരണവും തുടങ്ങി ഒരു പൗരന് അവകാശപ്പെട്ടതും, അവൻ ആഗ്രഹിയ്ക്കുന്ന തരത്തിലുള്ളതുമായ അടിസ്ഥാന സൗകര്യങ്ങളും മറ്റ് ആധുനിക സൗകര്യങ്ങളും ലോകോത്തര നിലവാരത്തിൽ ചണ്ഡീഗഢിൽ ഒരുക്കിയിട്ടുണ്ട്.

chandigarh city

ചണ്ഡിഗഢ് സിറ്റി


ലോക പ്രശസ്ത വാസ്തുശാസ്ത്ര വിദഗ്ധനും വാസ്തുശിൽപിയുമായ ലി കൊർബൂസിയർ ആണ് ചണ്ഡീഗഢിനെ എല്ലാ അർത്ഥത്തിലും സുന്ദരമാക്കിയത്.


ലോകത്തിലെ ഏറ്റവും വലിയ പ്ലാൻഡ് സാറ്റലൈറ്റ് സിറ്റി എവിടെയാണ് എന്നറിയുമോ ? അത്  നമ്മുടെ ഇന്ത്യയിൽ തന്നെയാണ്.! മുംബൈയോട് ചേർന്ന് നിർമ്മിച്ച നവി മുംബൈ! രൂപകൽപനയിലും നിർമ്മിതിയിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒന്നാം സ്ഥാനത്താണ് നവി മുംബൈ !

navi mumbai

നവി മുംബൈ


പറഞ്ഞ് വരുന്നത്, കൊച്ചിയെ ഉടച്ച് വാർത്ത് വികസിപ്പിച്ചെടുക്കാൻ, ലി കൊർബൂസിയറെ പോലുള്ള, നഗരവികസനത്തിന് ചുക്കാൻ പിടിച്ചിട്ടുള്ള, ദീർഘവീക്ഷണം ഉള്ള പ്രതിഭകളെയാണ് ആവശ്യം ! ഇ. ശ്രീധരനെ ഒഴിവാക്കിയ രാഷ്ട്രീയത്തിന് എന്ത് കൊച്ചി ! എന്ത് വികസനം !


ഡിഎംആർസിയുടെ നേതൃത്വത്തിൽ, കൊച്ചി മെട്രോ റെയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗതയിലായിരുന്നുവല്ലോ നടന്നത്. ഡിഎംആർസിയെ ഒഴിവാക്കി കെഎംആർഎല്ലിനെ കൊച്ചി മെട്രോയുടെ ഉത്തരവാദിത്വം ഏൽപ്പിച്ചപ്പോൾ കാര്യങ്ങൾക്ക് അവതാളമായി. 

പാലാരിവട്ടത്ത് നിന്ന് മെട്രോ കാക്കനാട്ടേയ്ക്ക് കടക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും, മറ്റ് വാഹനങ്ങൾക്ക് സുരക്ഷിതമായും ഗതാഗതക്കുരുക്ക് ഇല്ലാതെയും കടന്ന് പോകാനുള്ള മുന്നൊരുക്കങ്ങളോ, പഠനങ്ങളോ നടന്നിട്ടില്ല. തൽഫലമായി, സീ പോർട്ട് - എയർ പോർട്ട് റോഡ്, പാലാരിവട്ടം - ആലിൻചുവട്- വാഴക്കാല - കാക്കനാട് റോഡ് ഇവയെല്ലാം ഗതാഗതക്കുരുക്കിലാണ്.

thripunithura metro parking

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ റോഡിൽ വാഹനങ്ങളുടെ പാർക്കിംഗ്

മെട്രോ റെയിൽ കടന്ന് പോകുന്നതിന് സമീപമുള്ള റോഡുകൾ, മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിയ്ക്കുന്നതിന് മുൻപ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് കെഎംആർഎൽ അധികൃതരോട്, ജനപ്രതിനിധികൾ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. 

കാരിയ്ക്കാമുറി റസിഡന്റ്സ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു, "സൂററ്റ് നഗരം മുഴുവനും ഖര, ദ്രവ മാലിന്യങ്ങൾ നിറഞ്ഞ് ഒഴുകി ദുർഗന്ധം നിറഞ്ഞ്  കിടക്കുകയായിരുന്നു. ലാർസൻ ആൻഡ് ടൂബ്രോ നഗരത്തിന്റെ ശുചീകരണ ജോലി കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം ഏറ്റെടുത്തു".

"വെറും ഒന്നരമാസം കൊണ്ടാണ് സൂററ്റിനെ എൽ ആൻഡ് ടി, ഇന്ന് കാണുന്ന രീതിയിൽ വൃത്തിയാക്കിയെടുത്തത്. ഇന്നും സൂററ്റിനെ ഏറ്റവും വൃത്തിയായി പരിപാലിയ്ക്കുന്നതിൽ എൽ ആൻഡ് ടി യ്ക്ക് നഗരസഭയും സർക്കാരും പൂർണ്ണ പിൻതുണ കൊടുക്കുന്നുമുണ്ട്".

surat city

സൂററ്റ്


"സൂററ്റിനെ അപേക്ഷിച്ച് കൊച്ചി വളരെ ചെറിയതല്ലേ. വളരെ പെട്ടെന്നുതന്നെ കൊച്ചിയെ വൃത്തിയാക്കിയെടുക്കാൻ പറ്റും. അതിന് ഇവിടുള്ള സ്ഥിരം കാനകോരൽ സംവിധാനം പോര. എൽ ആൻഡ് ടി പോലെ നിശ്ചയദാർഢ്യവും, കർമ്മോത്സുകതയും ഉള്ള സ്ഥാപനങ്ങളെ നഗരം വൃത്തിയാക്കാൻ ഏൽപ്പിച്ചാൽ മതി. ഇനി അവരെ ഏൽപിയ്ക്കുന്നതിന്റെ പേരിൽ സമരപരിപാടികളും കൊണ്ട് ഇറങ്ങാൻ കാത്തിരിക്കുന്നവരെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന കാലത്തിന് വലിയ താമസമില്ല."


കൊച്ചിയിലെ വെള്ളക്കെട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, " റോഡിൽ വീഴുന്ന ചപ്പ്ചവറുകൾ അന്നന്ന് തന്നെ നീക്കിയാൽ ഓടകളിൽ അവ വീണ് നിറയില്ല. പക്ഷേ അത് ചെയ്യാൻ ആളില്ല, അതിന് താത്പര്യവും ഇല്ല. കാരണം ചവറുകൾ നീക്കുന്ന ജോലിക്ക് വലിയ പ്രതിഫലം കിട്ടത്തില്ല.

kannankeri canal near thripunithura station

കണ്ണങ്കേരി തോടിന്റെ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് ഉത്ഭവിയ്ക്കുന്നു

ചപ്പ്ചവറുകളും, വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും, ആശുപത്രികളിൽ നിന്നും, വർക്ക്ഷോപ്പുകളിൽ നിന്നും, മത്സ്യ, മാംസ, പച്ചക്കറി വിൽപന കേന്ദ്രങ്ങളിൽ നിന്നും മറ്റും ഒഴുക്കുന്ന ഖര ദ്രവ മാലിന്യങ്ങളും ഒക്കെ നിറഞ്ഞ്, ചീഞ്ഞളിഞ്ഞ്, ഓടകളിൽ വെള്ളക്കെട്ട്  ഉണ്ടാകുമ്പോൾ ഓട വൃത്തിയാക്കാൻ കരാറുകാരനെത്തും.


കാന കോരാനാണ് അവർക്ക് താത്പര്യം. ഓടകളിൽ നിന്ന് ദുർഗ്ഗന്ധം നിറഞ്ഞ മാലിന്യങ്ങൾ കോരി ഓടയുടെ  അരികിൽ തന്നെ വെയ്ക്കുന്നത് കാണാം. അത് അവിടെ നിന്ന് മാറ്റുന്നത് എപ്പോഴെങ്കിലും ആകും. കോരി വെച്ച മാലിന്യങ്ങൾ മഴയിൽ ഒലിച്ച് വീണ്ടും ഓടയിലേയ്ക്ക് ഒലിച്ചിറങ്ങും. കാന കോരുന്നതിന്  ധാരാളം ഫണ്ട് ലഭിയ്ക്കുന്നത് കൊണ്ട് കാന കോരാനാണ് പലർക്കും താത്പര്യം."


ഇതാണ് എറണാകുളം കോർപ്പറേഷനിൽ കാലാകാലങ്ങളായി നടക്കുന്ന കാനകോരലിന്റെ പുറകിലെ ധനകാര്യശാസ്ത്രം എന്ന് നഗരവാസികൾ ആക്ഷേപമുന്നയിയ്ക്കുന്നുണ്ട്.

നഗരത്തിലെ കാന നിർമ്മാണങ്ങളിലും, മറ്റ് മരാമത്ത് പണികളിലും കണ്ണ് നട്ട്,  കോർപ്പറേഷന്റെ മുറ്റത്തും ഇടനാഴികളിലും സാങ്കേതിക വൈദഗ്ധ്യവും, യുക്തിബോധവും, ദീർഘവീക്ഷണവും ഇല്ലാത്ത കരാറുകാരുടെ തള്ളിക്കയറ്റം കാണാം.

kannankeri canal

കണ്ണങ്കേരി തോട്. ശുദ്ധജല വാഹിനിയായ ഈ തോട് സംരക്ഷിയ്ക്കേണ്ടത് അത്യാവശ്യമാണ്.

ഏത് മുന്നണി ഭരിച്ചാലും സ്വാധീനമുപയോഗിച്ച് കരാറുകൾ നേടും ഇവർ. കലുങ്കായാലും പാലമായാലും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ആദ്യം തന്നെ അത്  കുത്തിപ്പൊളിച്ചിടും. അതുവരെ അതിലെ യാത്ര ചെയ്തിരുന്നവർക്ക് പോകാനുള്ള വഴി ഉണ്ടോ ഇല്ലയോ എന്നൊന്നും ഇവർക്ക് അറിയേണ്ട കാര്യമില്ല. അറിയേണ്ടവർ അതിനുള്ള ക്രമീകരണങ്ങൾ നടത്താറുമില്ല.


കലുങ്കോ പാലമോ റോഡോ പൊളിച്ചിട്ടതിന് ശേഷം വീപ്പയ്ക്ക് അകത്ത്  ഒരു ഉണക്കക്കമ്പിൽ ചുവന്ന തുണി കെട്ടി നാട്ടി കരാറുകാരൻ മുങ്ങും. പിന്നെ ഈ കരാറുകാരനെ തപ്പി നടക്കേണ്ട ഗതികേടിലാണ്. ഇയാൾ പൊളിച്ചിട്ട പാലമോ കലുങ്കോ വേറൊരാൾ വന്ന് പണി പൂർത്തിയാക്കത്തുമില്ല. ഇങ്ങനെയുള്ള തന്ത്രങ്ങൾ പയറ്റുന്ന ചെറുകിട കരാറുകാർ, നഗരത്തിലും ഗ്രാമീണമേഖലകളിലും ഉണ്ട്. 


ഇപ്പോൾ, ബണ്ട് റോഡ് വഴിയുള്ള യാത്രയ്ക്ക് തടസ്സമായി അവിടെ റോഡിൽ പുതിയ പാലം പണി നടക്കുകയാണ്. തൈക്കുടം ഭാഗത്ത് നിന്ന് പനമ്പിള്ളി നഗറിലേയ്ക്കും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വൈറ്റിലയിലെ തിരക്ക് ഒഴിവാക്കി പോകാനുള്ള എളുപ്പവഴിയായിരുന്നു ഇത്, അതും പോയി.

curved metro track saving house

വീട് മെട്രോ റോഡിൽ. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ റോഡ് ഈ വീടിന് വേണ്ടി ഒതുങ്ങി പോകുന്നു

പാലത്തിന്റെ പണി എന്ന് തീരുമെന്ന് ആർക്കും പറയാനാകത്തില്ല. എന്തുകൊണ്ടാണ് കേരളത്തിലെ പൊതുമരാമത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇത്രയും കാലതാമസം വരുന്നത് ? എറണാകുളം പോലുള്ള നഗരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ യാതൊരു കാരണവശാലും ഒരു ദിവസം പോലും മുടങ്ങാതെ നടത്തണം.


ആൾ ശേഷിയും യന്ത്രശേഷിയും ഉള്ള സ്ഥാപനങ്ങളെ മാത്രമേ ടെൻഡറുകൾക്ക് വേണ്ടി തിരഞ്ഞെടുക്കാവൂ എന്ന നിബന്ധന കർശനമാക്കണം. മുൻകാല നിർമ്മിതികൾ സമയ ബന്ധിതമായി തീർത്ത ചരിത്രമുള്ളവരാണങ്കിൽ അത്യന്തം ഉചിതവുമാണ്. ഇതൊക്കെ ആരോട് പറയാൻ, ആര് കേൾക്കാൻ !


കലൂർ - കടവന്ത്ര റോഡ്, തമ്മനം - പുല്ലേപ്പടി റോഡ്, വെണ്ണല - പുതിയ റോഡ്, ആലിൻചുവട് - വെണ്ണല റോഡ്, സീ പോർട്ട് - എയർ പോർട്ട് റോഡിൽ നിന്നുമുള്ള,  തുതിയൂർ - പാലച്ചുവട് - വെണ്ണല റോഡ്, പനമ്പിള്ളി നഗറിൽ നിന്നും ബണ്ട് റോഡ് വഴിയുള്ള തൈക്കൂടം റോഡ് തുടങ്ങിയ റോഡുകൾ, മെയിൻ റോഡിലെ തിരക്കിൽ  നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്നവയാണ്.

thripunithura railway station terminal

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ. ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നത് കാണാം. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച

ഇതുപോലെയും ഇതിലപ്പുറവും ശോച്യാവസ്ഥയിലായ മറ്റ് റോഡുകൾ എറണാകുളത്ത് ധാരാളമായി ഉണ്ട്. റോഡുകളുടെ പ്രാധാന്യം മനസ്സിലാക്കി കുറ്റമറ്റ രീതിയിൽ റോഡ് നിർമ്മാണം "നോക്കി നടത്തിയ്ക്കുവാൻ" കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കഴിയുമോ ?

പരമ്പര അഞ്ചാം ഭാഗം: https://www.sathyamonline.com/voices/voices-articles/article-7337985 

പരമ്പര നാലാം ഭാഗം:  https://www.sathyamonline.com/news/news-keralam/article-7316928

പരമ്പര മൂന്നാം ഭാഗം: https://www.sathyamonline.com/news/news-keralam/article-7308486

പരമ്പര രണ്ടാം ഭാഗം: https://www.sathyamonline.com/voices/voices-articles/article-7303317

പരമ്പര ഒന്നാം ഭാഗം: https://www.sathyamonline.com/news/news-keralam/article-7289423

അടുത്തത് - എറണാകുളത്തിന് വേണം ആരോഗ്യവും സൗന്ദര്യവും സംസ്കാരവും

Advertisment