Advertisment

സ്നേഹസ്മരണയായി മാറിയ കോട്ടയ്‌ക്കുപുറത്തിന്റെ ഹെൻഡ്രിറ്റാമ്മ (അനുസ്മരണ കുറിപ്പ്‌)

author-image
സത്യം ഡെസ്ക്
New Update
obit sr. henritta smc

സ്നേഹസ്മരണയായി മാറിയ കോട്ടയ്‌ക്കുപുറത്തിന്റെ 

ഹെൻഡ്രിറ്റാമ്മ (അനുസ്മരണ കുറിപ്പ്‌)

Advertisment

മറഞ്ഞുപോയവരെ മഹത്വമനുസരിച്ചു വെളിച്ചത്തിലേക്ക് കൊണ്ടുവരേണ്ടതും പീഠത്തിൽവച്ച വിളക്കുപോൽ ഉയർത്തി പ്രതിഷ്‌ഠിക്കേണ്ടതും പിൽക്കാല തലമുറയുടെ കടമയാണ്.

“മോദം കലർന്നു നിന്നെ ഉൾകൊണ്ട നിന്റെ ദാസരിൽ

സ്നേഹം തുളിമ്പിടുന്ന നാഥാ

കനിഞ്ഞു നവ്യ ജീവൻ ചൊരിഞ്ഞിടണമേ

ദേവാലയത്തിൽ ദിവ്യകർമ്മങ്ങൾ കണ്ട കണ്ണുകൾ …

മറന്നുവെച്ച ഓർമ്മയുടെ ചോറ്റുപാത്രം തുറക്കുമ്പോൾ 1970 കളിലെ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ദേവാലയത്തിലെ (പഴയ പള്ളി) ദിവ്യബലി. വിശുദ്ധ കുർബ്ബാന സ്വീകരണത്തിന് ഒരുങ്ങുമ്പോൾ ഇടവക സമൂഹത്തെ ഭക്തിസാന്ദ്രതയിൽ ലയിപ്പിക്കുന്ന ഈ ഗാനമാണ് സ്നേഹ ബഹുമാനപ്പെട്ട ഹെൻഡ്രിറ്റാമ്മയെകുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്.

ദിവ്യബലിയിൽ വൈദികൻ വീഞ്ഞിൽ മുക്കിയ തിരുവോസ്തി നാവിൽ നൽകുമ്പോൾ പഴയ തലമുറയിലെ വിശ്വാസികൾക്ക് എത്ര കേട്ടാലും മതിവരാത്ത സ്വർഗീയ ഗാനം. കുന്ദരിക്കത്തിന്റെ സുഗന്ധവുംപേറി പള്ളിയിലെ മെഴുകുതിരി പ്രഭയിൽ ഹെൻഡ്രിറ്റാമ്മയുടെ നാവിലൂടെ ഈ ഗാനം ഒഴുകുമ്പോൾ സ്വർഗീയമാലാഖമാർ അൾത്താരയിൽ ഇറങ്ങിവന്ന് പാടുന്ന അവാച്യമായ ആത്മീയ അനുഭവം ആ കുർബാനക്ക് ഉണ്ടായിരുന്നു.

1941 ഡിസംബർ 2 ന് ചെറുവാണ്ടൂർ പള്ളി ഇടവകയിലെ മണ്ണഞ്ചേരിക്കാലയിൽ വർഗ്ഗീസിന്റെയും മറിയാമ്മയുടെയും 6 മക്കളിൽ മൂന്നാമത്തെ മകളായി ജനിച്ച മേരി ചെറുവാണ്ടൂർ എൽ. പി സ്കൂളിലും, അതിരമ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി.

തന്റെ ദൈവവിളി തിരിച്ചറിഞ്ഞു കർമ്മലീത്ത സഭയിൽ ചേർന്ന് 1968 ഏപ്രിൽ 15ന് നിത്യവ്രതം സ്വീകരിച്ചു സിസ്‌റ്റർ ഹെൻഡ്രിറ്റ് ആയി. തന്റെ സന്ന്യാസജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നഴ്സറി ട്രെയിനിങ്ങ് പൂർത്തിയാക്കി കോട്ടയ്‌ക്ക്‌പുറം സെന്റ് ആൻസ് മഠത്തിലെ നേഴ്സറി സ്കൂൾ അദ്ധ്യാപികയായി. വിവിധ കാലയളവിലായി 19 വർഷം സെന്റ് ആൻസ് സി.എം.സി  മഠത്തിലും, നേഴ്സറി സ്കൂളിലും, സെന്റ് മാത്യൂസ് സൺഡേ സ്‌കൂളിലും ഹെൻഡ്രിറ്റാമ്മ സേവനം ചെയ്തു.

കാപ്പിപ്പൊടി നിറമുള്ള തിരുവസ്ത്രവും ധരിച്ചു ചെറുപുഞ്ചിരിയോടെ മാത്രമേ  അമ്മയെ എപ്പോഴും കാണാറുള്ളത്. ആ മാതൃ സ്നേഹത്തിന്റെ മാസ്മരിക ശക്തികൊണ്ട് ഇടവകയിലെ ബാലികാ ബാലന്മാർക്ക് അമ്മ സ്നേഹസ്പർശനമായി മാറി. ചെറുപുഷ്പ മിഷ്യൻലീഗിലേക്ക് കൂടുതൽ കുട്ടികളെ അംഗങ്ങളാകുവാൻ നല്ലൊരു ഗായികയും കലാകാരിയുമായ അമ്മക്ക് കഴിഞ്ഞു.

മിഷ്യൻലീഗിന്റെ സ്ഥാപകനും വിശുദ്ധ അൽഫോൻസാമ്മയുടെ ഭക്തനുമായ ഭരണങ്ങാനം കുഞ്ഞേട്ടനുമായി (പി.സി എബ്രഹാം) അമ്മക്ക് ആത്മബന്ധം ഉണ്ടായിരുന്നു. കുഞ്ഞേട്ടനെ ഇടവകയിലെ കുഞ്ഞുമിഷ്യനറിമാർക്ക് പരിചയപെടുത്തിക്കൊടുക്കുമായിരിന്നു.

കുട്ടികളിൽ വായനാശീലം വളർത്തുവാൻ ബൈബിൾ കഥകൾ കോർത്തിണക്കിയ സ്നേഹസേന എന്ന  കുട്ടികളുടെ കുഞ്ഞൻ മാസിക വാങ്ങിച്ചു മിഷ്യൻലീഗ് അംഗങ്ങളെകൊണ്ട് സൺ‌ഡേ സ്കൂൾ കുട്ടികൾക്ക് നൽകി. അമ്മയുടെ പരിശീലനത്തിൽ സെന്റ് മാത്യൂസ് സൺഡേസ്കൂളിലെ കുട്ടികൾ ഫൊറോനാ/അതിരൂപതാ ബൈബിൾ കലോൽസവത്തിൽ നിരവധി തവണ സമ്മാനങ്ങൾ വാരിക്കൂട്ടി ഇടവകയുടെ യശസ്സ് ഉയർത്തി.

മഠത്തിൽ റിഹേഴ്സലിനു പോകാൻ കുട്ടികൾക്ക് ഒത്തിരി ഇഷ്‌ടമായിരുന്നു. അതിന് കാരണം, ചോദിക്കാതെ തന്നെ അവിടെയുള്ള പേരക്കയും ചാമ്പങ്ങയും മാമ്പഴവും കൂടാതെ പലഹാരങ്ങളും അമ്മ നൽകുമായിരുന്നു. ആ കാലത്തു പള്ളി കഴിഞ്ഞാൽ മഠത്തിലായിരിന്നു കുട്ടികളുടെ താവളം.

13-ാം ലിയോ മാർപാപ്പയുടെ പ്രസിദ്ധമായ  ”ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ” എന്ന കാലത്തിനുമുൻപേ സഞ്ചരിച്ച സന്ദേശം വായിച്ചത് അമ്മ എഴുതിത്തന്ന പ്രസംഗത്തിലാണ്. എല്ലാ ഞായറാഴ്ചയും വീടുകളിനിന്ന് തീപ്പട്ടി അരി ശേഖരിപ്പിച്ചുകൊണ്ട് പാവങ്ങളെ സഹായിക്കാൻ കുഞ്ഞുമിഷനറിമാരെ അമ്മ പഠിപ്പിച്ചു.

യുവദീപ്തി അംഗങ്ങളെയും അമ്മ പ്രോത്സാഹിപ്പിച്ചു. സാമ്പത്തിക പ്രയാസമുള്ള കുടുംബങ്ങളിലെ സമർത്ഥരായ കുട്ടികൾക്ക്   മിഷ്യൻലീഗിന്റേയും മറ്റും ക്യാമ്പുകളിൽ പങ്കെടുക്കുവാൻ സ്വന്തം പണം നൽകി സഹായിച്ചിരുന്നു.

ഇടവകയിലെ പാവപെട്ട കുട്ടികൾക്ക്  തുടർ  വിദ്യാഭ്യാസത്തിനായി അമലഗിരി ബി. കെ കോളേജിലും, മാന്നാനം കെ. ഈ കോളേജിലും അഡ്മിഷൻ വാങ്ങികൊടുക്കുവാനും, പെൺകുട്ടികൾക്ക് നഴ്സിംഗ് പഠനത്തിന്  സാമ്പത്തിക സഹായം ചെയ്യാനും അമ്മക്ക് കഴിഞ്ഞു. ഇതൊക്കെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

കോട്ടയ്ക്കുപുറത്തെ നാനാജാതി മതസ്ഥർക്കും  പ്രിയപ്പെട്ടവൾ ആയിരുന്ന

അമ്മ  കുഞ്ഞുങ്ങളുടെ ആത്മീയ വളർച്ചയ്‌ക്കുവേണ്ടി  പ്രധാനമായും ഊന്നൽ നൽകിയ കാര്യങ്ങൾ ഇവയാണ് :

  • 1) വിശ്വാസ പരിശീലനം 
  • കുടുംബ പ്രാർത്ഥന എങ്ങനെയായിരിക്കണം 
  • മാതാപിതാക്കളെയും, സഹോദരങ്ങളെയും എങ്ങനെ ബഹുമാനിക്കണം 
  • മുതിർന്നന്നവരോട് ഉള്ള ബഹുമാനവും പെരുമാറ്റവും എങ്ങനെ ആയിരിക്കണം 
  • സൽകൃത്യങ്ങൾ പരിശീലിപ്പിക്കുക

“വിളവ് ഏറെ വേലക്കാർ കുറവ്” എന്നത് മനസ്സിലാക്കിയ കർത്താവിന്റെ മണവാട്ടി ദൈവവിളിയെ പരമാവധി പ്രോത്സാഹിപ്പിച്ചുകൊണ്ട് കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ വേല ചെയ്യാനുള്ള പരിശീലനത്തിനായി നിരവധി കൗമാരക്കാരെ സെമിനാരിയിലേക്കും കോൺവെന്റിലേക്കും അയച്ചു.

അവർ  ഇന്ന് പല രാജ്യങ്ങളിലും ദൈവിക ശ്രുശ്രുഷ ചെയ്യുന്നു.  മുൻ വികാരിയായിരുന്ന തോമസ് കിഴക്കേടത്തച്ചനും, ഹെൻട്രിറ്റാമ്മയും ഇടവകയിൽ ശ്രുശ്രുഷ ചെയ്ത  കാലത്താണ്  ഏറ്റവും കൂടുതൽ ദൈവവിളികൾ ഉണ്ടായത് എന്നതിന് കാലം സാക്ഷി.

വിവിധ ഇടവകകളിൽ  കുട്ടികളെയുംകൊണ്ട് ബൈബിൾ കലോത്സവങ്ങളിലും ക്യാമ്പുകളിലും പോകുമ്പോൾ അവരുടെ സുരക്ഷിതത്തിനും ഭക്ഷണകാര്യങ്ങളിലും അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

1979 ൽ ഞാനുൾപ്പെടെ രണ്ടു വിദ്യാർത്ഥികളെ മിഷ്യൻലീഗിന്റെ സംസ്ഥാനതല പ്രസംഗമത്സരത്തിൽ പങ്കെടുപ്പിക്കാൻ അരുവിത്തറ സെന്റ് ജോർജ് കോളേജിൽ കൊണ്ടുപോയി, രാത്രി അവിടെ താമസം  ഒരുക്കി തന്നു.

പിറ്റേദിവസം രാവിലെ മത്സരത്തിൽ പങ്കെടുത്തതും അമ്മയോടൊപ്പം അരുവിത്തറ പള്ളി ആദ്യമായി കണ്ടതും ഇന്നും ഓളം തല്ലുന്ന ഓർമയായി മനസ്സിലുണ്ട്. അമ്മയുടെ ശിഷ്യഗണത്തിൽ ഒരുവനാകാൻ ഭാഗ്യം ലഭിച്ചതിൽ അഭിമാനിക്കുന്നു.

മദർ ആയി വീണ്ടും കോട്ടയ്ക്കുപുറത്തു വന്നപ്പോൾ ആ പഴയ സ്നേഹത്തിന് കൂടുതൽ ശോഭയേറി. കാരണം, കുസൃതിക്കാരൻ ശിഷ്യൻ സൺഡേസ്കൂളിൽ സഹഅധ്യാപകനായി മാറിയിരുന്നു. വിവാഹത്തിന് ശേഷം ജീവിതപങ്കാളിയെയും കൂട്ടി കോൺവെന്റിൽ ചെന്നപ്പോൾ ഹൃദ്യമായി സ്വീകരിച്ചു സ്നേഹസമ്മാനവും തന്നു.

സ്നേഹിക്കാനും സേവിക്കാനും

83 വർഷത്തെ അമ്മയുടെ ജീവിതം ഏറ്റവും ചുരുങ്ങിയ രണ്ട് വാക്കുകളിൽ സംഗ്രഹിക്കാൻ സാധിക്കും. സ്നേഹവും സേവനവും ! ഉദയം മുതൽ അസ്തമയം വരെയും അസ്തമയം മുതൽ ഉദയം വരെയും ഒരു നന്മപോലും ചെയ്യാത്ത ദിവസം അമ്മയുടെ പ്രേഷിതജീവിതത്തിൽ ഉണ്ടാകാനിടയില്ല. താഴ്മയും എളിമയും ലാളിത്യവും അമ്മയുടെ മുഖമുദ്രയായിരുന്നു.

ദൈവം സമം സ്നേഹം എന്ന് കർമ്മത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തിയ അമ്മ യാത്രയായി. ശുഭകരമല്ലാത്ത വർത്തമാനകാല പരിസ്ഥിതിയിൽ നവബാല്യങ്ങൾക്ക് ക്രിസ്‌തീയ ദർശനത്തിന്റെയും സ്നേഹത്തിന്റെയും മഹിമ വിളമ്പി കൊടുക്കുവാൻ  ഇനിയും കർമ്മല സഭയിൽ ഹെൻഡ്രിറ്റാമ്മമാർ ജനിക്കട്ടെ !

പ്ലാത്തോട്ടത്തിൽ അമ്മയ്ക്കും, ആനിമരിയ അമ്മയ്ക്കും പിന്നാലെ ഒടുവിൽ ഹെൻഡ്രിറ്റാമ്മയും യാത്രയായി!!!! ഇവർ എന്നും കോട്ടക്കയ്ക്കുപുറം ഇടവകയുടെ  നൻമ്മ മരങ്ങളായി നിലനിൽക്കും.

ഉടയവന്റെ ആഗ്രഹങ്ങളെ സഫലീകരിച്ചുകൊണ്ട് ദൈവസ്നേഹത്തിന്റെ ആൾരൂപമായി സ്വർഗീയഭവനത്തിലേക്ക് യാത്രയായ ഹെൻഡ്രിറ്റാമ്മക്ക് സ്നേഹപ്രണാമം.

പ്രാർത്ഥനാ പുഷ്പങ്ങൾ അർപ്പിക്കുന്നു!

-ബെന്നി തടത്തിൽ കോട്ടയ്ക്കുപുറം

Advertisment