ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ (ബിസിബി) ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഖാലിദ് മഹ്മൂദ് സുജോൺ രാജിവച്ചു. സെപ്തംബർ 19 ന് ചെന്നൈയിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ബംഗ്ലാദേശ് ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത രാജി.
രാജിക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ പൊട്ടിത്തെറി ഉടലെടുക്കുന്നുവെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്.
ഈ മാസം ആദ്യം, മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ നെയ്മൂർ റഹ്മാനും ബിസിബി ഡയറക്ടർ സ്ഥാനത്തു നിന്ന് രാജിവച്ചിരുന്നു. ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തെത്തുടർന്ന് ക്രിക്കറ്റ് ബോര്‍ഡ് അഴിച്ചുപണിതിരുന്നു.
ദീർഘകാലം ബിസിബി പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച നസ്മുൽ ഹസൻ പാപോൺ, ബിസിബിയുടെ വനിതാ വിഭാഗം മേധാവി ഷഫിയുൾ ആലം ചൗധരിയോടൊപ്പം സ്ഥാനമൊഴിഞ്ഞിരുന്നു.
ബിസിബിയിലെ മറ്റൊരു പ്രമുഖനായ ജലാൽ യൂനുസ് കഴിഞ്ഞ മാസം രാജിവച്ചിരുന്നു. സ്ഥാനമൊഴിയാനുള്ള സമ്മർദ്ദത്തെ തുടക്കത്തിൽ ചെറുത്തുനിന്ന മുതിർന്ന കായിക സംഘാടകനായ അഹമ്മദ് സജ്ജാദുൽ ആലം ബോബിയെ ദേശീയ സ്‌പോർട്‌സ് കൗൺസിൽ (എൻഎസ്‌സി) നീക്കം ചെയ്തു.
ഈ രാജികളുടെ പശ്ചാത്തലത്തിൽ ഫാറൂഖ് അഹമ്മദിനെയും നസ്മുൽ അബീദീൻ ഫാഹിമിനെയും ബിസിബി ഡയറക്ടർമാരായി നിയമിച്ചു. നസ്മുൽ ഹസൻ പാപോണിൻ്റെ പിൻഗാമിയായി ഓഗസ്റ്റ് 21-ന് ഫാറൂക്ക് അഹമ്മദ് പുതിയ ബിസിബി പ്രസിഡൻ്റായി ചുമതലയേറ്റു.
അടുത്തിടെ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര അവരുടെ നാട്ടില്‍ 2-0ന് ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിലെ അസ്വാരസ്യങ്ങള്‍ അവരെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
ലോക ടെസ്റ്റ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ബംഗ്ലാദേശിന് വെല്ലുവിളിയാണ്. 2012 മുതൽ ഇന്ത്യ സ്വന്തം തട്ടകത്തിൽ ഒരു ടെസ്റ്റ് പരമ്പരയും തോറ്റിട്ടില്ല.