ഫാദേഴ്സ് ഡേ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി പി. വിജയൻ ഐ.പി.എസ്. ഒരു ദിവസം ആരംഭിക്കുന്നത് അച്ഛനെയും അമ്മയെയും ഗുരുക്കന്മാരെയും വന്ദിച്ചു കൊണ്ടാണ്. ഫാദേഴ്സ് ഡേ ക്ക് വേണ്ടി പ്രത്യേകമായി അച്ഛനെ ഓർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
1992 ൽ യു.ജി.സി പരീക്ഷയുടെ തയാറെടുപ്പിനായി സുഹൃത്ത് ആലുവക്കാരനായ അബ്ദുൽ കരീം വീട്ടിൽ താമസിച്ചിരുന്നു. കരീം അടുത്തുള്ള ഒരു പള്ളിയിൽ പോയി അഞ്ചു നേരം നമസ്‌കരിക്കുമായിരുന്നു. ആ സമയത്ത് പൂജ മുറി ഒഴിച്ച് വീടിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും പണികൾ നടക്കുന്നുണ്ട്. ബാബരി മസ്ജിദ് തകർപ്പെട്ട ദിവസം കരീം പള്ളിയിലേക്ക് നമസ്‌കരിക്കാൻ ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു, പുറത്തേക്ക് പോകണ്ടായെന്ന്. ഞാൻ അത്ഭുതപ്പെട്ടു, അച്ഛനെന്താ അങ്ങനെ പറഞ്ഞത്, ഇനി കരീം എങ്ങനെ നമസ്കരിക്കും? അച്ഛൻ പറഞ്ഞു കരീം പൂജ മുറിയിൽ നമസ്ക്കരിക്കട്ടെ എന്ന്. അടുത്ത പത്ത് ദിവസം കരീം ഞങ്ങളുടെ പൂജ മുറിയിലാണ് നമസ്കരിച്ചത്. അത് കൊണ്ട് ഞങ്ങളുടെ ആരുടേയും വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല, കരീമിന്റെ വിശ്വാസത്തിനും ഒന്നും സംഭവിച്ചില്ല. – പി. വിജയൻ ഐ.പി.എസ് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഞങ്ങളുടെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് മൂന്ന് വർഷത്തോളമായി. എന്റെ ഒരു ദിവസം ആരംഭിക്കുന്നത് അച്ഛനെയും അമ്മയെയും ഗുരുക്കന്മാരെയും വന്ദിച്ചു കൊണ്ടാണ്. Father’s Dayക്ക് വേണ്ടി പ്രത്യേകമായി അച്ഛനെ ഓർക്കേണ്ട കാര്യമില്ല എങ്കിലും, ഇന്ന് ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് എന്താണ് അദ്ദേഹം എന്നിൽ ബാക്കി വച്ച് പോയത് എന്നാണ്. അതിൽ പ്രധാനം, വിശ്വാസം എന്നും വ്യക്തിപരമാണ്, അതിന്റെ അടിസ്ഥാനത്തിൽ ആരെയും വകതിരിച്ചു കാണേണ്ടതില്ല. അച്ഛൻ രണ്ടു നേരം പ്രാർത്ഥിക്കുന്ന വലിയ ഒരു ഭക്തനായിരുന്നു. പക്ഷേ അതൊരിക്കലും ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെ ബാധിച്ചിരുന്നില്ല.
എനിക്കിപ്പോൾ ഓർമ്മ വരുന്നത്, 1992-ൽ ബാബറി മസ്ജിദ് പൊളിക്കപ്പെട്ട ദിവസം രാജ്യമെമ്പാടും എന്നപോലെ എന്റെ നാടും ജാഗ്രതയിലായിരുന്നു. ആ സമയത്ത് UGC പരീക്ഷയുടെ തയ്യാറെടുപ്പിനായി എന്റെ സുഹൃത്ത് ആലുവക്കാരനായ അബ്ദുൽ കരീം എന്റെ വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. കരീം അടുത്തുള്ള ഒരു പള്ളിയിൽ പോയി അഞ്ചു നേരം നമസ്‌കരിക്കുന്ന ആളായിരുന്നു. ആ സമയത്ത് പൂജ മുറി ഒഴിച്ച് വീടിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും പണികൾ നടക്കുന്നുണ്ട്. ആ ഡിസംബർ ആറിന്, വൈകുന്നേരത്തോടെ വാർത്തകൾ പുറത്ത് വന്ന ശേഷം, കരീം പള്ളിയിലേക്ക് നമസ്‌കരിക്കാൻ ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു, പുറത്തേക്ക് പോകണ്ടായെന്ന്. ഞാൻ അത്ഭുതപ്പെട്ടു, അച്ഛനെന്താ അങ്ങനെ പറഞ്ഞത്, ഇനി കരീം എങ്ങനെ നമസ്കരിക്കും? അച്ഛൻ പറഞ്ഞു കരീം പൂജ മുറിയിൽ നമസ്ക്കരിക്കട്ടെ എന്ന്. അടുത്ത പത്ത് ദിവസം കരീം ഞങ്ങളുടെ പൂജ മുറിയിലാണ് നമസ്കരിച്ചത്. അത് കൊണ്ട് ഞങ്ങളുടെ ആരുടേയും വിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചില്ല, കരീമിന്റെ വിശ്വാസത്തിനും ഒന്നും സംഭവിച്ചില്ല. ഞങ്ങൾ എല്ലാവരും ഈശ്വരന്റെ ശക്തിയിൽ വിശ്വസിക്കുന്ന ആൾക്കാരാണ്. എന്നാൽ അത് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും സഹപ്രവർത്തകരെ തിരഞ്ഞെടുക്കുന്നതിലും ഒരു ഘടകം ആകാതിരുന്നതിന് കാരണം അന്ന് അച്ഛൻ കാണിച്ചു തന്ന മാതൃകയാണ്.
മറ്റൊന്ന്, അച്ഛൻ ഒരിക്കലൂം ധനികനായിരുന്നില്ല. എന്നാൽ ഒരു സാമ്പത്തിക പ്രതിസന്ധിയിലും അച്ഛൻ സത്യത്തിന് നിരക്കാത്തത് ഒന്നും ചെയ്യാൻ അനുവദിക്കുമായിരുന്നില്ല, അച്ഛൻ ചെയ്യാറുമില്ലായിരുന്നു. ഇന്നും പ്രതിസന്ധികൾ വരുമ്പോൾ ശരിയുടെ പക്ഷത്തു ഉറച്ചു നില്ക്കാൻ ഞങ്ങൾക്ക് ശക്തി തരുന്നത് അച്ഛന്റെ ചിന്തകളാണ്. ഇനിയൊന്ന്, അച്ഛൻ ഒന്നിലും അക്ഷമനായിരുന്നില്ല, അതിയായ വ്യാകുലതയും അച്ഛനുണ്ടായിരുന്നില്ല. സ്വന്തം കുട്ടികളുടെ കാര്യത്തിൽ പോലും ഒരുപാട് അന്വേഷണങ്ങൾ അച്ഛൻ ചെയ്യുമായിരുന്നില്ല. ഞങ്ങൾ എന്ത് പഠിക്കുന്നു, എവിടെ പോകുന്നു എന്നൊന്നും അച്ഛൻ അധികം ചിന്തിച്ചു വിഷമിച്ചിരുന്നില്ല. അച്ഛൻ തന്റെ സ്നേഹം അങ്ങനെ പ്രകടിപ്പിക്കാറും ഉണ്ടായിരുന്നില്ല. എന്നാലും 88-മത്തെ വയസ്സിൽ മരിക്കുന്നത് വരെ അച്ഛൻ എന്നത് വളരെ ഉജ്ജ്വലമായ ഒരു സാന്നിദ്ധ്യമായി ഞങ്ങളുടെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു. എന്നും ധ്യാനിക്കുന്ന അച്ഛനെ ഇന്നത്തെ ഈ വിശേഷ ദിവസത്തിൽ ഞാൻ ഓർക്കുന്നത് ഭൗതികമായ സമ്പത്തിന് അപ്പുറം മനുഷ്യ ബന്ധങ്ങളെ വിലമതിച്ചു കൊണ്ട് എല്ലാവരോടും ഇടപഴകി ജീവിക്കാൻ എന്നെ സജ്ജമാക്കി എന്ന നിലയിലാണ്. ആ ഓർമ്മകൾ ഇനിയും ഇതേ പാതയിൽ മുന്നോട്ട് പോകാൻ ശക്തി തരട്ടെ!