Advertisment

'രണ്ട് പേര്‍ ഒന്നിച്ച്‌ ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല; അവരെ അവരുടെ പാട്ടിന് വിടണം; ഇല്ലെങ്കില്‍ കാലാകാലം ചൊറിഞ്ഞോണ്ടിരിക്കേണ്ടിവരും'; കുറിപ്പ്

author-image
Charlie
Updated On
New Update

തിരുവനന്തപുരം: ആദിലയ്ക്കും നൂറയ്ക്കും പിന്തുണയുമായി ഡോ. ഷിംന അസീസ്. സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിന് പന്നാലെയുള്ള സമൂഹ്യ മാധ്യമങ്ങളിലെ മോശം കമന്റുകളോട് പ്രതികരിച്ചാണ് ഷിംന രം​ഗത്തെത്തിയിരിക്കുന്നത്. ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണെന്നും അവരെ അവരുടെ പാട്ടിന് വിടണമെന്നും ഷിംന പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റ്ലൂടെയായിരുന്നു ഷിംന അസീസിന്റെ പ്രതികരണം.

Advertisment

കുറിപ്പ്:

'സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളെ ഒരുമിച്ച്‌ ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയ വാര്‍ത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. അതിന് പകരം കമന്റില്‍ തെറിവിളി, ആഭാസം പറച്ചില്‍, അവര്‍ തമ്മിലുള്ള സെക്സിന്റെ വര്‍ണന എന്തൊക്കെ സൈസ് ഞെരമ്ബുരോഗികളാണോ.

ഒരു വ്യക്തിക്ക് ആരോടാണ് ലൈംഗിക ആകര്‍ഷണമോ പ്രണയമോ തോന്നുന്നത് എന്നതാണ് ആ വ്യക്തിയുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍. ഒരു വ്യക്തിക്ക് ലൈംഗിക ആകര്‍ഷണം തോന്നുന്നത് മറ്റൊരു ജെന്‍ഡറില്‍പ്പട്ടെ വ്യക്തിയോടാണെങ്കില്‍ അതിനെ ഹെട്രോസെക്ഷ്വാലിറ്റി എന്ന് പറയും. സ്ത്രീക്ക് പുരുഷനോട് ആകര്‍ഷണം തോന്നുന്നതും, പുരുഷന് സ്ത്രീയോട് ആകര്‍ഷണം തോന്നുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷം വ്യക്തികളുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഇതാണ്.

അങ്ങനെ ഭൂരിപക്ഷം പേരുടേയും സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഹെട്രോസെക്ഷ്വലാണ് എന്നതുകൊണ്ട് ഇത് മാത്രമാണ് ശരി എന്നല്ല. ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതാണ് സ്വവര്‍ഗലൈംഗികത അഥവാ ഹോമോസെക്ഷ്വാലിറ്റി. ഇതില്‍ സ്ത്രീകളോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന സ്ത്രീയെ ലെസ്‌ബിയന്‍ എന്നും, പുരുഷന്മാരോട് മാത്രം ലൈംഗിക ആകര്‍ഷണം തോന്നുന്ന പുരുഷനെ ഗേ എന്നുമാണ് പറയുക.

ഇതല്ലാതെ വേറെയും സെക്ഷ്വല്‍ ഓറിയന്റേഷനുകളുമുണ്ട്. ഇതില്‍ ഏത് സെക്ഷ്വല്‍ ഓറിയന്റേഷനാണ് ഒരു വ്യക്തിക്കുള്ളത് എങ്കിലും അത് തികച്ചും സാധാരണമാണ്. അല്ലാതെ ഒരു സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാത്രം ശരിയും മറ്റുള്ളവ തെറ്റും ആവുന്നില്ല,' ഷിംന പറഞ്ഞു.

ഇവിടെ പ്രായപൂര്‍ത്തിയായവര്‍ എങ്ങനെ ജീവിക്കണമെന്ന് ജഡ്ജ് ചെയ്ത് മാര്‍ക്കിടാന്‍ ആരെയും ആരും ഏര്‍പ്പാടാക്കിയിട്ടില്ല. പിന്നെ, രണ്ട് പേര്‍ ഒന്നിച്ച്‌ ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ഏത് ജെന്‍ഡറില്‍ പെട്ടവരായാലും 'പങ്കാളികള്‍' പങ്ക് വെക്കുന്നവരാണ്.

അത് സുഖവും ദുഃഖവും വേറെ പലതുമാകാം. അതവരുടെ സൗകര്യം, കമന്റിടുന്നോരുടെ ചെലവിലൊന്നുമല്ലല്ലോയെന്നും ഷിംന ചോദിച്ചു

ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണ്. അതിലെ എല്ലാ വശങ്ങളും അവരായിട്ട് അനുഭവിച്ചോളും. അതിന് ടെന്‍ഷനാവാണ്ട് നമ്മള്‍ നമ്മുടെ കാര്യം നോക്കിയാല്‍ മതി. ഇല്ലെങ്കില്‍? കാലാകാലം സ്വസ്ഥതയില്ലാതെ ഇങ്ങനെ ചൊറിഞ്ഞോണ്ട് ജീവിക്കാമെന്നും അവര്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം ആലുവ സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ച്‌ ജീവിക്കാന്‍ അനുമതി നല്‍കി കേരള ഹൈക്കോടതി. ആലുവ സ്വദേശിനിയായ ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച്‌ ഒന്നിച്ച്‌ ജീവിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആലുവ സ്വദേശിയായ ആദില നസ്രിന്‍ നിയമസഹായം തേടി കോടതിയെ സമീപിച്ചത്. തനിക്കൊപ്പം താമസിക്കാന്‍ താല്‍പ്പര്യപ്പെട്ട് വീടുവിട്ടിറങ്ങിയ പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി തടവില്‍ ഇട്ടെന്നായിരുന്നു ലെസ്ബിയന്‍ പ്രണയിനിയുടെ പരാതി. ആദില പൊലീസിലും പരാതി നല്‍കിയിരുന്നു.

ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയാണ് ആദിലയുടെ പങ്കാളി. ഫാത്തിമ നൂറയെ ആദില നസ്‌റിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി. ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി.

തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച്‌ പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച്‌ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു.

രാവിലെ തന്നെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പെണ്‍കുട്ടിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കാന്‍ ബിനാനിപുരം പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയില്‍ വിളിച്ചു വരുത്തി. ചേംബറില്‍വച്ചു സംസാരിച്ച്‌ ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‍റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. സ്വവര്‍ഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി.

സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലാവുന്നത്. സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞതു മുതല്‍ എതിര്‍പ്പായി. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടര്‍ന്നു. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച്‌ പഠിച്ചു. ഒടുവില്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു.

ഈ മാസം 19ന് ആദില കോഴിക്കോടെത്തി താമരശേരിക്കാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ, താമരശേരിയില്‍നിന്ന് ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില പറഞ്ഞു. കോടതിയില്‍ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില നിയമസഹായം തേടിയത്.

Advertisment