ദോഹ: ഖത്തറിലെ സ്‌കൂളുകളിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി അധികൃതര്‍. ഈവനിംഗ് ഷിഫ്റ്റ് അനുവദിച്ചു കൊണ്ടാണ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
അഞ്ച് ഇന്ത്യന്‍ സ്‌കൂളുകള്‍ക്കാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റുകള്‍ ആരംഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചു.
മന്ത്രാലയത്തിന്റെ അനുമതി പ്രകാരം സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ഈ സ്‌കൂളുകള്‍ ഇനി 2024-25 അധ്യയന വര്‍ഷം രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും.
എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലും ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലും കെജി മുതല്‍ 8 വരെ ഉച്ചതിരിഞ്ഞുള്ള സെഷനിലും എം.ഇ.എസ് അബു ഹമൂര്‍ ബ്രാഞ്ച്, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും ഒന്നു മുതല്‍ 8 വരെയുള്ള ക്ലാസുകളിലേക്ക് ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലേക്ക് പ്രവേശനം അനുവദിക്കും.
ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 7 വരെയാണ് ഈവിനിംഗ് ഷിഫ്റ്റ് പ്രവര്‍ത്തിക്കുക. സീറ്റ് ലഭ്യതക്കുറവ് കാരണം ഖത്തറിലെ ഒരു സ്‌കൂളിലും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈവിനിംഗ് ഷിഫ്റ്റിലേക്ക് പ്രവേശനം അനുവദിക്കുക.