ദോഹ: ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ. ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിൽ 2024 ഡിസംബർ 10, 11 തീയതികളിലായാണ് ഉച്ചകോടി നടക്കുക.
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിൻ്റെ പിന്തുണയോടെയാണ് ലോക എഐ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഖത്തറിൻ്റെ ദേശീയ വീക്ഷണം 2030 പദ്ധതിയുടെ ഭാഗമായാണ് ഉച്ചകോടി. ആഗോള സാങ്കേതിക മുന്നേറ്റങ്ങളിൽ പവർഹൗസായി മാറാനുള്ള ഖത്തറിൻ്റെ ശ്രമങ്ങളും പിന്നിലുണ്ട്. വേൾഡ് സമ്മിറ്റ് സംഘടിപ്പിക്കുന്നതിലൂടെ അന്താരാഷ്‌ട്ര എഐ രംഗത്ത് ഖത്തറിന് സുപ്രധാന ചുവട് വയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
എഐ രംഗത്തെ ശക്തമായ സാനിധ്യമായ ഇൻസ്‌പൈർഡ് മൈൻഡ്‌സും പ്രധാന സംഘാടകരാണ്. എഐ രംഗത്തെ നിക്ഷേപ സാധ്യതകൾ തുറക്കുന്നതിനൊപ്പം എഐ വ്യവസായങ്ങളും ഭാവി സാങ്കേതിക മുന്നേറ്റങ്ങളും മനസിലാക്കുന്നതിനും ലോക എഐ ഉച്ചകോടി അവസരമൊരുക്കുമെന്ന് ഇൻസ്‌പൈർഡ് മൈൻഡ്‌സിൻ്റെയും വേൾഡ് സമ്മിറ്റ് എഐയുടെയും സിഇഒയും സ്ഥാപകയുമായ സാറാ പോർട്ടർ പറഞ്ഞു.