റിയാദ്: അബ്ദുല്‍ റഹീമിന് മോചനത്തിന് ഇന്ന് കോടതി സിറ്റിംഗ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവുണ്ടായില്ല. ഒക്ടോബര്‍ 21ന് തിങ്കളാഴ്ച രാവിലെ റഹീമിന്റെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു.
രാവിലെ കേസ് കോടതി പരിഗണിച്ചു വിശദ വിവരങ്ങള്‍ പരിശോധിച്ച ശേഷം വധ ശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അക്കാര്യം അറിയിക്കുമെന്നും പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ നിന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് റിയാദ് സഹായ സമിതി പറഞ്ഞു.
റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ രാവിലെ കോടതിയിലെത്തിയിരുന്നു. ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജ് അറിയിക്കും. പിന്നീട് ഏത് ദിവസം സിറ്റിംഗ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നല്‍കുമെന്നും റഹീമിന്റെ അഭിഭാഷകനും കുടുംബ പ്രതിനിധിയും അറിയിച്ചു.
നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളില്‍ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് റിയാദ് സഹായ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.