തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇപ്പോള്‍ എല്ലാ കണ്ണുകളും കെ സുധാകരനിലാണ്. തകര്‍ന്നു തരിപ്പണമായ ഒരു സംവിധാനത്തെ കരകയറ്റാന്‍ സുധാകരനാകുമോ എന്ന ആകാംഷ ഒരു വശത്ത്. ജംബോ കമ്മറ്റികളുടെ വെട്ടിനിരത്തല്‍ ഉള്‍പ്പെടെ ഗ്രൂപ്പുകളെ അതിജീവിച്ചു മുന്നോട്ടുപോകാന്‍ പുതിയ അധ്യക്ഷനാകുമോ എന്ന ആശങ്ക മറുവശത്ത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പ്രതീക്ഷയാകാന്‍ സുധാകരനു കഴിഞ്ഞു എന്ന വിലയിരുത്തല്‍ ആശ്വാസമാണ്. 3 വെല്ലുവിളികളാണ് ഇപ്പോള്‍ സുധാകരന്‍ ഏറ്റെടുത്തിരിക്കുന്നത്.
ഒന്ന് - കെപിസിസി തലം മുതലുള്ള ജംബോ കമ്മറ്റികള്‍ ഇല്ലാതാക്കുക, രണ്ട് - ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്‍റെ മറവില്‍ നടക്കുന്ന അച്ചടക്ക ലംഘനം അവസാനിപ്പിക്കുക, മൂന്ന് - നിര്‍ജീവമായ സംഘടനാ സംവിധാനം അടിമുടി പരിഷ്കരിച്ച് സജീവമാക്കുക.
മൂന്നിനും തടസം ഗ്രൂപ്പുകളും അതിന്‍റെ നേതാക്കളുമാണ്. ഈ മൂന്ന് കാര്യങ്ങളായിരുന്നു എല്ലാ കാലത്തും കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ശാപവും വെല്ലുവിളിയും. ഇതിനു മുമ്പു വന്ന കെപിസിസി അധ്യക്ഷന്മാരൊക്കെ ഈ ദൗത്യങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടിയെ തിരുത്തും എന്ന് ആണയിട്ടവരുമാണ്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം ആവര്‍ത്തിച്ച് നടത്തിയ ഏറ്റവും വലിയ പ്രഖ്യാപനം പാര്‍ട്ടിയില്‍ ഇനി ജംബോ കമ്മറ്റികള്‍ ഉണ്ടാകില്ല എന്നതായിരുന്നു.
അതേ മുല്ലപ്പള്ളിയേക്കൊണ്ടുതന്നെ 12 അംഗ വൈസ് പ്രസിഡന്‍റുമാരെയും 35 അംഗ ജനറല്‍ സെക്രട്ടറിമാരെയും 70 അംഗ സെക്രട്ടറിമാരെയും നൂറുകണക്കിന് നിര്‍വാഹകസമിതി അംഗങ്ങളെയും പ്രഖ്യാപിപ്പിച്ചവരാണ് എ, ഐ ഗ്രൂപ്പുകാര്‍.
അതിനാല്‍ തന്നെ കെ സുധാകരന്‍റെ 51 അംഗ കമ്മറ്റി എന്നൊക്കെ കേള്‍ക്കുമ്പോള്‍ സിനിമയില്‍ ഇന്നസെന്‍റ് പറയുന്നപോലെ 'കണ്ടിട്ടുണ്ട്... കണ്ടിട്ടുണ്ട്...' എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ കുറ്റം പറയാനാകില്ല.
അതേ സമയം ഇത്തവണ ഇതെല്ലാം നടക്കണമെങ്കില്‍ സുധാകരനു മുമ്പില്‍ 3 സാഹചര്യങ്ങള്‍ അനുകൂലമാണ്. ഒന്ന്, തുടര്‍ച്ചയായ രണ്ടാം തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഇനി പാര്‍ട്ടിയെ എങ്ങനെങ്കിലും രക്ഷപെടുത്തണം എന്ന് മുറവിളി കൂട്ടുന്ന പ്രവര്‍ത്തകരുടെ പിന്തുണ. രണ്ട്, പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് വര്‍ക്കിംങ്ങ് പ്രസിഡന്‍റുമാര്‍ എന്നിവരുടെ പ്രഖ്യാപനത്തിലൂടെ ഗ്രൂപ്പുകളെ ഹൈക്കമാന്‍റ് നേരിട്ട് പടിക്കു പുറത്തിറക്കി നിര്‍ത്തിയിരിക്കുന്ന അനുകൂല ഘടകം. മൂന്ന്, മുന്‍പിന്‍ നോക്കാതെ എന്തും ചെയ്യാന്‍ കെപിസിസി പ്രസിഡന്‍റിന് ഹൈക്കമാന്‍റ് നല്‍കിയിരിക്കുന്ന ലൈസന്‍സ്. അതിന് പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നേതാവിന്‍റെ നിര്‍ലോഭമായ പിന്തുണയും ഗ്രൂപ്പിനെ മറന്ന് പ്രവര്‍ത്തകര്‍ നല്‍കുന്ന ആവേശവും.
മുല്ലപ്പള്ളി പടിയിറങ്ങിയിടത്തുനിന്ന് സധാകരന് തുടങ്ങാന്‍ ഇത് മാത്രം മതി. ഇത് ധാരാളമാണ്. ഇനി വേണ്ടത് നേതൃത്വത്തിന്‍റെ കരുത്തും ഇച്ഛാശക്തിയുമാണ്. അത് രണ്ടും സുധാകരന് വേണ്ടുവോളമുണ്ട്. അധികമാകാതെ നോക്കിയാല്‍ മതി.
ആദ്യം സുധാകരന്‍ ചെയ്യേണ്ടത് അദ്ദേഹം പറഞ്ഞതുപോലെ സെമി കേഡര്‍ സംവിധാനത്തിലേയ്ക്ക് കോണ്‍ഗ്രസിനെ എത്തിക്കുക എന്നതാണ്. ഇനി വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടാകരുത്. അത് ഉമ്മന്‍ ചാണ്ടിയാണെങ്കിലും കാഞ്ഞങ്ങാട്ടെ ബൂത്ത് സെക്രട്ടറി ആണെങ്കിലും അനുസരിക്കാത്തവരെ പാര്‍ട്ടിയുടെ അതിര്‍ത്തിക്കു പുറത്തു നിര്‍ത്താന്‍ പ്രസിഡന്‍റ് ആര്‍ജവം കാണിക്കണം.
അച്ചടക്കം ഇപ്പോള്‍ മുതല്‍ നടപ്പിലാക്കുക. രണ്ടാമത് പാര്‍ട്ടി പുനസംഘടനയാണ്. കെപിസിസിയെ 51 അംഗ പുനസംഘടനയിലും ഡിസിസികളെ 21 അംഗ ഭാരവാഹിത്വങ്ങളിലും ഒതുക്കി പുനസംഘടിപ്പിച്ചാല്‍ സുധാകരന്‍ വിജയമാകും. അത് സുധാകരന്‍റെ വാക്കാണ്. അതിനു പകരം ലിസ്റ്റ് 51 നു പകരം 52 ആയി നീണ്ടാലും സുധാകരന്‍ തോല്‍ക്കും. അതിനുള്ള ശ്രമങ്ങള്‍ ഗ്രൂപ്പുകള്‍ നടത്തുമെന്ന് മൂന്ന് തരം.
മൈക്രോ ലെവല്‍ (അയല്‍കൂട്ടങ്ങള്‍) കമ്മറ്റികളില്‍ നിന്നും പാര്‍ട്ടി തുടങ്ങണം. ആ കമ്മറ്റികളെ കരുത്തുറ്റതും സജീവവുമാക്കിയാല്‍ മാത്രമേ പാര്‍ട്ടി രക്ഷപെടുകയുള്ളു. പ്രവര്‍ത്തകര്‍ നേതാക്കളുടെ ചുറ്റു നിന്നും വിട്ടുമാറി ജനങ്ങളിലേയ്ക്ക് ഇറങ്ങണം.
അത്തരമൊരു സംഘടനാ ശൈലി വാര്‍ത്തെടുക്കാനുള്ള കരുത്ത് സുധാകരനുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടി നയം മാത്രമേ പറയാവൂ. തന്നിഷ്ടത്തിന് പത്ര പ്രസ്താവന നടത്തുന്നവരും പിന്നീട് പാര്‍ട്ടിയില്‍ ഉണ്ടാകരുത്. സുധാകരന്‍ ലക്ഷ്യമിടുന്നതും അതുതന്നെയാണ്.
അത് പ്രാവര്‍ത്തികമാക്കാന്‍ സുധാകരന് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവിടെ വിജയിച്ചാല്‍ കെ സുധാകരന്‍ പിണറായിക്കൊത്ത എതിരാളിയാകും. അല്ലെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനാകും.