വെട്ടിക്കാട്ടില്‍ കൊച്ചേട്ടന്റെ കടയുടെ മുന്നില്‍ എന്നെയും കാത്ത് വര്‍ക്കിമാപ്പിള നില്‍ക്കുന്നത് ദൂരെനിന്ന് ഞാന്‍ കണ്ടു. വലിയ പരീക്ഷ ആയതിനാല്‍ സ്കൂളിലേയ്ക്ക് പോകാതിരിയ്ക്കാനും മേല. അങ്ങോട്ടു ചെല്ലുമ്പോള്‍ എന്തായിരിയ്ക്കും ഞങ്ങളെയും കാത്തിരിയ്ക്കുന്നതെന്ന ചിന്തയിലായിരുന്നു ഞങ്ങള്‍. അത്രയ്ക്കും നാണക്കേടല്ലേ ഇന്നലെ നടന്ന സംഭവം ഞങ്ങള്‍ക്ക് ഉണ്ടാക്കിയത്. ഞങ്ങളും രാധയും മാത്രം ഉള്‍പ്പെട്ട ആ സംഭവം ആരും അറിയരുതേ എന്ന് പ്രാര്‍ത്ഥിയ്ക്കുകയായിരുന്നു.
രാധ അവളുടെ കൂട്ടുകാരികളോട് എന്തൊക്കെ പറഞ്ഞിട്ടുണ്ടാകും എന്നോര്‍ക്കുമ്പോള്‍ തളരുന്നു. പരീക്ഷ ആയതുകൊണ്ട് തമ്മില്‍ തമ്മില്‍ കാണുന്ന സമയം കുറവാണല്ലോ എന്നോര്‍ക്കുമ്പോളാണ് സമാധാനം.
കൊച്ചേട്ടന്റെ മകനാണ് വര്‍ക്കിമാപ്പിള എന്ന് ഞാന്‍ വിളിയ്ക്കുന്ന വി.വി.വര്‍ഗ്ഗീസ്.
വര്‍ക്കിമാപ്പിള എന്ന് അവന് പേരുവീഴാന്‍ കാരണം എം.എം.മാത്യൂ സാറായിരുന്നു.
സാറ് ക്ലാസ്സില്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ട് ഉത്തരം പറയാനായി കുട്ടികളെ പേരിനുപകരം അവരുടെ വീട്ടുപേരോ സ്ഥലപ്പേരോ കൂട്ടിയായിരിയ്ക്കും വിളിയ്ക്കുന്നത്. വര്‍ഗ്ഗീസിനോടാണങ്കില്‍ 'സ്വ.ലേ.' എന്നോ 'വര്‍ഗീസ് മാപ്പിള' എന്നോ 'വര്‍ക്കിമാപ്പിള' എന്നോ ഒക്കെ വിളിയ്ക്കും. സാറ് അവനെ അങ്ങനെ വിളിയ്ക്കുന്നതിന് കാരണവും ഉണ്ട്.
കൊച്ചേട്ടനായിരുന്നു ഞങ്ങളുടെ നാട്ടിലെ പത്ര ഏജന്റ്. പത്രവും ആയിട്ടുള്ള അവന്റെ ബന്ധത്തിന്റെ പേരിലാണ് എം.എം.മാത്യൂ സാര്‍, സ്വന്തം ലേഖകന്‍ എന്ന ചുരുക്കപ്പേരായ സ്വ.ലേ എന്നും, മനാരമയുടെ സ്ഥാപകനായ കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയെ അനുസ്മരിച്ച്, അവന്റെ പേരായ വര്‍ഗ്ഗീസിനൊപ്പം മാപ്പിളയെന്നും ചേര്‍ത്ത് വര്‍ഗ്ഗീസ് മാപ്പിള എന്നും പിന്നെ വര്‍ക്കിമാപ്പിള എന്നും വിളിച്ചത്. ഞാന്‍ അവനെ വര്‍ക്കിമാപ്പിള എന്നാണ് പിന്നീട് വിളിച്ച് പോന്നത്.
കവലേന്ന് ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളിലേയ്ക്ക്. എന്നും സ്കൂളില്‍ പോകുമ്പോള്‍ വഴിയരികിലുള്ള വീടുകളില്‍ പത്രം കൊടുത്താണ് ഞങ്ങള്‍ പോകുന്നത്. രാധയുടെ വീട്ടിലും പത്രം ഇടുന്നത് ഞങ്ങളാണ്.
ഞാന്‍ വരുന്നത് കണ്ടപ്പോള്‍ അവനും ബാബു വര്‍ഗ്ഗീസും കൂടി പത്രക്കെട്ടും എടുത്ത് എന്നോടാപ്പം നടന്നു.
ബാബു വര്‍ക്കിമാപ്പിളയുടെ ചേട്ടനാണ്. ഒരേ ക്ലാസ്സിലായിരുന്നു ഞങ്ങള്‍.
റോഡിനോട് ചേര്‍ന്ന് ഒഴുകുന്ന തോട്ടിലെ കാഴ്ചകള്‍ ആസ്വദിച്ചാണ് സ്കൂളിലേയ്ക്ക് പോകുന്നത്.
നിറയെ ഒട്ടലുകള്‍ പന്തലുവിരിച്ച് നില്‍ക്കുന്ന തോട്ടില്‍ വേനലായതിനാല്‍ ഒഴുക്ക് കുറവാണ്. കുഞ്ഞു ഞവുണിയ്ക്കകള്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറുത്ത പാറക്കല്ലുകള്‍ക്കിടയില്‍ കുഞ്ഞുകുഞ്ഞ് തെളിനീര്‍ തടാകങ്ങള്‍ ഉണ്ടാക്കി, ചിരിച്ച് കളിച്ച് ഏത് വേനലിലും ഒഴുകുന്ന ഈ തോട് ആനിക്കാട് പള്ളിയുടെ മുന്നിലുള്ള പഴയപറമ്പില്‍ വര്‍ക്കിപാപ്പന്റെ പറമ്പില്‍ നിന്നും ആണ് ഉത്ഭവിയ്ക്കുന്നത്. പള്ളിയുടെ ഭാഗത്ത് നിന്ന് വരുന്ന തോടായതിനാല്‍ തോടിനെ പള്ളിയ്ക്കത്തോട് എന്ന് വിളിച്ചു. പിന്നീട് ആ പേര് ഞങ്ങളുടെ നാടിനു വന്നു ചേരുകയായിരുന്നു.
പതിവുപോലെ മുല്ലൂര്‍ക്കടവില്‍ അഞ്ചാനിയിലെ ഔതച്ചേട്ടന്റെ വില്ലീസ് ജീപ്പ് കഴുകാന്‍ കൊണ്ടിട്ടിട്ടുണ്ട്. കുറച്ച്കൂടി ചെന്നപ്പോള്‍ ഉണ്ണിക്കണ്ണന്‍ ആനയെ തോട്ടില്‍ കിടത്തി കുളിപ്പിയ്ക്കുന്നു. കുറച്ച് നേരം ആനയെ നോക്കിനിന്നിട്ട് നടന്നു. ആനിക്കാട്ടമ്പലത്തിനു താഴെ റോഡരികില്‍ നില്‍ക്കുന്ന വലിയ ആല്‍മരശാഖകളില്‍ കാറ്റിലിളകുന്ന ആലിലകള്‍ മീനഭരണിയ്ക്ക് നൃത്തംചെയ്യാന്‍ പരിശീലിയ്ക്കുകയാണോ.!
രാധയുടെ വീട്ടില്‍ പത്രം ഇടാന്‍ ബാബു പോയപ്പോള്‍ ഞാനും വര്‍ക്കിമാപ്പിളയും റോഡില്‍ നില്‍ക്കുകയായിരുന്നു. കറുപ്പുകലര്‍ന്ന പച്ചമാവിലകള്‍ക്കിടയില്‍ തൂങ്ങിയാടുന്ന മുവാണ്ടന്‍ മാങ്ങകള്‍ ഞങ്ങളെ കളിയാക്കി ചിരിച്ചാടി. ഇന്നലെ നടന്ന സംഭവം ഇവിടെ ഈ മാവിന്‍ചോട്ടില്‍ വച്ചായിരുന്നല്ലോ.
സ്കൂളിലെത്തിയപ്പോള്‍ പിള്ളേരൊക്കെ പുറത്തുണ്ട്. പരീക്ഷ പുല്ലാണന്നുപറഞ്ഞ് ചിലരൊക്കെ കളിച്ചുതിമിര്‍ക്കുന്നു. രാധയെ ഞങ്ങളുടെ കണ്ണുകള്‍ തേടി. എട്ട് ബി യുടെ വാതില്ക്കല് പുസ്തകം നോക്കി കാണാതെ പഠിയ്ക്കുകയായിരുന്നു രാധ. കൂടെ രാധാമണി പി.ടി യും ശ്യാമള വി.എന്നും, ആലീസ് പി.കെയും ലിസമ്മ എബ്രഹാമും ഉണ്ട്. ആലീസ് ഞങ്ങളെ കണ്ടപ്പോള്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ കൂടെ നിന്നവരും, അപ്പുറത്ത് നിന്ന പെണ്‍കുട്ടികളും തല ഉയര്‍ത്തി. എല്ലാവരും കൂടി കളിയാക്കി ചിരിച്ചു.
ആലീസ് പറയുന്നത് കേട്ടു. '' എന്താടീ ചാണകം മണക്കുന്നത് ''
ശ്യാമളയുടെ മറുപടി '' നേരാണല്ലോ.! രാധേ., നിനക്ക് ചാണകത്തിന്റെ മണം കിട്ടുന്നുണ്ടോ''
രാധ മുഖം വീര്‍പ്പിച്ച് ഞങ്ങളെ നോക്കി പറഞ്ഞു.'' പിന്നെയില്ലേ..കുളിച്ചാലും ചിലപ്പോള്‍ ചാണകത്തിന്റെ മണം പോകത്തില്ലടീ''
ഞങ്ങള്‍ പാഞ്ഞു.
''രാധ എല്ലാവരോടും പറഞ്ഞന്നാ തോന്നുന്നത് അല്ലേടാ വര്‍ക്കിമാപ്പിളേ''
'' ശരിയാടാ.! അവള് ചതിച്ചു''
അപ്പോഴേയ്ക്കും ബല്ലടിച്ചു. ഞങ്ങള്‍ പരീക്ഷാ ഹാളിലേയ്ക്ക്.
പരീക്ഷ എഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ ഇന്നലത്തെ സംഭവം മനസ്സിലേയ്ക്ക് ഓടിയോടി എത്തുകയായിരുന്നു.വര്‍ക്കിമാപ്പിള പരീക്ഷ എഴുതി പുറത്തേയ്ക്ക് പോകുമ്പോള്‍ എന്നെ നോക്കി. മൈതാനത്ത് വാകമരത്തണലില്‍ ഉണ്ടാകും എന്നാണ് ആ നോട്ടത്തിന്റെ അര്‍ത്ഥം. നേരത്തെ ഉണ്ടാക്കിയ ധാരണയനുസരിച്ച് ആദ്യം പരീക്ഷ എഴുതിക്കഴിഞ്ഞ് വരുന്നയാള്‍ അവിടെ കാത്തുനില്‍ക്കും. ചിലപ്പോള്‍ ഞാനായിരിയ്ക്കും ആദ്യം എത്തുക.
ഒരു ചോദ്യത്തിന് കൂടിയേ ഉത്തരം എഴുതാനുള്ളൂ.
രാവിലെ സ്കൂളിലേയ്ക്ക് വരുമ്പോള്‍ ഞങ്ങള്‍ ഒരു പരിപാടി ആസൂത്രണം ചെയ്തിരുന്നു. പരീക്ഷ കഴിഞ്ഞ് തിരികെ പോകുമ്പോള്‍ വേണം അത് നടപ്പിലാക്കാന്‍. ഞാന്‍ പരീക്ഷ എഴുതിക്കഴിഞ്ഞ് ചെല്ലുമ്പോള്‍ വര്‍ക്കി മാപ്പിളയും ജയിംസും തണലത്ത് നില്‍ക്കുകയായിരുന്നു.
ജയിംസിന്റെ വീട് പുത്തന്‍പുരക്കവലയില്‍ നിന്ന് ഇളംപള്ളി ചന്തയ്ക്ക് പോകുന്ന വഴിയിലെങ്ങോ ആണന്നറിയാം. ജയിംസ് യാത്രപറഞ്ഞ് അങ്ങോട്ട് നടന്നു. ഞങ്ങള്‍ മൈതാനം കടന്ന് ചര്‍ച്ച് വ്യൂ ട്യൂട്ടോറിയല്‍ കോളജിന്റെ അരികിലൂടെയുള്ള കുറുക്കുവഴിയെ റോഡിലെത്തി.
ചെട്ടിയാരുടെ കാളവണ്ടി വിടിനുതാഴെയുള്ള വണ്ടിപ്പുരയില്‍ കിടപ്പുണ്ട്. അവരുടെ വീട് റോഡിനുമുകളിലായതിനാല്‍ കാളവണ്ടി കയറ്റിയിടാന്‍ പാകത്തില്‍ തിട്ടയിലെ മണ്ണ് നീക്കി അവിടെയാണ് വണ്ടി ഇടുന്നത്. മണ്ണന്ന് പറയാന്‍ പറ്റത്തില്ല. വെള്ളാരം കല്ലുകള്‍ നിറഞ്ഞ പറമ്പായിരുന്നു. ആലുങ്കല്‍ ക്കാരുടെ വീടുമുതല്‍ ഇലഞ്ഞിമറ്റത്തെ ഇ.സി.വര്‍ക്കി സാറിന്റെ വീടിനപ്പുറം വരെ വെളുത്ത വെള്ളാരം കല്ലുകളായിരുന്നു വഴിമുഴുവനും.ചെട്ടിയാരുടെ കാളകളെ കെട്ടിയിരുന്നത് വീടിനോട് ചേര്‍ന്നായിരുന്നു.
അവരുടെ വീടിനോട് ചേര്‍ന്ന പറമ്പ്, റോഡരികില്‍ നിന്നും കയ്യാലകെട്ടിയപ്പോള്‍ ഒരു കപ്പലുമാവ് കളയാതെ കയ്യാലയ്ക്കകത്താക്കി. അത് വളര്‍ന്ന് തടി റോഡിലേയ്ക്ക് ഇറങ്ങി വന്ന് ചാഞ്ഞ്കിടന്നു. ലിസി ബസ്സ് ആ ഭാഗത്ത് വച്ച് സൈഡ് കൊടുക്കുമ്പോള്‍ ബസ്സിന്റെ മുകള്‍ഭാഗം കപ്പലുമാവിലുരഞ്ഞ് തൊലിപോയിരിയ്ക്കുന്നത് കാണാം.
നല്ല മധുരമാണ് ആ കപ്പലുമാമ്പഴത്തിന്. മഞ്ഞനിറത്തില്‍ കുലകളായി കിടന്ന കപ്പലുമാമ്പഴം ഉന്നം തെറ്റാതെ കല്ലെറിഞ്ഞ് വീഴ്ത്തി. കപ്പലണ്ടി ഇരിഞ്ഞ് ചെട്ടിയാരുടെ പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു. ചെട്ടിയാരും ഭാര്യയും വെറും സാധുക്കളായിരുന്നതിനാല്‍ കണ്ടാലും വഴക്കു പറയില്ല. കപ്പലുമാമ്പഴത്തിന്റെ ചാറ് കറയായതിനാല്‍ മുന്നോട്ട് അല്‍പം കുനിഞ്ഞ് ഷര്‍ട്ടില്‍ വീഴാതെ കഴിച്ചിട്ട് തോട്ടിലിറങ്ങി കൈകഴുകി.
തോടരികില്‍ പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള റോഡിന്റെ കെട്ടിലെ പൊത്തില്‍ തലനീട്ടിയിരിയ്ക്കാറുള്ള നീര്‍ക്കോലിയെ അവിടെ കണ്ടില്ല, വെള്ളത്തിലുമില്ലായിരുന്നു.ആലുവാച്ചി അമ്മൂമ്മയുടെ വീടിനുമുന്നിലെ കെട്ടുകളിലെ പൊത്തിലും അതിനുതാഴെ നടകെട്ടിയിറക്കിയ കുളിക്കടവിലും നീര്‍ക്കോലിയെ കണ്ടില്ല.
ആ കടവിനു താഴെയുള്ള വളവിലെ പാറകള്‍ക്കിടയിലെ വെള്ളത്തില്‍ കിടന്ന കുഞ്ഞു നീര്‍ക്കോലിയെ ഞങ്ങള്‍ എറിഞ്ഞ് പായിച്ചു. അവിടെ തോട്ടരികില്‍ നില്‍ക്കുന്ന നാട്ടുമാവ് ഈ വര്‍ഷം പൂത്തിട്ടില്ല. ആ മാവ് പൂത്തുനില്‍ക്കുന്നത് കാണാന്‍ നല്ല രസമാണ്. വെള്ള കലര്‍ന്ന പച്ചനിറമുള്ള പൂങ്കുലകള്‍ പരത്തുന്ന സൗരഭ്യം പറഞ്ഞറിയിയ്ക്കാന്‍ പറ്റത്തില്ല. പൂങ്കുലകള്‍ തേടി കുഞ്ഞുവണ്ടുകള്‍ മൂളിപ്പാട്ടുപാടി തേന്‍ കുടിച്ച് മത്തരാകും. അണ്ണാന്‍മാരൊക്കെ മാങ്കൊമ്പുകളിലൂടെ ഓടിവന്ന് മാമ്പഴക്കാലം പെട്ടന്ന് വരണേ എന്ന് പ്രാര്‍ത്ഥിച്ച് പോകും. മാമ്പൂക്കള്‍ ഉണ്ണിമാങ്ങകളായി, കണ്ണിമാങ്ങകളായി,മാങ്ങകളായി മൂത്തുപഴുക്കുമ്പോഴുള്ള കിളിമേളങ്ങളും കിളിപ്പാട്ടുകളും അണ്ണാന്റെ ഛില്‍ ഛില്‍ എന്ന ഇലത്താളവും ആസ്വദിച്ച് മാങ്കൊമ്പുകള്‍ തലയാട്ടും. നാട്ടുമാവുകള്‍ ഒന്നിടവിട്ട വര്‍ഷങ്ങളിലേ പൂക്കുകയുള്ളു എന്ന് വീട്ടില്‍ പറയുന്നത് കേട്ടിട്ടുണ്ട്.
ആ വളവിന് തൊട്ടപ്പുറത്ത് റോഡിനുമുകളിലാണ് രാധയുടെ വീട്. രാധ ഞങ്ങളുടെ ക്ലാസ്സിലാണ്. വഴീല്‍ നിന്ന് നോക്കിയാല്‍ അവരുടെ വീട് ശരിയ്ക്കും കാണത്തില്ല.രാധയുടെ അച്ഛന്‍ കുട്ടന്‍പിള്ളയും ചേട്ടന്‍ ഓമനക്കുട്ടനും കടയിലായിരിയ്ക്കും.രാധ പരീക്ഷ കഴിഞ്ഞ് എത്തിയിട്ടുണ്ടായിരിയ്ക്കില്ല.
രാധയുടെ വീടിനു മുന്നിലെ കയ്യാലയില്‍ നിന്ന് റോഡിലേയ്ക്ക് ചാഞ്ഞ്കിടക്കുന്ന മുവാണ്ടന്‍ മാവിലെ നീളമുള്ള പച്ച ഞെടുപ്പില്‍ തൂങ്ങിയാടുന്ന ചെനച്ചു തുടങ്ങുന്ന മുവാണ്ടന്‍ മാങ്ങകള്‍ ഞങ്ങളെ കുറച്ചുദിവസമായി അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
റോഡരികില്‍ കിടന്ന ഒരു കപ്പത്തണ്ട് ഒടിച്ചെടുത്ത് വര്‍ക്കിമാപ്പിള മാവിലെറിഞ്ഞു. ലക്ഷ്യം തെറ്റി. വീണ്ടും എറിഞ്ഞു.മാവിന്‍കൊമ്പുകള്‍ ആടിഉലഞ്ഞെങ്കിലും മാങ്ങ വീണില്ല. ആരെങ്കിലും രാധയുടെ വീട്ടില്‍ നിന്നും വരുന്നുണ്ടോന്ന് നോക്കി. ആരേം കണ്ടില്ല. ഞാന്‍ ആ കപ്പത്തണ്ടിന്റെ ബാക്കി എടുത്ത് ഞങ്ങളു രണ്ട്പേരും കൂടി ഒന്നിച്ച് എറിഞ്ഞു. മൂന്നാല് മാങ്ങ ചറപറാന്ന് വീണു.
'' എടീ പിള്ളേരേ.! ആരാണ്ടോ മാവേലെറിയുന്നുണ്ട്, ആരാന്ന് നോക്കിയ്ക്കേടീ '' രാധയുടെ അമ്മയാണന്ന് തോന്നുന്നു. രാധയുടെ അനിയത്തിയോടാരിയ്ക്കും.
ഞങ്ങള്‍ കയ്യാലയുടെ അടിയില്‍ പതുങ്ങി.
'' ഇവിടാരേം കാണുന്നില്ലമ്മേ'' എന്നും പറഞ്ഞ് ആ കൊച്ച് വഴിയിലേയ്ക്ക് നോക്കിയിട്ട് പോയി.
കുറച്ച് സമയം കഴിഞ്ഞ് ഞങ്ങള്‍ മാങ്ങ എടുക്കാനായി ചെന്നു കുനിഞ്ഞതും എവിടെ നിന്നോ വെള്ളം തലയിലും പുറത്തും ചിതറിതെറിച്ചു. ആ വെള്ളത്തിന് ചാണകത്തിന്റെ മണമായിരുന്നു. തലയിലൂടെ മേലാസകലം ചാണകവെള്ളം ഒഴുകി. മുകളിലേയ്ക്ക് നോക്കിയപ്പോള്‍ ഞങ്ങള്‍ വിളറിപ്പോയി.!
ചാണകവെള്ളം കലക്കിയ ചരുവവുമായി, സ്വതവേ വീര്‍ത്തകവിള്‍ കുറച്ചുകൂടി വീര്‍പ്പിച്ചുകൊണ്ട് മുകളില്‍ നടയില്‍ നില്‍ക്കുന്നു രാധ.!