ദോഹ: 89% ജനപിന്തുണയോടെ ഖത്തറിലെ ഭരണഘടനാ മാറ്റങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതായി റിപ്പോര്‍ട്ട്. ഖത്തര്‍ ആഭ്യന്തര മന്ത്രിയും ജനറല്‍ റഫറണ്ടം കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മിക്ക വോട്ടര്‍മാരും ഭരണഘടനയിലെ മാറ്റങ്ങളെ പിന്തുണച്ചു.
മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ 89 ശതമാനം പേര്‍ ഭേദഗതിയെ അനുകൂലിച്ചു, 9.2 ശതമാനം പേര്‍ എതിര്‍ത്തു, 1.8 ശതമാനം പേര്‍ അസാധുവായി പ്രഖ്യാപിച്ചു. ആകെ 84 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
ഖത്തറിന്റെ സ്ഥിരം ഭരണഘടനയിലേക്കുള്ള 2024 ലെ കരട് ഭരണഘടനാ ഭേദഗതിയുടെ ഹിതപരിശോധനയില്‍ ചൊവ്വാഴ്ച രാവിലെ 7:00 മുതല്‍ വൈകിട്ട് 7:00 വരെ വോട്ടെടുപ്പ് നടന്നു.
ശൂറ കൗണ്‍സിലിന്റെ അംഗീകാരത്തിന് ശേഷം ജനകീയ ഹിതപരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള കരട് ഭരണഘടനാ, നിയമനിര്‍മ്മാണ ഭേദഗതികള്‍ക്ക് മന്ത്രിസഭ അന്തിമ രൂപം നല്‍കിയതായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒക്ടോബര്‍ 15ന് അറിയിച്ചിരുന്നു.
ജനഹിതം ഭരണഘടന ഭേദഗതിക്ക് അനുകൂലമായതോടെ ദേശീയ ഐക്യം പ്രഖ്യാപിച്ച് ഖത്തറില്‍ ഇന്നും നാളെയും ദേശീയ പൊതു അവധി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി കാര്യത്തില്‍ വ്യക്തതയില്ല.