Advertisment

പ്രണയം എന്നാല്‍ ശരീരം പങ്കുവെക്കല്‍ അല്ല, ഹൃദയത്തോട് ഒട്ടിച്ചേരുന്ന പ്രതിഭാസമാണെന്ന് സിയന്‍ വാന്‍ഗോഗ് പ്രണയം നമ്മെ പഠിപ്പിക്കുന്നു; 'വാന്‍ഗോഗിന്റെ കാമുകി' ഹൃദയഹാരിയായത് ഈ എഴുത്തിന്റെ മികവിലൂടെയാണ് - പുസ്തക നിരൂപണത്തില്‍ ആര്‍ജെ ജിഷ അനില്‍ എഴുതുന്നു

author-image
സത്യം ഡെസ്ക്
Updated On
New Update
rj jisha anil

ജേക്കബ് എബ്രഹാം എഴുതിയ "വാൻഗോഗിന്റെ കാമുകി " എന്ന നോവൽ വായിക്കാനിടയായി. പ്രീഡിഗ്രി കാലം മുതൽ ആണ് നോവലിസ്റ്റ് ജേക്കബ് എബ്രഹാം വിൻസെന്റ് വാൻഗോഗിനെ കുറിച്ച് അറിയാൻ തുടങ്ങിയത്. അവിടന്നങ്ങോട്ട് ഓരോ അന്വേഷണങ്ങളും പഠനങ്ങളും വാൻഗോഗ് എന്ന വിശ്വവിഖ്യാതനായ എഴുത്തുകാരനോടുള്ള അഗാധമായ പ്രണയത്തിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചു എന്നുതന്നെ നിസ്സംശയം പറയാം.

Advertisment

ഓരോ കൃതികൾക്കും പിന്നിൽ ഒരു തപസ്സിന്റെ കാലമുണ്ടെന്ന് വിശ്വസിക്കുന്നു. ആ കാലഘട്ടമത്രയും ഇദ്ദേഹം വാൻഗോഗിൽ മുഴുകി. അതിന്റെ പരിണിതഫലമായി "വാൻഗോഗിന്റെ കാമുകി "എന്ന നോവലിനു ജന്മം നൽകി. വാൻഗോഗിന്റെ വിശ്വവിഖ്യാതമായ "സൊറോ"എന്ന ചിത്രത്തിന്റെ മോഡൽ ആയ സിയൻ ആണ് ഈ കഥ നമ്മോടു പറയുന്നത്. അതിനായി ക്ലാസിന മരിയ ഹൂർണിക്ക് എന്ന പേരുള്ള സിയനിലേക്ക്  ജേകബ് എബ്രഹാം പരകായപ്രവേശം നടത്തി.

വായനയിലേക്ക് 

വായനയുടെ പ്രാരംഭം മുതൽക്കേ മഴയുടെ നേർത്ത സ്പർശം എന്റെ മനസിനെ ഒരു പ്രണയഗാഥ കേൾക്കാൻ  സജ്ജമാക്കിയിരുന്നു. 16 വർഷങ്ങൾക്കു മുൻപ് വായിച്ച ഒരു നോവൽ' തോമസ് ഹാർഡി' എഴുതിയ "അണ്ടർ ദി ഗ്രീൻ വുഡ് ട്രീ" കോളേജ് ക്യാമ്പസിന്റെ  മരച്ചുവട്ടിലിരുന്ന് ഏകാഗ്രമായി വായിക്കുമ്പോഴും മഴ തോർന്നു മരം പെയ്തു കൊണ്ടേയിരിക്കുകയായിരുന്നു.

ദാ ഇപ്പോൾ മഴ തോർന്നു, അരിനെല്ലി മരത്തിന്റെ ഇലകളിൽ നിന്നും മഴത്തുള്ളികൾ ഇറ്റിറ്റ് വീണുകൊണ്ടേയിരിക്കുന്നു. അനുവാദം ചോദിക്കാതെ ജനൽ പാളികൾക്കിടയിലൂടെ കാറ്റെന്നെ പുൽകികൊണ്ടേയിരുന്നു. വായന  പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണ്, വായിക്കുന്ന പുസ്തകത്തിന്റെ അന്തരീക്ഷത്തിലേക്ക് വരാൻ പ്രകൃതിയും സാഹചര്യങ്ങളും ഒരുങ്ങിക്കഴിയുമ്പോഴാണ് വായന അത്രമേൽ സുഖമുള്ളതാകുന്നത്.

പ്രത്യേകിച്ച് നോവലുകൾ. പെട്ടന്ന് വായനക്കു തടസ്സം വരുമ്പോൾ, നാം മറ്റൊരു ജോലിയിൽ ഏർപ്പെടേണ്ടി വരുമ്പോൾ അതുവരെ വായിച്ച സന്ദർഭങ്ങളൊക്കെയും കണ്ണിലും നെഞ്ചിലും നിറഞ്ഞ് സ്ഥലകാലബോധത്തിലേക്ക് എത്താൻ സമയം ഏറെയെടുക്കും. അത്തരം അവസ്ഥയിലൂടെയും കടന്നുപോയി. എങ്കിലും വായന തുടർന്നു.അതിലും സംതൃപ്തി തോന്നാത്തതിനാൽ വായിച്ചു മാർക്ക്‌ ചെയ്ത് വച്ചിടം വരെ വീണ്ടും വായിച്ചു.

പിന്നീട് ഒരൊഴുക്കായിരുന്നു. ഹേഗിന്റെ തെരുവീഥിയിലൂടെ ഒഴുകുന്ന കനാൽ വെള്ളം പോലെ.... ജേക്കബ് എബ്രഹാം എന്ന എഴുത്തുകാരൻ പലപ്പോഴും പാശ്ചാത്യ സാഹിത്യത്തിൽ ഭ്രമം ഉള്ളോരാളായി തോന്നിയിട്ടുണ്ട്.വായിൽ കൊള്ളാത്ത പുസ്തകങ്ങളുടെ പേരുകൾ അദ്ദേഹം പലയിടങ്ങളിലായി പറയുകയും കുറിച്ചിടുകയും ചെയ്യുന്നത് കണ്ടപ്പോളെല്ലാം മനസ്സിൽ തോന്നിയിട്ടുണ്ട് ഇദ്ദേഹത്തിന് മലയാള സാഹിത്യം വശമില്ലേ എന്ന്.

എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ലയായ പത്തനംതിട്ടയിൽ ജനിച്ചുവളർന്ന ഇദ്ദേഹം എങ്ങനെയാണ് മലയാളത്തിന്റെ മാധുര്യം അറിയാതെ പോകുക... അല്ലേ ?

jacob abraham

ജേക്കബ് എബ്രഹാം

വായനയുടെ പുറംകാഴ്ചകൾ 

വായനയിലൂടെ ഹേഗ് എന്ന നഗരം ഹിമകണങ്ങൾ  മൂടി കണ്മുന്നിൽ തെളിഞ്ഞു നിന്നു.മദ്യത്തിന്റെ ലഹരിയിൽ സിയൻ നടന്നുപോയ കനാൽവീഥികളും, വേശ്യവൃത്തിയിലേർപ്പെട്ടവരും വാറ്റുചാരായം ഉണ്ടാക്കുന്നവരും അപ്പക്കാരിയും, പെട്രോയുടെ വിറകുവണ്ടിയും എല്ലാം ഉൾപ്പെടുന്ന ആ തെരുവ് വർണ്ണനയിലൂടെ സഹൃദയരിൽ ഒരു ചിത്രം വരച്ചിടുന്നു.സിയൻ ഉടലുപങ്കിട്ട പുരുഷന്മാരിൽ തുടങ്ങി പ്രണയപരാഗമിറ്റിച്ച വാൻഗോഗ് വരെ കണ്ണിൽ തെളിഞ്ഞുനിന്നു.

വായനയിൽ മുഴുകുമ്പോൾ

സിയന് അഭയം നൽകിയ ആഗ്നസിന്റെ കൊച്ചു വീട്ടിൽ വായനയുടെ ഇരുണ്ട രാത്രിയിൽ ഞാനും തലചായ്ച്ചുറങ്ങി.മദ്യത്തിൽ അടിമപ്പെട്ട അവളെ മനസ്സിൽ വെറുതെയെങ്കിലും ശകാരിച്ചു. അകാരണമായി ഉള്ളിൽ ഒരു നൈരാശ്യം പടർത്തി വാൻഗോഗിന്റെ പ്രക്ഷുബ്ധമായ മനസിനോട് സംവദിക്കാൻ സിയനോടൊപ്പം ഞാനും കൂടി.ആഗ്നസിനോട് വിടപറഞ്ഞു സിയൻ വാൻഗോഗിനോടൊപ്പം പോകുമ്പോൾ അവളുടെ മൂന്നുമാസമായ ഗർഭാവസ്ഥയിൽ ഞാൻ വ്യാകുലപ്പെട്ടു.

ചിത്രം വരക്കുവാനാകാതെ അസ്വസ്ഥനായ വാൻഗോഗിനെ കണ്ട് അതീവ ദുഃഖം എന്റെ മുഖത്തു നിഴലിച്ചു. ആഗ്നസിന്റെ വാത്തക്കോഴികൾക്ക് ഞാനും തീറ്റ നൽകി പലപ്പോഴായി ആഗ്നസിന്റെയും സിയന്റെയും മക്കൾക്കൊപ്പം.

ചിത്രകാലയുടെ പഠനം കൂടിയാകുന്നു

ഈ നോവൽ സർഗ്ഗാത്മകതയിൽ മാത്രം ഉരുകിയൊലിച്ചതല്ല. പഠനകളുടെയും പ്രബന്ധങ്ങളുടെയും  എഴുതിവെക്കപ്പെട്ട യാഥാർത്ഥ്യങ്ങളുടെയും പിന്നാമ്പുറങ്ങളിൽ ഒരു ഭ്രാന്തനെ പോലെയലഞ്ഞ, വാൻഗോഗിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച എഴുത്തുകാരന്റെ വിഷയാധിഷ്ഠിതമായ അന്വേഷണങ്ങളുടെ ആകെ തുക കൂടിയാണ്.

കലാമ്യൂസിയത്തിൽ നിരവധി ചിത്രങ്ങളെ കുറിച്ച് ഗയ്ഡ് പറഞ്ഞുതരുമ്പോൾ ആണ് ഇത്രയും മഹത്തരമായ ചിത്രങ്ങളും ചിത്രകാരന്മാരും ഉണ്ടെന്ന് തന്നെ ഞാൻ അറിയുന്നത്. ഇതൊരു ഗഹനമായ പഠനത്തിന്റെ പ്രതിഫലനമായി കാണണം.

പ്രണയം വരക്കുമ്പോൾ 

പ്രണയം നമ്മെ പ്രപഞ്ചവുമായി കൊരുത്തിട്ട വിസ്മയമാണ്. ഈ നോവലിലൂടെ നാം തിരിച്ചറിയുന്നത് നിഷ്കളങ്കമായ സ്നേഹത്തിലൂടെ മാത്രമേ ജീവിതത്തെ സ്പർശിക്കാൻ ആവുകയുള്ളു എന്ന വലിയ സത്യമാണ്.

നിശയുടെ അവ്യക്ത കോലമായി ആർക്കൊക്കെ ഭോഗിക്കുവാൻ തന്റെ ജീവിതം ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞ  ഒരു വേശ്യയായ സ്ത്രീ, നാളെ എന്തെന്നറിയാതെ, പ്രതീക്ഷകൾ ഇല്ലാതെ, ബന്ധങ്ങളുടെ കെട്ടുപാടുകളിൽ വരിഞ്ഞുമുറുകാതെ ഒരു ഒഴുക്കിൽ ജീവിതം തള്ളിനീക്കുന്നവളെ ഒരു ചിത്രകാരന്റെ ക്യാൻവാസിലൂടെ അരണ്ട വെളിച്ചത്തിൽ വിവിധ വർണ്ണങ്ങൾ നൽകി പകർത്തുന്ന വേളയിൽ അവളുടെ ഉടലും ഉയരും ഗംഗയിൽ മുങ്ങി നിവർന്നപോൽ ശുദ്ധീകരിക്കപ്പെടുന്നു. 'സോറോ' എന്ന വിശ്വവിഖ്യാതമായ ചിത്രത്തിലൂടെ അവൾ പുനർജനിക്കപ്പെടുന്നു.

"സിയൻ ഞാൻ നിങ്ങളെ പ്രണയിക്കുന്നു ദയവുചെയ്ത് എന്റെ കൂടെ താമസിക്കൂ..." വാൻഗോഗിന്റെ പ്രണയാർദ്രമായ വാക്കുകളിൽ അവൾ ഒരു ജീവിതം നിമിഷമാത്രയിൽ സ്വപ്നം കണ്ടു.

ഇതുവരെ മറ്റൊരു പുരുഷനോടും തോന്നാത്ത, മറ്റൊരു പുരുഷനും അവളോട് പറയാത്ത, മുൻപൊന്നും അനുഭവിച്ചിട്ടില്ലാത്ത അപൂർവ്വ നിമിഷത്തെ അവൾ പ്രണയം എന്ന് വിളിച്ചു.ജീവിതത്തിന്റെ ഗതിവിഗതികൾക്ക് അനുസരിച്ച് ലക്ഷ്യം തെറ്റി കനാലിലെ പച്ചവെള്ളത്തിലൂടെ ഒഴുകുന്ന മാലിന്യമായി മാറിപ്പോകാവുന്ന സിയൻ പ്രണയത്തിന്റെ വേരിറക്കങ്ങളിൽ തട്ടിത്തടഞ്ഞ ഒരു പരാഗസസ്യമായി തഴച്ചു വളർന്ന് പ്രതീക്ഷയുടെ തുരുത്തിൽ വിലയം പ്രാപിച്ചതായി കഥയുടെ മധ്യാവസാനം വരെ കാണാം. 

പ്രണയം എന്നാൽ ശരീരം പങ്കുവെക്കൽ അല്ലെന്നും ഹൃദയത്തോട് ഒട്ടിച്ചേരുന്ന പ്രതിഭാസമാണെന്നും സിയൻ വാൻഗോഗ് പ്രണയം നമ്മെപഠിപ്പിക്കുന്നു.

ഉള്ളിൽ തട്ടിയ ചില സംഭാഷണങ്ങൾ 

സിയൻ വാൻഗോഗിനോട് പറയുന്നുണ്ട് ഇങ്ങനെ "സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് എന്ന് അങ്ങയ്ക്ക് അറിയാമോ മൊസ്സ്യേ?അത് അല്പം കരുണയും സ്നേഹവും മാത്രമാണ്. അതുമാത്രമാണ് " 

വാൻഗോഗിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ആഗ്നൻസിനോട് സിയൻ ഇങ്ങനെ പറയുന്നു "ഞാൻ വാൻഗോഗിനെ കണ്ടു." 'ദൈവത്തെ കണ്ടു എന്ന് പറയുന്നതുപോലെയാണ് താൻ അങ്ങനെ പറഞ്ഞത് എന്ന് സിയന് തോന്നിപ്പോയി ഒരു വിശുദ്ധ വചനം പോലെ...' 

ജീവിതമേ ഇല്ലെന്നു കരുതിയ ഒരുവളിലേക്ക് പ്രതീക്ഷയുടെ പ്രണയനീരിറ്റു വീഴുന്നതിനെക്കുറിച്ച്   ഗംഭീരമായി പറഞ്ഞു വയ്ക്കുന്നുണ്ട്. അതിങ്ങനെയാണ് " ജീവിതത്തിന്റെ അപ്രതീക്ഷിതമായ തിരുവുകളെ കുറിച്ച് ഇപ്പോൾ ഞാനും വാൻഗോഗിനെ പോലെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.മൃഗസമാനമായിരുന്നു എന്റെ പഴയ ജീവിതം. തിന്നുന്നു, കുടിക്കുന്നു, തെരുവിൽ അലയുന്നു,പണത്തിനുവേണ്ടി ഭോഗിക്കപ്പെടുന്നു, അഴുക്കുചാലുകളിലൂടെ ശരീരവും ആത്മാവും ഒഴുകിപ്പോകുന്നു,ആ കാലത്ത് നിന്നും കലയുടെ ഒരു തുള്ളി വെളിച്ചം ആ മരങ്ങളിൽ വീഴുന്ന നിലാവ് പോലെ എന്റെ ഉള്ളിലേക്ക് വാൻഗോഗ് നിറയ്ക്കുന്നു.നിലാവ് പോലെ പ്രണയത്തിന്റെ നനുത്ത വെളിച്ചം വാൻഗോഗ് എന്നിൽ നിറയ്ക്കുന്നു."

"വാൻഗോഗ്...! ആ പേര് ഉച്ചരിക്കുമ്പോൾ തന്നെ എന്റെ ഹൃദയം തുടിക്കുന്നു. പുതിയ ആകാശവും പുതിയ ഭൂമിയും എനിക്കു സ്വന്തമായതുപോല...."

ഇങ്ങനെ ഹൃദയഭാഷ്യങ്ങൾ ഒരുപാടുണ്ട് നോവലിൽ. "നമ്മുടെ ചിത്രകലാ ലോകത്ത് എത്രവലിയ വിസ്‌ഫോടനമാണ് ഇംപ്രഷനിസം"എന്ന് വാൻഗോഗ് പറയുന്നുണ്ട്.

നോവലിൽ പ്രണയത്തിന്റെ അത്യപൂർവ്വ ചായക്കൂട്ടുകൾ കൊണ്ട് ജേക്കബ് എബ്രഹാം നമുക്കുമുന്നിൽ ഒരു ലോകത്തെ വരച്ചിടുന്നുണ്ട്. ആ സർഗ്ഗാത്മകഥയാണ് എഴുത്തുകാരൻ നമുക്ക് നൽകുന്ന ഇംപ്രഷനിസം.യഥാർത്ഥത്തിൽ ഇവിടെ എഴുത്തുകാരൻ ആണ് വാൻഗോഗിനെ അഗാധമായി പ്രണയിച്ചത് എന്ന് മനസിലാക്കുന്നു.

" വാൻഗോഗിന്റെ കാമുകി"ഹൃദയഹാരിയായത് ഈ എഴുത്തിന്റെ മികവിലൂടെയാണ്. അതോടൊപ്പം തന്നിലേക്ക് ചേർന്നുനിന്ന ചില മനുഷ്യരുടെ സ്വാധീനത്തിലൂടെ വാൻഗോഗിനെ അടുത്തറിഞ്ഞ എഴുത്തുകാരൻ തന്റെ നോവൽ വിരിയിക്കാൻ  ഹൃദയത്തിന്റെ ചൂട് നൽകുമ്പോൾ കൂടെ നിന്നവർക്കുള്ള സമ്മാനമായി പുസ്തകം സർപ്പിക്കുന്നു. ഒപ്പം മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കും. അങ്ങനെയാകുമ്പോൾ സകലർക്കും എന്ന ധ്വനിയും ഉണ്ടല്ലോ ?

"വാൻഗോഗിന്റെ കാമുകി" എന്ന നോവൽ വായനയുടെ രസഗുള നിങ്ങൾക്കും പങ്കുവയ്ക്കുന്നു.

-ആര്‍ജെ ജിഷ അനിൽ





Advertisment