ഷാർജ: മൻസൂർ പള്ളൂരിന്റെ 'മലയാള സിനിമ : ഭാവുകത്വത്തിലെ പരിണാമ ദിശകൾ' എന്ന പുസ്തകം 43 മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവയിൽ വെച്ച് റിലീസ് ചെയ്യും. നവംബർ 15 വെള്ളിയാഴ്ച 5 :30 ന് എക്സ്പോ സെന്ററിൽ ഹാൾ നമ്പർ 7 -ൽ റൈറ്റേഴ്സ് ഹാളിൽ നടൻ രവീന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും.
നേരത്തെ പ്രസിദ്ധീകരിച്ച ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? ‘ എന്ന പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചപ്പോൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പുസ്തകത്തെ അധികരിച്ച് “To Whom Does the 21st Century Belong? എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി.
നിരവധി അവാർഡുകൾ നേടിയ ‘ഉരു’ സിനിമയുടെ നിർമ്മാതാവാണ് മൻസൂർ പള്ളൂർ. എഐ വിഷയത്തിൽ ഇന്ത്യയിലെ ആദ്യ സിനിമ എന്ന് ഇന്ത്യാ സർക്കാരിന്റെ എഐ പോർട്ടലിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ ‘മോണിക്ക ഒരു എഐ സ്റ്റോറി’ യുടെ നിർമ്മാതാവും, സഹതിരക്കഥാകൃത്തും ഗാന രചയിതാവുമാണ്.
സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. ആരാണ് ഭാരതീയൻ , പാലസ്തീനിലെ നിലവിളികൾ പശ്ചിമേഷ്യൻ വെല്ലുവിളികൾ, എന്നിവയാണ് മറ്റ് കൃതികൾ. സാം പിത്രോഡയുടെ റീ ഡിസൈൻ ദ വേൾഡ് വരൂ ലോകം പുനർനിർമ്മിക്കാം എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ഫൊക്കാനയുടെ പ്രഥമ സതീഷ് ബാബു പയ്യന്നൂർ അവാർഡ്, പ്രേം നസീർ സൗഹൃദ് സമിതി അവാർഡ്, മലയാളം പുരസ്കാര സമിതി അവാർഡ് , കേരള കൗമുദി പ്രതിഭാ പുരസ്കാരം, എന്നിവ ലഭിച്ചിട്ടുണ്ട്.