ഷാര്‍ജ: യു.എ.ഇയില്‍ നിയമ പ്രതിസന്ധികളില്‍ അകപ്പെട്ട് നീതിക്കുവേണ്ടി പ്രയാസപ്പെട്ട നിരാശ്രരായ പ്രവാസികളുടെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരി എഴുതിയ ഒലീസിയ എന്ന പുസ്തകം 43-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ യു.എ.ഇ. പൗരനും തായെം ഹോള്‍ഡിങ് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ റിയാദ് അഹമ്മദ് ടിം മുന്‍ റേഡിയോ അവതാരകന്‍ കെ.പി.കെ. വേങ്ങരയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
നിയമ കുരുക്കില്‍ അകപ്പെട്ട് പ്രതിസന്ധിയിലായവരുടേതുള്‍പ്പടെ പ്രവാസലോകത്തെ അനുഭവങ്ങള്‍ വരച്ചു കാട്ടുന്ന പുസ്തകമാണ് ഒലീസിയ. മരുപ്പച്ചയ്ക്കും മണല്‍ക്കാറ്റിനുമിടയില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പ്രതിസന്ധികളുടെ പ്രവാസത്തില്‍ നീതിക്ക് വേണ്ടി വിലപിക്കുന്ന കുറെയേറെ മനുഷ്യരുടെ കഥയാണ് ഒലീസിയ എന്ന പുസ്തകത്തില്‍ പറയുന്നത്. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ചടങ്ങില്‍ യു.എ.ഇ. അഭിഭാഷകരായ അഡ്വ. ഇബ്രാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി, സഫ്വാന്‍ അറഫ, എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി, ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍, മുന്ദിര്‍ കല്‍പകഞ്ചേരി, പുന്നക്കന്‍ മുഹമ്മദലി, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. ഷുഹൈബ് സഖാഫി , ഫര്‍സാന അബ്ദുള്‍ജബ്ബാര്‍, അന്‍ഷീറ അസീസ്, ഷഫ്ന ഹാറൂണ്‍, ആയിഷ മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.