മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നത് പറയുന്നത് എത്ര ശരിയാണ്. നിനിച്ചിരിക്കാത്ത നേരത്താകാം അത് കടന്നുവരുന്നത്. ചിലപ്പോഴൊക്കെ അശ്രദ്ധയുടെ നിമിഷങ്ങളിലായിരിക്കാം മരണം പതിയിരിക്കുന്നത്. ആരോഗ്യകാര്യങ്ങളില്‍ ഒരിക്കലും അത്തരം മുന്‍വിധി അരുതേ എന്ന് കണ്ണീരോടെ പറയുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ വിവേക് മുഴക്കുന്ന്.
സ്വന്തം അനിയന്റെ വേര്‍പാടിന്റെ അനുഭവത്തിലാണ് വിവേക് ഇത് പറയുന്നത്. ചെറിയൊരു നെഞ്ചെരിച്ചില്‍, കൈ വേദന അത്രയേ ഉണ്ടായിരുന്നുള്ളൂ വിവേകിന്റെ അനിയന്‍ നാരായണന്. പക്ഷേ ആരുമറിയാതെ ഉള്ളിന്റെ ഉള്ളില്‍ ആ വേദന മരണത്തിന്റെ വിത്തുപാകിയിരുന്നുവെന്ന് വിവേക് പറയുന്നു. ആരോഗ്യപരമായ അസ്വസ്ഥതകള്‍ക്കു മുന്നില്‍ സ്വയം ഡോക്ടറാകാതെ വേണ്ട ചികിത്സ കൃത്യമായി ഉറപ്പാക്കണമെന്ന് വിവേക് പറയുന്നു.
ഫെയ്‌സ്ബുക്കിലൂടെയാണ് വിവേകിന്റെ കുറിപ്പ്
2250 രൂപ മാത്രം...!
മടിച്ചു നിൽക്കരുതേ.
അപേക്ഷയാണ്,
അനിയന്റെ ഓർമയ്ക്കുമുന്നിൽ
നെഞ്ചുവേദന തോന്നിയിരുന്നു. നല്ല കിതപ്പും. കയ്യും കാലും തളരുന്നത് പോലെ. ഒരാഴ്ചയായി ഇതാണ് അവസ്ഥ. അമിതമായ ഭക്ഷണത്തിന്റേതാകുമെന്ന് സ്വയം സമാധാനിച്ചു. ശ്വേതയുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിനുവഴങ്ങി ഇന്നാണ് ആശുപത്രിയിൽ പോയത്. ഡോക്ടർ വിനോദ് പി.തോമസിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന ഇ.സി.ജി, എക്കോ, ടിഎംടി... തുടങ്ങി എല്ലാം. മൂന്നുമണിക്കൂറിനുശേഷം പാലാരിവട്ടത്ത് കാറിൽ ഇരിക്കുകയാണ് ഇപ്പോൾ. കൂട്ടുവന്ന പ്രതീഷേട്ടൻ അരികിലിരുന്ന് രഞ്ജിയോട് ഫോണിൽ സംസാരിക്കുന്നു. ''.. ഇല്ലെടാ. ഒരു കുഴപ്പവുമില്ല. ബിപി പോലുമില്ല. വെറും 2250 രൂപയ്ക്ക് സകലടെസ്റ്റും കഴിഞ്ഞു. വിവേക് മരണ ഹാപ്പി..'' അതെ, ഞാൻ ഹാപ്പിയാണ്!
ഒരു രോഗവുമില്ല എന്നറിയുന്ന ഏതൊരാളെയും പോലെ. ഡോക്ടർ തന്നത് ക്ലീൻ സർട്ടിഫിക്കറ്റാണ്. എന്തിനായിരുന്നു ഞാൻ ആശുപത്രിയിൽ പോയത്...? എന്തിനാണ് എന്നെ ആശുപത്രിയിലേക്ക് പോകാൻ എല്ലാവരും നിർബന്ധിച്ചത്...? അതിന്റെ കാരണം മരവിച്ചു കിടക്കുന്നത് ഓഗസ്റ്റ് 20 ലെ പ്രഭാതത്തിലാണ്.
2019 ഓഗസ്റ്റ് 20... അന്നാണല്ലോ എന്റെ പ്രിയപ്പെട്ട അനിയനെ നെഞ്ചുവേദന കൊണ്ടുപോയത്. അവന് നെഞ്ചെരിച്ചൽ ഉണ്ടായിരുന്നു, കൈ വേദനയുണ്ടായിരുന്നു. അപ്പോഴൊക്കെയും ആശുപത്രിയിൽ പോകാൻ അവനെ ആരും നിർബന്ധിച്ചില്ല, ഈ എട്ടൻ പോലും. തലേന്ന് വേദന വർധിച്ചുവന്നപ്പോൾ കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ പോയി, സ്വയം കാറോടിച്ച് കൂട്ടുകാർക്കൊപ്പം.
ആരോഗ്യവാനാണെന്ന് പ്രത്യക്ഷത്തിൽ തോന്നിയതുകൊണ്ടും വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞതുകൊണ്ടുമാവാം യാതൊരു ടെസ്റ്റും നടന്നില്ല... രോഗനിർണയവും ഉണ്ടായില്ല. അവർ കൊടുത്ത ഗ്യാസ്ട്രബിളിന്റെ ഗുളികകളുമായി മടങ്ങുമ്പോൾ അവൻ എന്നെ വിളിച്ചിരുന്നു. 'കുഴപ്പമൊന്നുമില്ല. മൂന്നുദിവസം കഴിഞ്ഞ് ചെല്ലണം. ആവശ്യമെങ്കിൽ ടിഎംടി എടുക്കാമെന്ന് പറഞ്ഞു...'
പിറ്റേന്ന് രാവിലെ വേദനയോടെ അവൻ എന്നോട് സംസാരിക്കുമ്പോൾ ഞാൻ നിസ്സഹായനായിരുന്നു. അമ്മയും അശോകേട്ടനും മറ്റുസുഹൃത്തുക്കളും കഴിയുന്നതെല്ലാം ചെയ്തു. പക്ഷെ.........!
29 വയസ്സുണ്ട് ഞങ്ങൾ തമ്മിലുള്ള പരിചയത്തിന്. അതിനിടയിൽ ഒരിക്കൽ പോലും തമ്മിൽ വഴക്കുകൂടിയിട്ടില്ല, സ്നേഹിച്ചിട്ടേയുള്ളൂ. പരസ്പരം ബഹുമാനിച്ചിട്ടേയുള്ളൂ. എന്നും അറിവിലും അനുഭവത്തിലും ഞാൻ അവന്റെ അനിയനായിരുന്നു. നന്നായി അധ്വാനിച്ചു. അതിലും നന്നായി ജീവിച്ചു.
നാട്ടിലേക്കുള്ള എന്റെ യാത്രകൾ ചിലപ്പോഴെങ്കിലും അവന്റെ വസ്ത്രങ്ങളുടേയും പെർഫ്യൂമുകളുടേയും 'അപഹരണ'ത്തിനുവേണ്ടിയായി... അവനേക്കാൾ അവൻ ഞങ്ങളെക്കുറിച്ച്, ഉറ്റവരെകുറിച്ച് ചിന്തിച്ചു. അവർക്കൊക്കെ വേണ്ടിയായിരുന്നു ജീവിതം. എനിക്കറിയാം എനിക്കായിരുന്നു നെഞ്ചുവേദന വന്നിരുന്നതെങ്കിൽ അവൻ ഒറ്റയ്ക്ക് എന്നെ കാത്തേനെ. എത്രയെത്ര അപകടങ്ങളിൽ അവനെന്റെ രക്ഷിതാവായിരിക്കുന്നു... എന്റെ നാരായണൻ. അപേക്ഷയാണ്... ചെറിയ വേദനയുണ്ടെങ്കിൽ പോലും സ്വയം സമാധാനിക്കാതെ മികച്ച ഡോക്ടറെ സമീപിക്കുക.
എല്ലാ നെഞ്ചുവേദനയും ഗ്യാസ്ട്രബിളാണെന്ന് വിചാരിക്കുന്നിടത്ത് നമ്മൾ സ്വാഗതം ചെയ്യുന്നത് മരണത്തെയാണ്. പണത്തെക്കുറിച്ചല്ല, ജീവനെകുറിച്ച് ആലോചിക്കുക; സമയത്തെക്കുറിച്ചും. രോഗം മറച്ചു വയ്ക്കാനുള്ളതല്ല, തുറന്നുപറയാനുള്ളതാണ്. നമുക്ക് ഹൃദയം തുറന്ന് മിണ്ടാം. മടിക്കരുത്, മിടിപ്പിന്റെ കാര്യമാണ്.
സ്നേഹത്തോടെ,
എന്റെ അനിയനുവേണ്ടി
വിവേക് മുഴക്കുന്ന്
https://www.facebook.com/vivek.muzhakkunnu/posts/1977464672385006