ന്യൂയോര്‍ക്ക്: സര്‍വ്വത്ര നേട്ടം കൊയ്താണ് ഡോണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റാകുന്നത്. ഒരിടവേളയ്ക്ക് ശേഷം ട്രംപ് വീണ്ടും പ്രസിഡന്‍റ് പദവി ഉറപ്പിച്ചു കഴിഞ്ഞു; നേട്ടം, ഇലക്ട്രല്‍ വോട്ടുകളിലും പോപ്പുലര്‍ വോട്ടുകളിലും സെനറ്റിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ്.
അതേസമയം, ആദ്യ വനിതാ പ്രസിഡന്‍റ് എന്ന ചരിത്ര നേട്ടം കുറിയ്ക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരീസിനോ പാര്‍ട്ടിക്കോ കഴിഞ്ഞില്ല. ഇനിയും 'മിസിസ് പ്രസിഡന്‍റ് ' അല്ലെങ്കില്‍ 'മാഡം പ്രസിഡന്‍റ് ' എന്ന് വിളിക്കാന്‍ അമിരിക്കന്‍ സമൂഹം ഒരുക്കമല്ലെന്ന് തെളിയുകയാണ്.
യുഎസ് സെനറ്റില്‍ ഇപ്പോള്‍ 51 സീറ്റുകളുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. പോപ്പുലര്‍ വോട്ടുകളിലും ട്രംപ് ആധിപത്യം സ്ഥാപിച്ചു. ഇലക്ട്രല്‍ വോട്ടുകളുടെ നില കേവല ഭൂരിപക്ഷത്തിനുള്ള 270 -ഉം കടന്ന് മുന്നേറുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു.
ഇതോടെ കഴിഞ്ഞ തവണ പ്രസിഡന്‍റ് പദവിയിലിരുന്ന് മല്‍സരിച്ചു തോറ്റ ഡൊണാള്‍ഡ് ട്രംപ് വീണ്ടും സര്‍വ്വാധിപതിയായി അമേരിക്കന്‍ ജനതയുടെ മനസ് കീഴടക്കി വിജയം നേടിയിരിക്കുകയാണ്.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രസിഡന്‍റാകുന്ന രണ്ടാമത്തെ നേതാവായി ട്രംപ് മാറി. വരുന്ന 4 വര്‍ഷം കൂടി യുഎസില്‍ ട്രംപ് യുഗം എന്നുറപ്പായി.