Advertisment

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനോട്  ലീഡ് വഴങ്ങി കേരളം

38 റണ്‍സെടുത്ത മൊഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

New Update
64464

തിരുവനന്തപുരം: രഞ്ജി ട്രോഫി പുതിയ സീസണിലെ ആദ്യ മത്സത്തില്‍ തന്നെ ലീഡ് വഴങ്ങി കേരളം. പഞ്ചാബിന് എതിരെ ആദ്യ ഇന്നിങ്‌സില്‍ കേരളം 179 റണ്‍സിന് പുറത്തായി. ഇതോടെ 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളം വഴങ്ങിയത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് എന്ന നിലയിലാണ്.

Advertisment

ഒന്‍പത് വിക്കറ്റിന് 180 റണ്‍സെന്ന നിലയില്‍ ഞായറാഴ്ച ബാറ്റിങ് തുടങ്ങിയ  പഞ്ചാബിന്റെ ആദ്യ ഇന്നിങ്‌സ് 194 റണ്‍സിന് അവസാനിച്ചിരുന്നു. സിദ്ദാര്‍ഥ് കൌളിനെ പുറത്താക്കിയ ജലജ് സക്‌സേന മത്സരത്തില്‍ അഞ്ച് വിക്കറ് നേട്ടവും പൂര്‍ത്തിയാക്കി. നേരത്തെ ആദിത്യ സര്‍വാതെയും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന വിക്കറ്റില്‍ മായങ്ക് മര്‍ക്കണ്ഡേയും സിദ്ദാര്‍ത്ഥ് കൌളും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 51 റണ്‍സാണ് കേരളത്തിന് തിരിച്ചടിയായത്. മായങ്ക് 37 റണ്‍സുമായി പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. 15 റണ്‍സെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. സച്ചിന്‍ ബേബി 12, വത്സല്‍ ഗോവിന്ദ് 28 റണ്‍സും എടുത്ത് പുറത്തായി. അക്ഷയ് ചന്ദ്രനും ജലജ് സക്‌സേനയും 17 റണ്‍സ് വീതമെടുത്തു. 

38 റണ്‍സെടുത്ത മൊഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. വിഷ്ണു വിനോദ് 20 റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നര്‍ മായങ്ക് മര്‍ക്കണ്ഡെയുടെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തത്. ഫാസ്റ്റ് ബൗളര്‍ ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ പഞ്ചാബിന് അഭയ് ചൌധരി, നമന്‍ ധീര്‍, സിദ്ദാര്‍ഥ് കൌള്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റും ബാബ അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment