കെഎംടിഎ (കൊച്ചി മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി)
കേരള നിയമസഭയുടെ അംഗീകാരത്തോടെ രൂപീകരിച്ചതായിരുന്നു കൊച്ചി മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി എന്ന കെഎംടിഎ. 2020 നവംബർ മാസത്തിൽ പൊതുജനങ്ങൾക്ക് വലിയ പ്രതീക്ഷകൾ കൊടുത്തുകൊണ്ട് കെഎംടിഎയുടെ പ്രവർത്തനം ആരംഭിച്ചു.
കൊച്ചിയുടെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ, നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ഉറപ്പാക്കാൻ, വൈറ്റില ഹബ്ബിന്റെ രണ്ടാം ഘട്ട വികസനം നടത്താൻ, പൊതുഗതാഗത സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നടപ്പിലാക്കാൻ, ഗോശ്രീയിൽ നിന്നുള്ള ബസ്സുകളുടെ നഗരപ്രവേശനം സാദ്ധ്യമാക്കാൻ തുടങ്ങി, നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി രൂപീകരിച്ച കെഎംടിഎ മൂന്ന് വർഷം കഴിഞ്ഞപ്പോൾ അടച്ച് പൂട്ടി.
കാക്കനാട് റവന്യൂ ടവ്വറിൽ പ്രതിമാസം 80,000 രൂപയോളം വാടകയിൽ പ്രവർത്തിച്ച കെഎംടിഎയെ നിയന്ത്രിച്ചിരുന്നത് അങ്ങ് തിരുവനന്തപുരത്ത് നിന്നായിരുന്നു.
ആ ഉദ്യോഗസ്ഥരുടെ ഗതാഗതമേഖലയിലെ നടത്തിപ്പിന്റെ പരിചയക്കുറവും, ഗതാഗത വികസന രംഗത്ത് വേണ്ട ദീർഘവീക്ഷണം ഇല്ലാത്തതും വിവരമില്ലായ്മയും ഒക്കെ കാരണം കെഎംടിഎ യ്ക്ക് മുന്നോട്ട് ഉരുളാൻ കഴിഞ്ഞില്ല.
എന്നും സ്റ്റാർട്ടിങ് ട്രബിൾ ആയിരുന്ന പ്രസ്ഥാനം ഉപേക്ഷിച്ച് ജീവനക്കാർ ജീവനും കൊണ്ട് പലായനം ചെയ്യുകയായിരുന്നു. അതോടെ കെഎംടിഎ എന്നെന്നേയ്ക്കുമായി പൂട്ടിക്കെട്ടി.
ജിസിഡിഎ എന്ന ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അഥോറിറ്റി
എറണാകുളത്ത് സഹോദരൻ അയ്യപ്പൻ റോഡിലൂടെ, കടവന്ത്ര വഴി വരുന്നവർ കണ്ടിട്ടുണ്ടാകും ജിസിഡിഎ യുടെ ആസ്ഥാനം. എറണാകുളത്ത് ഇത്രയും മനോഹരമായ ഒരു കെട്ടിടം മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിനും 1990 വരെ അന്നൊന്നും ഇല്ലായിരുന്നു എന്ന് പറയാം.
അതിന് മുന്നിലെ പൂന്തോട്ടവും, പൂന്തോട്ടത്തിന് നടുവിലായി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത "മുക്കടപ്പെരുമാൾ" എന്ന ശിൽപവും അതിലെ യാത്ര ചെയ്യുന്നവരുടെ നോട്ടപ്പുള്ളിയായി.
കൊച്ചിയെ വികസിപ്പിയ്ക്കുവാൻ പ്രൗഢിയോടെ തല ഉയർത്തി നിന്ന ആ സ്ഥാപനത്തെ ഓർത്ത് എറണാകുളത്തുള്ളവർ അഭിമാനിച്ചിരുന്നു. ഇന്ന് ജിസിഡിഎ യ്ക്ക് പഴയ പ്രസക്തിയും പ്രഭാവവും ഉണ്ടോ എന്ന് ആരെങ്കിലും സംശയം ഉന്നയിച്ചാൽ പരിഭവം തോന്നിയിട്ട് കാര്യമില്ല.
കൊച്ചിയുടെ വികസനത്തിനായി 1976 ൽ രൂപീകരിച്ച ജിസിഡിഎ ആദ്യകാലത്ത് വളരെ നന്നായി പ്രവർത്തിച്ചിരുന്നു. തുടക്കത്തിൽ, ജിസിഡിഎ യുടെ തലപ്പത്ത് വികസന കാര്യങ്ങളിൽ അവഗാഹവും ഇച്ഛാശക്തിയും ഉള്ളവർ ഉണ്ടായിരുന്നതിനാൽ ജിസിഡിഎ യുടെ കീഴിൽ കൊച്ചി വികസന വഴികളിലേക്ക് ചിറക് വിരിച്ചു.
ഇന്ന് എംപിസി യും എംഡിഎ യും കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത്, അത് തന്നെ ആയിരുന്നു ജിസിഡിഎ യ്ക്ക് ബീജാവാപം ചെയ്തവർ ആഗ്രഹിച്ചിരുന്നതും. കൊച്ചിയുടെ ചുറ്റുമുള്ള ഇന്നത്തെ ആറ് മുനിസിപ്പാലിറ്റികളും 25 ഗ്രാമ പഞ്ചായത്തുകളും അതോറിറ്റിയുടെ വികസന പരിധിയിൽ ഉൾപ്പെടുത്തിയായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.
പിന്നീട്, എറണാകുളം ജില്ലയിലെ അങ്കമാലിയും നെടുമ്പാശ്ശേരിയും പെരുമ്പാവൂരും പിറവവും കൂടാതെ കോട്ടയം ജില്ലയിലെ വൈയ്ക്കവും തലയോലപ്പറമ്പും, ആലപ്പുഴ ജില്ലയിലെ ചേർത്തലയും അതോറിറ്റിയുടെ ഭാഗമായി കൂട്ടിച്ചേർത്തു. എംപിസിയും എംഡിഎയും രൂപീകരിച്ചാൽ, ഈ പ്രദേശങ്ങളെ കൂടി ചേർത്തുകൊണ്ട് ആയിരിക്കും വികസനപദ്ധതികൾ നടപ്പാക്കാൻ പോകുന്നതും.
പഞ്ചായത്ത്, നഗരപാലിക നിയമങ്ങൾ വന്നതിനാൽ ജിസിഡിഎ യുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് ജിസിഡിഎ യിലെ ഒരു തൊഴിലാളി യൂണിയൻ ഭാരവാഹി പരിതപിച്ചത്. അത് കൊണ്ടാണ് ജിസിഡിഎ യ്ക്ക് കൊച്ചിയുടെ വികസനത്തിനായി യാതൊന്നും ചെയ്യാൻ കഴിയാത്തതും എന്ന് അദ്ദേഹം ന്യായീകരിയ്ക്കുന്നുണ്ട്.
ജിസിഡിഎ യുടെ ഓരം ചേർന്ന്, അര നൂറ്റാണ്ടിലേറെയായി ദുർഗന്ധം വമിപ്പിച്ചുകൊണ്ട്, മാലിന്യ വാഹിനിയായി മാറിയ പേരണ്ടൂർ കനാൽ വൃത്തിയാക്കാൻ കഴിയാത്തവരാണ് ജിസിഡിഎ യുടെ മേന്മ പറയുന്നത്.
നേതാവിന്റെ ഇപ്പോഴത്തെ അവകാശവാദം രസകരമാണ്. പുതുതായി രൂപീകരിക്കുന്ന എംപിസിയുടെയും എംഡിഎയുടെയും നടത്തിപ്പ് അവകാശം ജിസിഡിഎയെ ഏൽപിയ്ക്കണം. ഇരുന്നൂറോളം വരുന്ന എണ്ണം തികഞ്ഞ പ്രതിഭകളും പ്രതിഭാശാലികളും മേഞ്ഞു നടക്കുന്ന ജിസിഡിഎയ്ക്ക് മാസവരുമാനം തന്നെ കോടികൾ ഉണ്ട്.
നിത്യനിദാന ചിലവുകളും, ജീവനക്കാരുടെ ശമ്പളവും കഴിഞ്ഞ് മെച്ചപ്പെട്ട നീക്കിയിരുപ്പുള്ള തറവാടാണ് ജിസിഡിഎ എന്നൊക്കെ അവകാശപ്പെടുന്ന നേതാവിന്റെ പ്രസ്താവനയെ ജനങ്ങൾ പുച്ഛിച്ചു തള്ളിയാൽ അത്ഭുതപ്പെടേണ്ട.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ തറവാട്ടിലെ ഇപ്പോഴത്തെ കാരണവരും വന്നു. കാരണവർക്ക് പക്ഷേ, വിശാലകൊച്ചിപോലെ വിശാലമായ മനസ്സൊന്നുമില്ല. ഒരു പരിധിവിട്ട് വികസനം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിയ്ക്കാൻ കാരണവർക്ക് താത്പര്യമില്ല എന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. പിറവം, തലയോലപ്പറമ്പ്, വൈക്കം,ചേർത്തല എന്നിവിടങ്ങളിലേയ്ക്ക് ഒന്നും വികസനം വേണ്ട എന്നാണ് കാരണവരുടെ കാഴ്ചപ്പാട്.
ദീർഘവീക്ഷണം ഇല്ലാത്തവരുടെ കൈകളിൽ അധികാരം ലഭിയ്ക്കുന്നതാണ് കൊച്ചി എന്നും കൊച്ചായി തന്നെ കിടക്കുന്നതിന്റെ കാരണം എന്ന് അദ്ദേഹത്തിന്റെ പ്രസ്താവന വന്ന അന്ന് തന്നെ പലരും പറഞ്ഞു.
പഞ്ചായത്ത് നഗരപാലിക നിയമങ്ങൾ ആണ് ജിസിഡിഎ യുടെ പഴയ പ്രഭാവം ഇല്ലായ്മ ചെയ്തത് എന്ന് വിലപിക്കുന്ന നേതാവിനും കൂട്ടർക്കും, എന്തുകൊണ്ട് ജിസിഡിഎ യ്ക്ക് പ്രത്യേക അധികാരങ്ങൾ നേടിയെടുത്തുകൊണ്ട് കൊച്ചിയുടെ വികസനത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല.
എംപിസി യും എംഡിഎ യും എത്രയും വേഗം രൂപീകരിച്ച്, കൊച്ചിയുടെ ആകമാന വികസനത്തിന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിയ്ക്കണം.
നിർവ്വാഹകസമിതിയുടെ തലപ്പത്ത് നഗരാസൂത്രണത്തിൽ പ്രാഗത്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ ടീമിൽ നിസ്വാർത്ഥരായ മറ്റ് ജീവനക്കാരെയും അടിയന്തിരമായി നിയമിയ്ക്കണം.
അത് മാത്രവുമല്ല, വികസനത്തിന് ആവശ്യമായ മുഴുവൻ ഫണ്ടും അനുവദിയ്ക്കണം. അത് വികസനത്തിനല്ലാതെ വകമാറ്റി ചിലവുചെയ്യാനോ, അതിൽ നിന്ന് ഒരു ചില്ലി പൈസപോലും സർക്കാർ തിരിച്ചെടുക്കാനോ ശ്രമിയ്ക്കുകയും ചെയ്യരുത്.
എറണാകുളത്തെ ജനങ്ങളെ തീരാ ദുരിതത്തിൽ നിന്നും കരകയറ്റാൻ ഇനിയെങ്കിലും അധികൃതർ ഉണർന്ന് പ്രവർത്തിക്കണം.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നഗരങ്ങളും ത്വരിത വളർച്ചയിലാണ്. അത് കണ്ട് അത്ഭുതം കൂറാൻ മാത്രം വിധിയ്ക്കപ്പെട്ടവരാണ് മലയാളികൾ.
അവിടങ്ങളിലൊക്കെ സന്ദർശിച്ച് ആ നഗരങ്ങളിലെ വിശാലമായ റോഡുകളും പാലങ്ങളും മറ്റ് കാഴ്ചകളും പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് നിർവൃതി അടയാനാണ് കേരളത്തിലെ പ്രബുദ്ധരുടെ വിധി.
തുടരും... (വൈറ്റില)