എന്തൊക്കെയൊ ഇനിയും ചെയ്യാൻ ബാക്കി വെച്ച യാത്ര.ലോകം വാഴ്ത്തേണ്ട എഴുത്തുകാരി എന്ന് പറയാതെ വയ്യ.പ്രകൃതിയെയും മനുഷ്യനേയും സർവ്വ ജീവജാലങ്ങളെ പറ്റിയും ഇത്രയും ശബ്ദിച്ച ഒരു എഴുത്തുകാരി കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഉണ്ടാവില്ല.
കുന്നുകളും മലകളും വെട്ടി നുറുക്കിയും മരങ്ങളും കാടുകളും വെട്ടിനശിപ്പിക്കുന്നതും പുഴകളും മറ്റ് ജലസംഭരണികളും മലിനമാക്കുന്നതുമൊക്കെ ടീച്ചർക്ക് സഹിക്കാനായിരുന്നില്ല.
അത്രയ്ക്ക്പ്രകൃതിയെ പരിക്കേൽപ്പിക്കുന്നതിൽ തൻ്റെ പ്രതിഷേധങ്ങൾ എഴുത്തിലൂടെ ലോകത്തോട് ഇക്കാലമത്രയും വിളിച്ചു പറയുകയായിരുന്നു പ്രിയ ടീച്ചറമ്മ.പീഡനത്തിനിരയാകുന്ന പെണ്ണുങ്ങൾക്ക് വേണ്ടിയൊക്കെ ടീച്ചർ ഏറെ ശബ്ദിച്ചു.
ടീച്ചറുടെ രചനകൾക്ക് പ്രത്യേകിച്ച് ലേഖനങ്ങൾക്ക് വായനക്കാരൻ കണ്ണും നട്ട് കാത്തിരുന്നു.അത്ര ഹൃദ്യമാക്കുന്ന ലേഖനങ്ങളൊക്കെയും ഏറെ അവബോധം വരുത്തുന്നതായിരുന്നു.
ഉത്സവ പറമ്പിൽ തളച്ചിട്ട ആനയെ കണ്ട് നെഞ്ച് പൊട്ടി ഒരു ലേഖനം എഴുതിയിരുന്നു ഇത്തരം നിസസഹായവസ്ഥകൾ കണ്ട് കണ്ണടക്കുന്ന മനുഷ്യനെ ഉത് ബോധിപ്പിച്ചു ഉണർത്തുന്നതായിരുന്നു ഓരോ വരിയും.കണ്ണ് നിറഞ്ഞ്
പോകും.
അതൊക്കെ വായിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും ടീച്ചറുടെ മനസിലെ കരുണയുടെ കടലും ഓരോ ജീവിയേയും എത്രത്തോളമാണ് ടീച്ചർ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നതെന്ന്.തൻ്റെ തൂലികയിൽ പിറന്നത് വെറും രചനകളായിരുന്നില്ല എന്നാൽ അപഗ്രഥിച്ച് നോക്കിയാൽ പലതരത്തിലുള്ള സമരങ്ങളായിരുന്നു ഓരോ സൃഷ്ടിയും.ടീച്ചറിൻ്റെ കവിതകൾ വായനക്കാരോട് സംസാരിയ്ക്കും.
കണിക്കൊന്നയെ പറ്റി ടീച്ചർ ഒരു ലേഖനമെഴുതിയിരുന്നു.എന്തൊ ആവശ്യത്തിന് പുറത്ത് പോയി തിരിച്ച് വന്നപ്പോൾ വീടിൻറ അതിർത്തിയിലെ കണിക്കൊന്ന ആരോ മുറിച്ച് മാറ്റിയ കഥ വളരെ വേദനയോടു കൂടിയായിരുന്നു ടീച്ചർ ആലേഖനത്തിലെ ഓരോ വരികളും കുറിച്ചിട്ടത്.
കേരളം കണ്ട ഏറ്റവും വലിയ ഒരു സാഹിത്യകാരിയുടെ വീട്ടിലെ കണിക്കൊന്നയാണിതെന്നോർ ക്കണം.അതും വൃക്ഷങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നൊരാൾ.ആലേഖനം മാതൃഭൂമിയിലൊ മാധ്യമത്തിലൊ ആണൊ വന്നതെന്ന് എനിയ്ക്കോർമവരുന്നല്ല. മാതൃഭൂമിയിലാവാനാണ് സാധ്യത
ഒരു മനുഷ്യൻ യാത്ര പറയുമ്പോൾ അവരിവിടെ ചെയ്ത് വെച്ച വിലപ്പെട്ടതൊക്കെയുമാണ് ഓർമ്മയുടെ താളുകളിൽ എന്നും തിളങ്ങി നിൽക്കുക.അങ്ങനെ ഓർത്തെടുത്താൽ എത്ര പറഞ്ഞാലും തീരാത്ത പുസ്തകമാണ് നമ്മുടെ പ്രിയപ്പെട്ട ടീച്ചറമ്മ.
അശരണർക്കായി ടീച്ചറമ്മ രൂപം കൊടുത്ത അഭയ എന്ന മഹാപ്രസ്ഥാനം ടീച്ചറമ്മയുടെ കരുണാ ഹൃദയം രൂപപ്പെടുത്തിയതാണ്.
മരത്തിനു സ്തുതി/ സൈലൻ്റ് വാലി/കുറുഞ്ഞി പൂക്കൾ/ വനരോധനം/തൈവെയ്ക്കൽ/ തെംസ് നദിയോട്/ കാലിഫോർണിയ കാടുക്കളിൽ/ അട്ടപ്പാടിയിലെ സ്വപ്നം എന്നീ കവിതകളിലൂടെയൊക്കെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ അനിവര്യതയെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്തി.
അനീതിക്കെതിരെയുള്ള ടീച്ചറിൻ്റെ അമർഷം കവിതകളുടെ വരികളിൽ കനപ്പെട്ട് കിടന്നു.സൈലന്‍റ് വാലി പ്രക്ഷോഭത്തിൽ ടീച്ചർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
സൈലൻ്റ് വാലി മുതൽ ആറന്മുള വരെയുള്ള പോരാട്ടങ്ങളിൽ മുഖ്യ പോരാളിയായി.അഗതികളായ സ്ത്രീകൾക്ക് വേണ്ടി അത്താണി എന്ന ഭവനം എന്നിങ്ങനെ കേരളത്തിന് സാമൂഹിക രംഗത്ത് ടീച്ചർ നൽകിയ സംഭാവനകൾ നിസ്തുലമാണ്.
വയനാടുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പരിസ്ഥിതി പ്രശ്ന പരിഹാരങ്ങൾക്കും സാമൂഹിക സാംസ്കാരിക പ്രവർത്തകർക്കൊപ്പം നിലകൊണ്ടു അതൊക്കെ വലിയ മാറ്റങ്ങൾക്ക് കാരണമായി.
കൂടാതെ എടക്കൽ ഗുഹ സംരക്ഷണം/മരം വെട്ടിനെതിരായ സമരം/ നെൽവയലുകളും കൃഷിയും നില നിർത്താനുള്ള സമരം/കാട്ടുതീക്കെതിരായ പ്രതിരോധം/എസ്റ്റേറ്റുകളിലെ അനധികൃത മരംകൊള്ള തുടങ്ങിയ സമരങ്ങളിലൊക്കെ ടീച്ചർ സജീവ പങ്കാളിയായി.അനീതിയ്ക്കെതിരെയുള്ള ആ ശബ്ദം കേരളം മുഴുവൻ അലയടിച്ചു.
ഇതിനൊക്കെ പുറമെ വനിതാ കമ്മീഷൻ്റെആദ്യത്തെ അധ്യക്ഷയായിരുന്നു.സർവ്വ ജീവജാലങ്ങളോടുമുള്ള അതിരില്ലാത്ത സ്നേഹവും കരുണയുമാണ് ടീച്ചറെ ഇത്ര വലിയ ഉന്നതിയിലെത്തിച്ചത് എന്ന തിളക്കമുള്ള സന്ദേശവും തന്നാണ് ടീച്ചർ യാത്രയായത്.