റിയാദ്: വിമാന കമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ റിയാദിലും ഐ സി എഫ് ജനകീയ സദസ്സ് അരങ്ങേറി. പ്രായോഗിക രീതിയിൽ യാത്രകൾ ആസൂത്രണം ചെയ്യുന്നതിലെ പരാജയവും തുച്ഛമായ സംഖ്യ ലാഭം നോക്കി ബഡ്ജറ്റ് എയർ ലൈനുകളുടെ പിന്നാലെപോയി കെണിയിൽ വീഴുകയും ചെയ്യുന്നതാണ് ഗൾഫ് സെക്ടറുകളിലെ യാത്രക്കാരെ ചൂഷണം ചെയ്യാൻ വിമാന കമ്പനികൾക്ക് സഹചര്യമൊരുക്കുന്നതെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) റിയാദ് ഒരുക്കിയ ജനകീയ സദസ്സ് അഭിപ്രായപെട്ടു.
അവസാനിക്കാത്ത ആകാശച്ചതികൾ എന്ന സന്ദേശത്തിൽ ഐ സി എഫ് ദേശീയ തലത്തിൽ നടത്തിവരുന്ന ജനകീയ സദസുകളുടെ ഭാഗമായി റിയാദിൽ നടന്ന പരിപാടിയിൽ, പ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഉയർന്നു വന്നു.
സീസൺ കാലയളവിലാണ് വിമാന കമ്പനികൾ ഏറ്റവും കൂടുതൽ ചൂഷണം നടത്തുന്നത് എന്നതിനാൽ ഗ്രൂപ്പ് ടിക്കറ്റിങ് സംവിധാനം വഴി വിവിധ കൂട്ടായ്മകൾ കൂടുതൽ ടിക്കറ്റുകൾ എടുത്താൽ, ഈ സമയത്തുള്ള വിമാന കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ടിക്കറ്റ് പൂഴ്ത്തിവെപ്പിന് തടയിടാൻ കഴിയുമെന്ന് ജനകീയ സദസ്സിൽ അഭിപ്രായമുയർന്നു.
കേരള സെക്ടറിൽ നിലവിൽ കോഴിക്കോട് എയർപോർട്ടിലേക്കാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത്. ഇത് ഇവിടെത്തെക്കുള്ള ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നതോടൊപ്പം മറ്റുള്ള വിമാന താവളങ്ങളിലേക്കുള്ള സർവീസ് കുറക്കാൻ വിമാനകമ്പനികളെ പ്രേരിപ്പിക്കും. തൊട്ടടുത്ത എയർപോർട്ടുകൾ ഉപയോഗപെടുത്താൻ കഴിയുന്നവർ, അവ ഉപയോഗപ്പെടുത്തിയാൽ എല്ലായിടത്തേക്കും ഒരേ നിരക്ക് ഈടാക്കാൻ നിർബന്ധിതരാകും.
കോവിഡിന് ശേഷം നിർത്തലാക്കിയ റിയാദിൽ നിന്ന് തിരുവനന്തപുരത്തെക്കുള്ള സൗദിയ എയർലൈൻസിന്റെ സർവീസ് പുനഃരാരംഭിക്കണമെന്നഭ്യർത്തിച്ചുകൊണ്ട്, സൗദിയ എയർലൈൻസ് അധികാരികളെ കാണാൻ ഐ സി എഫിന്റെ നേത്യത്വത്തിൽ ജനകീയ സദസ്സിൽ പങ്കെടുത്തവർ ശ്രമം നടത്തും.
യാത്രക്കാരുടെ അവകാശങ്ങളെ കുറിച്ചുള്ള നിയമ ബോധവൽക്കാരണത്തിലൂടെ ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് വിലയിരുത്തുകയും, ജനകീയ സദസ്സിൽ ബോധവക്കരണ പരിപാടികൾ നടത്താൻ വിവിധ കൂട്ടായ്മകൾ മുന്നിട്ട് വരണമെന്നും അഭിപ്രായമുയർന്നു.
ഐ സി എഫ് റിയാദ് സെൻട്രൽ അഡ്മിൻ സിക്രട്ടറി ലതീഫ് മാനിപുരം വിഷയാവതരണം നടത്തി. സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി ഉത്ഘാടനം ചെയ്തു. നജിം കൊച്ചുകലുങ്ക്, നൗഫൽ പാലക്കാടൻ, യൂനുസ് തൃശൂർ, സലിം പട്ടുവം എന്നിവർ സംബന്ധിച്ചു.
ഐ സി എഫ് റിയാദ് ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും മീഡിയ ആന്റ് പബ്ലിക്കേഷൻ സിക്രട്ടറി അബ്ദുൽ കാദർ പള്ളിപറമ്പ് നന്ദിയും പറഞ്ഞു.