Advertisment

യെച്ചൂരി ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച നേതാവ്; അനുസ്മരിച്ച് കേളി

New Update
sitaram yechuri-3

റിയാദ് : കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.

Advertisment

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ ഈ രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും രാജ്യത്തെ മുന്നോട്ടു നയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുല്യാവകാശം വേണമെന്ന് നിലപാടിൽ ഊന്നി നിന്നുകൊണ്ടായിരുന്നു പാർലമെന്റിന് അകത്തും പുറത്തും അദ്ദേഹം നടത്തിയ എല്ലാ പോരാട്ടങ്ങളും.

എല്ലാ അർത്ഥത്തിലും ഒരു ജനകീയ പാർലമെന്റേറിയനായിരുന്ന യെച്ചൂരി പാർലമെന്റിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാറി. അടിച്ചമർത്തപ്പെടുന്ന കർഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും മറ്റും ദീനസ്വരങ്ങൾ സീതാറാമിലൂടെ പാർലമെന്റിൽ മുഴങ്ങി.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ കോമൺ മിനിമം പ്രോഗ്രാം തയ്യാറാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച സീതാറാം യെച്ചൂരി, സമൂഹത്തിലെ പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിരവധി നിർദ്ദേശങ്ങൾ അതിൽ ഉൾകൊള്ളിക്കുന്നതിന്ന് മുൻകൈ എടുത്തു.

ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതിനായി വിവിധ ചേരിയിൽ നിന്നിരുന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാൻ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

പാർട്ടി നിലപ്പാട് ഉയർത്തി പിടിച്ചുകൊണ്ട് തന്നെ രാജ്യ താൽപര്യത്തിനായി യോജിക്കാവുന്ന എല്ലാ മേഖലകളിലും സഹകരണം കൊണ്ടു വരികയും, ചെറു കക്ഷികളെ രാജ്യം നേരിടുന്ന വെല്ലുവിളികൾ ബോധ്യപെടുത്തിയും ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു.

ഒരു ഇന്ത്യൻ പൗരന്റെ യഥാർത്ഥ മുഖം സ്വന്തം ജീവിതത്തിലൂടെ വരച്ചു കാട്ടിയ അതുല്യ പ്രതിഭയായിരുന്നു യെച്ചൂരി. ജനനം മുതൽ മരണം വരെയുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, പ്രവർത്തന മേഖലകൾ, ജീവിതത്തിലൂടെ കടന്നു പോയ വിവിധ മതങ്ങൾ, സ്വായത്തമാക്കിയ വിവിധ ഭാഷകൾ എല്ലാം ഒരു ഇന്ത്യൻ പൗരന് ഭരണഘടന നൽകുന്ന അവകാശങ്ങളെ അടയാള പെടുത്തുന്നവയായിരുന്നു.

എല്ലാറ്റിനും ഉപരി "ഈ രാജ്യം എല്ലാവരുടേതുമാണെന്നും അവകാശങ്ങൾ ഔദാര്യമല്ലെന്നും എല്ലാറ്റിനും മേൽ ഭരണഘടനയാണെന്നും ഓരോ പ്രസംഗത്തിലും അദ്ദേഹം ഊന്നിപ്പറഞ്ഞുകൊണ്ടേയിരുന്നു."

ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും, തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേളി രക്ഷാധികാരി സമിതി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു

 

Advertisment