മലയാളികളുടെ പക്കൽ എപ്പോഴും ഒരു കയർ ഉണ്ടാകും, കാള പെറ്റെന്ന് കേട്ടാൽ കയർ എടുത്ത് ഓടാൻ.! പത്താം ക്ലാസ്സിൽ നിന്നുമുള്ള ഉന്തിത്തള്ളലിലും ഉരുട്ടിക്കേറ്റലിലും "വിജയശ്രീകളായ" എത്രപേർക്ക് എഴുതാനും വായിക്കാനും കഴിയും എന്ന പച്ചപരമാർത്ഥം മന്ത്രി സജി ചെറിയാൻ ഒന്ന് ചോദിച്ചതേയുള്ളൂ.
അതാ വരുന്നൂ കയറുമെടുത്ത് ഒരു കൂട്ടം പേർ. അതിൽ പൊതു വിദ്യാഭ്യാസ മന്ത്രിയും ഉണ്ടന്നുള്ളത് കൗതുകകരമാണ്. അദേഹത്തിന്റെ വകുപ്പിൽ കയറി ചൊറിയാൻ സജി ചെറിയാൻ അല്ല സാക്ഷാൽ എഴുത്തച്ഛൻ വന്നാലും അദ്ദേഹം സമ്മതിയ്ക്കത്തില്ല.
പൊതു വിദ്യാഭ്യാസ നിലവാരത്തകർച്ച ചുണ്ടിക്കാണിയ്ക്കാൻ യുവജനക്ഷേമവും സാംസ്കാരിക നിലവാരവും ഉയർത്തിപ്പിടിയ്ക്കുന്ന മന്ത്രി സജി ചെറിയാനല്ലാതെ മറ്റാർക്കാണ് അതിന് യോഗ്യത ഉള്ളത്. ഇന്നത്തെ ഈ കൗമാരക്കാർ നാളത്തെ യുവജനങ്ങളാണല്ലോ. അപ്പോൾ നാളെകളിൽ ഇവർ സാംസ്കാരിക പരമായും വിദ്യാഭ്യാസപരമായും ഔന്നത്യത്തിലെത്തിയില്ലങ്കിലും കുറച്ചൊരു മേന്മയെങ്കിലും ഉണ്ടാകണ്ടേ എന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും.
"ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന്" എന്ന ചൊല്ലിനെ അന്വർത്ഥമാക്കുകയാണ് എസ്എസ്എൽസി പരീക്ഷയിലെ കൂട്ട വിജയം എന്ന് പറഞ്ഞ് വയ്ക്കുകയായിരുന്നു മന്ത്രി. മലയാളം തെറ്റുകൂടാതെ വൃത്തിയായി എഴുതാനും വായിക്കാനും പഠിപ്പിയ്ക്കാനും അറിയാവുന്ന എത്ര *അദ്ധ്യാപകരുണ്ടാവും ഇന്നത്തെ തലമുറയിൽ എന്ന് കൂടി ചേർത്ത് വയ്ക്കാം. നാളെകളിലെ കാര്യം ആലോചിയ്ക്കുകയും വേണ്ട, കാരണം ഇന്നത്തെ ശിഷ്യരിൽ കുറേപ്പേരെങ്കിലും അദ്ധ്യാപകവൃത്തിയിലേയ്ക്ക് തിരിയുമല്ലോ.
കഥാവശേഷരായ സാഹിത്യകാരൻമാരെപ്പോലെ തന്നെ, കഥയെയും കവിതയെയും നോവലുകളെയും ലേഖനങ്ങളെയും പ്രണയിച്ച ആയിരക്കണക്കിന് ഭാഷാദ്ധ്യാപകർ നമ്മൾക്ക് ഉണ്ടായിരുന്നില്ലേ.! ക്ലാസ്സ് മുറികളിൽ കാളിദാസനെയും ആശാനെയും വള്ളത്തോളിനെയും ഉള്ളൂരിനെയും ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയേയും ബഷീറിനെയും ഉറൂബിനെയും തകഴിയെയും ലളിതാംബിക അന്തർജ്ജനത്തെയും സുഗതകുമാരിയെയും എംടിയെയും പൊറ്റക്കാടിനെയും മറ്റും മറ്റും അവരിലൂടെ നമ്മൾ അടുത്തറിഞ്ഞു.
കലയെയും സാഹിത്യത്തെയും നെഞ്ചിലെ പാട്ടാക്കി. പൂക്കളെയും പൂമരങ്ങളെയും അരുവിയെയും മൃഗങ്ങളെയും നമ്മൾ അടുത്തറിഞ്ഞു. പുഴകളും മലകളും വെയിലും മഴയും മഞ്ഞും കുളിരും സൂര്യനും ചന്ദ്രനും തെളിവും മിഴിവും ആയി. ആകാശത്ത് വിരിഞ്ഞ താരകങ്ങൾ താരാട്ടായി. മതങ്ങളുടെയും ജാതീയതയുടെയും അതിർവരമ്പുകളില്ലായിരുന്നു. എല്ലാവരും എല്ലാവരുടേതും ആയിരുന്നു.
പകർത്തെഴുത്തിലൂടെ നല്ല വടിവൊത്ത കൈയ്യക്ഷരങ്ങളും, പാഠഭാഗങ്ങൾ ഉച്ചത്തിൽ വായിപ്പിച്ച് നല്ല ഉച്ഛാരണ ശുദ്ധിയും, വ്യാകരണ ക്ലാസ്സുകളിലൂടെ ശുദ്ധിയും വെടിപ്പും ഉള്ള ഭാഷയും കൈവെള്ളയിൽ അവർ വെച്ച് തന്നു. ഇന്നോ.? അവിടവിടെയായി കുറച്ച് അദ്ധ്യാപകർ പേരിനെങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
മാദ്ധ്യമ സ്ഥാപനങ്ങൾ
മാദ്ധ്യമ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് ദൃശ്യ മാദ്ധ്യമങ്ങൾ വാർത്തകൾ സ്ക്രോളുകളാക്കി കാണിയ്ക്കുമ്പോൾ വരുത്തുന്ന അക്ഷരത്തെറ്റുകൾ അതീവ ഗുരുതരമായി തുടരുന്നു. വാക്കുകൾ കൂട്ടിയെഴുതാനും വായിയ്ക്കാനും പിരിച്ചെഴുതാനും പഠിച്ചിട്ടില്ലാത്തവർ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റ് തന്നെയാണ് അത്.
'മാദ്ധ്യമ' സ്ഥാപനങ്ങൾ, 'മാദ്ധ്യമ' പ്രവർത്തകൻ എന്നൊക്കെ ശരിയായി എഴുതിപ്പടിച്ചവരെ വെട്ടിലാക്കുന്നതാണ് ഇന്നത്തെ തലമുറയുടെ "മാധ്യമ" സ്ഥാപനങ്ങളും, "മാധ്യമ" പ്രവർത്തകനും എന്ന തിരുവെഴുത്ത്. "മാധ്യമം" എന്ന വാരികയുടെയും ദിനപ്പത്രത്തിന്റെയും പേരുകൾ ശ്രദ്ധിയ്ക്കുക.
മാതൃഭൂമി ദിനപ്പത്രം കുറെ വർഷങ്ങൾക്ക് മുമ്പ് "ചൊവ്വാദോഷം" എന്ന ഒരു പംക്തി കൈകാര്യം ചെയ്തിരുന്നതായി ഓർക്കുന്നു. പത്രവാർത്തകളിൽ വരുന്ന അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും ചൂണ്ടിക്കാട്ടുന്ന ഒരു പംക്തി ആയിരുന്നു അത്. മാതൃഭൂമി ദിനപ്പത്രത്തിലേത് ഉൾപ്പെടെ മലയാളത്തിലെ എല്ലാ മാദ്ധ്യമങ്ങളും ചൊവ്വാദോഷത്തിൽ പെടുമായിരുന്നു എന്നതും കൗതുകം നിറച്ചിരുന്നു.
ആദ്യം കലാകൗമുദിയിലും പിന്നീട് സമകാലിക മലയാളം വാരികയിലും 'സാഹിത്യവാരഫലം' എന്നൊരു പംക്തി യശ്ശഃശ്ശരീരനായ പ്രൊഫ. എം. കൃഷ്ണൻ നായർ ചെയ്തിരുന്നത് പലർക്കും ഓർമ്മയുണ്ടാകും. മലയാള പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ച് വരുന്ന കവിതകളെയും കഥകളെയും നോവലുകളെയും ലേഖനങ്ങളെയും അദ്ദേഹം നഖശിഖാന്തം വിമർശിയ്ക്കും. അദ്ദേഹത്തിന്റെ വിമർശന ശരങ്ങൾ ഏറ്റ പല നവ സാഹിത്യകാരൻമാരും അക്കാലത്ത് എഴുത്ത് മതിയാക്കിയിട്ടുണ്ടാകും.
അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ പല ബുദ്ധി ജീവികളും, ലേഖനവും കഥയും കവിതയും സാഹിത്യവും ഒക്കെ സഞ്ചിയ്ക്കകത്ത് തന്നെ ഒളിപ്പിച്ച് ഊശാൻ താടിയും ഉഴിഞ്ഞിരിയ്ക്കുമായിരുന്നു. സാഹിത്യ മോഷണം അദ്ദേഹം കൃത്യമായി കണ്ടുപിടിച്ച് അവരെ വിമർശന ശരമാരിയിൽ നഗ്നരാക്കി നാണം കെടുത്തിയിട്ടുമുണ്ട്.
സാമൂഹ്യ മാദ്ധ്യമങ്ങൾ
**സാമൂഹ്യ മാദ്ധ്യമങ്ങൾ ലോകക്രമത്തെ മാറ്റിമറിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു കാലമാണല്ലോ ഇത്. ആർക്കും ഒളിയ്ക്കാനോ ഒന്നും ഒളിപ്പിയ്ക്കാനോ കഴിയാത്ത ഒരു "വല്ലാത്ത" കാലമായിപ്പോയി എന്ന് ചില രാഷ്ട്രീയ നേതൃത്വങ്ങൾ വിലപിച്ചുതുടങ്ങിയിട്ട് നാളുകളായി.
ഫേസ് ബുക്കിലും വാട്സ് ആപ്പിലും ഇൻസ്റ്റയിലും യുട്യൂബിലും ഒക്കെ ഒന്ന് കയറിയിറങ്ങിവന്നാൽ, അതിലെ സാഹിത്യനായകൻമാരുടെ "വൈറലായ" (പഴയ ശ്രേഷ്ഠമായ, ശ്രദ്ധേയമായ എന്നതിന്റെ ന്യൂ ജൻ വേർഷൻ)സൃഷ്ടികൾ വായിച്ചും കണ്ടും നമ്മൾ മോഹാലസ്യപ്പെടും.
അവിടെ,അക്ഷരത്തെറ്റുകളുടെ, മാലിന്യക്കൂമ്പാരങ്ങൾ നിങ്ങൾക്ക് ചവിട്ടി കടക്കേണ്ടിവരും. ഉച്ഛാരണ ശുദ്ധിയില്ലായ്മയുടെ ചെളിക്കുഴികളിൽ പതിയ്ക്കാം. വാക്കുകളുടെയും വാചകങ്ങളുടെയും ഏറ്റക്കുറച്ചിലുകളിൽ കയറി തെന്നി വീഴാം.
ഇന്ന് സാമൂഹ്യ മാദ്ധ്യമ സർവ്വകലാശാലകളിലെ ചാൻസലർമാരും വൈസ് ചാൻസലർമാരും ഡീനും തുടങ്ങി അധികം എല്ലാവരും തന്നെ സജി ചെറിയാൻ പറഞ്ഞമാതിരി നേരേചൊവ്വേ മലയാള ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാത്തവരാണ് എന്ന് പറയാമെന്ന് തോന്നുന്നു. എം.എ.എൽ.എൽ ബി. കാരനായ വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ളീഷ് നമ്മൾ കെട്ടിട്ടുള്ളതാണല്ലോ.
" ഓ....പിന്നേ..! വ്യാകരണവും അക്ഷരങ്ങളും തെറ്റിയാലെന്നാ കാര്യം മനസ്സിലായാൽ മതിയല്ലോ" എന്ന് ചിലർ തിരിച്ച് ചോദിച്ചേക്കാം. ഇതാണോ വിദ്യാഭ്യാസ മന്ത്രിയുടെയും നിലപാട് എന്ന് ചോദിച്ചാലോ.
സജി ചെറിയാൻ പറഞ്ഞതിന്റെ അന്തഃസത്ത മനസ്സിലാക്കാതെ അദ്ദേഹത്തിന് മേലെ കുതിരകേറുന്നവർ ചെയ്യുന്നത് വലിയ സാമൂഹ്യ ദ്രോഹമാണ്. രാഷ്ട്രീയം മാറ്റിവെച്ച് ചിന്തിച്ചാൽ തലയ്ക്ക് വെളിവും വെള്ളിയാഴ്ചയും ഉണ്ടാകും.
വിദ്യാഭ്യാസ മന്ത്രിയ്ക്ക് വേണമെങ്കിൽ പ്ലേ സ്കൂളുകളിൽ നിലത്തെഴുത്ത് ആശാൻമാരെ നിയമിയ്ക്കാം. അതിന് മുൻപായി ആശാൻമാരോട്, എത്ര മലയാള അക്ഷരങ്ങൾ ഉണ്ട് എന്നും, തെറ്റുകൾ കൂടാതെ അത് എഴുതാൻ അറിയാമോ എന്നും പരീക്ഷിച്ച് ഉറപ്പ് വരുത്തണം.
* അദ്ധ്യാപകരിലാരും തന്നെ കഴിവില്ലാത്തവരാണ് എന്ന് അഭിപ്രായമില്ല.
** സാമൂഹ്യ മാദ്ധ്യമ രംഗത്ത് പ്രതിബദ്ധത പുലർത്തുന്ന ഒട്ടനേകം വ്യക്തിത്വങ്ങളെ സ്മരിയ്ക്കുന്നു.