വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഫോണിൽ വിളിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിലെ യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് പുടിനോടു ട്രംപ് ആവശ്യപ്പെട്ടു.
യുക്രെയ്ൻ സംഘർഷം വേഗത്തിൽ പരിഹരിക്കുന്നതിനു ചർച്ചകൾക്ക് ട്രംപ് താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. യുഎസിന് യൂറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു. എന്നാൽ, ചർച്ചയുടെ കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
റഷ്യ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ നിലനിർത്തിക്കൊണ്ടുള്ള സമാധാന കരാറിനെ പിന്തുണയ്ക്കുമെന്ന് ട്രംപ് സൂചന നൽകിയതായും സൂചനയുണ്ട്. വൊളോദിമിര്‍ സെലന്‍സ്കിയുമായി ട്രംപ് ബുധനാഴ്ച ഫോണിൽ സംസാരിച്ചിരുന്നു.
ക്രിമിയ തിരികെ ലഭിക്കാൻ സമ്മർദം ചെലുത്തിക്കൊണ്ടുള്ള സമാധാന കരാറിന് പുതിയ അമേരിക്കൻ ഭരണകൂടത്തിനു താത്പര്യമില്ലെന്ന് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവും റിപ്പബ്ലിക്കൻ പാർട്ടി നയതന്ത്രജ്ഞനുമായ ബ്രയാൻ ലാൻസ നേരത്തേ പറഞ്ഞിരുന്നു.
ക്രിമിയ യുക്രയ്നിൽനിന്നു നഷ്ടപ്പെട്ടുകഴിഞ്ഞു. യുദ്ധം അവസാനിപ്പിക്കുക എന്നതുമാത്രമാണ് വാഷിംഗ്ടണിന്റെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപും പുടിനും തമ്മിൽ സംസാരിച്ചെന്ന റിപ്പോർട്ടുകൾ റഷ്യ നിഷേധിച്ചു. ശുദ്ധ കെട്ടുകഥയാണ് പുറത്തുവന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.