റിയാദ്. റിയാദിലെ ഡി പാലസ് ഹോട്ടലില്‍ റഹീം നിയമസഹായ സമിതി പ്രവര്‍ത്തകരോടൊപ്പം സ്‌നേഹ സൗഹൃദം പങ്കുവെച്ച് റഹീമിന്റെ മാതാവ് ഫാത്തിമ ബീവിയും സഹോദരങ്ങളും.
റഹീമിന്റെ മോചന സഹായവുമായി പ്രവര്‍ത്തിക്കുന്ന റിയാദിലെ നിയമസഹായ സമിതി അറിയാതെയാണ് റഹീമിന്റെ മാതാവ് ഫാത്തിമ ബീവിയും സഹോദരനും എത്തിയത്. റഹീം മാതാവിനെ കാണണ്ട എന്ന് പറഞ്ഞത് പ്രവാസി സമൂഹത്തിന്റെ ഇടയിലും റഹീമിനെ സഹായിച്ച മലയാള സമൂഹത്തിന്റെ ഇടയിലും ദുഃഖകരമായ വാര്‍ത്തയായിരുന്നു.
റഹീമിനെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ടി മലയാളികള്‍ സഹായിച്ചത് ഫാത്തിമ ബീവി എന്ന വൃദ്ധയായ മാതാവിനെ കണ്ടിട്ടായിരുന്നു. ജയിലില്‍ റഹീമിനെ കാണാന്‍ എത്തിയപ്പോള്‍ അവിടെ എന്താണ് സംഭവിച്ചത് എന്നും റഹീമിനെ തെറ്റിദ്ധരിപ്പിച്ചത് ആര് എന്നും മലയാളി സമൂഹത്തിന്റെ ഇടയില്‍ ചര്‍ച്ചയായിരുന്നു.
ചര്‍ച്ചകള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് കഴിഞ്ഞദിവസം മാതാവും സഹോദരങ്ങളും അല്‍ ഹയര്‍ സൗദി നാഷണല്‍ സെക്യൂരിറ്റി ജയിലില്‍ വച്ച് വഹീമിനെ നേരിട്ട് കാണുകയും മാതാവുമായി അരമണിക്കൂര്‍ സംസാരിക്കുകയും ചെയ്തു.
19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മകനും മാതാവും സഹോദരനും ആയിട്ടുള്ള കൂടിക്കാഴ്ച നടന്നത്. റഹീമിന്റെ മാതാവും സഹോദരനും കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ എംബസിയില്‍ പോവുകയും ഇതുവരെയുള്ള കേസ് സംബന്ധമായ കാര്യങ്ങള്‍ കൃത്യമായി എംബസി ഉദ്യോഗസ്ഥര്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു.