Advertisment

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് ഇനി സിംബാബ്‌വെയ്ക്ക് സ്വന്തം; ഗാംബിയക്കെതിരെ 20 ഓവറില്‍ നേടിയത് 344 റണ്‍സ് ! മുന്നില്‍ നിന്ന് നയിച്ച് സിക്കന്ദര്‍ റാസ; പഴങ്കഥയാക്കിയത് നേപ്പാളിന്റെ നേട്ടം

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഉയര്‍ന്ന ടീം സ്‌കോര്‍ എന്ന റെക്കോഡ് സ്വന്തമാക്കി സിംബാബ്‌വെ

New Update
zimbabwe cricket 1

നെയ്‌റോബി: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഉയര്‍ന്ന ടീം സ്‌കോര്‍ എന്ന റെക്കോഡ് സ്വന്തമാക്കി സിംബാബ്‌വെ. ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗാംബിയക്കെതിരെ 20 ഓവറില്‍ സിംബാബ്‌വെ അടിച്ചുകൂട്ടിയത് 344 റണ്‍സ്. നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Advertisment

പുറത്താകാതെ 43 പന്തില്‍ 133 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, പുറത്താകാതെ 17 പന്തില്‍ 53 റണ്‍സ് നേടിയ ക്ലൈവ് മദാന്‍ഡെ, 19 പന്തില്‍ 62 റണ്‍സ് നേടിയ തദിവനഷി മരുമണി, 26 പന്തില്‍ 50 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റ് എന്നിവര്‍ റെക്കോഡ് നേട്ടത്തില്‍ പങ്കാളികളായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗാംബിയ 14.4 ഓവറില്‍ 52 റണ്‍സിന് പുറത്തായി. 290 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്.

2023ല്‍ ഹാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ മങ്കോളിയക്കെതിരെ നേപ്പാള്‍ നേടിയ 314 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇതാണ് സിംബാബ്‌വെ പഴങ്കഥയാക്കിയത്. ഈ മാസം 12ന് ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ 297 റണ്‍സാണ് റെക്കോഡ് പട്ടികയില്‍ മൂന്നാമത്.

Advertisment