Advertisment

കേരളം വിവാദരോഗത്തിന്റെ അടിമ; രമേഷ് നാരായണൻ - ആസിഫ് അലി വിഷയം സംഘാടകരുടെ പിടിപ്പുകേട്: പ്രതികരണത്തില്‍ കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ

author-image
സതീഷ് കളത്തില്‍
Updated On
New Update
satheesh kalathil article

കേരളമിന്നു വിവാദരോഗത്തിന്റെ അടിമ. സോഷ്യൽ മീഡിയയുടെ വരവോടെ ദിവസം ഒരു വിവാദച്ചുഴിയിലെങ്കിലും അകപ്പെടാതെ കടന്നുപോകാൻ നമുക്കു കഴിയാതായിരിക്കുന്നു.

Advertisment

സംഘാടകരുടെ പിടിപ്പുക്കേടിന്റെ തിക്തഫലമാണ് രമേഷ് നാരായണൻ - ആസിഫ് അലി വിഷയം. ഒരാൾ ബഹുമാനിതനാകുന്നു എന്നതുപോലെതന്നെ പ്രധാനംതന്നെയാണ്, ആരാൽ ബഹുമാനിക്കപ്പെടുന്നു എന്നതും. 

ആത്യന്തികമായി അതു നിശ്ചയിക്കേണ്ടത്, ബഹുമാനിക്കാൻ നടക്കുന്നവരെക്കാളും ബഹുമാനിക്കപ്പെടാൻ പോകുന്നവർതന്നെയാണ്. ഇക്കാര്യത്തിൽ ഇരുഭാഗത്തുനിന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. അതിൽ, രമേഷ് നാരായണനേക്കാൾ ശ്രദ്ധ പുലർത്തേണ്ടതു സംഘാടകരായിരുന്നു.

രമേഷ് നാരായണന്റെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഈ കുറിപ്പ്, ഈഗോയെന്നത് ഒരാളുടെയും കുത്തകയല്ല എന്നോർമ്മിപ്പിക്കാനാണ്. പ്രയോറിറ്റി എന്നത് ഏതൊരു സാധാരണകാരനും ആഗ്രഹിക്കുന്ന കാര്യമാണ്. അതൊരു പ്രിവിലേജ് ആണ്. സൂക്ഷ്മമായാണെങ്കിൽപോലും ആ അവബോധം എല്ലാവരിലും ഉണ്ട്. അങ്ങിനെയൊന്നില്ല എന്നതു കാപട്യംതന്നെയാണ്. 

തന്നെക്കാൾ പൊക്കവും മഹത്വവും ആസിഫ് അലിയ്ക്കു കുറവാണെന്നു രമേഷ് നാരായണനു തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിൻറെ വ്യക്തിപരമായ കാര്യമാണ്. 

പേരിനു ഞാനുമൊരു സംവിധായകനാണ്. ഇതുപോലൊരു വേദിയിൽ എനിക്കു പങ്കെടുക്കാൻ അവസരം ഉണ്ടാകുകയും ആസിഫ് അലിയ്ക്ക് ഉപഹാരം നല്കാൻ അവിചാരിതമായി സംഘാടകർ എന്നോട് ആവശ്യപ്പെടുകയും ചെയ്‌താൽ ഇപ്പോൾ നമുക്കു പരിചിതനായ ആസിഫ് അലി ഇതേ ചിരിയോടെ അതു സ്വീകരിച്ചെന്നു വരാം. 

കാരണം, ഒരു പൊതുവേദിയിൽ എങ്ങനെ പെരുമാറണം എന്നതിനെകുറിച്ച് ആസിഫിന് അറിയാം. രമേഷ് നാരായണൻ പക്ഷെ, ആ അവസരത്തെ തന്നോടുള്ള സംഘാടകരുടെ അവഗണയ്ക്ക് ഒരു മറുപടിയാക്കി എന്നുമാത്രം.

ഇതിനൊക്കെ ഇവിടെ ഇത്രമാത്രം കത്തിപ്പടരാൻ എന്തിരിക്കുന്നു എന്നു ചോദിച്ചാൽ, 'കുന്തിരിക്കം കത്തിച്ചാൽ സുഗന്ധവും കൊതുകുകടിക്കു ഒരല്പം ശമനവും കിട്ടും' എന്നൊക്കെയുള്ള നേരംപോക്ക് പറയാം എന്നല്ലാതെ മറ്റൊരു ഗുണവുമില്ല.

-സതീഷ് കളത്തിൽ 

Advertisment