Advertisment

ദുബായിൽ പണം നൽകാതെ യാത്ര ചെയ്താൽ ഇനി പിടിവീഴും; ബസ് യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ട്രാൻസ്പോർട്ട് അതോറിറ്റി

New Update
V

ദുബായ്: ദുബായിൽ പണം നൽകാതെ ബസ് യാത്ര നടത്തുന്നവരെ പൂട്ടാൻ പുതിയ സംവിധാനവുമായി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ബസിലെ യാത്രക്കാരുടെ എണ്ണം ഓട്ടോമാറ്റിക്കായി കണക്കാക്കുന്ന ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമാണ് ഒരുക്കുന്നത്.

Advertisment

യാത്രക്കാരെ പൂർണവിശ്വാസത്തിലെടുത്താണ് ഇപ്പോൾ ദുബായിലെ ബസുകൾ സർവീസ് നടത്തുന്നതെന്നും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ഈ സംവിധാനം സഹായകമാകുമെന്നും ആർടിഎ അധികൃതർ വ്യക്തമാക്കി.

യാത്രക്കാർ ബസിൽ കയറുന്നതിന് മുമ്പും ഇറങ്ങിയതിന് ശേഷവും പണം നൽകാനുള്ള നോൽകാർഡ് ടാപ്പ് ചെയ്യണം. അതുവഴി യാത്രായുടെ ചാർജ് ഈടാക്കപ്പെടും.

എന്നാൽ, നിരവധി പേർ ടാപ്പ് ചെയ്യാതെ ബസിൽ സൗജന്യയാത്ര നടത്താറുണ്ട്. അധികൃതർ നടത്തുന്ന മിന്നൽ പരിശോധനകളിലാണ് ഇത്തരക്കാർ പിടിയിലാകുന്നത്.

ഈ സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നടപടി. പുതിയതായി നിരത്തിലിറക്കുന്ന 636 ബസുകളിലും ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമുണ്ടാകുമെന്ന് ആർടിഎ വ്യക്തമാക്കി. നോൽകാർഡ് ടാപ്പ് ചെയ്തവരുടെ എണ്ണവും ബസിൽ കയറിയവരുടെ എണ്ണവും ഈ സംവിധാനം വഴി ഒത്തുനോക്കും.

ടാപ്പ് ചെയ്യാത്തവരെ ഉടൻ പരിശോധനയിലൂടെ തിരിച്ചറിയാനും സാധിക്കും. പണം നൽകാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് 200 ദിർഹം പിഴയായി ഈടാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു

Advertisment