ബുറൈദ: മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത്? ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അല്‍ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയില്‍ കൊല്ലം കടയ്ക്കല്‍ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തില്‍ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി(32)യെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് സംഭവം. മുറിയില്‍ ശരത് തൂങ്ങിനില്‍ക്കുന്ന നിലയിലും പ്രീതിയെ തറയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജോലിക്ക് എത്താഞ്ഞതിനെത്തുടര്‍ന്ന് സ്‌പോണ്‍സര്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തുകയായിരുന്നു.
പൂട്ടിയ നിലയിലായിരുന്ന ഫ്‌ളാറ്റില്‍ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെത്തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.
ദീര്‍ഘകാലമായി ഉനൈസയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് നാലു വര്‍ഷം മുമ്പാണ് പ്രീതയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. ശരത്തിന്റെ പിതാവ്: മണി. നിയമ നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു.