റിയാദ്: ചരിത്രത്തില്‍ എല്ലാ അര്‍ത്ഥത്തിലും ആഗോളവത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡ 19നെ കാണാന്‍ കഴിയുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പാട്ട്. ലോക ജനതയെ മുഴുവന്‍ ഇതുപോലെ ബാധിച്ച മറ്റൊരു പ്രതിസന്ധി ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച 'കൊവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും' വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാജഹാന്‍ മാടമ്പാട്ട്.
മഹാമാരിയുടെ കാലത്ത് ആഗോള തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകള്‍ നിശ്ചിലമായി. ഇത് സാമ്പത്തിക മാന്ദ്യമല്ല. മറിച്ച് സാമ്പത്തിക പക്ഷാഘാതം ആണ്. കേരളം പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ക്ക് ഗള്‍ഫ് മലയാളികളുടെ പണം മാത്രമാണ് ആവശ്യം. രാഷ്ട്രീയ നേതൃത്വത്തോട് പ്രവാസികള്‍ക്കുളള വിധേയത്വം മാറണമെന്നും ഷാജഹാന്‍ മാടമ്പാട്ട് പറഞ്ഞു
ഗള്‍ഫ് തൊഴില്‍ വിപണിയുടെ ഭാവി, കൊവിഡും സാമൂഹിക, സാസ്‌കാരിക മാറ്റങ്ങളും, ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം; കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്നീ വിഷയങ്ങളാണ് വെബിനാര്‍ ചര്‍ച്ച ചെയ്തത്.
യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കോവിഡ് കാലം പ്രവാസികളെ പഠിപ്പിച്ചുവെന്ന് എം സി എ നാസര്‍ (ദുബായ്) പറഞ്ഞു. ഇന്നലെ വരെയുളള പ്രവാസം ഇനി ഉണ്ടാവില്ല. ഈ തിരിച്ചറിവ് പ്രവാസികള്‍ക്ക് ഉണ്ടാവണം. ആഢംബരം ഒഴിവാക്കണം. വരുമാനവും ചെലവും ക്രമീകരിക്കാന്‍ പ്രവാസി കുടുംബങ്ങള്‍ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം സി എ നാസര്‍ (ദുബായ്)
പ്രതിസന്ധികൾ പ്രവാസികൾ മറികടന്നിട്ടുണ്ടെന്നും കോവിഡ്19 സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കുമെന്നും നിലവിലുള്ള സൗദിയിലെ സവിശേഷ സാഹചര്യങ്ങൾ അതിലേക്കാണ് സൂചന നൽകുന്നതെന്നും മുസാഫിർ (ജിദ്ദ) പറഞ്ഞു. അതേസമയം സാമ്പ്രാദായികമായ നമ്മുടെ സങ്കൽപ്പങ്ങളെ അടിമുടി അഴിച്ചു പണിയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസാഫിർ (ജിദ്ദ)
മാറുന്ന തൊഴില്‍ സാഹചര്യത്തിനനുസരിച്ച് തൊഴില്‍ നൈപുണ്യം കൈവരിച്ചാല്‍ മാത്രമേ തൊഴില്‍ വിപണിയില്‍ നിലനില്‍ക്കാന്‍ കഴിയുകയുളളുവെന്ന് അനസ് യാസീന്‍ (ബഹ്‌റൈന്‍) പറഞ്ഞു. പതിവില്‍ നിന്ന് വിപരീതമായി നാല് അതിഥികള്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. സംഘാടനം കൊണ്ട് ചര്‍ച്ചയുടെ ഉള്ളടക്കത്താലും റിംഫ്ടോക്ക് ശ്രദ്ധേയമായി.
അനസ് യാസീന്‍ (ബഹ്‌റൈന്‍)
റിംഫ് ഈവന്റ് കൺവീനർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുലൈമാൻ ഊരകം, ജനറൽ സെക്രട്ടറി നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു. ജയൻ കൊടുങ്ങല്ലൂർ, അഷ്‌റഫ് വേങ്ങാട്ട്, ഡോ മുബാറക് സാനി, അഷ്‌റഫ് വടക്കേവിള, മൈമൂന അബ്ബാസ്, ഡോ ജയചന്ദ്രൻ, നാസർ കാരന്തൂർ, കനകലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നസറുദ്ദീൻ വി ജെ മോഡറേറ്ററായിരുന്നു.
ഷിബു ഉസ്മാന്‍ ,ഹാരീസ് ചോല, ജലീല്‍ ആലപ്പുഴ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
https://www.facebook.com/rimftalk/videos/357596205343729