Advertisment

ഒരു ദുബായ് യാത്ര (കഥ)

author-image
റസിയ പയ്യോളി
Updated On
New Update

publive-image

Advertisment

ഏറ്റവും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നവരാണ് എന്നും നമുക്ക് പ്രിയപ്പെട്ടവര്‍. അങ്ങനെ നോക്കിയാല്‍ ഖാലിദില്‍പ്പരം മറ്റൊരു പേര് ഓര്‍ക്കാന്‍ എനിക്കറിയില്ല. അത്രയ്ക്ക് ഹൃദ്യം. ഖാദു എന്ന് ഞാന്‍ വിളിച്ച് എല്ലാവര്‍ക്കും അവന്‍ ഖാദുവായി.

കന്നിനട നീര്‍ച്ചാലിന്‍റെ അടുത്ത് മൂന്ന് വീടുകള്‍ക്കപ്പുറത്തും ഇപ്പുറത്തുമാണ് ഞങ്ങളുടെ വീടുകള്‍. പ്രശാന്തസുന്ദരമായ ഗ്രാമം. നേരം പുലര്‍ന്നാല്‍ അവനെന്നെ കാണണം, എനിക്കവനേയും.

ഖാദുവിനെ പുല്‍കുന്ന കാറ്റ് എന്നെയും പുല്‍കും. ഞങ്ങള്‍ക്കിടയിലെ രഹസ്യം കാറ്റിനുമറിയാം. കയില് മുക്കിലെ തൊട്ടപ്പുറത്തെ പഞ്ചായത്ത് കിണറിന്‍റെ അരികില്‍ അമ്മമാര്‍ക്കൊപ്പം വെള്ളമെടുക്കാന്‍ കൂടെ പോയ ഒരു വയസ്സിലെ പരിചയമാണ് തുടക്കം. പിന്നെ കാലത്തിനും കാറ്റിനുമൊപ്പം പിരിയാതെ ഞങ്ങളും ഒഴുകിക്കൊണ്ടിരുന്നു.

യൗവനമായതോടുകൂടി സുഖദമായ കെട്ടുറപ്പുള്ള ജീവിതത്തിന് പദ്ധതി തയ്യാറാക്കിത്തുടങ്ങി. ഒപ്പം കിണറ്റിന്‍ കരയില്‍ ഞങ്ങളെ ഒന്നിപ്പിച്ച അമ്മമാര്‍ മനസ്സില്‍ കുളിര്‍മഴയായി.

തച്ചോളി ടാക്കീസിന്‍റെ മുന്നിലെ റോഡിന് അപ്പുറത്തും ഇപ്പുറത്തുമാണ് ഞങ്ങള്‍ ജോലിചെയ്യുന്ന കടയും. ഞങ്ങളെ ആഗ്രഹം പോലെ ഒരു ദിവസത്തിന്‍റെ കൂടുതല്‍ സമയവും ഞങ്ങള്‍ കാണും.

"കലവീഴാത്ത സ്ഫടികംപോലെ തിളക്കമുള്ള സൗഹൃദക്കൂട്ടിലിരുന്ന് സ്വപ്നംകൊണ്ട് ലോകം ചുറ്റും". അര്‍ത്ഥ സമ്പുഷ്ടവും ആശയ ഗംഭീരവുമായ കണ്ടെത്തെലുകള്‍ നടക്കും. കുടുംബമെന്ന ഒരാന്തല്‍ എന്നും ഉള്ളില്‍ മുളച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ ആഗ്രഹവും അതായിരുന്നു. രാവിലെ തൊട്ടടുത്ത വിജയേട്ടന്‍റെ ചായക്കടയില്‍ അല്‍പനേരം ഞങ്ങളിരിക്കും. നാട്ടിന്‍പുറത്തിന്‍റെ ആ മനോഹര കാഴ്ച ഇന്നും ഇപ്പോഴും കൊതിക്കുന്നു.

ഏതു തിരക്കുപിടിച്ച ജീവിതത്തിനിടയിലും സഹജീവികളുടെ ശബ്ദത്തിനായി കാതോര്‍ത്ത ആ കാലം. ഖാലിദിന്‍റെ നെറ്റിത്തടത്തില്‍ എന്നും ഉണങ്ങാത്ത വിയര്‍പ്പ് തുള്ളികള്‍. പ്രാരാബ്ധങ്ങളില്‍ ചൂഴ്ന്ന് നില്‍ക്കുന്ന ആ പാവത്തിന് വിശ്രമം എന്നൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. അവന്‍റെ പതിനഞ്ചാമത്തെ വയസ്സില്‍ ഉപ്പയുടെ തിരോധാനത്തിലൂടെ കുടുംബനാഥനായി.

ഉമ്മയുമായി അസാധാരണമായ ഹൃദയബന്ധമായിരുന്നു ഖാദുവിന്. ഭാര്‍ഗ്ഗവേട്ടന്‍റെ നെയ്ത്ത് ശാലയ്ക്കടുത്തെത്തുമ്പോള്‍ തന്നെ ഉമ്മാ എന്ന് ഖാദു നീട്ടി വിളിക്കും. പ്രിയ മകനെ കാത്തിരിക്കുന്ന ഉമ്മ നിറചിരിയാലെ ഓടിച്ചെന്ന് കൈയ്യിലെ കവറ് വാങ്ങും.

കുടുംബത്തിന്‍റെ ഓരോ മുക്കിലും മൂലയിലും അവന്‍റെ കണ്ണും മനസ്സും പൊയ്ക്കൊണ്ടിരുന്നു. പ്രാരാബ്ധങ്ങളില്‍ പിടഞ്ഞ് ഏകാന്തമൂലയിലിരുന്ന് കരഞ്ഞ എന്‍റെ ഖാദുവിനെ എനിക്ക് മറക്കാനാവില്ല.

തണലായി ഒരു കൂട്ടുകാരന്‍ വേണമെന്ന് തോന്നിപ്പിച്ചത് അവന്‍റെ ജീവിതമാണ്. ഭാവനകളും സ്വപ്നങ്ങളും കൊയ്ത് അതിനായി എല്ലാ അതിര്‍വരമ്പുകളെയൂം പൊട്ടിച്ചില്ലാതാക്കി മുന്നേറുന്ന ആധുനിക മനുഷ്യന് മുന്നില്‍ എന്‍റെ ഖാദു എന്നെ അത്ഭുതപ്പെടുത്തുകയാണിന്നും.

ചിരിമാഞ്ഞുപോയ പ്രിയ ഉമ്മയെ ചിരിപ്പിക്കാന്‍ പാടുപെടുന്നൊരു മോന്‍. എങ്ങനെ ചിരിപ്പിച്ചാലും നൊമ്പരപ്പാടുകള്‍ മുഖത്ത് നിഴലിച്ച് നില്‍ക്കും.

ഉപ്പയുടെ തിരോധാനത്തിന് മുമ്പ് പെട്ടെന്ന് ക്ഷോഭിക്കുകയും കൈയ്യില്‍കിട്ടുന്നതെന്തും വലിച്ചെറിയുകയും ചെയ്യുന്ന ഖാദുവിലെ ദുശ്ശീലങ്ങളൊക്കെയും പാടെ മാറി.

എല്ലാം കൊണ്ടും മെച്ചപ്പെട്ട ഒരു കുടുംബം വാര്‍ത്തെടുക്കാനുള്ള മത്സരത്തിലായിരുന്നു അവന്‍. എന്തൊക്കെയാണ് കുടുംബത്തിനുവേണ്ടി എനിക്കിനി ചെയ്യാനുള്ളത് എന്ന് തനിയെ ഇടക്കിടെ പറയും.

അത്ര സക്രിയനായിരുന്ന ഖാദു എന്ന കുടുംബനാഥന്‍. ഒന്നു വര്‍ണിച്ചാല്‍ സംശുദ്ധമായ ഗ്രാമ്യനന്മകളെ ഓര്‍മപ്പെടുത്തുന്ന പൗരുഷ പ്രതിബിംബം.

പയ്യോളി കടപ്പുറത്ത് പതിവുപോലെ സൗഹൃദം പങ്കിടാന്‍ ഞങ്ങളിരുന്നു. പതിവിലും സുന്ദരിയായിരുന്നു അന്ന് കടലോരം.

വീശുവലയുമായി വന്നവര്‍, കളിക്കളത്തിലെത്തിയ കൗമാരക്കാര്‍, സവാരിക്കാര്‍, വഞ്ചിയിറക്കാനായി സന്നാഹമായി കൂടിനില്‍ക്കുന്ന യുവത്വങ്ങള്‍, കുഴിഞെണ്ടിനെയും തിരയെത്തിച്ച പരല്‍മീനിനെയും തിന്നാനെത്തിയ കൊക്കുകള്‍ അങ്ങനെ കാഴ്ചകള്‍ പലതാണ്.

ശാന്തമായി കിടക്കുന്ന തിരമാല നോക്കി എടാ രഞ്ജീ എനിക്കീ മസാലക്കടയിലെ പണികൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ല, ഉള്ളത് അഞ്ച് പെണ്‍മക്കള്‍. ഉമ്മയും മൈനയും അടങ്ങുന്ന വലിയ കുടുംബം. ഈ വീടിന് വലിയ ആയൂസില്ല. നല്ലൊരു വീട് വേണം. ഫര്‍ഹാനയ്ക്ക് വയസ്സ് പന്ത്രണ്ട് കഴിഞ്ഞു. ഇതൊക്കെ നടക്കണമെങ്കില്‍ ഒന്ന് നാട് കടക്കണം.

റഹ്മത്ത് എന്ന കുഞ്ഞുമണ്‍വീടിനുള്ളില്‍ നിന്നുകൊണ്ട് ഖാദു പുതിയ ലോകം കാണുന്നു. ത്യാഗംകൊണ്ട് മുന്നേറിയ പ്രിയ ഖാദുവാണിത് പറയുന്നത്. പോയാല്‍ രക്ഷപ്പെടുമെന്ന് എനിക്കും തോന്നി.

എങ്കിലും ഞാന്‍ ഞെട്ടിത്തരിച്ചു. കാരണം ഒരു ഗള്‍ഫ് യാത്ര പോയിട്ട് ഈ ജില്ലതന്നെ വിട്ട് പോകുന്നത് ഖാദുവിനിഷ്ടമല്ല. അത്രയുമായിരുന്നു കുടുംബവുമായുള്ള അടുപ്പം.

ആ വ്യക്തിത്വം ഒന്നുകൂടി വ്യക്തമാക്കിയാല്‍ ജീവിതത്തെ ഏതു തിരക്കിനിടയിലും അഗാധമായി നിരീക്ഷിക്കുന്നൊരാള്‍.

അവന്‍റെ മനസ്സിലെ തിളങ്ങുന്ന സ്വപ്നഗോപുരം നോക്കി നീ വെറും വാക്ക് പറയുകയാണൊ? കള്ളിച്ചെടിയെ പൊതിഞ്ഞുകിടക്കുന്ന മഞ്ഞുതുള്ളിയെ നോക്കി ഗൗരവത്തോടെ ഖാദു പറഞ്ഞു
അല്ല, വെറും വാക്കല്ല. വെലയ്ക്കുതന്നെ.

വളഞ്ഞുപുളഞ്ഞ ഒരുപാട് വഴികള്‍ക്ക് മുന്നിലാണ് ഞാന്‍. ഇതുകേട്ടപ്പോള്‍ ചിതലരിച്ച് തീരാറായ റഹ്മത്ത് എന്ന വീടും ചെയ്തുതീര്‍ക്കാനുള്ള കുന്നോളം ബാധ്യതകളും എന്‍റെ കണ്ണിന് മുന്നിലേക്ക് വന്നു.

അതിന് എന്തെങ്കിലും പ്രേരണയുണ്ടായോ? ഞങ്ങള്‍ക്കിടയില്‍ എപ്പോഴും ചോദ്യങ്ങള്‍ സജീവമായിരുന്നു. പ്രേരണ ഉണ്ടായെങ്കിലും ഞാനും ചിന്തിച്ചു. എല്ലാ വാക്കും പാഴ്വാക്കല്ല.

രഞ്ജീ ഇങ്ങനെ ജീവിച്ചുപോയാല്‍ പോരാ. പെണ്‍മക്കള്‍ അഞ്ചല്ലെ ഉള്ളത്. ഇന്നലെ കടയില്‍ തിരക്കൊഴിഞ്ഞ സമയം ഞാനും ജോസഫേട്ടനും പല കാര്യങ്ങളും സംസാരിക്കുന്നതിനിടയില്‍ ഒരു ചോദ്യം.

ഖാദൂ... ഈ കടയിലെ ദിവസക്കൂലികൊണ്ട് ജീവിതം സുഖം എന്നല്ലാതെ ഒരു വീട് പണിയുക, മക്കളെ വിവാഹം അതൊക്കെ നടക്ക്വോ? ഒരു വിസ കിട്ടിയിരുന്നെങ്കില്‍...

സെക്കിയ്യയേയും മുംതാസിനേയും ഫരീദയേയും കെട്ടിച്ച വകയില്‍ ഇപ്പൊതന്നെ ഇനിയും കടം ബാക്കിയില്ലെ. അപ്പഴാ തലയ്ക്ക് തീപിടിച്ചത്. ആ കണ്ണുകളില്‍ വിജയപ്രതീക്ഷകള്‍.

ഖാദു കൃത്യതയും അച്ചടക്കവും മുന്നൊരുക്കങ്ങളും കൊണ്ട് അതി വിദഗ്ദനായൊരു സംഘാടകനാണ് കുടുംബത്തിന് മുന്നില്‍ നീ. അതുകൊണ്ടു തന്നെ നീ രക്ഷപ്പെടും എന്നു ഞാനും പറഞ്ഞു.

തരിശുഭൂമിയില്‍ പൊന്നുവിളയിക്കാന്‍ കഷ്ടപ്പെടുന്ന കര്‍ഷകനെപ്പോലെയാണ് എന്‍റെ ഖാദു. പൂര്‍ണ്ണാര്‍ത്ഥത്തില്‍ മാറ്റത്തിന്‍റെ മുന്നണിപ്പോരാളി.

ജോസഫേട്ടന്‍റെ ചോദ്യങ്ങളാണ് എന്നില്‍ മാറ്റമുണ്ടാക്കിയത്. വാസ്തവത്തില്‍ ഏറെ ചിന്തിക്കേണ്ട വിഷയമായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യങ്ങള്‍.

വിസാ ഏജന്‍റുമാര്‍ റസാക്കിനോടും രവിയോടും ഞാനൊന്ന് സംസാരിക്കട്ടെ. പൈസ ഉണ്ടെങ്കില്‍ വിസ റെഡി. എല്ലാം വളരെ പെട്ടെന്നായിരുന്നു.

ഇരുട്ടില്‍ തപ്പുന്ന ഖാദുവിനെ എനിക്ക് സഹിക്കാനാവില്ല. കാരണം ഭൂതകാലത്തിലെ ഖാദു അത്രയുമായിരുന്നു. കുടുംബത്തെ വലിച്ചെറിഞ്ഞുപോയ പിതാവിലൂടെ പൊങ്ങാത്ത തലച്ചുമട് ഏറ്റുവാങ്ങിയ പതിനഞ്ചു വയസ്സുകാരന്‍.

താരപ്പള്ളിയില്‍ നബിദിനത്തില്‍ കിട്ടുന്ന ചോറുപൊതി എനിക്കൊപ്പമിരുന്ന് കഴിച്ച പ്രസരിപ്പുള്ള ഓര്‍മകളേ ഉണ്ടായിരുന്നുള്ളു അവനൊപ്പം. ഞാനില്ലാതെ ഒരു മിഠായിപോലും കഴിക്കില്ല. കടപൂട്ടി തിരിച്ചുവരുമ്പോള്‍ മഹാത്മാ ലൈബ്രറിയുടെ വരാന്തയില്‍ പതിവുപോലെ ഞങ്ങളിരുന്നു.

വിസയും കൊണ്ടടുത്തെത്തിയപ്പോള്‍ ഖാദൂ അവള്‍ ശരിക്കും സമ്മതിച്ചോ? അവര്‍ക്കിടയിലുള്ള സ്നേഹത്തിന്‍റെ പശിമ എത്രത്തോളമാണെന്ന് മനസ്സിലാക്കിയ എനിക്ക് അങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

പുഞ്ചിരിയാലെ എന്നെ നോക്കി ഒഴുക്കും ഓളവുമില്ലാത്ത ജീവിതത്തില്‍ കൈപിടച്ചുയര്‍ത്തി പ്രണയത്തിന്‍റെ തേന്‍ പുരട്ടിയ പെണ്ണ് രഞ്ജീ ഇല്ലെടാ. മനസറിഞ്ഞ് സമ്മതം തരാന്‍ അവള്‍ക്കാവില്ല.

എന്നാലും ഞാന്‍ ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും പ്രവാസലോകത്തെത്താനുള്ള വീര്‍പ്പുമുട്ടലായിരുന്നു എന്‍റെ ഖാദുവിനുള്ളില്‍.

ചുരുക്കിപ്പറഞ്ഞാല്‍ ഇരതേടലില്‍ കണ്ണുവെച്ച് ഉറക്കുപോലും നഷ്ടപ്പെട്ട വേടനെപ്പോലെ ഒപ്പം ഒരു മനുഷ്യന് താങ്ങും പ്രത്യാശയും ഉണ്ടാക്കുന്ന ദൈവവിശ്വാസവും കുടുംബവും ഒപ്പമുണ്ട്.
മുമ്പ് പല പ്രവാസികളും വിസ ഓഫര്‍ചെയ്തിട്ടും ഖാദു തറപ്പിച്ചു പറഞ്ഞു എനിക്കെന്‍റെ കുടുംബത്തെ വിട്ടുപോകാനാവില്ല.

ഞങ്ങളുടെ സഹപാഠി കളപ്പൊരയ്ക്കല്‍ യൂസഫ് പെട്രോള്‍ പമ്പില്‍ നല്ല ശമ്പളം കിട്ടുന്ന ജോലി തരപ്പെടുത്തി. കാരണം അവന്‍റെ മിടിക്കും സത്യസന്ധതയും അത്രയ്ക്ക് മികച്ചതായിരുന്നു.

യൂസഫേ ഞാനില്ല കുടുംബത്തെ വിട്ട്. എനിക്കതിന് പറ്റില്ല. ഭാഗ്യത്തിന് വിസ കിട്ടലും ബാക്കി കാര്യങ്ങളും പെട്ടെന്നായിരുന്നു.

പ്രവാസലോകത്തേക്കുള്ള ദിവസങ്ങള്‍ അടുക്കുംതോറും ഖാദുവിനുള്ളില്‍ പ്രതീക്ഷകളുടെ തിരമാലകള്‍. ആ മുഖത്ത് വല്ലാത്ത പ്രസരിപ്പ്. ഖാദു യാത്ര പറയാനായി ഒരുങ്ങി. എല്ലാവരേയും നോക്കുന്നു.

ഞങ്ങള്‍ ചവിട്ടിയ കല്ലും മുള്ളും നിറഞ്ഞ വഴികള്‍ എന്‍റെ കണ്ണില്‍ ഒരു സിനിമ പോലെ. ഇളയവള്‍ ഒന്നര വയസ്സുകാരി റുബിയ ഉപ്പയെ കൗതുകത്തോടെ നോക്കുന്നു.

കൈയിലൊരുപെട്ടി. മുന്നിലൊരുപെട്ടി. പാന്‍റും ഷര്‍ട്ടുമൊക്കെ ഇട്ട് സുമുഖനായ ഉപ്പയെയാണവള്‍ ഇന്ന് കാണുന്നത്. പലചരക്ക് കടയിലേക്കുള്ള ഇസ്തിരിവെക്കാത്ത ലുങ്കിയും ബനിയനുമിട്ട ഓട്ടപ്പാച്ചിലുകാരനെ അവര്‍ക്ക് ഓര്‍ത്തെടുക്കാനായില്ല.

എത്ര പ്രയാസങ്ങള്‍ക്കിടയിലും സൂര്യതേജസ്സുള്ള മുഖവുമായി ചിരിച്ചുകാണുന്ന ഇന്നത്തെ ഖാദുവിന്‍റെ മുഖം ആകെപ്പാടെ സങ്കടംകൊണ്ട് മൂടിയിരിക്കുന്നു.

ഷര്‍ട്ടിന്‍റെ പിന്നില്‍ നിന്ന് ടവ്വലെടുത്ത് കണ്ണ് തുടച്ചു. വാതോരാതെ സംസാരിച്ച്കൊണ്ടിരിക്കുന്ന മക്കള്‍.

ഉപ്പാ...ഉപ്പാ... എന്തിനാ ഗള്‍ഫില്‍ പോകുന്നെ. ഉപ്പ വേഗം വരില്ലെ. ഉപ്പ ഞങ്ങള്‍ക്ക് മാലയും വളയും ഡ്രസ്സും കൊണ്ടത്തരാന്‍ പോകുന്നതല്ലെ. ഇനി കടലമിഠായിയും പരിപ്പ് വടയുമൊക്കെ ആര് കൊണ്ടത്തരും. അങ്ങനെ പലതരത്തിലുള്ള ചോദ്യങ്ങള്‍.

അവരുടെ മനസ്സില്‍ ആ സ്നേഹനിധിയായ ഉപ്പ വല്ലാത്ത ഇരിപ്പുറപ്പിച്ചു. ഖാദുക്കാ... എന്ന മൈനയുടെ ഇടക്കിടെയുള്ള വിളി. എങ്കിലും കേള്‍ക്കുമ്പോള്‍ ഖാദു ഉരുകുന്നു. എങ്കിലും സാമ്പത്തികമായി കുടുംബത്തെ മെച്ചപ്പെടുത്തണം എന്ന വാശി ഉള്ളില്‍ ചിറകിട്ടടിക്കുന്നു.

"ആ വെളിച്ചത്തിന്‍റെ വജ്രബീജങ്ങള്‍ ഖാദു തന്‍റെ മോഹ മനസ്സില്‍ കുന്നോളം കാണുന്നു". ഉമ്മയുടെ കോന്തലയിലൊന്നു പിടിമുറുക്കി മുത്തം നല്‍കി യാത്രപറഞ്ഞിറങ്ങിയാല്‍ മോനേ പിന്നെ തിരിഞ്ഞുനോക്കരുതേ.

ഇല്ലുമ്മാ... ഉമ്മയെ പുല്‍കി. എന്നും വിയര്‍പ്പിന്‍റെ നനവുള്ള കോന്തലയില്‍ ഒന്നു മുറുക്കിപ്പിടിച്ചു. അപ്പോഴേക്കും ഇട്ട വെള്ള ഷര്‍ട്ടിന്‍റെ അടിയിലെ ബനിയന്‍റെ ആകൃതി ശെരിക്കും കാണാമായിരുന്നു. അത്രയ്ക്ക് ഖാദു വിയര്‍ത്തിരുന്നു.

ആ വിയര്‍പ്പ് തുള്ളികള്‍ ഉമ്മ തന്‍റെ തട്ടത്തില്‍ തുടച്ചു. കൊമ്പന്‍ മീശകള്‍ ചത്തു കിടന്നു. ഇന്ന് രാത്രിയിലെ റഹ്മത്ത് എന്ന വീട്ടിലെ നിലാവിനുപോലും നിറമുണ്ടാവില്ല. മുറ്റത്തെ പൂഴിമണലിലെ ആറടിപ്പൊക്കക്കാരന്‍ ഖാദുവിന്‍റെ കാല്‍പ്പാടുകള്‍ നനഞ്ഞുകുതിര്‍ന്നിരുന്നു.

ഏജന്‍റുമാര്‍ ബിജുവും റസാക്കും എല്ലാം കണ്ട് ആവേശത്താലെ ഉമ്മറത്ത് നില്‍ക്കുന്നു. മുഖത്ത് മൗനം. എന്തൊക്കെയോ പറയാനിരിക്കുംപോലെ.

എത്രയും വേഗം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തണം. അതാണിനി ലക്ഷ്യം. ബിജൂ... വണ്ടിയെടുക്കാന്‍ പറയൂ നൗഷാദിനോട്. അപ്പോഴേക്കും കുട്ടികള്‍ വണ്ടിക്കടുത്തേക്ക് ഓടിക്കൊണ്ടിരുന്നു.

പിച്ചുംപേയും പറഞ്ഞവര്‍ വണ്ടിക്കുപിറകെ ഓടിക്കൊണ്ടിരുന്നു. എന്താണവര്‍ അങ്ങനെയെന്ന് ചോദിച്ചല്‍ സുദീര്‍ഘമായൊരു കഥ പറയാനുണ്ടാകും.

"ഒരിടത്ത് ഖാദു എന്നൊരു പിതാവുണ്ടായിരുന്നു. അങ്ങനെ അങ്ങനെ ഒത്തിരി കഥകള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ ആ ഉപ്പയ്ക്ക് ചുറ്റിലുമുണ്ട്. ആ നാഡിമിടിപ്പില്‍തന്നെ സ്നേഹത്തിന്‍റെ റിഥമുണ്ട്". വണ്ടിക്കുപിറകെ കുട്ടികളുടെ ഓട്ടം.

ഖാദുവിന് സഹിക്കാനായില്ല. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ നിന്ന് ഖാദു നിലവിളിച്ചു. ഭാസ്കരേട്ടന്‍റെ കടയുടെ മുന്നിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു.

ഏജന്‍റ് പണിയുടെ തിരക്കില്‍ ആമഗ്നരായ കണ്ണില്‍ ചോരയില്ലാത്ത അവര്‍ ഖാദു പറഞ്ഞത് തട്ടിക്കളഞ്ഞു. കുട്ടികളുടെ ഓട്ടം ഖാദുവിന്‍റെ സമനില തെറ്റിച്ചു. ഒന്നു വണ്ടി നിര്‍ത്തൂ. എനിക്കെന്‍റെ മക്കളെ ഒന്നുകൂടി കാണണം.

തന്‍റെ പ്രകാശഗോപുരമായ മക്കളുടെ നിലവിളിയില്‍ മനം നൊന്ത് നെഞ്ച്പൊട്ടിയുള്ള പറച്ചിലായിരുന്നു അത്.

ഇല്ല പറ്റില്ല. ഇതൊക്കെ സര്‍വ്വസാധാരണമാ. കണ്ടില്ലെന്ന് വെക്കുക. രണ്ടു ദിവസം കഴിഞ്ഞാല്‍ മാറിക്കോളും. ഇപ്പോള്‍ കാണുന്നത് ഏജന്‍റുമാരുടെ ക്രൂരമുഖമാണ്.

എത്രപെട്ടെന്നാണ് ഈ പഹയന്‍മാര്‍ രൂപം മാറിയത്. ഖാദു സങ്കടത്താല്‍ അത്ഭുതപ്പെട്ടു. കുടുംബത്തിന് മുന്നില്‍ ഏറ്റവും മികച്ച സംഘാടകനായി നിറഞ്ഞാടിയ ഖാദു എന്ന പ്രിയ ഉപ്പയുടെ ഗതികേട് നോക്കണം.

ഇത്തരം നിലവിളികളൊക്കെ എല്ലായിടത്തും ഉണ്ടാകും . അതൊന്നും മൈന്‍ഡ് ചെയ്യരുത്. ബിജുവിന്‍റെ വാക്കും വണ്ടി നിര്‍ത്താത്തതിലുള്ള പ്രതിഷേധവും ഖാദുവെ തകര്‍ത്തു.

വണ്ടി നിര്‍ത്താനാ പറഞ്ഞത്. ഖാദു ഉറഞ്ഞു തുള്ളി. പറ്റില്ലെന്നാവര്‍ത്തിച്ചു. ഇടയിലും തന്‍റെ നെഞ്ചിന്‍റെ കതകില്‍ മക്കളോരോരുത്തുരും മുട്ടിക്കൊണ്ടിരുന്നു.

ഈ സാധുമനുഷ്യനെ നിങ്ങള്‍ കണ്ടാമൃഗമാക്കും എന്നു പറഞ്ഞു ഖാദു. കൈയ്യിലുള്ള സൂട്ട്കെയ്സ് കൊണ്ട് ബിജുവിന്‍റെ തലയ്ക്ക് ആഞ്ഞൊരു തല്ല് കൊടുത്തു. അവനാണ് കൂടുതല്‍ തടഞ്ഞത്. പെട്ടെന്ന് വണ്ടി നിന്നു.

അപ്പോഴേക്കും രണ്ടര കിലോമീറ്റര്‍ എത്തിക്കഴിഞ്ഞിരുന്നു. ക്ഷമയുടെ നെല്ലിപ്പടിയില്‍ എത്തിയ സ്ഥിതിക്ക് ഇങ്ങനെ പ്രതിരോധിക്കാനാ തോന്നിയത്.

ഇടിയുടെ ആഘാതത്തില്‍ ബിജു നിലത്ത് അമര്‍ന്ന് ഇരുന്മ്പോയി. ഇന്നത്തെ ആകാശം വല്ലാതെ മൂടിക്കെട്ടികിടന്നു. കാര്‍മേഘങ്ങളില്ല എന്നിട്ടുപോലും....

എടാ നീ ഈ പാവത്തെ തല്ലി അല്ലേ? റസാഖ് കുതറി വന്നു. അതൊരു സിംഹഗര്‍ജ്ജനമായിരുന്നു. അവന്‍റെ കണ്ണുകളില്‍നിന്ന് തീപ്പൊരി പാറുന്നു. തല്ലാനായി നോക്കിയെങ്കിലും ഖാദുവിന്‍റെ പിറകോട്ട് തള്ളിയുള്ള വീശിയുള്ള അടിയില്‍ റസാഖ് വീണു.

ചോരമണക്കുന്ന വേദനയില്‍ ഖാദുവിന്‍റെ നിയന്ത്രണം വിട്ടു. വിജനമായ വയല്‍പ്രദേശത്ത് ഡിസംബറിന്‍റെ മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന സുന്ദരിയായ പ്രഭാതം. നിറഞ്ഞുനില്‍ക്കുന്ന പക്ഷികള്‍. അന്തരീക്ഷത്തെ മനോഹരമാക്കുന്ന പലതരത്തിലുള്ള മരങ്ങള്‍. പലതരം കിളിയൊച്ചകള്‍ ഒരു സിംഫണിപോലെ കാതില്‍ മുഴങ്ങി.

ഏതാണ്ട് അങ്ങിങ്ങായി ദൂരെ വീടുകള്‍. കാല്‍നടയായി കൂലിപ്പണിക്കായി പോകുന്നവര്‍. ഏതൊരു മലയാളിയും കൊതിച്ചുപോകുന്ന അന്തരീക്ഷം. ഖാദുവിന്‍റെ പ്രതിഷേധത്തില്‍ നൗഷാദ് പേടിച്ചു വിറച്ചു.

മുഹ്യുദ്ധീന്‍ സാഹിബിന്‍റെ ബര്‍ക്കത്ത് സ്റ്റോറില്‍ ജോലിക്കാരനായ ഖാലിദിനെ നൗഷാദിന് വ്യക്തിപരമായി അറിയില്ലെങ്കിലും അദ്ദേഹം നല്ലൊരു വ്യക്തിയാണെന്നറിയാം.

വീണിടത്തുനിന്നും ബിജുവും റസാക്കും ഖാദുവിന് നേരെ അക്രമിക്കാനായി ചാടി. വീണ്ടും തല്ലിവീഴ്ത്തി. ബിജുവിനെ തെങ്ങില്‍ പിടിച്ചുകെട്ടി. തൊട്ടടുത്ത് കണ്ട മരക്കഷ്ണമെടുത്ത് റസാക്കിനെ തല്ലി. പിന്നെ റസാഖിന്‍റെ വായില്‍ നിന്ന് വരുന്നത് സഭ്യമല്ലാത്തത്.

എടാ കണ്ട പുറംപോക്കിലും മറ്റും അലഞ്ഞുനടന്ന പിച്ചക്കാരാ നിനക്കെന്ത് കുടുംബം. ഒരു പാട്ടകുടുംബനാഥന്‍. തന്‍റെ അസ്ഥിത്വത്തിന് നേരെയുള്ള ബിജുവിന്‍റെ വാക്കുകള്‍ ഖാദുവിനെ ഭ്രാന്ത്പിടിപ്പിച്ചു.

കവുങ്ങിന്‍തടിയോട് പറ്റിച്ചു നിര്‍ത്തി ബിജുവിനെ ആഞ്ഞു തല്ലി. കോളറില്‍ പിടിച്ചു നിര്‍ത്തി. "എടാ ഞാന്‍ പിച്ചക്കാരനായാലും എന്‍റെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നവരാണാ മക്കള്‍.

അവരെ കാണുന്തോറും സന്തോഷംകൊണ്ട് തുള്ളിച്ചാടുന്നൊരുപ്പയാ ഇത്. അങ്ങനെ ഒരുപ്പയാ പറഞ്ഞത് വണ്ടി നിര്‍ത്താന്‍. അവരെ സ്വപ്നങ്ങളിലെ പൊന്നുപ്പ. കണ്ടാമൃഗങ്ങളേ സ്വാര്‍ത്ഥതയുടെ ഉരുക്കുവേലി വലിച്ചെറിഞ്ഞ് കാരുണ്യത്തിന്‍റെ പളുങ്കുപാത്രമാക്ക് മനസ്സ്.

നല്ലൊരുപ്പയാകാന്‍ രാജകൊട്ടാരത്തിലൊന്നും ജനിക്കണ്ട തെരുവനായാലും മതി". ദുസ്സഹമായ വേദനയുടെ സാന്ദ്രത ആ മുഖത്ത് നിഴലിച്ച് നില്‍ക്കുന്നു. ചിരിക്കാതെയും ചിരിതൂകി നില്‍ക്കുന്ന ഖാദുവിന്‍റെ മുഖത്ത് കനത്ത് കറുത്ത മേഘം.

മെയിന്‍ ഏജന്‍റുമാര്‍വഴി പറഞ്ഞുറപ്പിച്ചതാ നിന്നെ ഫ്ളൈറ്റ് കേറ്റിയ ശേഷമാണ് ഞങ്ങളെ കമ്മീഷന്‍ കിട്ടുക. ഈ കമ്മീഷനുമൊക്കെയായി ജീവിക്കുന്നവരാ ഞങ്ങള്‍. ഇതുപറയുമ്പോള്‍ റസാഖിന്‍റെ അട്ടഹാസം വല്ലാതങ്ങുയര്‍ന്നു. വിരലുകള്‍ തോക്കിന് സമം.

"എടാ കോടതി നിയമങ്ങളാണ് മാറ്റി എഴുതാത്തത്. 'മനുഷ്യനുണ്ടാക്കുന്ന' നിയമങ്ങള്‍ സഹജീവികള്‍ക്കുവേണ്ടി അവസരം വരുമ്പോള്‍ മാറ്റം വരുത്തണം. അതിനുപറയുന്നതാ മനുഷ്യത്വം".

ജീവിതത്തിലെ കഠോരമായ തിക്തസാഹചര്യങ്ങളെ കടന്നുചാടിയൊരാളല്ലെ ഖാദു. ഇതു പറയുമ്പോള്‍ വല്ലാതെ പൊട്ടിത്തെറിച്ചു. "തോല്‍വികൊണ്ട് ജയിച്ചുമുന്നേറിയ പോരാളി". നിലവിളിച്ചോടിയ കുട്ടികളുടെ ചിത്രം ഖാദുവെ ഭ്രാന്ത്പിടിപ്പിച്ചു.

കുട്ടികള്‍ക്ക് തന്നോടുള്ള സ്നേഹത്തിന്‍റെ വലുപ്പംകൂടി ഖാദു തിരിച്ചറിഞ്ഞു. ഞാനില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന സത്യംകുടി തെളിയുന്നു.

അടിയുടെ ആഘാതത്തില്‍ നിങ്ങള്‍ നിലവിളിച്ചുപോയി അല്ലേ? ഈ നിലവിളിയേക്കാള്‍ എത്രയോ ഭയാനകമായിരുന്നു വണ്ടിക്കുപിറകെയുള്ള എന്‍റെ കുട്ടികളുടെ നിലവിളിച്ചുകൊണ്ടുള്ള ഓട്ടം.

"എന്‍റെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ കുടുംബവേര് എത്ര ജന്മം ജനിച്ചാലും നിങ്ങള്‍ക്ക് മുളപ്പിച്ചെടുക്കാന്‍ കഴിയില്ല. സ്ഫുടം ചെയ്ത വാക്കുകള്‍.

അവസരം വന്നാല്‍ ഖാദു ഉപയോഗിക്കുന്ന ഭാഷയുടെ വിരുതാണിത്. കുട്ടികള്‍ക്ക് മുന്നിലെ താനെന്ന ദീപ്തസാന്നിധ്യം വെളിപ്പെടുത്തുകയാണ് ഖാദു. മക്കള്‍ക്ക് പറന്നുയരാന്‍ ആകാശം പണിയുന്നൊരുപ്പ".

കണ്ടാമൃഗങ്ങളെ... സ്നേഹിക്കുന്ന മനസിലേ വിങ്ങലും തേങ്ങലും സങ്കടവുമൊക്കെ ഉണ്ടാകൂ. നിങ്ങളെയൊക്കെ ഉള്ളില്‍ കമ്മീഷന്‍ കിട്ടുന്ന കാശിന്‍റെ വലുപ്പം അല്ലേ ചെറ്റകളേ.

കാരുണ്യം അങ്ങനെ ഒന്നുണ്ടോനിങ്ങള്‍ക്ക്? നീ ഒക്കെ ചാകാന്‍ കിടന്നാലും കമ്മീഷന്‍ ചോദിക്കും. എന്തിന് പറയുന്നു സ്വന്തം തന്തയോട്വരെ കമ്മീഷന്‍ വാങ്ങും.

ആ മക്കള്‍ അത്രയേറെ എന്നെ സ്നേഹിക്കുന്നു. ഈ ഉപ്പയില്ലാതെ അവര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഖാദു വാചാലനായി.

നിലംപരിശായി ബിജുവും റസാക്കും ദയനീയമായി നോക്കുന്നു. അവരുടെ ഉയരക്കുറവ് കായികമായി കീഴ്പെടുത്താനുള്ള വലിയൊരവസരമായി ഖാദുവിന്.

ഖാദു വിയര്‍പ്പില്‍കുളിച്ചിരിക്കുന്നു. പ്രിയ മക്കള്‍ ഖാദുവിന് ചുറ്റും തണുത്തകാറ്റായി വീശിയടിച്ചുകൊണ്ടിരുന്നു.

വണ്ടിക്കുപിറകെ ഓടിയ എന്‍റെ മക്കളെ ഒന്നുകൂടി കാണാന്‍ യാചിച്ചില്ലേ ഞാന്‍. ഇവിടെ വെച്ച് തിരിച്ച് വീട്ടിലേക്ക് പോയില്ലെങ്കില്‍ ദുബായില്‍ ഇറങ്ങും മുമ്പ് ഹൃദയംപൊട്ടി ഞാന്‍ ചാകും. അറിയുമോ നിങ്ങള്‍?

സ്നേഹം കിട്ടണമെങ്കില്‍ അത് കൊടുക്കണം. അവിടെയൊക്കെ തോറ്റവരാണ് നിങ്ങള്‍. ഒന്നു പരിശോധിച്ചുനോക്ക്. വിവാഹജീവിതത്തില്‍ ജന്മം കൊടുത്ത മക്കള്‍പോലുമില്ലാത്ത നിങ്ങളിന്ന് ഏകാന്ത ജീവിതം നയിക്കുന്നു.

ആ കഥകളൊക്കെ പറയിപ്പിക്കണോ? അതുകൊണ്ടാണ് ഈ പിതാവിന്‍റെ ഹൃദയത്തിന്‍റെ വേദന കാണാനാവാത്തത്.

മനുഷ്യനായാല്‍ അല്‍പം പൗരബോധം വേണം. കുടുംബം മാത്രമല്ല, സമൂഹത്തിന് മുന്നിലും പലതും ചെയ്തു തീര്‍ക്കാനുണ്ട്. ആര്‍ത്തി മൂത്ത് ഭ്രാന്തായതാ നിങ്ങള്‍ക്ക്.

അവരുടെ ഹൃദയത്തിലേക്ക് വെളിച്ചത്തിന്‍റെ വജ്രബീജങ്ങള്‍ എറിയുകയാണ് ഖാദു. ധാര്‍മ്മികമായ ഒരു മൂല്യങ്ങളും കാത്തു സൂക്ഷിക്കാത്ത, കമ്മീഷനും തട്ടിപ്പുമായി ജീവിക്കുന്നവര്‍.

ഖാദുവെ അടിച്ചുസൂപ്പാക്കാനുള്ള പകയുമായി ബിജു. നിര്‍ത്തെടാ...! നൂറ് ഓട്ടപ്പാച്ചില്‍ കഴിഞ്ഞാണ് ഒരു വിസ കിട്ടുന്നത്. അതിന്‍റെ കമ്മീഷന്‍ കൊണ്ടാ ജീവിക്കുന്നത്. ദേഹമാകെ വിറയ്ക്കുന്നു.

ഖാദുവിനോടുള്ള പകയും. സ്വന്തം മാതാവില്‍നിന്ന് ഏറെ നന്മകള്‍ ആര്‍ജ്ജിച്ചെടുത്തവനാണ് ഖാദു. അതുകൊണ്ടുതന്നെ ഖാദുവിന്‍റെ ശാസനകളില്‍ മൂര്‍ച്ചയുള്ള പദപ്രയോഗങ്ങളാണ്.

"നഗരക്കാരന്‍ ചതിയനാ അസന്തുഷ്ടിയും ചേര്‍ച്ചക്കേടുകളും എല്ലാം ഉള്ളവന്‍. ഞാന്‍ ഗ്രാമീണനാടാ പരിശുദ്ധന്‍". തന്നിലെ മനുഷ്യത്വം എത്രത്തോളമാണെന്ന് അവരെ ധരിപ്പിക്കാനായി വാക്കുകളെറിഞ്ഞു.

ഒപ്പം പാട്ടകുടുംബനാഥനെന്ന് വിളിച്ചതും വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടുതന്നെ സ്നേഹമുള്ളൊരുപ്പയാവാന്‍ പളുങ്കുപോലൊരു ഹൃദയം മതി എന്ന് പറഞ്ഞ് വാക്കുകളവസാനിപ്പിച്ചു.

മക്കളുടെ അടുത്തെത്താന്‍ ചിറകുവിരിച്ചു. ദുബായ് യാത്രക്കിറങ്ങി, മണിക്കൂറുകള്‍ കൊണ്ട് ഖാദു വീട്ടിലേക്ക്. ഈ ചുരുങ്ങിയ സമയംകൊണ്ട് ഖാദു പലതും പഠിച്ചു. ആ മുഖത്ത് ആശ്വാസചിരി.

സംഘര്‍ഷങ്ങള്‍കൊണ്ട് നിലതെറ്റി നില്‍ക്കുന്ന ഖാദുവിനോട് സംസാരിക്കുന്നത് പോയിട്ട് ആ മുഖത്തേക്ക് നോക്കാന്‍ പോലും ഡ്രൈവര്‍ നൗഷാദിന് പേടി.

ഖാദുവിന്‍റെ ഗോള്‍ഡന്‍ കളര്‍ കൈകാലൂകള്‍ എക്കലും ചെളിയും പൊടിപടലങ്ങളും നിറഞ്ഞിരിക്കുന്നു. കടന്നുവന്ന വഴിയില്‍ പങ്കാളിയാല്‍ ഒറ്റപ്പെട്ട് തനിച്ചായിപോയ പ്രിയ ഉമ്മയെ ഓര്‍ത്തുപോയി.

എന്തെങ്കിലും സങ്കടം വരുമ്പോള്‍ ഉമ്മ മനസ്സിലേക്ക് കടന്നുവരും. അപ്പോള്‍ ഖാദു ഉമ്മാ എന്ന് വിളിക്കും. അലസമായികിടക്കുന്ന തലമുടി.

തന്‍റെ പരുക്കന്‍ ശബ്ദത്തെ മന:പൂര്‍വ്വം ഏറെ മൃദുവാക്കിക്കൊണ്ട് വിനയാന്വിതനായി നൗഷാദ്. ഖാദൂക്കാ അവര്‍ക്ക് പൊതുവെ സ്നേഹം കുറവാണ്.

കാരുണ്യം അങ്ങനെ ഒന്നില്ല. കമ്മീഷന്‍ തേടിയുള്ള യാത്ര മാത്രം. ഒരുത്തന് വിസകൊടുത്തിട്ട് വിസയില്‍നിന്നും ടിക്കറ്റില്‍ നിന്നും നല്ലൊരു പൈസ മുക്കിയിട്ട് അടികേസില്‍പെട്ട് ജയിലില്‍ വരെ കേറി. അവര്‍ക്കുനേരെയുള്ള ഖാദുവിന്‍റെ കണക്കുകൂട്ടലുകള്‍ തെളിയുന്നു.

എനിക്ക് ഭ്രാന്ത്പിടിച്ചത് പരിഹാസമാണ്. ആകെപ്പാടെ വേദനകള്‍ ചൂഴ്ന്ന് നില്‍ക്കുന്ന ഒരു മനുഷ്യനോട് എത്ര വലിയ സഹതാപം കാണിക്കേണ്ടതാ.

എങ്ങനെയാ ഇങ്ങനെ പെരുമാറാന്‍ പറ്റുന്നത്? അവരുടെ പണത്തിനുവേണ്ടിയുള്ള പകര്‍ന്നാട്ടമാണിത്. മുല്ലവള്ളിയോട് കഥപറയുന്ന ഇളയവള്‍ തമന്നയെ ഓര്‍മ്മ വന്നു തൊട്ടിലാട്ടത്തിന്‍റെ ഈണവും ഒപ്പം ബിജു ഒരുപാട്ട കുടുംബനാഥനെന്ന് പറഞ്ഞ് അവഹേളിച്ചതും.

പ്രിയ മക്കള്‍ക്കൊപ്പം സന്തോഷത്തിന്‍റെ പെരുന്നാള്‍ കിനാവുകാണുന്നു ഖാദു.
പെട്ടെന്ന് പരിസരം മറന്നുകൊണ്ട് നൗഷാദ്. ഒരു ഭാഗം പൊളിഞ്ഞ പെട്ടിയെടുത്തുയര്‍ത്തി.

ഇനി എനിക്ക് ചിരിക്കാനാ തോന്നുന്നത്. എന്നാലും ഖാലിദ്ക്കാ നിങ്ങള്‍ നല്ല മര്‍മ്മം അറിയുന്ന അടിക്കാരനാ. പെട്ടിയാണ് താരം പെട്ടികൊണ്ടുള്ള അടി കലക്കി. സിനിമയില്‍ നല്ല അടിക്കാരന്‍റെ വേഷം കിട്ടും.

ഒരു ഷൂട്ടിംഗ് ലൊക്കേഷന്‍പോലെ ഞാന്‍ നോക്കിനിന്നു. ഇത് കേട്ടപ്പോള്‍ ഖാദുവിന് ചിരിയാ വന്നത്. തല്ലിന്‍റെ ഊക്കില്‍ നിവര്‍ന്നുനിന്ന കൊമ്പന്‍മീശ മെല്ലെ തടവി ചിരിയാലെ അത് സിനിമയല്ലെ.

യഥാര്‍ത്ഥ ജീവിതത്തില്‍ എന്‍റെ സഹജീവികള്‍ക്ക് വേണ്ടിയും സ്വയരക്ഷയ്ക്കായും ഉറപ്പായും ഞാന്‍ തല്ലും. "എന്തായാലും ഖാലിദിക്കാക്കുള്ളില്‍ ഒരു കൗമാരക്കാരന്‍റെ വിപ്ലവാഭിമുഖ്യം ഉണ്ട് ".

ഇത് കേട്ടപ്പോള്‍ ഖാദു പൊട്ടിച്ചിരിച്ചു. ആ ചിരിയില്‍ തനിക്കുള്ളിലെ ആ കൗമാരക്കാരന്‍ നിഴലിച്ചു നിന്നു. ഒപ്പം ചാണകവും കല്ലും മണ്ണും ചുമന്ന ബാല്യകൗമാരവും.

ചിരിക്കുമ്പോള്‍ എന്തൊരു രസാ എന്‍റെ മോനെ കാണാന്‍. ഉമ്മ പറയുന്ന വാക്കുകളും ഓര്‍ത്തു. ഖാദുവും നൗഷാദും റഹ്മത്ത് എന്ന സ്നേഹതീരത്തേക്ക്.

ഖാദു ഇപ്പോള്‍ പത്തുവര്‍ഷത്തിനുശേഷം കുടുംബത്തിന് മുന്നിലെത്തുന്നൊരാള്‍. പ്രിയമക്കള്‍ നക്ഷത്രങ്ങളായി കണ്ണിനുമുന്നില്‍ മിന്നി മറയുന്നു. ഖാലിദിക്കാ നല്ല കനത്തില്‍ കൊടുത്തു അല്ലേ?

ഇതൊരു സാമ്പിള്‍ വെടിക്കെട്ട്. വേണ്ടിടത്ത് തല്ലണം. പന്ത്രണ്ടാം വയസ്സില്‍ കുഞ്ഞമ്മുക്കായുടെ വീട്ടില്‍ വേലക്കാരനായി തൊഴുത്ത് കഴുകിയും മറ്റും കിട്ടിയ കാശുകൊണ്ട് കരാട്ടെ പഠിച്ചത് ഏറെ ഉപകരിച്ചു.

എല്ലാ പഠനവും നമ്മെ നന്നാക്കുകയേ ഉള്ളൂ. ഒപ്പം തല്ലുനടന്ന പശ്ചാത്തല ഭംഗിയും എന്നില്‍ കുളിരുണ്ടാക്കി. തല്ലില്‍ പൊട്ടിപ്പിളര്‍ന്ന പെട്ടിയുടെ ഒരു ഭാഗം നോക്കി നൗഷാദ് വാപിളര്‍ന്ന് ചിരിച്ചു.

എന്നാലും എന്‍റെ ഖാലിദിക്കാ ഇത്ര കനപ്പെട്ട അടി വേണ്ടായിരുന്നു. ഇനി വിസ എന്നൊരു പേര് തന്നെ അവര്‍ പറയില്ല. നൗഷാദേ അങ്ങനെത്തന്നെ വേണം. ഇനി ഒരു മനുഷ്യന്‍റെ നേരെയും കളിക്കരുത്. അതിനെല്ലാം കണക്കാക്കി കൊടുത്ത മരുന്ന്.

ആ മുഖങ്ങള്‍ കണ്ടാലറിയാം ഉള്ളിലെ ചതിയുടെ നിഘൂഢത. "മനുഷ്യന്‍റെ അത്യാര്‍ത്തിയില്‍ അങ്ങനെ പലതും നഷ്ടപ്പെട്ടിട്ടുണ്ട് മനുഷ്യനും പ്രകൃതിക്കും". ഇതുപറഞ്ഞ ഖാദു മുന്നില്‍ വെട്ടിപ്പൊളിച്ച മലയുടെ ഭാഗം നോക്കി കണ്ടൊ....

കണ്ടൊ ഇതാ ഞാന്‍ പറഞ്ഞ പ്രകൃതിയുടെ വിഷയം. ഹോ... ഖാദുക്കാ... എന്തൊരു ക്രൂരനാ മനുഷ്യന്‍. സങ്കടം തോന്നുന്നു! നൗഷാദേ നമ്മളെപ്പോലുള്ളവരെ ഇതൊക്കെ വേദനിപ്പിക്കും.

മലയുടെ വശങ്ങള്‍ മുറിച്ചുമാറ്റി കെട്ടിടങ്ങളും ക്വാറികളും പണിത് ദുര്‍ബലമായി പോയ പ്രദേശങ്ങള്‍. അങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ താറുമാറായി.

എന്‍റെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തുള്ളൊരാളാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ നൗഷാദിന് എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും വീടെത്താറായപ്പോള്‍ വിഷയം മാറി.

രസകരമായ തമാശകളും ചര്‍ച്ചകളുമായവര്‍ വീടിന് മുന്നിലെത്തി. ഇവിടെ വീട്ടുമുറ്റത്തെത്തിയ ഖാദു ഒരു വെള്ള പേപ്പര്‍ നിവര്‍ത്തിപ്പിടിച്ച് "അബുദാബിയിലുള്ളൊരെഴുത്തുപെട്ടി അന്നു തുറന്നപ്പോള്‍ കത്ത് കിട്ടി".

ഖാദു പരിസരം മറന്ന് പാടുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാട്ടില്‍ ഖാദു സരസമായ ഒരു സീന്‍ നിര്‍മ്മിച്ചെടുത്തു. ആ കാഴ്ച അത്രയ്ക്ക് രുചിതം. പാട്ടുകേട്ട് വീട്ടിനുള്ളില്‍ നിന്നുള്ള ഓട്ടത്തിന്‍റെ ശബ്ദം പലവിധത്തിലായിരുന്നു.

ചിലങ്കയുടെയും കുപ്പിവളകളുടെയും ശബ്ദം ഖാദുവിനെ നിര്‍വൃതികൊള്ളിച്ചു. ആ ഒന്നര വയസ്സുകാരിയുടെ ചുവടിന്‍റെ വേഗക്കൂടുതല്‍ പോലും പുറത്ത് ഖാദു തിരിച്ചറിഞ്ഞു. അവരുടെ മിടിപ്പുകള്‍ പോലും സദാ കാതോര്‍ക്കുന്നൊരുപ്പ.

ഉപ്പാ എന്നു വിളിച്ചവര്‍ ആര്‍ത്തുകരഞ്ഞുകൊണ്ട് അടുത്തേക്കോടി. പ്രിയപ്പെട്ട ആരെയൊക്കെയോ കാണാന്‍ വര്‍ഷങ്ങളോളം കാത്ത് വന്ന ആ സുദിനം പോലെ. ഉപ്പാടെ കുഞ്ഞിക്കിളികളെവിടെ? മൈനക്കൂട്ടിലുണ്ടുപ്പാ.

മൈന ജനല്‍പാളിക്കുള്ളിലൂടെ എത്തിനോക്കി. ഉള്‍ക്കൊള്ളാനാവാതെ അള്ളാ... ഖാദൂക്ക! ഇതെന്താ കാണുന്നത്. ഉപ്പ വന്നേ. ഓരോരുത്തരും മത്സരിച്ചോടി വന്ന് ഉപ്പയെ കെട്ടിപ്പിടിച്ചു.

ഒരടി മുന്നോട്ട് വെക്കാന്‍ കഴിയാത്തവിധം ആ ഉപ്പ സ്നേഹച്ചരടില്‍ കുടുങ്ങി. അവരുടെ സന്തോഷത്തിനതിരില്ലായിരുന്നു.

ഉപ്പ എന്തിനാ ഞങ്ങളെ വിട്ട് പോയത്. വണ്ടിക്ക് പിറകെ ഭാസ്കരേട്ടന്‍റെ പീടികവരേയും ഞങ്ങള്‍ ഓടി ഉപ്പാ. വാക്കുകള്‍ മുറിഞ്ഞപ്പോള്‍ വിതുമ്പി. ആറ് വയസ്സുകാരി അന്‍സയും മൂന്ന് വയസ്സുകാരി ജസ്മിയും വാക്കുകളില്ലാതെ നിലവിളിച്ചു.

ഒപ്പം അഫ്നയും തമന്നയും ഫര്‍ഹയും. ഉപ്പയുടെ വണ്ടിക്ക് പിറകെയുള്ള ഓട്ടം അവര്‍ക്ക് സഹിക്കാനായില്ല. ഭാസ്കരേട്ടന്‍റെ കടയുടെ മുന്നില്‍ നിന്ന് നിലവിളിച്ച ആ രംഗം മനസിലേക്കിരച്ചുകയറി.

പിന്നെ ഉപ്പയെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള അഞ്ചു മക്കളുടെയും നിര്‍ത്താതെയുള്ള നിലവിളിയാണ്. അവര്‍ക്ക് പ്രിയ ഉപ്പയോട് പറയാന്‍ ദുസ്സഹമായ ഒരുപാട് വേദനകള്‍. ഉപ്പ ഇറങ്ങിയപ്പോഴാണ് ആ ശൂന്യതെ അവരെ തകര്‍ത്തത്. ഇപ്പൊ റഹ്മത്തെന്ന വീട് മേഘങ്ങളൊഴിഞ്ഞ തെളിഞ്ഞ ആകാശം.

ഞങ്ങള്‍ക്ക് ഉടുപ്പും സ്പ്രേയും മിഠായിയും ഒന്നും വേണ്ട ഉപ്പയെ മാത്രം മതി എന്നവര്‍ പറഞ്ഞുകൊണ്ടിരുന്നു.

കിട്ടാവുന്നതില്‍വെച്ച് ഏറ്റവും നല്ലൊരു പിതാവിനെ കാണുകയാണ് നൗഷാദ്. ഒരു പിതാവ് ആര്‍ക്കുമാവാം. എന്നാല്‍ മക്കള്‍ക്ക് മുന്നില്‍ സ്നേഹത്തന്‍റെ മഹനീയ തലം പേറുന്നൊരുപ്പയാകണമെങ്കില്‍ മക്കളോടൊട്ടി നില്‍ക്കുക തന്നെ വേണം.

ആ സ്നേഹക്കൊട്ടാരം നിര്‍മ്മിച്ചെടുക്കുന്നതില്‍ ഖാദുക്ക വിജയിച്ചിരിക്കുന്നു. എല്ലാവര്‍ക്കും മക്കളെ ഹൃദയം തുറന്ന് സ്നേഹിക്കാനാവില്ല. ഇതൊരു ഉത്തമനായ പിതാവാണ്.

ഉപ്പയിനി ഗള്‍ഫില്‍ പോകരുതേ. ഫര്‍ഹാന കനത്തില്‍ പറഞ്ഞു. ഉപ്പ ഇനി എങ്ങോട്ടും പോകില്ല. നിങ്ങളെ പിരിഞ്ഞതിന്‍റെ ഫലം ശരിക്കും അനുഭവിച്ചു. കുട്ടികള്‍ കൂട്ടത്തോടെ ആര്‍ത്ത് കരഞ്ഞു.

"ആ കുഞ്ഞു കണ്ണുകളില്‍ നിന്നൊഴുകിയ ഓരോതുള്ളി കണ്ണുനീരും ഖാദുവിനുള്ള അനര്‍ഘമായ പാരിതോഷികമാണ്". ഉപ്പ ഇറങ്ങിപ്പോയ രംഗം ആത്രയേറെ അവരെ പിടപ്പിക്കുന്നു. "മഞ്ഞുപെയ്യുന്ന രാത്രിയിലെ മരംകോച്ചുന്ന തണുപ്പില്‍ കുഞ്ഞു മണ്‍വീട്ടില്‍ ഉപ്പയെ പുല്‍കി ഉറങ്ങുന്നവരാണവര്‍".

"ഉപ്പയെന്ന കാന്‍വാസിലാണ് അവര്‍ക്കെല്ലാമുള്ളത്". ഒന്നിനും അവര്‍ക്ക് മറ്റൊരിടം വേണ്ട. ആ ചവിട്ടടിയില്‍വരെ സ്നേഹത്തിന്‍റെ പശിമയുണ്ട്. കുട്ടികളെ തഴുകി തലോടുന്നു ഖാദുവെങ്കിലും ഏറെ നേരം നിശ്ശബ്ദനായിരുന്നു.

വണ്ടിക്കുപിറകെയുള്ള നിങ്ങളുടെ ഓട്ടം കണ്ട നിമിഷം മുതല്‍ ഉപ്പാക്ക് തിരിച്ചുവരണണെന്ന മനസ്സായി. ഖാദു ആ കുഞ്ഞിളം കൈകള്‍ തന്‍റെ കവിളോട് ചേര്‍ത്ത് വെച്ചു. ഖാദൂക്കാ ആരുമില്ലാതായിപ്പോയതുപോലെ, മൈന വിതുമ്പി! ഇനി ഉപ്പ നിങ്ങളെ വിട്ട് എങ്ങും പോകില്ല.

ഭാര്യയും മക്കളുമൊത്തുള്ള ഈ വിഷ്വല്‍ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന നൗഷാദ് അടുത്തേക്ക് വന്നു. നാവിന്‍തുമ്പില്‍ പറയാനായി വാക്കുകളുടെ കടല്‍.

നെഞ്ച് വിരിച്ച് ഭയരഹിതനായി നില്‍ക്കുന്ന ഖാദുക്കയെന്ന ഉത്തമ പുരുഷനെ സമ്മതിച്ചു. ഇങ്ങനെയും ജീവനുതുല്യം സ്നേഹിക്കുന്ന കുടുംബത്തെ വിട്ട് എങ്ങനെയാണ് പോകാന്‍ തോന്നിയത്?

പല കുടുംബങ്ങളും സമാധാനിക്കുന്നത് കുടുംബനാഥന്‍ പുറത്തേക്കിറങ്ങുമ്പോഴാണ്. ഇവിടെ തലതിരിച്ചും. അപ്പൊ ഇതാണ് അവരുമായി തല്ലുണ്ടാക്കാനുള്ള കാരണം.

സന്തുഷ്ട കുടുംബത്തിന്‍റെ അതിമനോഹരമായ ചിത്രങ്ങള്‍. അതിന്‍റെ നിറവും ഗന്ധവും എല്ലാം ഏറെ ശ്രദ്ധേയമാണ്. നൗഷാദിന്‍റെ സാന്ദ്രമായ വാക്കുകളുടെ അനുഭൂതിയില്‍ ഖാദു ചിരിച്ചു. കാരണം ഇപ്പോള്‍ ആളൊരു ഘോഷയാത്രയിലാണല്ലൊ!!

ഏജന്‍റുമാരെ അടിച്ചു തകര്‍ത്ത് കിടത്തി വരികയാ. അവര്‍ ജീവിച്ചിരിക്കുമൊ എന്മ്പോലും അറിയില്ല. നിങ്ങളുടെ അടുത്തെത്താന്‍ എനിക്ക് അങ്ങനെ ചെയ്യേണ്ടിവന്നു. പൊറുക്കാനായില്ല. അള്ള അത്രയും വേണ്ടായിരുന്നു ഖാദുക്കാ.

അതിരറ്റ ക്ഷമാശീലനാണ് ഖാദുക്ക എന്നറിഞ്ഞിട്ടും പറഞ്ഞുപോയി. തിന്മയുടെ ഇരുട്ടിനുനേരെ പ്രതിഷേധിച്ചും പ്രശോഭിതമായ വാക്കുകളെറിഞ്ഞുമായിരുന്നു നടന്നുവന്ന വഴി.

ആര്‍ക്കുമുന്നിലും തോറ്റുകൊടുത്തില്ല. ആരെയും നോവിച്ചതുമില്ല. ഉപ്പയുടെ തല്ലിന്‍റെ വേഗത മിന്നല്‍പ്പിണര്‍പോലെയായിരുന്നു മക്കളെ. ഉമ്മ എവിടെ?

ഖാദൂക്ക ഇറങ്ങിയതില്‍പിന്നെ ഏണീറ്റില്ല. കിടന്ന് ഉറങ്ങിപ്പോയി. ഉമ്മാ... വാ ഉമ്മാ... ആ കോന്തലയില്‍ ഒന്ന് പിടിക്കട്ടെ. ഒരു ദുബായ് യാത്ര കഴിഞ്ഞ് ഉമ്മാടെ മോന്‍ എത്തി.

നൗഷാദ് വണ്ടിയില്‍ നിന്നും ഒരു ഭാഗം മുഴുവനായി പൊളിഞ്ഞ പെട്ടിയുമായി വന്നു. പെട്ടി കണ്ടവര്‍ നിയന്ത്രണം വിട്ട് ചിരിച്ചു. ഏജന്‍റുമാരെ തല്ലുന്നതിനിടയില്‍ സംഭവിച്ചതാണ്....

ക്ഷമിക്കണം. എന്‍റെ കുഞ്ഞിക്കിളികള്‍ക്കടുത്തെത്താന്‍ അങ്ങനെ ചെയ്യേണ്ടിവന്നു!!

cultural
Advertisment