പുസ്തകത്തിൻറ പേര് ഏറെ ആകർഷകമാണ്. വായനക്കാരനിൽ ജിജ്ഞാസ ഉളവാക്കിക്കൊണ്ട് വായനയിലേക്ക് ആകർഷിക്കുവാൻ ഈ പേര് ഉപകാരപ്പെടും.
ഒരു നോവൽ.... ഒപ്പം ഒരു നാടിൻറെ സ്പന്ദനങ്ങൾ.. ഒരു കുടുംബത്തിൻറെ സ്വപ്നങ്ങൾ.... ഈ ധാരണയോടെ പുറം ചട്ടയിലേക്ക് വരുമ്പോൾ ഈ ഡിജിറ്റൽ യുഗത്തിൽ അത് പൂർണ്ണമായും ഒപ്പിയെടുക്കാൻ സാധ്യമായോ എന്ന് സന്ദേഹിച്ചു.
മലയാള നാടിനെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരൻ എന്ന നിലയിൽ ആവേശത്തോടെ ഞാൻ വായന തുടങ്ങി. "കഥ പിറന്ന വഴി" എന്ന ആമുഖം പഴയകാല കേരളത്തെയും ഇന്നിനെയും വായനക്കാരുടെ മനോമുകരത്തിൽ കൊണ്ടുവന്നു.
അതിന് അടിവരയിട്ടു കൊണ്ട് വർത്തമാനകാലത്ത് സംഭവിച്ച ചില ദുരന്ത കഥകളുടെ പശ്ചാത്തലത്തിലാണ് വിൽക്കാനുണ്ട് കേരളത്തിലേക്ക് എത്തിച്ചത്.
ആദ്യ അധ്യായം വായിച്ച് തുടങ്ങിയപ്പോൾ ഒരു ഉത്തരാധുനിക സിംബോളിക് നാടകത്തിൻറെ രൂപഭാവങ്ങൾ (പ്രതീതി)ഓർമ്മ വന്നു, പ്രഥമ അധ്യായം അവസാനിക്കുമ്പോൾ വിഷയത്തിലേക്ക് വന്നെത്തി എന്ന തോന്നലുളവാക്കി.
"രണ്ടാം അധ്യായം" മേലാളരും കീഴാളരുമായ മനുഷ്യൻറെ മാംസത്തിനുള്ളിലെ പ്രണയത്തെ (ജീവിത സത്യം) വിവരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. "മൂന്നാം അധ്യായം" ബ്രാഹ്മണ്യത്തിന്റെയും പുരുഷ മേധാവിത്വത്തിന്റെയും ചില പുഴുക്കുത്തിനെ ചൂണ്ടിക്കാട്ടി.
നാലാം അധ്യായത്തിൽ ഇവിടുത്തെ മതങ്ങൾ, അവരുടെ നിലപാടുകൾ എന്നിവ വിവരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. നിഗമനങ്ങളിൽ അഭിപ്രായ വ്യത്യാസത്തിന് പഴുത് കാണുന്നുണ്ട്.
"അഞ്ചാം അധ്യായത്തി"ൽ നാടിൻറെ ദാരിദ്ര്യം, വിപ്ലവ പ്രസ്ഥാനങ്ങൾ രൂപംകൊള്ളുന്നതിന്റെ സാഹചര്യങ്ങൾ എന്നിവ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.
"ആറാം അധ്യായത്തി"ലേക്ക് വരുമ്പോൾ പുത്തൻ വ്യവസ്ഥിതിയുടെ ചില കാഴ്ചകളാണ്,,, വിദേശ ജോലിയും വിദേശ വസ്തുക്കളും മനുഷ്യനിൽ ബലഹീനത(സ്വാഭാവിക താൽപര്യം) ഉണ്ടാക്കുന്നതായി വരച്ചു കാട്ടുന്നു.
നവ ആശയങ്ങളിൽ വിപ്ലവ പ്രസ്ഥാനങ്ങൾ കടപുഴ കുന്നതും പാർട്ടിയിൽ ക്യാപ്റ്റൻസിയുടെ കടന്നാക്രമണവും അതിനു മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കുന്ന അണികളെയും ചിത്രീകരിക്കുന്നു ഏതാണ്ട് വർത്തമാനകാല ഇടതു പാർട്ടിയുടെ(സിപിഎം) അപചയം തുറന്നു വയ്ക്കുകയാണെന്ന് മനസ്സിലാക്കാം.
"ഏഴാമത്തെ അധ്യായം" ഈ നോവൽ അതിൻറെ സാഹിത്യത്തിന് ചാരുത പകർന്നു വായനയിൽ അത് അനുഭവിച്ചതുമായ അധ്യായമാണിത്... കോലം മാറുന്ന മാനിഫെസ്റ്റോയും നവ വിപ്ലവ പാർട്ടി സെറ്റപ്പും ഇവിടെ വിവരിക്കുന്നു....
മുതലാളിത്തത്തോട് സമരസപ്പെട്ട് കമ്മീഷനുകൾ സ്വന്തമാക്കുകയും ഒറ്റുകാരെയും പിമ്പുകളെയും സൃഷ്ടിക്കുന്ന നവ കേരള കേഡർ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നു.
പ്രായോഗിക രാഷ്ട്രീയം വിദഗ്ധമായി എങ്ങനെ സ്വരൂപിക്കാം.... കേന്ദ്ര-സംസ്ഥാന കൂട്ടിപ്പിടിക്കലുകൾ(കളികൾ) ഇതൊക്കെയാണ് വായിച്ചെടുക്കാൻ പറ്റിയത്.
"എട്ടാം അധ്യായത്തി"ലേക്ക് വരുമ്പോൾ അഭ്യസ്തവിദ്യരായ ആളുകൾ നാടുവിടേണ്ടിവരുന്ന പുത്തൻ പ്രതിഭാസത്തെ കുറിക്കുന്നു അവധിക്ക് (വിരുന്നുകാരായി)മടങ്ങിവരുന്ന പ്രവാസി കാണുന്നത് പുതിയ (കൃത്രിമ) ലോകം.
ഇൻറർലോക്ക് പാകിയ തറയും, സ്നേഹബന്ധങ്ങൾ അറ്റുപോയ മനുഷ്യ കൂട്ടങ്ങളും..... മക്കളെ പ്രസവിച്ചും പോറ്റിയും വളർത്തിയ മാതാപിതാക്കൾ അനാഥരായി മരിക്കപ്പെടുന്ന കേരളത്തിൻ്റെ വർത്തമാനകാല സത്യം നൊമ്പരമായി കുറിച്ചു.
"ഒമ്പതാം അധ്യായം" ഭരണവർഗ്ഗം കമ്മീഷൻ വർഗ്ഗമാകുന്നു.... സമരങ്ങൾ സ്പോൺസേർഡ് ആയി മാറുന്നു.... നേതാവിന്റെ പാദസേവകർ ഗുണഭോക്താക്കളാകുന്നു...(സമസ്ത മേഖലകളും അധാർമികതയുടെ കൂത്തരങ്ങാകുന്നു) രാഷ്ട്രീയം ആദായ ബിസിനസ്സും, കുട്ടി നേതാക്കൾ നേതാവിന്റെ ബിസിനസ് (ബിനാമി) കൂട്ടാളികളുമായി മാറുന്നു. ലോകം (ജനം) കഴുതയെ പോലെ സഹിക്കുന്നു.
"അദ്ധ്യായം 10 ലേക്ക്" വരുമ്പോൾ ജനാധിപത്യത്തിന്റെ പുതിയ ഭാഷ്യം.... ആവേശത്തോടെ കഥ പുതിയ ദർശനം മുന്നോട്ട് വയ്ക്കുന്നു.
പാർലമെൻറ് പന്നിക്കൂടാണ്, അത് പിരിച്ചുവിടണം... കാഷ്ടം മാത്രമല്ല രക്തവും മാംസവും ഭക്ഷിക്കുന്ന പന്നികൾ ആയി രാഷ്ട്രീയ പ്രതിനിധികൾ.... അവരുടെ വംശം ഇല്ലാതാക്കണം... പകരം അധികാരത്തിൽ നേരിട്ട് പങ്കാളിത്തം ഇല്ലാത്ത പഴയ നാട്ടുകൂട്ടം വരണം....
(പഞ്ചായത്ത്) ഉദ്യോഗസ്ഥരുടെ കൈ വ്യവസ്ഥിതിയുടെ ഖജനാവിൽ പോകാതെ ഇരിക്കുവാൻ പുറത്തുനിന്ന് പഞ്ചായത്തിന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാം.
അഴിമതി പ്രഥമ ദൃഷ്ടിയിൽ കണ്ടാൽ ഈ നാട്ടുകൂട്ടത്തിന് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള പരമാധികാരം... ഔദ്യോഗിക അധികാരമില്ലാത്ത ജനങ്ങളുടെ അധികാരം, ഇതാണ് യഥാർത്ഥ ജനാധിപത്യം.
മറ്റൊരു പുതിയ സിദ്ധാന്തം... സമത്വം വരണമെങ്കിൽ നേതൃത്വം പ്രജയായി പരിണമിക്കണം... നേതൃത്വം ഇല്ലാത്ത പ്രജയുടെ സാമൂഹ്യ ജീവിതമാണ് ധർമ്മം, അതാണ് നീതി.
അത്തരത്തിൽ ഇപ്പോഴത്തെ ഭരണകൂടം കൊഴിഞ്ഞു പോകണം .പകരം സാമ്പ്രദായികമായ വിവിധ വകുപ്പുകൾ നാട് ഭരിക്കണം.... ഇതേസമയം അധോലോകത്തിന്റെ പിടിയിലായി നാട് മാറുന്നു, പുറമേയ്ക്കെല്ലാം ഭദ്രം.
ഇതിനിടയിൽ കേരള ഭരണം കേന്ദ്രം അവസാനിപ്പിക്കുന്നു. കേന്ദ്ര അജണ്ട നടപ്പാക്കുന്നു.... അസ്വസ്ഥതയോടെ വറ ചട്ടിയിൽ എരുപിരി കൊള്ളുന്ന സാധാരണ ജനത്തിന് കോൾമയിർ സമ്മാനിക്കുന്ന ചില പ്രയോഗങ്ങൾ... അധികാരിയെ പിടിച്ചു കെട്ടുക.. വെടിവെക്കുക... വായിൽ പ്ലാസ്റ്റർ ഒട്ടിക്കുക ...ഇങ്ങനെ പോകുന്നു..
"അദ്ധ്യായം 11" ജീവിതത്തിന് ചില നിർവചനങ്ങൾ നൽകുന്നു. ജീവിതം വേറെ ജീവനോപാധി വേറെ ജീവിതം കരുണാമയം ആയിരിക്കണം. ജീവനോപാധി ലാഭകരമായിരിക്കണം, രണ്ടും ഒരേ മനസ്സിൽ താളം പിടിക്കുമ്പോൾ തെറ്റുന്ന ശ്രുതി ഭംഗമാണ് യഥാർത്ഥ ജീവിതം.
ഈ യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴാണ് മനുഷ്യനിൽ കാരുണ്യം സംജാതമാകുന്നത് "കാൽക്കുലേഷൻ" വേണം(ഭാര്യയുടെ) ഈ ചോദ്യം പലരെയും വേട്ടയാടുന്നതാണ്... ഭാഗ്യത്തിന് അച്ചാർ കച്ചവടം പൊടിപൊടിച്ചു... .
നന്മയ്ക്കും സത്യത്തിനും വിജയം ഉണ്ട്. പശ്ചാത്തലം ഒത്തുവന്നാൽ പരാജയം വിജയത്തിൻറെ മണിമന്ദിരം കീഴ്പ്പെടുത്തും.
പുസ്തകത്തിൻറെ(വിൽഫ്രഡ്) സ്വപ്നം(ക്ലൈമാക്സ്) ഇന്ത്യൻ ഇൻറലിജൻസ് സൊസൈറ്റി ഇന്ത്യൻ ഇലുമിനാറ്റി സൊസൈറ്റി എന്നിവ യെ വെളിപ്പെടുത്തുന്നു. 25 വർഷത്തിനകം കേരളത്തിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, പാർപ്പിട പ്രശ്നം, എന്നിവ പരിഹരിക്കും.
സൗജന്യ വിദ്യാഭ്യാസം, അടിസ്ഥാന ആരോഗ്യ സംരക്ഷണം, കൈക്കൂലി രഹിതമായ തികച്ചും മതേതര ... മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമുള്ള ഒരു ഡിജിറ്റൽ കേരളം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള വലിയ മുന്നേറ്റം.... സൈനികരംഗത്ത് ഉൾപ്പെടെ മനോഹരമായ കാഴ്ചപ്പാട്.
ലോകമെമ്പാടുമുള്ള ജനാധിപത്യ ഭരണ വൈകൃതങ്ങളെ ഈ അധ്യായം കുറിച്ചിടുന്നു. "മന്നാ ദി ടോട്ടൽ ഫുഡ്" ഗംഭീര ആശയം..... ഈ പുസ്തകത്തിൻറെ എസ്സൻസ്(തുറുപ്പുചീട്ട്) അതാണ്.... പതിനൊന്നാം അധ്യായം വിൽസൺ ജിയും കുടുംബവും അതിൻറെ ആകെത്തുകയും ആണ്.
അവസാന അധ്യായം ഒരു ട്രാജഡിയിലാണ്. നാട്ടിൽ രൂക്ഷമായ വെള്ളപ്പൊക്കം അതിൽ ഒലിച്ചു പോകേണ്ടത് പോയതായി സ്ഥാപിക്കുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഈ ഘട്ടത്തിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.
കഥാവസാനം ഒരു വലിയ പ്രതീക്ഷയോ പ്രത്യാശയോ സമ്മാനിച്ച് അവസാനിപ്പിച്ചിരുന്നെങ്കിൽ കുറെ കൂടി മെച്ചമാകുമായിരുന്നു എന്നാണ് എൻറെ വിലയിരുത്തൽ.
ക്യാപ്സ്യൂൾ വിലയിരുത്തൽ
12 അധ്യായങ്ങൾ 108 പേജിലായി കേരള വില്പനയുടെ അക്ഷരക്കൂട്ട് നിറച്ചിരിക്കുന്നു.
പേരിലെ ഗരിമ, പുതുമയുള്ള ആശയം.... പിറന്ന നാടിനോട് സ്നേഹമുള്ളവരെ വളരെ വേഗം വലിച്ചെടുപ്പിക്കുന്ന ടൈറ്റിൽ.
പിറന്ന നാടിനോട് കൂറുള്ള ഒരു സമൂഹ മനസ്സാക്ഷി അറ്റു പോകാത്ത വിൽസൻജിയുടെ ബോധമണ്ഡലത്തിൽ ഉരുവായ ആശയത്തെ അക്ഷരമാക്കാൻ എടുത്ത ധൈര്യത്തെ അഭിനന്ദിക്കുന്നു.
പ്രവാസിയായി സ്വകാര്യ സുഖത്തിൽ അമർന്നിരിക്കാൻ(അഭിരമിക്കാൻ) താല്പര്യപ്പെടുന്നവർക്ക് ഒരു തിരിവെട്ടമാണ് ഈ പുസ്തകം.
തനിക്കും കുടുംബത്തിനും രാജ്യ നന്മയിൽ ഉള്ള ധാരണയാണ് ഇതിൽ വെളിവാകുന്നത് അതിനെല്ലാം ബിഗ് സല്യൂട്ട്. ഒരു നോവൽ എന്ന നിലയിൽ വായനാ സുഖം കുറേക്കൂടി ഉണ്ടാകണം.
അവിടവിടെയായി ഉണ്ടായിട്ടുള്ള അക്ഷരപ്പിശക് ഇല്ലാതാക്കാൻ കുറേക്കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. പുസ്തകത്തിൻറെ പുറംചട്ട പേരിനും ആശയത്തിനും ഉതകും വിധം പ്രൊഫഷണലിസം കൈവരിക്കണം. അധ്യായങ്ങൾക്ക് ടൈറ്റ് ലുകളും സബ്ടൈറ്റിലുകളും കൊടുക്കാമായിരുന്നു.
അധ്യായ അടിസ്ഥാനത്തിൽ അത്യാവശ്യ കാര്യങ്ങൾ മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടുതൽ മികവുള്ള രചനയ്ക്ക് ഇത് ഒരു അടിസ്ഥാന ശിലയാകട്ടെ. ബഹുമാന്യനായ ജിനൻ സാറിനും അഭിനന്ദനങ്ങൾ...
-ജോഷി ആപ്പീസിൽ