ഡല്‍ഹി; മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ഗാന്ധി നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. ജൂലൈ 21 വെള്ളിയാഴ്ച കേസില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് പിഎസ് നരസിംഹയും ജസ്റ്റിസ് മനോജ് മിശ്രയും അറിയിച്ചു. ജൂലൈ 15ന് ആണ് സുപ്രീം കോടതിയില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കിയത്.
‘മോദി’ പരാമര്‍ശക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയാണ് കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ തയ്യാറായത്. ഗുജറാത്ത് ഹൈക്കോടതിയുടെ ജൂലൈ 7ലെ വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യത്തേയും ചിന്തകളേയും പ്രസ്താവനകളേയും ഞെരിച്ച് കൊല്ലുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ വയനാട് എംപിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങി ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായിരുന്ന പൂര്‍ണേശ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാജ്യത്തെ ബാങ്കുകളെ വെട്ടിച്ച് കടന്നു കളഞ്ഞ നീരവ് മോദി അഴിമതി കേസിലും സാമ്പത്തിക ക്രമക്കേടിലും കുടുങ്ങിയ ലളിത് മോദി എന്നിവരെയടക്കം പരാമര്‍ശിച്ച്, എല്ലാ കള്ളന്മാര്ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചതാണ് കേസിന് ആധാരം.
ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ 2019 ഒക്ടോബര്‍ 10 ന് രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായി താന്‍ നിരപരാധിയാണ് എന്ന് ബോധിപ്പിച്ചു. 2020 ജൂണ്‍ 15ന് ജസ്റ്റിസ് ദവെ കേസ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ എന്‍ ദവെയ്ക്കു മുന്നില്‍, താന്‍ പരിഹാസമാണ് ഉദ്ദേശിച്ചതെന്നും അതൊരു തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണെന്നും മറുപടി നല്‍കി. പക്ഷേ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വര്‍ഷം തടവും 15000 രൂപ പിഴയുമാണ് രാഹുലിന് വിധിച്ചത്. അപ്പീല്‍ നല്‍കാന്‍ ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചു.