റിയാദിൽ നിന്ന് ജിദ്ദ റോഡിൽ 400 കിലോമീറ്റര്‍ അകലെ ഹൈവേയിൽ നിന്ന് മരുഭൂമിയിലേക്ക് പോകുന്ന റോഡിൽകൂടി ഞങ്ങൾ സഞ്ചരിക്കുകയുണ്ടായി. ഞങ്ങളുടെ ഒരു സൗദി സുഹൃത്തിന്റെ കൂടെയാണ് പോയത്...
മരുഭൂമിയിൽ ഉള്ള ടാർഇട്ട റോഡിൽ കൂടി ഒരു 100 കിലോമീറ്റര്‍ പോയപ്പോൾ ഒരു പെട്രോൾ ബങ്കിന്റെ അടുത്ത വാഹനം നിർത്തിയിട്ടു.. അവിടെന്നു പെട്രോൾ പമ്പിന്റകത്ത് ഒരു ചെറിയ സൂപ്പർ മാർക്കറ്റ് ഉണ്ട്, ജ്യൂസ് കുടിച്ച് ക്ഷീണം മാറ്റി.
അപ്പോൾ ഞങ്ങളെ കൂടെയുണ്ടായിരുന്ന സൗദി സുഹൃത്ത് പറഞ്ഞു ഇവിടെന്നു നമ്മളെ കൊണ്ട് പോകാൻ വേറെ വാഹനം വരും വരുന്ന വാഹനം മരുഭൂമിയിൽ കൂടി പോകുകയുള്ളൂ. 10 മിനിറ്റ് കഴിഞ്ഞപ്പോൾ പറഞ്ഞ വാഹനം എത്തി.. മരുഭൂമിയിൽ കൂടി യാത്ര ചെയ്യാൻ കഴിയുന്ന പ്രത്യേകം ടയറുകൾ ഉള്ള 4 വീല്‍ ഡ്രൈവ് വാഹനം ആയിരുന്നു അത്...
വാഹനം കണ്ട് നമ്മൾ ഇതിലാണ് പോകേണ്ടത് എന്ന് പറഞ്ഞപ്പോൾ ആദ്യം പേടി തോന്നി. പിന്നെ സുഹൃത്തായ സൗദി പൗരൻ അഹമ്മദ് അബ്ദുല്ല ഒത്തേവി പറഞ്ഞപ്പോൾ നമ്മൾ കയറി... മരുഭൂമിയിലെ മണൽ പാതയിൽ കൂടി പൊടികാറ്റിനെ തരണം ചെയ്ത് നമ്മൾ യാത്ര ചെയ്തു.. ഇടക്കിടക്ക് ഡ്രൈവർ തന്റെ കയ്യിൽ ഉള്ള ബൈനോക്കുലർ വച്ച് നോക്കി റോഡ് തിട്ടപ്പെടുത്തുന്നുണ്ടായിരുന്നു....
എന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി... അതിനനുസരിച്ച് കയ്യിൽ ഉണ്ടായിരുന്ന വെള്ളവും കുറയാൻ തുടങ്ങി... അപ്പോൾ സുഹൃത്ത് ചോദിച്ചു കോഴിക്കോട് സ്വദേശി വിപിൻ എന്നോട് ചോദിച്ചു. നമുക്ക് തിരിച്ച് റിയാദിൽ എത്താൻ കഴിയുമോ.. ഞാൻ പറഞ്ഞു ഇന്ഷാ അല്ലാഹ്...
ഇടയ്ക്കിടെ ഒട്ടകങ്ങൾ വരിയായ് പോകുന്നത് കാണാം... എന്റെ സുഹൃത്ത് ചോദിച്ചു ഇവൻ നമ്മളെ കൊണ്ട് പോയി ഒട്ടകം മേയ്ക്കാൻ കൊണ്ട് ആകുമോ ?... ഞാൻ അത് കേട്ട് ചിരിച്ചു.. ഞങ്ങളെ കൊണ്ടു പോകുന്ന അറബി പൗരൻ റിയാദിലെ ജവാസത്ത് ഡിപ്പാർട്ട്മെന്റ് ലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഞാനുമായി അത്ര നല്ല സ്നേഹബന്ധമുള്ള ഒരു നല്ല മനുഷ്യൻ.
ഒരുപാട് നന്മയുള്ള നല്ല സഹായങ്ങൾ പ്രവാസി സമൂഹത്തിനുവേണ്ടി ചെയ്യുന്ന വ്യക്തിത്വമാണ്. ഇവിടെ നിയമക്കുരുക്കിൽ പെട്ട് കിടക്കുന്ന അനേകം വ്യക്തികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ ആയി നിയമസഹായം തന്നിട്ടുള്ള വ്യക്തിത്വം.
ഇന്ത്യൻ എംബസിയുടെ സന്നദ്ധപ്രവർത്തകരായ ഞങ്ങൾക്ക് അദ്ദേഹം ഒരു നന്മയുള്ള സഹായിയായി എനിക്ക് ഇന്നുവരെ തോന്നിയിട്ടുള്ളത് പിന്നെ എന്തിനാ നമ്മൾ പേടിക്കേണ്ടത് എന്റെ സുഹൃത്ത് വിപിൻനോട് ഞാൻ പറഞ്ഞു.
പിന്നെ. പോകുന്ന വഴിക്ക് കണ്ട മണൽ തിട്ടകളുടെ വളരെ മനോഹരമായ കാഴ്ചകൾ നിങ്ങൾ നേരിൽ കണ്ടാൽ മാത്രമേ എനിക്ക് പറയാൻ കഴിയൂ അത്രയ്ക്ക് മനോഹര കാഴ്ചകൾ ആയിരുന്നു യാത്രയിൽ മണൽക്കാടുകളുടെ താണ്ടി വാഹനം സഞ്ചരിക്കുമ്പോൾ..
രണ്ടര മണിക്കൂർ കൊണ്ട് 80 കിലോമീറ്റർ പിന്നിട്ടപ്പോൾ അതിമനോഹരമായ ഒരു മലയിടുക്കിൽ എത്തി. അത് കണ്ടാൽ അവിടെ മുൻപ് കടൽ ആയിരുന്നു എന്ന് തോന്നും... അവിടെ കുറെ ഭാഗങ്ങളിൽ കൃഷിത്തോട്ടങ്ങൾ കണ്ടു. പിന്നെ ഒറ്റകത്തിനും ആടിനുംഒക്കെ കൊടുക്കുന്ന ബാർസീം എന്ന പുല്ല് നട്ടിരിക്കുന്നത് കണ്ടു.. ഇടവിട്ട് ഇടവിട്ട് ഈന്തപനയും കാണാം...
വീണ്ടും കുറച്ച് മുന്നോട്ട് പോയപ്പോൾ ആടിന്റെനയും ഒറ്റകത്തിന്റെയും പറ്റങ്ങളെയും അതിന്റെ കൂടും കണ്ടു... അവിടെ ചില ആൾക്കാർ ഒട്ടകത്തിന്റെ അടുത്ത നിക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോഴാണ് സ്സുഡാനികൾ ആണെന്ന് മനസിലായത്..
വീണ്ടും ഞങ്ങൾ മുന്നോട്ട് പോയി. കൂടെ കാണുന്ന കാഴ്ചകൾ മൊബൈലുകളിൽ പകർത്തുകയും ചെയ്തു.. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.. അവിടെ മൊബൈലിന് റേഞ്ച് ഇല്ലായിരുന്നു.. അപ്പോൾ ഞാൻ സൗദിയോട് ചോദിച്ചു ആരെയെങ്കിലും വിളിക്കണം എങ്കിൽ എന്ത് ചെയ്യും എന്ന്. ആരെയെങ്കിലും... അപ്പോൾ ഒരു മല ചൂണ്ടിക്കാണിചച്ച് കൊണ്ട് അയാൾ പറഞ്ഞു അവിടെ റേഞ്ച് ഉണ്ട് എന്ന്...
ആകാശം മുട്ടെ ഉയരം ഉള്ള മല.. ഞാൻ നെഞ്ചിൽ കൈ വച്ചു... അതിന്റെ മുകളിൽ എത്താൻ തന്നെ 2 ദിവസം ആകുമല്ലോ എന്ന് ഞാൻ സൗദിയോട് ചോദിച്ചു.. അവൻ ചിരിച്ചു....
ഞങ്ങൾ വീണ്ടും കുറച്ച ദൂരം പിന്നിട്ടപ്പോൾ അതിമനോഹരമായ ഒരു ഗ്രാമം കണ്ടു..ആ ഗ്രാമത്തിലേക്ക് കടക്കുന്ന വഴിയിൽ ഒരു മൈദാനം കണ്ടു... അവിടെ കുറെ കുട്ടികൾ ഫുട്ബോൾ കളിക്കുന്നു.. നമ്മൾ പോകുന്ന വാഹനത്തിന്റെ ഡ്രൈവർ മൈതാനത്തിന്റെ അടുത്ത് വണ്ടി നിർത്തി..
ഡ്രൈവര്‍ സൈഡ് ഗ്ലാസ്സ് താഴ്ത്തി ഹോൺ അടിച്ചു.. അപ്പോൾ കുട്ടികൾ തിരിഞ്ഞ നോക്കി.. അതിൽ നിന്ന് ഒരു കുട്ടി ഓടി വാഹനത്തിന്റെ അടുത്ത വന്നു.. കുട്ടിയോട് ഡ്രൈവർ ദേഷ്യത്തിൽ പറഞ്ഞു വണ്ടിയിൽ കയറാൻ.. അവൻ അപ്പോൾ തന്നെ വണ്ടിയുടെ ബാക് ബോക്സിൽ കയറി ഇരുന്നു. പിന്നെയാണ് നമുക്ക് മനടിലായത് അത് അയാളുടെ മകൻ ആണെന്ന്.
ഗ്രാമത്തിന്റെ മനോഹര കാഴ്ചകൾ കണ്ടു നമ്മൾ ആ ഗ്രാമത്തിന്റെ ഉള്ളിലേക്ക് വാഹനം കയറ്റി... അവിടത്തെ എല്ലാ വീടുകളും പുരാതനമായ രീതിയിൽ നിർമിച്ച വീടുകൾ ആണ്.. അവിടത്തെ മതിലുകൾ ചെറിയ തകര ഷീറ്റുകൾ കൊണ്ട് നിര്മിച്ചവയാണ്.. പല വീടുകൾക്കും മതിലുകൾ ഇല്ല.... കല്ലുകൾ കൊണ്ട് നിർമിച്ച വീടുകൾ ആയിരുന്നു അതിൽ അധികവും...
ഞാൻ അവിടെ നോക്കിയിട്ട് കടകൾ ഒന്നും കണ്ടില്ല... ഇടക്ക് ഇടയ്ക്കു ആളുകൾ വീടിന് മുന്നിൽ ഇരിക്കുന്നത് കാണാം... അവിടത്തെ രീതികളും ഗ്രാമ അന്തരീക്ഷവും ഒക്കെ നമ്മുടെ നാട്ടിലെ ചില ഗ്രാമ പ്രദേശത്തെ പോലെ ആയിരുന്നു.
അവിടെ വാഹനങ്ങളായി മരുഭൂമിയിൽ ഓടുന്ന പിക്കപ്പ് മാത്രമാണ് കാണാൻ കഴിഞ്ഞത്. മരുഭൂമിയിൽ ഓടിക്കുന്ന 3 വീൽ സ്കൂട്ടറുകൾ കണ്ടു.. തമിഴ്നാട് ഗ്രാമങ്ങളിൽ കൂടി പോകുമ്പോൾ കുതിര വണ്ടിയും കഴുത വണ്ടിയും ഇടയ്ക്കിടെ കാണാറുണ്ട്. ഓരോ വീടുകളുടെയും മുറ്റത്ത് കൃഷികൾ ഉണ്ട്. നമ്മുടെ നാട്ടിലെ പോലെ കിണറുകൾ കാണാറുണ്ട് ...
നമ്മൾ പെട്ടെന്ന് വാഹനം ഒരു വീടിന്റെ മുന്നിൽ നിർത്തി.. അഹമ്മദ് സൗദി വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ട് നമ്മളോട് ഇറങ്ങാൻ പറഞ്ഞു.. നോക്കുമ്പോൾ ആ വീട്ടിൽ നിന്നും പ്രായം ചെന്ന ഒരു ഉമ്മുമ്മ പുറത്തേക്ക് വന്നു... നമ്മളുടെ കൂടെ ഉണ്ടായിരുന്ന സൗദി സുഹൃത്ത് ആ ഉമ്മുമ്മയെ കെട്ടിപിടിച് നെറ്റിയിൽ ഉമ്മ കൊടുത്തു.. എന്നിട്ട് പറഞ്ഞു ഇത് എന്റെ ഉപ്പയുടെ ഉമ്മ ആണെന്ന്...
ഞാൻ സലാം പറഞ്ഞു കൈ കൊടുത്തു.. അവർ വീട്ടിലേക്ക് ക്ഷണിച്ചു... നമ്മൾ ആകത്ത് ചെന്ന് നോക്കുമ്പോൾ കല്ലിൽ തീർത്ത ഇരിപ്പിടം.... അതിൽ റെക്സിൻ ഷീറ്റ് വിരിച്ചിട്ടുണ്ട്.. ആയിരപ്പിടത്തിൽ നമ്മളോട് ഇരിക്കുവാൻ പറഞ്ഞു.
എന്റെ സുഹൃത്തും ഇരുന്നു...അപ്പോഴേക്കും അകത്ത് നിന്നും സൗദി സുഹൃത്ത് ഒരു ഗ്ലാസിൽ മോരുമായി വന്നു.. വളരെ രുചികരമായ മോരായിരുന്നു... കൂടെ കഴിക്കാൻ മടക്കിയ ചപ്പാത്തിയുടെ അകത്ത് ഈത്തപ്പഴം നിറച്ച് തന്നു.. അതും വളരെ രുചികരം. കൂടെ ഗാവയും സുലൈമാനിയും നല്ല പച്ച ഈത്തപ്പഴവും.
മുക്കാൽഭാഗം പഴുത്ത മധുരമുള്ള ഈത്തപ്പഴം ആയിരുന്നു.... അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്. ആ ഗ്രാമത്തിൽ വൈദ്യുതി ഇല്ല... അവിടെ അതിനു പകരം ഒരു വലിയ ജനറേറ്റർ വഴിയാണ് അത്രയും വീടുകൾക്ക് വൈദ്യുതി ലഭിക്കുന്നത്... അതും രാത്രി 6 മണിക്ക് ശേഷം മാത്രമേ ജനറേറ്റർ ഓൺ ആകുകയുള്ളൂ... പിന്നെ ചില വീടുകളിൽ സ്വന്തമായി ജനറേറ്റർ വാങ്ങി വച്ചിട്ടുണ്ട്...
പിന്നെ ഞങ്ങൾ വീടിനു പുറത്ത് ഇറങ്ങി.. അവിടെ ഉള്ളവരെ പരിചയപ്പെട്ടു.. നാളുകൾക്ക് വർഷങ്ങൾക്ക് ശേഷം നാട്ടിൽ പോകുന്ന ഒരു അനുഭവമായിരുന്നു. നാട്ടിൽ പോകുമ്പോൾ പരിചയം ഉള്ളവർ വന്നു കുശലം പറയുന്നത് പോലെ ഉള്ള ഒരു ഫീലിംഗ് ഉണ്ടായി..
ആ സൗദി സുഹൃത്തിന്റെ സ്വന്തക്കാർ തന്നെയാണ് പരിസരത്ത് താമസിക്കുന്നത്... എല്ലാവരും അവരുടെ വീടുകളിലേക്ക് ഞങ്ങളെ ക്ഷണിച്ചു.. ഞങ്ങൾ പല വീടുകളിലും കയറി അവിടെന്നു ചായയും ഗാവയും കഴിച്ചു.. പിന്നെ തിരിച്ച് സുഹൃത്തിന്റെ വീട്ടിൽ എത്തി...
ആഹാരം കഴിക്കാൻ വേണ്ടി ഇരിക്കുവാൻ പറഞ്ഞു.. ആദ്യം നമ്മളുടെ മുന്നിലേക്ക് ഖിയാറും ജർജറും സാലഡ് സൈതൂണും ഒഴിച്ച് കൊണ്ട് വച്ചു... അത് ഞങ്ങൾ കഴിച്ചുതുടങ്ങി... അപ്പോഴേക്കും എന്റെ സുഹൃത്ത് അകത്തുനിന്ന് ഒരു വട്ട താലത്തിൽ ഒരു ആടിനെ പൊരിച്ചു പീസ് പീസ് ആക്കി കൊണ്ട് വച്ചു... കൂടെ അവരുടെ വീട്ടിൽ പാചകം ചെയ്ത വളരെ മനോഹരമായ മന്തി റൈസും...
വട്ടത്തിൽ ഇരുന്നു ഞങ്ങൾ ആഹാരം കഴിച്ച് തുടങ്ങി.. ഇതിനും മുൻപ് ഞങ്ങൾ ഇത്രയും രുചികരമായ ആഹാരം ഞങ്ങൾ കഴിച്ചിട്ടില്ല... ഇടക്ക് ഇടക്ക് ആ ഉമ്മുമ്മ വന്നു പറയും കഴിക്ക് മക്കളെ എന്ന്.... വയർ നിറഞ്ഞത് ഞങ്ങൾ അറിഞ്ഞില്ല.... വീണ്ടും കുടിക്കുവാൻ തൈര് എത്തി... ഞങ്ങൾ കുടിച്ച് കൈ കഴുകി ഇരുന്നപ്പോൾ സുലൈമാനിയും ഗാവയും ഈത്തപഴവും ഞങ്ങളുടെ മുന്നിൽ എത്തി...
അതിൽ നിന്ന് ഓരോ ഗ്ലാസും കുടിച്ചു... കുറച്ച് കഴിഞ്ഞ് ഞങ്ങൾ വീടിനു പുറത്ത് ഇറങ്ങിയപ്പോൾ അവിടെ കിടന്ന കുതിരവണ്ടിയിൽ ആ ഗ്രാമം ചുറ്റി കാണാൻ വേണ്ടി പുറപ്പെട്ടു... അപ്പോൾ അവിടെ സ്ത്രീകൾ ഞങ്ങളുടേത് പോലുള്ള വാഹനങ്ങൾ ഓടിക്കുന്നത് കണ്ടു.... വീടിനു മുന്നിൽ ചെറിയ കടകളും കണ്ടു..
അപ്പോൾ സൗദി എന്നോട് പറഞ്ഞു ഇവിടെ എല്ലാ സാധനവും കിട്ടുന്ന കട അതാണെന്ന്.. ഒരു ഹിന്ദികാരൻ ആണ് കച്ചവടം ചെയ്യുന്നതെന്നും പറഞ്ഞു.... അപ്പോൾ അയാളെ കാണാൻ തീരുമാനിച്ചു... അവിടെ ചെന്ന് സലാം പറഞ്ഞപ്പോൾ നമ്മൾ ഞെട്ടിപ്പോയി.. എന്റെ വീടിനടുത് നിന്ന് 2 കിലോമീറ്റര്‍ അകലെ താമസിക്കുന്ന ആളായിരുന്നു അത്.
ആ ഗ്രാമത്തിലെ ഏക മലയാളി.. ആ അറബിയുടെ കടയുടെയും വൈദ്യുതി കൊടുക്കുന്ന ജനറേറ്ററുടെയും എല്ലാ കാര്യങ്ങളും നോക്കുന്നത് ആ വ്യക്തി ആണ്... നാട്ടിൽ വളരെ ഗെറ്റപ്പിൽ നടക്കുന്ന ആൾ ഇവിടെ ഒരു സുഡാനിയുടെ കോലത്തിൽ നടക്കുന്നത് കണ്ട ഞാൻ ഞെട്ടിപ്പോയി...
എന്നോട് അയാൾ പറഞ്ഞു അളിയാ നാട്ടിൽ ചെന്ന് ഈ കാര്യം ആരോടും പറയല്ലേ എന്ന്.. ഞാൻ പറഞ്ഞു അതിനു നീ മാന്യമായ ജോലിയല്ലേ ചെയ്യുന്നത്.. ഇവിടെ ജോലി ചെയ്യ്ത് നീ നാട്ടിൽ വലിയ വീടും ബാക്കി എല്ലാം ഉണ്ടാക്കാൻ കഴിഞ്ഞില്ലേ.. നീ ഏതെങ്കിലും പട്ടണത്തിൽ ആയിരുന്നെങ്കിൽ ഇതിനു സാധിക്കുമായിരുന്നോ ?..
അപ്പോൾ അവൻ വീണ്ടും പറഞ്ഞു ഞാൻ ഇവിടെ ആണേ എന്ന് ആരോടും പറയണ്ട എന്ന്.. എന്തായിരുന്നാലും ആ സുഹൃത്തിനോടും അറബിയുടെ ഉമ്മുമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ വന്ന വണ്ടിയിൽ തിരിച്ച് യാത്ര ആയി..
ഒരിക്കലും മറക്കാൻ ആകാത്ത ഒരു യാത്ര ആയിരുന്നു അത്.. സൗദി അറേബ്യൻ മരുഭൂമിയിൽ നാം കാണാത്ത അനേകം ഗ്രാമങ്ങൾ ഉണ്ട്. പല ഗോത്ര വർഗ്ഗക്കാർ ജീവിക്കുന്ന ഗ്രാമം. നമ്മുടെ ആദിവാസികളെ പോലെ ആശുപത്രിയെ ആശ്രയിക്കാതെ പഴയ പാരമ്പര്യ ചികിത്സാ രീതികളും പാരമ്പര്യമായി കിട്ടിയ ആയുർവേദ പഴയ ചരിത്ര ഗ്രന്ഥങ്ങളിൽ എഴുതിയ തത്വങ്ങൾ അനുസരിച്ച് ജീവിക്കുന്നവർ.
അവർക്ക് ബന്ധങ്ങൾ തിരിച്ചറിയുവാനും സൗഹൃദം കാത്തുസൂക്ഷിക്കുവാനും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സഹായ അസ്തം നൽകുവാനും മാനുഷിക മൂല്യങ്ങളെ കാത്തുസൂക്ഷിക്കുവാനും സ്നേഹം പങ്കുവെക്കുവാനും അവരുടെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നു. അങ്ങനെയുള്ള ഒരു ഗ്രാമം തന്നെയായിരുന്നു യാത്ര അനുഭവത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
ചരിത്രം ഉറങ്ങുന്ന ഗ്രാമങ്ങളിൽ നിന്ന് സിറ്റികളിലേക്ക് ചേക്കേറിയവരാണ് ഇന്ന് സിറ്റികളിൽ കാണുന്ന നല്ലൊരു ശതമാനവും. പാശ്ചാത്യ സംസ്കാരങ്ങളിൽ പഠിച്ചു വളർന്ന പഴയ സംസ്കാരത്തെ നല്ലൊരു ശതമാനവും ചവറ്റുകുട്ടയിൽ എറിഞ്ഞവർ എന്നും സിറ്റികളിൽ വന്നിട്ടും സംസ്കാരവും സ്നേഹവും കാത്തുസൂക്ഷിക്കുന്നവർ ഇന്നും വേറിട്ട നിൽക്കുന്നുണ്ട്..
സൗദി അറേബ്യയിൽ സഞ്ചരിക്കുമ്പോൾ സൗദി അറേബ്യയുടെ മലഞ്ചെരിവുകൾ കാണുമ്പോൾ കടലിന്റെ അടിയിൽനിന്ന് ഒഴിഞ്ഞുപോയ ഒരു പ്രദേശം പോലെയാണ് കാണാൻ കഴിയുന്നത്. ചരിത്രം അങ്ങനെയായി ഞാൻ വായിച്ചിട്ടുണ്ട്. ഇന്നും സൗദിയുടെ മലഞ്ചരിവുകൾ കടൽ ഒഴിഞ്ഞുപോയ മനോഹരമായ ശില്പം പോലെ അടുത്ത് അടുത്തായി കൊത്തിയെടുത്ത മലഞ്ചരവുകൾ ആണ് കാണുന്നത്.
അതുതന്നെയാണ് സൗദി അറേബ്യയെ ചരിത്രപരമായി ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുവാൻ കാരണമായി മാറിയത്. സൗദിയുടെ അനേകം ഗ്രാമങ്ങളിൽ സഞ്ചരിച്ച വ്യക്തിയെന്ന നിലയ്ക്ക് എന്റെ യാത്രയിൽ വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്.
പല ഗോത്രങ്ങളിൽ പെട്ട ഇസ്ലാമിക തത്വങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചു ജീവിക്കുന്ന പല ഗോത്രങ്ങളിൽ പെട്ടവർ അവരുടെ ആതിഥ്യ മര്യാദ നാം ഓരോരുത്തരും കണ്ടു പഠിക്കേണ്ടതാണ്.
ഏതു രാജ്യക്കാരനായിരുന്നാലും അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ മുന്നിൽ നാം എത്തപ്പെട്ടാൽ ഏതു ജാതിയായിരുന്നാലും ഏതു രാജ്യമായിരുന്നാലും അവൻ ഏതു കോലത്തിലുള്ള ആളായിരുന്നാലും അവൻ രണ്ട് കൈകളും നീട്ടി അവിടേക്ക് സ്വീകരിച്ചിരുത്തും.
അവരുടെ കൂടെ വട്ടപ്പാത്രത്തിലും ഒരുമിച്ചിരുന്ന് കഴിക്കുക അവരുടെ സന്തോഷങ്ങളിൽ ഒന്ന് തന്നെയാണ്. അവർ നമുക്ക് സ്നേഹത്തോടെ വിളമ്പിത്തരാർ ഉണ്ടാവും. അതാണ് അറേബ്യൻ മരുഭൂമിയിലെ അറബികളുടെ ആതിഥ്യ മര്യാദകളിൽ.
സൗദി അറേബ്യ ഒട്ടനവധി അതിർത്തി രാജ്യങ്ങൾ പങ്കെടുക്കുന്ന രാജ്യമാണ്. ഇന്ത്യ മഹാരാജ്യത്തിന്റെ 80 ശതമാനം വലിപ്പമുണ്ട്. സിറ്റി വിട്ടു മലഞ്ചെരിവുകളിൽ അനേകം ഗ്രാമങ്ങൾ ഉണ്ട്. ഗ്രാമങ്ങളിൽ കൂടി സഞ്ചരിക്കുമ്പോൾ മാത്രമേ ഗ്രാമത്തിന്റെ നന്മയും സ്നേഹവും മനസ്സിലാകൂ.
മലഞ്ചെരുവിൽ കൂടി പോകുന്ന ഒട്ടക കൂട്ടങ്ങളും ആട്ടും കൂട്ടങ്ങളും കൃഷിപ്പാടങ്ങളും ഈത്തപ്പന തോട്ടങ്ങളും മനോഹരമായ ഇന്നും പഴയ മഹിമ കാത്ത് സൂക്ഷിക്കുന്ന ജീവിതരീതിയും നമുക്ക് കാണാൻ കഴിയും...
അതുപോലെയുള്ള ഗ്രാമങ്ങളിൽ യാത്ര ചെയ്യുമ്പോൾ എന്തോ മനസ്സിന് വല്ലാത്ത കുളിർമ കെട്ടാറുണ്ട്. അറേബ്യൻ മരുഭൂമിയിലെ യാത്രാ അനുഭവങ്ങൾ ഒരുപാട് പങ്കുവയ്ക്കുവാനുണ്ട്. വാഹനങ്ങൾ ഇല്ലാതെ ഒട്ടകങ്ങളിൽ മാത്രം യാത്ര ചെയ്യുന്നവർ ചരിത്രങ്ങൾ ഉറങ്ങുന്ന സൗദി അറേബ്യൻ മണ്ണിൽ ഇനിയും ബാക്കിയുണ്ട്.
- റാഫി പാങ്ങോട്