Advertisment

ആദ്യം പൊളിച്ചടുക്കി, പിന്നാലെ സ്വയം പൊളിഞ്ഞു, വിജയമുറപ്പിച്ച മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അപ്രതീക്ഷിത സമനില

പതിവുപോലെ നോവ സദൂയി വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സിനായി മിന്നിത്തിളങ്ങി

New Update
isl kerala blasters vs odisha fc

ഭുവനേശ്വര്‍: പതിവുപോലെ നോവ സദൂയി വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സിനായി മിന്നിത്തിളങ്ങി. 18-ാം മിനിറ്റില്‍ തന്നെ താരത്തിന്റെ വക ഗോള്‍. തൊട്ടുപിന്നാലെ ജീസസ് ജിമെനസും വല കുലുക്കിയതോടെ മത്സരത്തില്‍ വിജയമുറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സും ആരാധകരും.

Advertisment

രണ്ട് ഗോളുകളുടെ ആധികാരിക ലീഡുമായി കളം നിറഞ്ഞപ്പോഴായിരുന്നു ആ ട്വിസ്റ്റ്. വര്‍ധിത വീര്യത്തോടെ മത്സരത്തിലേക്ക് തിരികെയെത്തിയ ഒഡീഷ എഫ്‌സി വിജയം സ്വപ്‌നം കണ്ട് മുന്നേറിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒടുവില്‍ സമ്മാനിച്ചത് 'സമനില പ്രഹരം'.

29-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം അലക്‌സാന്ദ്രെ കൊയിഫ് വഴങ്ങിയ ഓണ്‍ഗോളാണ് ആതിഥേയരായ ഒഡീഷയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. 36-ാം മിനിറ്റില്‍ ഒഡീഷയുടെ സൂപ്പര്‍ താരം ഡീഗോ മൗറിഷ്യോ വക കേരള ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത പ്രഹരം. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം. 2-2.

രണ്ടാം പകുതിയില്‍ ഗോളുകള്‍ക്കായി ഇരുടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മത്സരം സമനിലയില്‍. തോല്‍വിയുറപ്പിച്ച മത്സരം സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഒഡീഷയുടെ മടക്കം. അര്‍ഹിച്ച വിജയം കൈവിട്ടതിന്റെ നിരാശയില്‍ കേരള ബ്ലാസ്റ്റേഴ്‌സും.

Advertisment