Advertisment

സൗദി എംബസിയുടെ പരാതിയിൽ പാലാ സ്വദേശിയായ പ്രവാസി യുവാവ് ജയിലിലായിട്ട് 10 ദിവസം ! എംബസിയ്ക്ക് പരാതിയില്ലെങ്കിൽ മോചനമാകാമെന്ന് പോലീസ് ! വഴങ്ങാതെ എംബസിയും ! യുവാവിനെ ജയിലിലടച്ചത് എംബസിക്കെതിരെ പോസ്റ്റിട്ടതിന് ? കേന്ദ്രത്തെ സമീപിച്ച് എംപിമാർ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി: പ്രവാസികൾക്ക് സംരക്ഷണവും ക്ഷേമവും നൽകേണ്ട എംബസികൾ അവർക്ക് ശാപമായി മാറുന്ന കാഴ്ചയാണ് ഗൾഫിലെ ചില എംബസികളിൽ നിന്നും പുറത്തുവരുന്നത്.

സൗദി, കുവൈറ്റ് എംബസികള്‍ക്കെതിരെയാണ് പ്രധാനമായും പരാതികളുള്ളത്.
സൗദി എംബസിയുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്ന പ്രവാസി വിരുദ്ധ നടപടികൾക്കെതിരെ നിയമ പോരാട്ടം പോലും നടത്തിക്കൊണ്ടിരുന്ന റിയാദിലെ മലയാളി യുവാവിനെ എംബസി അധികൃതർ വ്യാജ പരാതി നൽകി ജയിലിലടപ്പിച്ചിട്ട് 10  ദിവസം പൂർത്തിയായി.

കഴിഞ്ഞ 13 വർഷമായി റിയാദിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്ന പാലാ വള്ളിച്ചിറ പുത്തൻപുരയിൽ ഡൊമനിക് സൈമണാണ് ഇന്ത്യൻ എംബസിയുടെ അഴിമതികളും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയതിന് അഴിക്കുള്ളിലായത്.

എംബസി ഇടപെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയാദ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി എംബസിക്കെതിരെ തെറ്റിദ്ധാരണാജനകമായ വസ്തുതകൾ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് ഡൊമിനിക്കിനെ ജയിലിലടച്ചത്.

സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ പൗരന്മാരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഇന്ത്യൻ സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുള്ളതാണ്. എന്നിരിക്കെയാണ് ഇന്ത്യൻ എംബസി ഒരു സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ സ്വന്തം പൗരനെ ജയിലിലടപ്പിച്ചിരിക്കുന്നത്.

പ്രവാസ കാലത്ത് ഏതെങ്കിലും തെറ്റായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ നിയമക്കുരുക്കിൽ അകപ്പെട്ടാൽ അവരെ മോചിപ്പിക്കാൻ ഉത്തരവാദപ്പെട്ട എംബസിയുടെ ഭാഗത്തുനിന്നാണ് ഈ കിരാത നടപടി .

നാട്ടിൽ നിന്നും ജോസ് കെ മാണി എംപി ഡൊമിനിക്കിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്ത് നൽകിയിരുന്നു.

എംബസിയ്ക്ക് പരാതിയില്ലെങ്കിൽ ഡൊമിനിക്കിനെ മോചിപ്പിക്കാം എന്നാണ് സൗദി പോലീസിന്റെ നിലപാട്. ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്‌സിലുള്ള സഫാറത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് നിലനിൽക്കുന്നത്. അൽ ഹെയർ ജയിലിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് എംബസിയുടെ വീഴ്ചകൾ മൂലം പ്രവാസികൾ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും എംബസി ഉദ്യോഗസ്ഥരുടെ അഴിമതിയും സംബന്ധിച്ച് ഡൊമിനിക് കേന്ദ്രസർക്കാരിന് പരാതി നൽകുകയും വീഴ്ചകൾ അക്കമിട്ട് നിരത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.

മുമ്പ് സൗദി എംബസിയിലെ കെടുകാര്യസ്ഥതകൾക്കെതിരെ സൗദി ഹൈക്കോടതിയിൽ ഇദ്ദേഹം ഹർജി നൽകിയിരുന്നു. അന്നു മുതൽ എംബസിയിലെ അഴിമതിക്കാരുടെ നോട്ടപ്പുള്ളിയായിരുന്നു ഡൊമിനിക്.

കേസ് നൽകുന്നതിനു മുമ്പ് ഡൊമിനിക്കിനെ ജയിലിലാക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഡൊമിനിക്കിന്റെ മോചനത്തിനായി പ്രവാസി ലോകത്ത് പുതിയ ക്യാമ്പയ്ൻ ആരംഭിക്കാനുള്ള ആലോചനയിലാണ് സുഹൃത്തുക്കൾ.

അടുത്തിടെ കുവൈറ്റിലെ ഇന്ത്യൻ എംബസിക്കെതിരെയും സമാനമായ പരാതികൾ ഉയർന്നിരുന്നു. എംബസിയിലെ അഴിമതി നീക്കം പുറത്തുവന്നതിന് മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കെതിരെ കേസെടുപ്പിക്കാൻ എംബസി ഇടപെട്ടിരുന്നു.

എംബസിയിലെ മാഫിയ തലവനായ മലയാളി ഉദ്യോഗസ്ഥനായിരുന്നു ഈ നീക്കത്തിന് പിന്നിൽ. ഇയാൾക്കെതിരെ പ്രവാസികൾക്ക് കോടിക്കണക്കിനു രൂപ നഷ്ടമുണ്ടാക്കിയതു സംബന്ധിച്ച് നിരവധി ആരോപണങ്ങളാണുള്ളത്.

കുവൈറ്റിലെ കറാഫി നാഷണൽ കമ്പനിയിലെ തൊഴിലാളികളുടെ പിരിച്ചുവിടൽ സംബന്ധിച്ച ചർച്ചകളിൽ തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തി അതിനു പകരമായി കോടികൾ ലാഭമുണ്ടാക്കിയ പരാതികൾ എംബസി ഉദ്യോഗസ്ഥനെതിരെയുണ്ട്.

ഇയാളുടെ അനധികൃത സമ്പാദ്യങ്ങൾ സംബന്ധിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

എന്തായാലും പ്രവാസികളുടെ സംരക്ഷകരായി മാറേണ്ട എംബസി ഉദ്യോഗസ്ഥർ അവർക്കു തന്നെ നാശമായി മാറുന്ന സാഹചര്യം പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേരള എംപിമാർ.

soudi news
Advertisment