https://www.youtube.com/watch?time_continue=1&v=njgYJkfTnzE&feature=emb_logo
ജിദ്ദ: കാലാവസ്ഥാ പ്രവചനങ്ങളെ ശരിപ്പെടുത്തി സൗദിയിലെ നിരവധി പ്രദേശങ്ങളിലും മേഖലകളിലും പേമാരി തിമർത്തപ്പോൾ ജനജീവിതം മിക്കയിടങ്ങളിലും മരവിച്ചു. മക്ക, മദീന, റിയാദ്, ജിദ്ദ, ജിസാൻ തുടങ്ങി രാജ്യത്തിന്റെ വ്യത്യസ്ത ദിക്കുകളിലുള്ള നഗരങ്ങളും ഗ്രാമങ്ങളും മഴയിൽ നഞ്ഞൊലിച്ചു. രാജ്യത്തെ പത്തോളം പ്രവിശ്യകളിൽ വ്യാഴം മുതൽ ഞായർ വരെ വ്യത്യസ്ത തോതുകളിലായി മഴയും കാറ്റുമായിരിക്കുമെന്ന് രണ്ടു ദിവസം മുമ്പ് തന്നെ സൗദി പരിസ്ഥിതി - കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. കഴിഞ്ഞ വാരം സൗദിയിലെങ്ങുമുള്ള പള്ളികളിൽ ഭരണാധികാരി സൽമാൻ രാജാവ് അഭ്യർത്ഥിച്ചതനുസരിച് മഴയെ തേടിയുള്ള പ്രത്യേക സംഘടിത നിസ്കാരം അരങ്ങേറിയിരുന്നു.
വ്യാഴാഴ്ച്ച പശ്ചിമ മേഖലയിലെ ജിദ്ദ, മക്ക, ത്വായിഫ് തുടങ്ങിയ നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ജിദ്ദയിൽ ശക്തമായ കാറ്റും ഇടിമിന്നലും അകമ്പടിയായുണ്ടായിരുന്നു. മോശമായ കാലാവസ്ഥ മൂലം ജിദ്ദ തുറമുഖത്ത് രാവിലെ കപ്പല്‍ ഗതാഗതം മണിക്കൂറുകളോളം നിര്‍ത്തി വെച്ചു. എന്നാല്‍ കനത്ത മഴയും കാറ്റും ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകളെ ബാധിച്ചില്ല. ജിദ്ദയിലെ നിരവധി റോഡുകളിലും ഏരിയകളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം ഏറെ തടസ്സപ്പെട്ടു. വഴികളിൽ കുടുങ്ങിപ്പോവുകയും വെള്ളം മൂടുകയും ചെയ്ത വാഹനങ്ങളുടെ ചിത്രങ്ങൾ വ്യാഴാഴ്ചയിലെ സാമൂഹ്യ മാധ്യമങ്ങളിലെ ജനപ്രിയ ചിത്രങ്ങളായിരുന്നു.
മക്കയിലും മദീനയിലും ഉൾപ്പെടെ വർഷിച്ച മഴയുടെ വാർത്താ ചിത്രങ്ങൾ വിവിധ മാധ്യമങ്ങളിൽ പ്രളയം സൃഷ്ടിച്ചു. വിശുദ്ധ ഹറമില്‍ കോരിച്ചൊരിഞ്ഞ മഴ വേളയിലും തീര്‍ഥാടകര്‍ ഉംറ കര്‍മം അനുഷ്ടിച്ചു കൊണ്ടിരിക്കുന്നതിന്റെ ദൃശ്യ, നിശ്ചല ചിത്രങ്ങൾ, കരിമേഘങ്ങൾ പുതപ്പണിയിച്ച വിവിധയിടങ്ങൾ പശ്ചാത്തലമായ ചിത്രങ്ങൾ എന്നിവ ഏറെ പങ്കുവെക്കപ്പെട്ടു. മക്കാ ഹറമിന്റെ പുറം വളപ്പിലായി സ്ഥിതിചെയ്യുന്ന മക്കാ ടവറും ക്ലോക്കും മേഘങ്ങളെ ആശ്ലേഷിച്ചു നിൽക്കുന്ന ചിത്രങ്ങൾ കൂട്ടത്തിൽ ഏറെ ഹൃദ്യമായി.
മക്കയില്‍ കനത്ത മഴയില്‍ ചില റോഡുകളില്‍ വെള്ളം കയറിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് ഗതാഗതം തിരിച്ചുവിട്ടു. സൗദിയിലെ മഴചിത്രങ്ങൾ പേമാരി തീർത്ത ദിവസമായിരുന്നു ബുധൻ. ജിദ്ദയിലെങ്ങും റോഡുകളിൽ കെട്ടിനിൽക്കുന്ന വെള്ളം ജിദ്ദാ നഗരസഭ ടാങ്കറുകളും മോട്ടോറുകളും ഉപയോഗിച്ച് വലിച്ചെടുത്തുകൊണ്ടിരുന്നു.
മക്കാ പ്രവിശ്യയില്‍ ശക്തമായ കാറ്റിന്റെയും പൊടിക്കാറ്റിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയായിരുന്നു വർഷപാതം. പ്രവിശ്യയിലെ മക്ക, ജിദ്ദ, റാബിഗ്, ഖുലൈസ്, അല്‍കാമില്‍, ജുമൂം എന്നിവിടങ്ങളിലെല്ലാം മഴയായാണ്. മക്ക, മദീന, അൽബാഹ, അസീർ, ജിസാൻ, അൽഖസീം, റിയാദ്, കിഴക്കൻ, ഹായിൽ, വടക്കൻ അതിർത്തി തുടങ്ങിയ പ്രവിശ്യകളിൽ വ്യത്യസ്ത തോതിലുള്ള മഴ പെയ്തു കൊണ്ടിരിക്കുകയാണ്.
മദീന പ്രവിശ്യയിൽ മദീന, അൽഹനാക്കിയ, ആൽമഹദ്, വാദി അൽഫറ തുടങ്ങിയ തെക്കൻ ഭാഗങ്ങളിലും മഴയാണ്. വ്യാഴം വൈകീട്ട് മുതൽ വ്യാഴം വരെ കലുഷിത കാലാവസ്ഥയാണ്.
ത്വായിഫിലും അര്‍ദിയ്യാത്തിലും മൈസാനിലും അടുത്ത രണ്ടു ദിവസങ്ങളില്‍ മഴ ലഭിക്കും. വെള്ളിയും ശനിയും അല്‍ഖുര്‍മ, തുര്‍ബ, റനിയ, അല്‍മോയ എന്നിവിട ങ്ങളിലും നാളെ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ലൈത്ത്, അദും, ഖുന്‍ഫുദ എന്നിവിടങ്ങളിലും ശക്തമായ മഴ് പ്രവചിക്കുന്നുണ്ട്.
ബുധനാഴ്ച മുതൽ ഞായർ വരെയുള്ള അഞ്ച് ദിവസങ്ങളിൽ പലയിടങ്ങളിലായി വ്യത്യസ്ത തോതിൽ മഴ പെയ്യും. പത്ത് പ്രവിശ്യകളിലെങ്കിലും ഇതായിരിക്കും സ്ഥിതിയെന്ന് സൗദി പരിസ്ഥിതി, കാലാവസ്ഥാ വിഭാഗം ചൊവാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ ചൂണ്ടിക്കാട്ടി. സൗദിയുടെ കിഴക്കും പടിഞ്ഞാറും വടക്കും തെക്കും മേഖലകളിലെ വിവിധ ഇടങ്ങളിൽ ഈ ദിവസങ്ങളിലായി മഴ നിറഞ്ഞു നിൽക്കു മെന്നാണ് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചിട്ടുള്ളത്.