Advertisment

കല - സർഗാത്മക കാലത്തിനിപ്പുറം നിർമിതബുദ്ധിയുഗത്തിലേക്ക്

author-image
ബദരി നാരായണന്‍
Updated On
New Update
badari narayanan article-5

വിവരസങ്കേതികത കൂടിക്കൂടി വിവരം അധികമായതു കൊണ്ടാണോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മനം മടുപ്പിക്കുന്ന ലക്ഷണമാണ്.

Advertisment

കഴിഞ്ഞ ദിവസം ഒരു മുത്തശ്ശി ഡാൻസ് ചെയ്യുന്ന വീഡിയോ കാണാൻ സാധിച്ചു. വസ്ത്രങ്ങൾ മാറുന്നു. നിറം മാറുന്നു തൈക്കിളവി ഒരേ ചടുല നടനം തന്നെ. മൈക്കിൾ ജാക്സനും പത്മാ സുബ്രഹമണ്യവും ഒരുമിച്ചു വന്നാലും തോറ്റുപോകും.

ദയവു ചെയ്ത് ആരും എനിക്കിത് അയക്കല്ലേ എന്നു ചിന്തിക്കുമ്പൊഴേക്കും പല കോണുകളിൽ നിന്നാണ് വരുന്നത്. ഭാവിയിൽ കലയെ തന്നെ വെറുത്തുപോയ ആളുകളും കലാവിരുദ്ധ ഗ്രൂപ്പുകളും ഉണ്ടായാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല.

സിനിമാ സംഗീതത്തിലും മറ്റും ഇമ്മാതിരി സാങ്കേതിക നിർമിതബുദ്ധി തട്ടിക്കൂട്ടുകൾ ഇപ്പോൾ തന്നെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. നമുക്കത് വിലയിരുത്താൻ കഴിഞ്ഞിട്ടില്ലെന്നേയുള്ളൂ. ഈണമിടുന്നതിലും സാങ്കേതികമേന്മയിലും വേണ്ടി വന്നാൽ പാടി ഫലിപ്പിക്കുവാനും ഒരു പോലെ കഴിവു തെളിയിച്ചിട്ടുള്ള ശരത്, എം ജയചന്ദ്രൻ, രമേശ് നാരായണൻ എന്നിവർ പുതിയ സിനിമകളിൽ എവിടെ ? 

ഒരു പാട്ടുണ്ടാക്കാൻ ഇതുവരെയുള്ള പരശതം സംഗീത മാതൃകകളും അറിവുകളും കൊണ്ട് പ്രോഗ്രാം ചെയ്യപ്പെട്ട നിർമിതബുദ്ധികളുണ്ട്. ആ സാങ്കേതിക വിദ്യ ഓപ്പറേറ്റ് ചെയ്യാനുള്ള സാങ്കേതികപരിശീലനം നേടിയാൽ മതി പാട്ടുണ്ടാക്കാൻ എന്ന് വന്നിരിക്കുന്നു. സംഗീത ബോധമൊക്കെ പ്രാഥമികമായത്  വല്ലതും ഉണ്ടായാൽ മതി. 

സിനിമയിലെ കഥാപാത്രം തോണി തുഴയുന്ന സീൻ വന്നാൽ എ ഐ കാര്യങ്ങൾ ഏറ്റെടുക്കും. വഞ്ചിപ്പാട്ടും തേക്കുപാട്ടും മറ്റു നൂറു കുപ്പികളിലെ സോസും കെച്ചപ്പും മസാലയും മയണൈസും ചേർത്ത് തീ കയറ്റി എയറിൽ കുടഞ്ഞിട്ട് ഫാസ്റ് ഫുഡ് പോലെ ഒരെണ്ണം തയ്യാർ ചെയ്‌തു തരും. കുറുകുമാ മണം. ഒരെണ്ണമല്ല ഇഷ്ടമായില്ലെങ്കിൽ അതേ ഫ്രെയിമിൽ നിന്നു കൊണ്ട് നൂറെണ്ണം. ഒരേ മൂശയിൽ വ്യത്യസ്ത വാർപ്പുകൾ.. കീ പിടിച്ചു ഞെക്കാൻ സാങ്കേതികവിദ്യ കയ്യിലുള്ള ആൾ മതി. 

ശ്രുതിയും താളവും...? അതൊക്കെ കമ്പ്യൂട്ടറിനറിയാത്ത കാര്യമല്ലല്ലോ, രാഗവും താളവുമൊക്കെ കൃത്യതയും കണക്കുമാണെന്നല്ലേ നിങ്ങളുടെ ആശാന്മാർ പറയുന്നത് ? അതെ ! സംശയമുണ്ടെങ്കിൽ ബാലമുരളീകൃഷ്‌ണയോടു തന്നെ ചോദിച്ചു നോക്കൂ. ആ കണക്കും കൃത്യതയും നിങ്ങൾ കമ്പ്യൂട്ടറിനെയാണോ ഓർമിപ്പിക്കുന്നത്.

ശരിയാണ്. എന്നാലും പാട്ടിനു ഒരു ഭാവികതയില്ലല്ലോ മാഷേ, സംഗതിയൊക്കെ ഇത്തിരി ഓവർ ആണല്ലോ, വിബ്രാൾട്ടോ എന്തിനിത്ര മാത്രം ?

അതിനെന്താ.. അതാണിനി വേണ്ടത്. ആദ്യമായതു കൊണ്ടു തോന്നുന്നതാണ്. ക്രമേണ ശീലമായിക്കോളും,

ഇതൊന്നും ആരും അറിയാതെ സംഭവിച്ചില്ല. നമ്മൾ ആഗ്രഹിച്ചു തന്നെ സംഭവിച്ച കാര്യങ്ങളാണ്. അമ്മ അടുപ്പത്തെത്തിക്കുമ്പോഴത്തേക്കും ഇത്തിരി വൈകിപ്പോയി. ശ്ശെടാ..പാൽ കേടാകുന്ന ഒരു കാലം. ആ പെടാപ്പാടുകൾ ഓർമയുള്ള കാരണം ആഴ്ച ഒന്നു കഴിഞ്ഞാലും  കേടാകാത്ത കവറു പാൽ വന്നപ്പോൾ അമ്മ ഒരിക്കലും അതിനെ പഴിച്ചിട്ടേയില്ല.

അതു പോലെ കാര്യങ്ങൾ അറിയുന്ന ഒരു സംഗീത സംവിധായകനും പുതുയുഗ സാങ്കേതികതയെ അതെന്തു തന്നെ ആയാലും തള്ളിപ്പറയുകയുമില്ല.

അയാൾ പണ്ട് റെക്കോർഡിങ് മുഴുവൻ കഴിഞ്ഞു പ്ലേ ചെയ്തു നോക്കുമ്പോഴാകും ഗാനത്തിനിടയിൽ ഓടക്കുഴൽ വായിച്ചതിൽ ഒരു പ്രശ്നം. ഒരു ചെറിയ നോട്ട് മാറാനുണ്ട്. പാട്ടിൽ ആകെക്കൂടി അതൊരു നോട്ടക്കുറവാകും. അതിനി അങ്ങനെ തന്നെ പാട്ടിൽ കിടക്കുകയേ നിവൃത്തിയുള്ളൂ. ചരിത്രം മുഴുവൻ ഇവൻ എവിടത്തെ സംഗീതസംവിധായകാണ് എന്നു ചോദിച്ചേക്കും.

ഓടക്കുഴൽ വായിച്ച കലാകാരൻ അവിടെത്തന്നെയുണ്ട്. വീണ്ടും അയാൾ വായിക്കാൻ തയ്യാറുമാണ്. പക്ഷേ യേശുദാസ് കാശും വാങ്ങി അമേരിക്കയിലേക്ക് ഫ്ലൈറ്റു കയറി. 

തബല, ഓടക്കുഴൽ, വീണ മുതലായി മുഴുവൻ ഓർക്കസ്ട്രയും കൂടെ ഗായികാ ഗായകന്മാരും ഒരുമിച്ച് ഒറ്റ ടേക്കിലേ അന്നു പറ്റൂ. എല്ലാവരും കൂടിയിരുന്ന് പല ട്രയലുകൾ കഴിഞ്ഞാകും റെക്കോർഡിങ്. എന്നാലും അപ്പോഴും ഏതെങ്കിലും ഒരാൾ ഒരു സ്വരം തെറ്റിച്ചാൽ എല്ലാവരുടെയും ശ്രമങ്ങൾ ആകെ പാളി. 

കാലം പോകെ അതിന് പരിഹാരമായി. അങ്ങനെയാണ് ഓർക്കസ്ട്രയും ഗായകരും വേറെ വേറെ റെക്കോർഡ് ചെയ്തെടുത്താൽ മതിയെന്ന ആശ്വാസ നിലയെത്തിയത്. സംഗീത സംവിധായകൻ രണ്ടും സൗകര്യത്തിനിരുന്ന് സമാധാനമായി ഒന്നിച്ചു ചേർത്താൽ മതി. 

പിന്നീട് കമ്പ്യൂട്ടർ വന്നു. ശബ്ദലേഖന സാങ്കേതികത അനലോഗിൽ നിന്ന് ഡിജിറ്റലായി മാറിയത് വിപ്ലവകരമായ മുന്നേറ്റമായി. റെക്കോഡ് ചെയ്തെടുത്ത ശബ്ദം സ്ക്രീനിൽ ഗ്രാഫ് വരഞ്ഞതു പോലെ കാണാമെന്നായി. ഗ്രാഫിൽ ആവശ്യമായ മാറ്റം വരുത്തിയാൽ ശബ്ദത്തിലും ആ മാറ്റം പ്രതിഫലിക്കും. പാടിയതിൽ ചെറിയ പ്രശ്നമുണ്ട്. കമ്പ്യൂട്ടർ സ്ക്രീനിലെ ചിത്രീകരണത്തിൽ അതു കാണാം. ഉയർന്നു പോയ ശബ്ദരേഖ ഉദ്ദേശിക്കുന്ന ഇടത്തേക്ക് ഡ്രാഗ് ചെയ്തു കൊണ്ടുവന്ന് മുട്ടിച്ചാൽ ഉദ്ദേശിച്ച ശ്രുതിയിലേക്ക് എത്തിക്കാം. ഗായകൻ വീണ്ടും അത് പാടണമെന്നില്ല. ശുദ്ധ ധൈവതത്തെ പിടിച്ചു മാറ്റിയാൽ ചതുശ്രുതി ധൈവതത്തിലെത്തിക്കാം. കൈശികി നിഷാദം ടൂൾ കൊണ്ട് പിടിച്ചു വലിച്ചു വലിച്ചു നീട്ടി കാകളി നിഷാദവുമാക്കാം.

ഗായകൻ ഇതൊന്നും അറിയണമെന്നു പോലുമില്ല. അങ്ങനെയാണെങ്കിൽ  ഒന്നുമറിയാത്തവനും ധൈര്യമായി സ്റ്റുഡിയോയിൽ കയറി പാടാമല്ലോ. ആർക്കും പാടാം. അതിലിനി കുറവുകൾ ഉണ്ടെങ്കിൽ ഒരു സാങ്കേതിക വിദഗ്ദ്ധന് അതെല്ലാം ഒന്നൊന്നായി പരിഹരിച്ച് ഗാനം കുറ്റമറ്റതാക്കി മാറ്റാൻ സാധിക്കും. പാട്ടുകാരൻ മരിക്കുന്നു എന്നാണോ ? 

ഏയ്, മരിച്ച പാട്ടുകാരനെ കൊണ്ടു പോലും പാടിക്കാം എന്നിടത്താണ് ഇപ്പോൾ കാര്യങ്ങൾ. പാട്ടും പാട്ടുകാരനും ജീവിക്കുകയല്ലേ.

തമാശയല്ല, മരിച്ചു പോയ ഗായകൻ ഷാഹുൽ ഹമീദിൻ്റെയും മറ്റും ശബ്ദം കൊണ്ട് എആര്‍ആര്‍ പുതിയ ഗാനങ്ങൾ സൃഷ്‌ടിച്ചു കഴിഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ മായക്കാഴ്ച്‌ച, മാന്ത്രിക കേൾവി... ചെവി കൊണ്ട് കേൾക്കാതെ തന്നെ ഗാനം സ്വദിക്കാനായിരിക്കും അടുത്ത ടെക്നോളജി. ശബ്ദമില്ലാതെ തന്നെ ഗാനം. നമുക്കത് ഉടനേ തന്നെ സാധ്യമാകാം.

കുട്ട്യോള് പറഞ്ഞതെല്ലാം ശരി. പക്ഷേ അതിലെവിടെയാ  ഒരു കാര്യമുള്ളത് എന്ന് പണ്ടൊരാൾ ചോദിച്ച പോലെയായി, സാദനം കൊള്ളാം എന്നാലും.... ബഹളം ഇത്തിരി കൂടിപ്പോയില്ലേ.. പാട്ടെന്നു പറഞ്ഞാൽ അതിൻ്റെ ഒരു സ്വാഭാവിക മാധുര്യമൊന്നും ഒരിടത്തും ഫീൽ ചെയ്യുന്നില്ലല്ലോ...

ആ സങ്കൽപ്പത്തിൻ്റെ പ്രശ്‌നമാണ് എൻ്റെ പൊന്നു സാറേ... നിങ്ങൾ ഒന്നടങ്ങ്.

പരിഭവങ്ങൾ പരാതികൾ വിമർശനങ്ങൾ ഒക്കെ എന്തിന്, ആരോട് നിങ്ങളുടെ ആസ്വാദന സംസ്കാരം സംവേദനശീലങ്ങൾ ഒക്കെ എടുത്തു തോട്ടിലെറിഞ്ഞിട്ട് വരുന്നതാകും നല്ലത്. അതാണ് വെര്‍ച്വല്‍ റിയാലിറ്റിയുടെ ലോകം. അതല്ലേ ആസ്വാദനം. സർഗാത്മകതയൊക്കെ യന്ത്രബുദ്ധി നോക്കിക്കോളും നിങ്ങൾ ആസ്വദിക്കാൻ നിന്നു കൊടുത്താൻ മതി.

എന്നാലും... ഒര് എന്നാലുമില്ല. സാറിന്റെ ഒരു സർഗാത്മകതയും മാങ്ങാത്താലിയും. ഒരു ശല്യവുമില്ലാതെ സുഖം മാത്രം തരുന്ന സെക്‌സ്‌ ഡോളുകളിലേക്ക് ലിംഗം കടത്താൻ തയ്യാറായ ആധുനിക മനുഷ്യന് ഇതെല്ലാമാണോ ഇത്ര വലിയ പ്രശ്നം ? 

വാട്സാപ്പിൽ മെറ്റായുടെ നീലവളയം വന്നിരിക്കുന്നത് ശ്രദ്ധിച്ചില്ലേ. ആലോചിച്ച് എഴുതുകയൊന്നും ഇനി വേണ്ടതില്ല. ചിത്രം വരയാൻ ചിത്രകാരൻ വേണമെന്നില്ല. ആവശ്യപ്പെടുന്നതിനനുസരിച്ച് എത്ര വേണമെങ്കിലും എഐ വരച്ചു തരും. ആനയും കുതിരയും കൂടിച്ചേർന്ന ശരീരം മാത്രമല്ല ഡിനോസറിൻ്റെ തലയുമുള്ള ജീവിയെ കാണണോ. അതിനെന്താ. സെക്കൻ്റുകൾക്കിടയിൽ റെഡി. വാട്സാപ്പിൽ നോക്കിയില്ലേ.

Freedom from the known. ഇരുപതാം നൂറ്റാണ്ടിന്റെ ചിന്താമർമജ്ഞൻ ജിദ്ദു കൃഷ്ണമൂർത്തി കരുണാമയമായി ചിരിക്കുന്നു. The ability to observe without evaluating is the highest form of intelligence.

-ബദരി നാരായണൻ

Advertisment