Advertisment

കപ്പ് കൊല്‍ക്കത്ത തൂക്കി, ചെന്നൈയില്‍ വീണത് ഹൈദരാബാദിന്റെ കണ്ണുനീര്‍; വംഗനാട്ടിലേക്ക് മൂന്നാം ഐപിഎല്‍ കിരീടം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തു ipl final kolkata knight riders vs Sunrisers Hyderabad ( kkr vs srh )

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
kolkata knight riders

ചെന്നൈ: 114 എന്ന വിജയലക്ഷ്യം മറികടക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍മാര്‍ക്ക് അധികം പാടുപെടേണ്ടി വന്നില്ല. ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനാകാത്ത നിസഹായാവസ്ഥയിലായിരുന്നു സണ്‍റൈസേഴ്‌സിന്റെ ബൗളര്‍മാര്‍. ബാറ്റര്‍മാര്‍ നിറം മങ്ങിയിടത്ത് തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന ഭാവം. ഒടുവില്‍ കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സിനെ അനായാസം തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം കിരീടം സ്വന്തമാക്കി. എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. 10.3  ഓവറില്‍ കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നു.

Advertisment

പുറത്താകാതെ 26 പന്തില്‍ 50 റണ്‍സെടുത്ത വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്തയുടെ ജയം അനായാസമാക്കി. താരം നാല് ഫോറും മൂന്ന് സിക്‌സറും പായിച്ചു. ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസ് 32 പന്തില്‍ 39 റണ്‍സെടുത്ത് ഉറച്ച പിന്തുണ നല്‍കി. ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയാണ് ഗുര്‍ബാസ് പുറത്തായത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്താകാതെ മൂന്ന് പന്തില്‍ ആറു റണ്‍സെടുത്തു.

മറ്റൊരു ഓപ്പണറായ സുനില്‍ നരെയ്‌നെ തുടക്കത്തില്‍ നഷ്ടമായത് മാത്രമാണ് കൊല്‍ക്കത്ത മത്സരത്തില്‍ നേരിട്ട ഏക തിരിച്ചടി. രണ്ട് പന്തില്‍ ആറു റണ്‍സാണ് നരെയ്ന്‍ നേടിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നല്‍കി താരം പുറത്തായി.

ipl final kkr vs srh

ബംഗാള്‍ ഉള്‍ക്കടലില്‍ 'റിമാല്‍'; ചെന്നൈയില്‍ കൊല്‍ക്കത്ത കൊടുങ്കാറ്റ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത് റിമാല്‍ ചുഴലിക്കാറ്റെങ്കില്‍ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ആഞ്ഞുവീശിയത് കൊല്‍ക്കത്ത കൊടുങ്കാറ്റ്. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാര്‍ ചുഴലിക്കാറ്റെന്ന പോലെ ആഞ്ഞുവീശിയപ്പോള്‍ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നേടാനായത് 113 റണ്‍സ് മാത്രം. 18.3 ഓവറില്‍ സണ്‍റൈസേഴ്‌സ് ഓള്‍ഔട്ടായി.

ബൗള്‍ ചെയ്തവരെല്ലാം മികവ് പുറത്തെടുത്തപ്പോള്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ വന്നപോലെ മടങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രെ റസല്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാരെ കറക്കി വീഴ്ത്തിയത്. എല്ലാ കൊല്‍ക്കത്ത ബൗളര്‍മാരും വിക്കറ്റുകള്‍ വീഴ്ത്തി.

19 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 23 പന്തില്‍ 20 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രം, 10 പന്തില്‍ 13 എടുത്ത നിതീഷ് കുമാര്‍ റെഡ്ഢി, 17 പന്തില്‍ 16 റണ്‍സ് നേടിയ ഹെയിന്റിച്ച് ക്ലാസണ്‍ എന്നിവര്‍ മാത്രമാണ് കമ്മിന്‍സിനെ കൂടാതെ രണ്ടക്കം കടന്നത്.

അപകടകാരികളായ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയെയും, ട്രാവിസ് ഹെഡിനെയും തുടക്കത്തില്‍ തന്നെ മടക്കി കൊല്‍ക്കത്ത ബൗളര്‍മാര്‍ ആഞ്ഞടിച്ചു. രണ്ട് റണ്‍സെടുത്ത അഭിഷേകിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. ട്രാവിസ് ഹെഡ് ഗോള്‍ഡന്‍ ഡക്കായിരുന്നു. വൈഭവ് അറോറയുടെ പന്തില്‍ കീപ്പര്‍ റഹ്‌മാനുല്ല ഗുര്‍ബാസിന് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്. രാഹുല്‍ ത്രിപാഠി-9, ഷഹ്ബാസ് അഹമ്മദ്-8, അബ്ദുല്‍ സമദ്-4, ജയ്‌ദേവ് ഉനദ്കത്-4 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന.

Advertisment