എന്തുകൊണ്ട് കോടതി ഫീസ് കൂടുന്നതിൽ അഭിഭാഷകർ പ്രതികരിക്കുന്നു ?
"കാത്തെ ഇതുകൊണ്ട് ഒന്നും ആകില്ല" തലകുനിച്ചു ഇരിക്കുന്ന പെൺകുട്ടിയെ നോക്കി മുന്നിലേക്ക് വച്ച 5000 രൂപ തിരികെ കൊടുത്തു കൊണ്ട് വേലായുധൻ വക്കീൽ പറഞ്ഞു.
"സാറേ ഇനി എന്റെ കയ്യിൽ ഒന്നുമില്ല, എല്ലാം ആ ദുഷ്ടൻ കൊണ്ട് പോയി. ഇപ്പൊ ഈ തന്ന ചെക്കും മടങ്ങി. " ഒന്ന് നിർത്തിയ ശേഷം അവൾ തുടർന്നു, "കഴിഞ്ഞ മാസം പിള്ളേരെ പള്ളിക്കൂടത്തിൽ അയക്കാമല്ലോ എന്ന് കരുതിയാ ഈ തല്ലും കുത്തും കൊണ്ടിട്ടും ഞാൻ എല്ലാം അവസാനിപ്പിക്കാം എന്ന് കരുതിയെ, 5 ലക്ഷം രൂപയ്ക്ക് ഞാനും ഈ മൂന്ന് പിള്ളേരും എങ്ങനെ ജീവിക്കും എന്ന് പോലും അപ്പോൾ ആലോചിച്ചില്ല." അവർ വിങ്ങിപ്പൊട്ടി.
വേലായുധൻ വക്കീൽ അഷോഭ്യനായി പറഞ്ഞു, "നീ ഈ ചെക്കൊക്കെ മേടിക്കുന്ന സമയത്തെ നിയമം അല്ല ഇപ്പോൾ, 10000 രൂപ വരെ ഉള്ള ചെക്കിന് കേസ് കൊടുക്കാൻ 250 രൂപയും, അതിനു മുകളിൽ ഉള്ള ചെക്കിന് അതിലെ തുകയുടെ 5% കോടതി ഫീ അടക്കണം. എന്ന് വച്ചാൽ ഈ ചെക്ക് കേസ് കൊടുക്കാൻ 25000/- രൂപ കൊടുക്കണം. എന്റെ ഫീസ് പോട്ടെന്നു വച്ചാലും ഇതും ബാക്കി ചിലവും എന്ത് ചെയ്യും ?"
പെട്ടെന്ന് അവൾ ചോദിച്ചു, "വക്കീലേ, നമുക്ക് ആ മുന്നേ കൊടുക്കാൻ ഇരുന്ന കേസ് കൊടുത്തൂടെ ? എന്റെ ആഭരണം, സ്ഥലവും ഒക്കെ കൊണ്ടുപോയതിന് കൊടുക്കാൻ വച്ചത് ?"
വേലായുധൻ വക്കീൽ അനുകമ്പയോടെ പറഞ്ഞു, "അത് കൊടുക്കണം എങ്കിലും, രൂപ എത്ര വേണം? അതിന്റെ തുക വച്ച് നോക്കിയാൽ ഒരു 50000 രൂപ കോടതി ഫീസ് ആയിട്ട് കൊടുക്കണം."
അവൾ സംശയത്തോടെ ചോദിച്ചു, "അല്ല, കുടുംബ കോടതിയിൽ കൊടുക്കാൻ പൈസ വേണോ?"
"വേണം, പുതിയ കേരള സർക്കാർ ഉത്തരവ് ആണ്." "എല്ലാത്തിനും കൂട്ടിയിട്ടുണ്ട്, ദൈനം ദിന കാര്യങ്ങളിൽ വരുന്ന എന്തിനും ഏതിനും ചിലവ് കൂട്ടിയിട്ടുണ്ട്."
"അപ്പൊ ഈ കേസ് ?"
"പൈസ കൊണ്ട് വാ കുട്ടിയെ, അല്ലാതെ എന്ത് ചെയ്യാൻ...." "നിന്നെ സഹായിക്കണം എന്നുണ്ട്, പക്ഷെ കമ്പ്യൂട്ടർ ഫയലിംഗ് ഒക്കെ തുടങ്ങിയ ശേഷം ആകെ കടം ആണ്. എന്നാണ് ഉള്ള വണ്ടി കൂടി സിസിക്കാർ കൊണ്ട് പോകുക എന്നറിയില്ല, അങ്ങനെ ഉള്ള ഞാൻ എങ്ങനെയാ നിന്നെ സഹായിക്കുക?" അയാളുടെ കണ്ഠം ഇടറി, അവൾ എണീറ്റ് തിരിഞ്ഞപ്പോൾ ഒരു പിൻവിളി പോലെ ഇത്ര കൂടി പറഞ്ഞു.
"ആ പിന്നെ കുട്ടി ആ സർക്കാർ വക്കീൽ സഹായം കിട്ടുന്ന അവിടെ ഒന്ന് പോയി നോക്ക്, എന്തേലും വഴി അവര് പറഞ്ഞു തരും."
മാസങ്ങൾ കഴിഞ്ഞു, രാവിലെ പത്രത്തിന്റെ ഉൾപ്പേജിൽ ഒരു വാർത്ത ഉണ്ടായിരുന്നു, അതിൽ കാത്തയുടെയും അവരുടെ മൂന്ന് പിള്ളേരുടെയും നല്ല കളർ പടവും ഉണ്ടായിരുന്നു. ആത്മഹത്യ ആണ്.
വീടിന്റെ ഒഴിഞ്ഞ പോർച്ചിലേക്ക് നോക്കി വേലായുധൻ വക്കീൽ ആത്മഗതം പറഞ്ഞു,
"മഹാബലൻ കരയാൻ പാടില്ല."
"You belong to a NOBLE PROFFESSION"