ജൊഹന്നസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ട്വന്‍റി20യിൽ ഇന്ത്യക്ക് 135 റൺസിന്‍റെ വമ്പൻ ജയം. നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ഇന്ത്യ കുറിച്ച 284 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 148 റൺസിൽ അവസാനിച്ചു.
ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും ഓൾ റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് പരമ്പര സമ്മാനിച്ചത്. പ്രോട്ടീസിന്‍റെ മുൻനിര ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർക്ക് വേഗത്തിൽ മടക്കാനായി. 2.5 ഓവറിൽ പത്തു റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.
ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ റീസ ഹെൻഡ്രിക്സിനെ (പൂജ്യം) ബൗൾഡാക്കി അർഷ്ദീപ് സിങ് ആദ്യ പ്രഹരമേൽപ്പിച്ചു. രണ്ടാം ഓവറിൽ മറ്റൊരു ഓപ്പണർ റയാൻ റിക്കെൽട്ടണെ (ആറു പന്തിൽ ഒന്ന്) ഹാർദിക് പാണ്ഡ്യ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു.
മൂന്നാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ നായകൻ എയ്ഡൻ മാർക്രമിനെയും (എട്ടു പന്തിൽ എട്ട്), ഹെൻറിച് ക്ലാസനെയും (പൂജ്യം) പുറത്താക്കി വീണ്ടും അർഷ്ദീപിന്‍റെ പ്രഹരം.
ഇന്ത്യക്കായി അർഷ്ദീപ് മൂന്നു വിക്കറ്റ് നേടി. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. 51 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. പരമ്പരയിലെ താരത്തിന്‍റെ രണ്ടാം സെഞ്ച്വറിയാണിത്.
56 പന്തിൽ ഒമ്പത് സിക്സും ആറു ഫോറുമടക്കം 109 റൺസുമായി താരം പുറത്താകാതെ നിന്നു. മറുവശത്ത് 41 പന്തിലാണ് തിലക് നൂറിലെത്തിയത്.