Advertisment

'ഭരണം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ബജറ്റ്': കേളി

New Update
C

റിയാദ് : കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലനിൽപ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന തരത്തിലുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

Advertisment

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണെന്ന് മനസ്സിലാക്കാൻ കഴിയും. ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ അവഗണിക്കുകയാണ് ചെയ്തത്.

ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിൽ തെറ്റില്ല. പക്ഷേ മറ്റു ചില സംസ്ഥാനങ്ങളെ പാടെ അവഗണിക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് യോജിച്ചതല്ല.

തുടർച്ചയായി സർവ മേഖലയിലും രാജ്യത്ത് തന്നെ ഒന്നാമതും ലോകോത്തര നിലവാരമുള്ളതുമായ നേട്ടം കൈവരിച്ചിട്ടുള്ള കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണ് കേന്ദ്രഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളത്.

കേരളം ദീർഘകാലമായി ഉന്നയിക്കുന്ന എയിംസ് ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നതിന് കേന്ദ്രം തയ്യാറായില്ല. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ ലോക ശ്രദ്ധ ആകർഷിച്ചവയാണ്.

പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. അതിവേഗ ട്രെയിൻ പദ്ധതി പോയിട്ട് തുരങ്ക പാത നിർമ്മാണത്തിനോ, നാണ്യവിളകൾക്കും റബ്ബറിനും താങ്ങുവില പ്രഖ്യാപിക്കുന്നതിനോ ധനമന്ത്രി തയ്യാറായിട്ടില്ല. നാടിന്റെ നട്ടെല്ലെന്ന് ആവർത്തിച്ചു പറയുന്ന പ്രവാസികളെ പരിഗണിക്കാൻ പോലും ബജറ്റ് തയ്യാറായിട്ടില്ല.

കേന്ദ്ര സർക്കാരിൻറെ ഇന്നത്തെ രാഷ്ട്രീയ നിലനിൽപ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉടനീളം കാണാൻ കഴിയുന്നത്.

കാർഷിക മേഖലയിലടകം സംസ്ഥാനങ്ങൾ നേരിട്ട് ഇടപെട്ട് നടത്തേണ്ട കാര്യങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കുകയും വായ്പാ പരിധി നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം പണം ചെലവിടാൻ കഴിയാതെ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ ബജറ്റ്.

സാധരണക്കാരനെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയത് നിരാശാജനകവും പ്രതിഷേധാർഹവുമാണ്.

ഭരണം നിലനിർത്താൻ ലക്ഷ്യമിട്ടുകൊണ്ട് ചിലരെ മാത്രം തൃപ്തി പെടുത്തുന്ന ബജറ്റാണിതെന്നും, കേരളത്തോട് നിരന്തരമായി കാണിക്കുന്ന അവഗണനയിൽ കേളി കലാസാംസ്കാരിക വേദിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

 

Advertisment