Advertisment

ഹജ്ജാജി ലക്ഷങ്ങളുടെ സാന്നിദ്ധ്യത്താൽ ഹർഷപുളകിതയായ് മിനാ താഴ്വര; അറഫാ സംഗമം നാളെ (ശനി)

 ഇന്നത്തെ സാധ്യാഹ്നം മുതൽ അറഫാ സമതലം ലക്ഷ്യമാക്കി കൊണ്ടുള്ള  ഏകദൈവ വിശ്വാസികളുടെ മഹാപ്രവാഹമാണ് പുണ്യമക്കയിൽ  നിന്ന് ഇരുപത്തിരണ്ടു കിലോമീറ്റർ തെക്ക്  കിഴക്ക്  സ്ഥിതി ചെയ്യുന്ന  അറഫാ മൈതാനിയിലേക്കുള്ള വഴികളിൽ

New Update
mina 1

മക്ക:  നാളെ (ശനിയാഴ്ച, 15 ജൂൺ 2024) പുണ്യനാട്ടിൽ ദുൽഹജ്ജ്  ഒമ്പത് അഥവാ അറഫാ  ദിനം.    ഇന്നത്തെ സാധ്യാഹ്നം മുതൽ അറഫാ സമതലം ലക്ഷ്യമാക്കി കൊണ്ടുള്ള  ഏകദൈവ വിശ്വാസികളുടെ മഹാപ്രവാഹമാണ് പുണ്യമക്കയിൽ  നിന്ന് ഇരുപത്തിരണ്ടു കിലോമീറ്റർ തെക്ക്  കിഴക്ക്  സ്ഥിതി ചെയ്യുന്ന  അറഫാ മൈതാനിയിലേക്കുള്ള വഴികളിൽ.   അതിൽ കണ്ണികളാവാന്‍  ഹജ്ജാജി സംഘങ്ങൾ വ്യാഴാഴ്ച്ച മുതൽ തന്നെ മിനാ താഴ്വരയില്‍ വന്നെത്തി കൊണ്ടിരിക്കുകയാണ്.

Advertisment

1 mina

എല്ലാ വഴികളും നിലവിൽ മിനാ എന്ന കൂടാര നഗരത്തിലേക്ക്.   ചക്രവാളങ്ങളില്‍ പ്രതിദ്വാനിക്കുന്ന  തൽബിയ്യത്ത്  മന്ത്രധ്വനി...  ലബ്ബൈക്ക അല്ലാഹുമ്മ ലബ്ബൈക്!  ലബ്ബൈക്ക ലാ ശരീക ലക ലബ്ബയ്ക്ക്!! ഇന്നൽഹംദ, വന്നിഅമത്ത ലക വൽ മുൽക്, ലാ ശരീക ലക്!!..   (അല്ലാഹുവേ, നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്തിരിക്കുന്നു,  നിനക്ക് പങ്ക്കാരൻ ഇല്ലാ;  സ്തുതിയും അനുഗ്രഹവും ഭരണാധികാരവും നിനക്ക് മാത്രം; നിനക്ക് പങ്കു കാരനില്ലാ...")

കരയും കടലും ചക്രവാളവും താണ്ടിയെത്തിയ ഇരുപതു ലക്ഷത്തോളം വിദേശ  തീർത്ഥാടകര്‍ക്കൊപ്പം  സൌദിയുടെ  അകത്ത്  നിന്നുള്ള  നിരവധി ലക്ഷം ആഭ്യന്തര  തീര്‍ഥാടകര്‍  കൂടി ചേർന്ന്  ഇന്ന് മിനാ നിറഞ്ഞു തുളുമ്പുകയാണ്.  "പരമകാരുണ്യവാന്റെ അതിഥികൾ" എന്ന വിശേഷണം വഹിക്കുന്ന  തൂവെള്ള ധാരികളെ വിരിമാറില്‍  പുൽകി  മിനാ കുന്നുകളും കൂടാരങ്ങളും പുളകിതയാവുകയാണ്.

മാനവ സമത്വത്തിന്റെയും സൗഹൃദത്തിന്റെയും  ജീവന്‍ തുടിക്കുന്ന  മറ്റൊരു ലോകം  നിർമിച്ചെടുക്കുകയാണ്  മിനായിലെത്തി കൊണ്ടിരിക്കുന്ന ഹജ്ജാജി  ദശലക്ഷങ്ങൾ.  അവിടെ  മനുഷ്യര്‍  കല്പിച്ചു കൊണ്ട് നടക്കുന്ന  വക ഭേദങ്ങലോ പരസ്പരം  അന്തരം കല്പിക്കുന്ന  ധ്രുവീകരണ ഘടകങ്ങളോ ഇല്ല.  എല്ലാവരും  ഒന്ന്,  ഒരേ വേഷം,  ഒരേ മന്ത്രം,  ഒരേ മാതാവിന്റെയും  പിതാവിന്റെയും  മക്കള്‍,  അവര്‍ക്ക് ആരാധിക്കാനും  കീഴ്‌പ്പെടാനും ഏകനായ  ഒരൊറ്റ  ദൈവവും.

mina 2

അതേ ദൈവത്തിന്റെ ആഹ്വാനം  കേട്ട് അവന്റെ  ഭവനത്തില്‍ എത്തിയ  അതിഥികളായ  ഹജ്ജ് തീര്‍ഥാടകര്‍  ഇന്ന് മിനായിൽ എത്തുന്നതോടെ  കര്‍മങ്ങളില്‍  പ്രവേശിക്കുകയായി.   ഹിജ്റാബ്ദം  1445 ലെ  വിശുദ്ധ ഹജ്ജ്  കർമങ്ങൾക്ക് ഭക്തി സാന്ദ്രവും പ്രാർത്ഥനാ നിർഭരവുമായ സമാരംഭം. 

ഫലസ്തീനിൽ എട്ട് മാസങ്ങൾ പിന്നിട്ട ഇസ്രായേൽ അതിക്രമങ്ങളുടെയും വീരേതിഹാസം രചിച്ചു കൊണ്ടുള്ള അതിന്റെ ചെറുത്തുനില്പിന്റെയും പശ്ചാത്തലത്തിൽ യാതൊരു അനിഷ്ടകരവും ഇല്ലാതെ  ഹജ്ജ്  പൂർത്തിയാക്കുകയെന്നതാണ്  ആതിഥേയ രാജ്യമായ സൗദി അറേബ്യ  ശ്രമിക്കുന്നത്.   സമാധാനത്തിലും  ആത്മീയ ചിന്തയിലും മാത്രം ഊന്നി കൊണ്ടുള്ള അനുഷ്ടാങ്ങൾ മാത്രമാണ് ഹജ്ജ് എന്നും അതിനാൽ അതിൽ രാഷ്ട്രീയം കൂട്ടിക്കലർത്തുകയോ ഏതെങ്കിലും രാജ്യത്തിന്റെ നയങ്ങൾക്കെതിരെയോ  ആവരുതെന്നുമാണ്  സൗദി അറേബിയയുടെ നിലപാട്.

അതേസമയം,  ദശലക്ഷങ്ങളുടെ  ആത്മീയ സംഗമം അക്രമികളും  മർദ്ധകരുമായ വിഭാഗങ്ങൾക്ക്  ഒരു താക്കീത് ആയി മാറണം എന്നും  പൊരുതുന്ന ജനവിഭാഗങ്ങൾക്ക്  ഹജ്ജിലെ  ജനലക്ഷങ്ങളുടെ  സംഗമം ആവേശവും കരുത്തും ആയി മാറണം എന്ന  ചിന്തയും നിലവിലുണ്ട്.    ഇറാൻ ഉൾപ്പെടയുള്ള രാജ്യങ്ങളാണ് ഈ ചിന്തയെ പ്രതിനിധീകരിക്കുന്നത്.    ഹജ്ജ് പുരോഗമിക്കുമ്പോൾ  ഈ ആശയാന്തരം  ഒരു ഏറ്റുമുട്ടലിലേക്കോ  അസ്വാരസ്യങ്ങളിലേക്കോ  വഴിവെക്കില്ലെന്ന  പ്രതീക്ഷയാണ് എല്ലാവരിലും - പ്രത്യേകിച്ചും  സൗദിയും ഇറാനും തമ്മിൽ ഇയ്യിടെയായി നിലനിൽക്കുന്ന ശക്തമായ സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ വിശേഷിച്ചും.

Advertisment