Advertisment

ഗള്‍ഫില്‍ മഞ്ഞുരുകുന്നു! ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ ഭരണാധികാരിയെ ക്ഷണിച്ച് സൗദി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ദോഹ: അറബ് ലോകത്ത് പ്രതിസന്ധി സൃഷ്ടിച്ച ഖത്തര്‍ ഉപരോധത്തിന് തിരശ്ശീല വീണേക്കും. റിയാദില്‍ ഈ മാസം ഒന്‍പതിനു നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സൗദി അറേബ്യ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം. ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയാണ് ക്ഷണം അറിയിച്ചത്. ജിസിസി ഉച്ചകോടിയിലേക്ക് ഏതു തരത്തിലുള്ള പ്രതിനിധി സംഘത്തെയാണ് അയയ്ക്കുകയെന്നു ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല.

Advertisment

publive-image

ഖത്തറിനെതിരെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തിരുന്നു. എന്നാല്‍, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു ഭരണാധികാരികള്‍ക്കു പകരം മന്ത്രിമാരോ, ഉപ പ്രധാനമന്ത്രിമാരോ മാത്രമാണ് അന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്.

എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറിയതിനു തൊട്ടടുത്ത ദിവസമാണ് ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമീറിന് സല്‍മാന്‍ രാജാവിന്റെ ക്ഷണം ലഭിച്ചത്. 1980 ല്‍ രൂപീകരിച്ച ജിസിസിയില്‍ ഖത്തറിനും സൗദി അറേബ്യയ്ക്കും പുറമെ, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നിവരാണ് അംഗങ്ങള്‍.

Advertisment